Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകെടാതെ സൂക്ഷിക്കാം...

കെടാതെ സൂക്ഷിക്കാം ശാന്തിയുടെ തിരിനാളം

text_fields
bookmark_border
കെടാതെ സൂക്ഷിക്കാം ശാന്തിയുടെ തിരിനാളം
cancel

മനുഷ്യപുത്രർക്കുവേണ്ടിയുള്ളതാണ് തന്റെ ജീവിതമെന്ന ബോധ്യത്തിൽ മാനവികതയെക്കുറിച്ച് സദാ സംസാരിച്ച, ജീവിതത്തിലെ അവസാന ശബ്ദവും മർദിതർക്കും പീഡിതർക്കുംവേണ്ടി മുഴക്കിയ ഫ്രാൻസിസ് മാർപാപ്പ ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു. ജീവിതാവസാനത്തിന്റെ തലേന്നാൾ, ഈസ്റ്റർ ദിനത്തിൽ ഗസ്സയിൽ പിടഞ്ഞു വീഴുന്നവർക്കുവേണ്ടി ശബ്ദിച്ച്, വെടിനിർത്തലിനും സമാധാനത്തിനുമായി വാദിച്ച്, നിസ്വർക്കുവേണ്ടി നിലകൊണ്ട് സംഭവബഹുലമായ ദൗത്യം ധീരമായി പൂർത്തിയാക്കി മടങ്ങിയ ശാന്തിദൂതൻ എന്നായിരിക്കും കാലം ഈ മഹാജീവിതത്തെക്കുറിച്ച് ഓർത്തു പറയുക.

1272 വർഷങ്ങൾക്കുശേഷം ആദ്യമായി യൂറോപ്പിന് പുറത്തുനിന്ന് മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടയാൾ, ലാറ്റിനമേരിക്കയിൽനിന്നും ക്രിസ്തീയ സന്യാസി സമൂഹമായ ഈശോസഭയിൽനിന്നുമുള്ള ആദ്യത്തെ പോപ്പ് എന്നിങ്ങനെ ഒട്ടേറെ സവിശേഷതകളോടെ സ്ഥാനമേറ്റ അദ്ദേഹം ഫ്രാൻസിസ് എന്നു പേരു സ്വീകരിച്ച ആദ്യ മാർപാപ്പയുമായിരുന്നു. ദരിദ്ര-ദുരിതജീവിതങ്ങൾക്കായി സ്വയം സമർപ്പിച്ച വിശുദ്ധ ഫ്രാൻസിസ് അസീസിയോടുള്ള ബഹുമാനാർഥം സ്വീകരിച്ച ആ പേര് സഭയുടെ സർവോന്നത പദവിയിലിരിക്കെ സമ്പൂർണമായി അന്വർഥമാക്കാനും അദ്ദേഹം ശ്രദ്ധ പുലർത്തി. 2013ൽ ചുമതലയേറ്റ ആദ്യനാൾ മുതൽ മുറിവേറ്റവരുടെയും ആട്ടിയകറ്റപ്പെട്ടവരുടെയും അവകാശങ്ങൾക്കുവേണ്ടി നിരന്തരം വാദിച്ച ജോർജ് മാരിയോ ബെർഗോഗ്ലിയോ എന്ന ഫ്രാൻസിസ് മാർപാപ്പ അഭയാർഥികളുടെയും, സ്ത്രീകളുടെയും ലൈംഗിക ന്യൂനപക്ഷങ്ങളുടെയും വിഷയങ്ങളിൽ സജീവമായി ഇടപെട്ടു. പരിസ്ഥിതിയായിരുന്നു മാർപാപ്പ വളരെ ഗൗരവപൂർവം കണ്ടിരുന്ന മറ്റൊരു വിഷയം. ലോകത്തിന്റെയും മനുഷ്യരടങ്ങുന്ന എല്ലാ ജീവജാലങ്ങളുടെയും നിലനിൽപ്പിനെക്കുറിച്ചുള്ള ഉത്കണ്ഠയാവാം പരിസ്ഥിതിയെക്കുറിച്ച അദ്ദേഹത്തിന്റെ വ്യാകുലതക്ക് അടിസ്ഥാനം. അത്തരത്തിൽ, മനുഷ്യരോട് മാത്രമല്ല, സർവജീവജാലങ്ങളോടും കരുണാപൂർവം നിലകൊണ്ട, പ്രകാശങ്ങളിലൊന്നാണ് അണഞ്ഞുപോയിരിക്കുന്നത്.

എന്നും യുദ്ധത്തിനെതിരും സമാധാനത്തിനൊപ്പവുമായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. രോഗബാധിതനായി, ആശുപത്രിയില്‍ കഴിയുമ്പോഴായിരുന്നു റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന്റെ മൂന്നാം വാര്‍ഷികം. യുദ്ധ വാര്‍ഷികത്തെ അദ്ദേഹം വിശേഷിപ്പിച്ചത് മനുഷ്യരാശിക്കാകെ വേദനാജനകവും ലജ്ജാപൂര്‍ണവുമായ വേള എന്നായിരുന്നു. സ്വന്തമായി പാചകം ചെയ്ത, പൊതുഗതാഗത സംവിധാനങ്ങളുപയോഗിച്ച് യാത്ര ചെയ്ത മാർപാപ്പ അനുകരണീയമായ ലാളിത്യത്തിന്റെ മഹിത മാതൃകയായി.

വിശാലമായ, വ്യത്യസ്തമായ ചിന്താശൈലി പലപ്പോഴും അദ്ദേഹത്തെ ശ്രദ്ധേയനാക്കിയിരുന്നു. വധശിക്ഷ, സ്വവർഗരതി, ഗർഭഛിദ്രം, കൃത്രിമ ജനനനിയന്ത്രണം തുടങ്ങിയ വിഷയങ്ങളിൽ സഭയിലെ പരിഷ്കരണ വാദികൾ ക്കൊപ്പമായിരുന്നു നിലപാട്. കാൽകഴുകൽ ശുശ്രൂഷയിൽ അഭയാർഥികളെയും സ്ത്രീകളെയും ഉൾപ്പെടുത്തി. ഈസ്റ്ററിനു മുമ്പുള്ള വ്യാഴാഴ്ചയിലെ കാല്‍കഴുകല്‍ ചടങ്ങില്‍ കുടിയേറ്റക്കാരുടെയും തടവുകാരുടെയും അക്രൈസ്തവരുടെയും കാലു കഴുകിയും ചരിത്രം സൃഷ്ടിച്ചു. മതവിശ്വാസങ്ങളെയും ആചാരങ്ങളെയും മുറുകെപ്പിടിച്ചുകൊണ്ടുതന്നെ മതാന്തര സൗഹൃദത്തിന് മുൻ കൈയെടുത്തു. യു.എ.ഇ, ഇറാഖ്, ബഹ്റൈൻ തുടങ്ങിയ ഇസ് ലാമിക രാജ്യങ്ങൾ സന്ദർശിച്ച ആദ്യ മാർപാപ്പയായിരുന്നു പോപ് ഫ്രാൻസിസ്. മാർപാപ്പയെ ഇന്ത്യ സന്ദർശനത്തിന് ക്ഷണിക്കണമെന്ന ക്രൈസ്തവ സഭകളുടെയും മതനിരപേക്ഷ സമൂഹത്തിന്റെയും ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ദൗർഭാഗ്യവശാൽ സംഘ്പരിവാർ നേതൃത്വം നൽകുന്ന കേന്ദ്രസർക്കാർ ഏറെക്കാലം ഇക്കാര്യത്തോട് നിഷേധാത്മക സമീപനമാണ് പുലർത്തിയത്. പിന്നീട് 2021ലും 2024ലും ഇന്ത്യ ഔദ്യോഗികമായി ക്ഷണിക്കുകയും അദ്ദേഹം അതു സ്വീകരിക്കുകയും ചെയ്തെങ്കിലും സന്ദർശനം യാഥാർഥ്യമായില്ല. ആഗോളീകരണത്തിനെതിരായും ലാറ്റിനമേരിക്കയിലെ വിമോചന പോരാട്ടങ്ങളോട് അനുഭാവം പ്രകടിപ്പിച്ചും നിലപാടെടുത്തതിന് ‘വത്തിക്കാനിലെ കമ്യൂണിസ്റ്റ്’ എന്ന് വിശേഷിപ്പിക്കപ്പെട്ടപ്പോൾ ഞാൻ കമ്യൂണിസ്റ്റ് അല്ല, അവരാണ് ശരി പറയുന്നതെങ്കിൽ അതുശരിയാണ് എന്നു പറയും എന്നായിരുന്നു മറുപടി. നിലപാടുകൾ പരസ്യമായി പറയാൻ ഒരിക്കലും സ്ഥാനം അദ്ദേഹത്തിന് തടസ്സമായില്ല.

അമേരിക്കൻ പ്രസിഡൻറ് പദവിയിലേക്ക് തിരിച്ചെത്തിയ ഡോണൾഡ് ട്രംപ് കൈക്കൊള്ളുന്ന ഏകപക്ഷീയ നടപടികൾ മൂലം ലോകം പുതിയ സംഘർഷങ്ങളിലേക്ക് നീങ്ങുന്ന, ഗസ്സയിലുൾപ്പെടെ മനുഷ്യക്കുരുതികൾ പൂർവാധികം ശക്തിയോടെ തുടരുന്ന, വലതുപക്ഷ ഫാഷിസ്റ്റ് സംഘങ്ങൾ വിവിധ ലോകരാഷ്ട്രങ്ങളിൽ അധികാരസ്ഥാനങ്ങളിലെത്തുന്ന പരീക്ഷണ ഘട്ടത്തിലാണ് സമാധാനത്തിന്റെ ഇടയൻ വിടവാങ്ങുന്നത്. ലോകം സമാധാനവും മാനവികതയും ഏറെ ആവശ്യപ്പെടുന്ന, ആഗ്രഹിക്കുന്ന സമയത്താണ് അതിനുവേണ്ടി നിലകൊണ്ട മാർപാപ്പയുടെ വിയോഗം. പോപ് ഫ്രാൻസിസ് കൊളുത്തിയ പ്രത്യാശയുടെ ദീപനാളം കെടാതെ സൂക്ഷിക്കുക എന്ന ദൗത്യം ഏറ്റെടുക്കാനായാൽ അതാവും അദ്ദേഹത്തിനു നൽകാവുന്ന ഉചിതമായ ആദരാഞ്ജലി.

Show Full Article
TAGS:
News Summary - Madhyamam Editorial: Pope Francis, Leader Of Catholics, Dies At 88
Next Story