Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഗവർണർ രാജിന്...

ഗവർണർ രാജിന് നീതിപീഠത്തിന്റെ താക്കീത്

text_fields
bookmark_border
ഗവർണർ രാജിന് നീതിപീഠത്തിന്റെ താക്കീത്
cancel

കേന്ദ്രത്തിന്റെ ഇംഗിതങ്ങൾക്ക് വഴങ്ങാത്ത പ്രതിപക്ഷ സംസ്ഥാനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന ഗവർണർ രാജിനെ അതിശക്തമായ ഭാഷയിൽ വിമർശിച്ചിരിക്കുകയാണ് പരമോന്നത നീതിപീഠം. സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാതെ അനന്തമായി പിടിച്ചുവെക്കുന്ന ഗവർണർമാരുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്നും ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകളുടെ തീരുമാനങ്ങളെയും നയങ്ങളെയും മാനിക്കണമെന്നും സുപ്രീംകോടതി അസന്നിഗ്ധമായി വ്യക്തമാക്കിയിരിക്കുന്നു.

തമിഴ്നാട് സർക്കാർ പാസാക്കിയ 10 ബില്ലുകളിൽ തീരുമാനമെടുക്കാതെ ഗവർണർ ആർ.എൻ. രവി അനിശ്ചിതമായി പിടിച്ചുവെച്ച നടപടി ചോദ്യം ചെയ്താണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മാധവൻ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ അത്യസാധാരണമായ താക്കീത്. 2020 ജനുവരിയിൽ നിയമസഭ പാസാക്കിയ ബില്ലുകൾ വരെയുണ്ട് ഇക്കൂട്ടത്തിൽ. ഇങ്ങനെ തോന്നുംപടി ബില്ലുകളിൽ അടയിരിക്കാനാവില്ലെന്ന് ഗവർണറെ ഓർമപ്പെടുത്തിയ സുപ്രീംകോടതി ബെഞ്ച്, വിഷയത്തിൽ ഉടനടി തീരുമാനമെടുക്കണമെന്നും ഉത്തരവിട്ടു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിരീക്ഷിച്ചതുപോലെ, ഈ ചരിത്ര വിധി തമിഴ്നാടിന് മാത്രമായുള്ളതല്ല; ഗവർണർ രാജിൽ ഭരണം നിശ്ചലമായിപ്പോയ കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്കുകൂടി ആശ്വാസകരമാണ്.

സമാനവിഷയത്തിൽ കേരളത്തിന്റെയും പഞ്ചാബിന്റെയും തെലങ്കാനയുടെയുമെല്ലാം ഹരജികൾ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ്, ഭരണഘടനാ വകുപ്പുകൾ പരാമർശിച്ചും ഫെഡറലിസത്തിന്റെ പ്രധാന്യം ഊന്നിപ്പറഞ്ഞും പരമോന്നത നീതിപീഠം ഇങ്ങനെയൊരു വിധി പുറപ്പെടുവിച്ചതെന്ന കാര്യവും ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ, രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഭരണഘടനാപരമായിത്തന്നെ ഉയർത്തിപ്പിടിച്ച നീതിപീഠത്തിന്റെ നിലപാട് ശക്തവും അഭിനന്ദനാർഹവുമാണ്.

ഗവർണർമാർ വഴി സംസ്ഥാന സർക്കാറുകളുടെ ഭരണനിർവഹണ പ്രക്രിയയിൽ അനാവശ്യമായി കൈകടത്താൻ മോദി സർക്കാർ ഒന്നാം നാൾതൊട്ടേ ശ്രമിക്കുന്നതാണ്. തങ്ങൾക്ക് ഭരണമില്ലാത്ത സംസ്ഥാനങ്ങളിൽ രാജ്ഭവനുകൾ വഴി സമാന്തരഭരണമാണ് കേന്ദ്രം എല്ലായ് പോഴും ലക്ഷ്യമിട്ടത്. ഒരുവശത്ത്, പ്രതിപക്ഷ സംസ്ഥാനങ്ങൾക്ക് എതിരെ സാമ്പത്തിക ഉപരോധമടക്കമുള്ള നടപടികൾ സ്വീകരിക്കുകയും മറുവശത്ത് വിലപേശൽ സ്വഭാവത്തിൽ അവിടെ ഗവർണർമാരുടെ ഇടപെടലുകളുണ്ടാവുകയും ചെയ്യുമ്പോൾ സ്വാഭാവികമായും അത് സംസ്ഥാന ഭരണകൂടങ്ങളെ സമ്മർദത്തിലാകും. കേന്ദ്രത്തിന്റെ അജണ്ടകൾ സ്വീകരിക്കാൻ പലപ്പോഴും സംസ്ഥാനങ്ങൾ നിർബന്ധിക്കപ്പെടുന്നത് ഇങ്ങനെയാണ്. ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണറായിരിക്കെ, പിണറായി സർക്കാർ പലഘട്ടങ്ങളിലായി ഈ സമ്മർദങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്. ഒരു ഉദാഹരണം മാത്രം ഓർമിക്കാം.

2022 ഫെബ്രുവരി 17ന് ഗവർണർ ഒരു പ്രഖ്യാപനം നടത്തുന്നു: പിറ്റേദിവസം സഭയിൽ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പുവെക്കില്ലെന്നായിരുന്നു അത്. സർക്കാറുമായി പല വിഷയങ്ങളിൽ ഉടക്കിനിന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ബി.ജെ.പി സംസ്ഥാന സമിതി അംഗം ഹരി എസ്. കർത്തയെ ഗവർണറുടെ അഡീഷനൽ പേഴ്സനൽ അസിസ്റ്റന്റായി നിയമിച്ച ഉത്തരവിൽ സർക്കാർ പ്രതിനിധി വിയോജനക്കുറിപ്പ് ചേർത്തതിൽ പ്രതിഷേധിച്ചായിരുന്നു അങ്ങനെയൊരു നിലപാടിലെത്തിയത്. മുഖ്യമന്ത്രി നേരിട്ടെത്തി ചർച്ച നടത്തിയിട്ടും ഗവർണർ വഴങ്ങിയില്ല. ഒടുവിൽ വിയോജനക്കുറിപ്പ് എഴുതിയ പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാലിനെ തൽസ്ഥാനത്തുനിന്ന് മാറ്റിയതോടെയാണ് അദ്ദേഹം ഒപ്പിടാൻ തയാറായത്. ഇത്തരത്തിൽ എത്രയോ സംഭവങ്ങൾ. അതിന് പുറമെയാണ് സഭ പാസാക്കിയ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവെക്കുന്ന പ്രവണതയും തുടർന്നത്.

നിലവിൽ സുപ്രീംകോടതിയിൽ കേരളം സമർപ്പിച്ചിരിക്കുന്ന ഹരജി പ്രകാരം, ആറ് ബില്ലുകൾ ഗവർണർ തടഞ്ഞുവെച്ചിരിക്കുകയാണ്. തെലങ്കാനയിലെ രാജ്ഭവനിലുമുണ്ട് ഡസനിലധികം ബില്ലുകൾ. മൂന്നും നാലും വർഷമായി അത് അവിടെ കിടക്കുകയാണ്. നേരത്തേ, മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായപ്പോൾ അവിടെയും സമാനമായ ഗവർണർ രാജ് അരങ്ങേറി. ഇപ്പോൾ, ഈ സംസ്ഥാനങ്ങളെല്ലാം ഹരജിയുമായി സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് ബില്ലിന്മേലുള്ള നടപടിക്രമങ്ങൾ ഭരണഘടനയുടെ ചട്ടവും വകുപ്പുകളും ഉദ്ധരിച്ച് നീതിപീഠം വ്യക്തമാക്കിയത്.

തീർച്ചയായും, മോദി സർക്കാറിന്റെ അമിതാധികാര പ്രവണതക്കും ഫാഷിസ്റ്റ് മനോഭാവത്തിനുമുള്ള കനത്ത തിരിച്ചടിയാണ് സുപ്രീംകോടതിയുടെ ഇടപെടൽ. സംസ്ഥാന ഭരണകൂടത്തിന്റെ ‘പരമാധ്യക്ഷൻ’ ഭരണഘടനാപരമായി ഗവർണറാണെങ്കിലും, സർക്കാറിന്റെ നയ-നിലപാടുകളും കാര്യപരിപാടികളും ആവിഷ്കരിക്കേണ്ടതും നടപ്പിലാക്കേണ്ടതും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണെന്ന് കോടതി വ്യക്തമാക്കിയിരിക്കുന്നു. എന്നല്ല, ഗവർണറെ സർക്കാറിന്റെ സുഹൃത്ത്, മാർഗദർശി എന്നിങ്ങനെ വിശേഷിപ്പിച്ച കോടതി, ഒരു ബിൽ പരിഗണനക്ക് വന്നാൽ എന്തുചെയ്യണമെന്നും കൃത്യമായി വിശദീകരിച്ചു. ഗവർണർക്ക് ബില്ലിന് അനുമതി നൽകാനും തള്ളാനും പുനഃപരിശോധനക്കായി തിരിച്ചയക്കാനും രാഷ്ട്രപതിയുടെ പരിഗണനക്കായി അയക്കാനുമെല്ലാം അധികാരമുണ്ട്.

നാലിലൊരു തീരുമാനമെടുക്കാതെ കാര്യങ്ങൾ അനന്തമായി നീട്ടിക്കൊണ്ടുപോകാൻ ഗവർണർക്ക് യാതൊരു ന്യായവുമില്ലെന്നും കോടതി പറഞ്ഞു. ഈ കോടതിവിധിയിലെ, ഏറ്റവും ശ്രദ്ധേയമായ പരാമർശം അതിന്റെ അവസാനത്തിലാണ്. ഭരണഘടനാശിൽപി ഡോ.ബി.ആർ. അംബേദ്കറെ വിധിന്യായത്തിന്റെ ഉപസംഹാരത്തിൽ ജഡ്ജിമാർ ഉദ്ധരിക്കുന്നുണ്ട്. ഭരണഘടന എത്ര മികച്ചതായാലും അതിന്റെ കൈകാര്യ കർത്താക്കൾ മോശമാണെങ്കിൽ ഭരണഘടനയും മോശമാകുമെന്നാണത്. മോദിക്കും അദ്ദേഹത്തിന്റെ ഭരണകൂട പ്രണേതാക്കളായ ഗവർണർമാർക്കുമുള്ള ഏറ്റവും ശക്തമായ രാഷ്ട്രീയ വിമർശനം കൂടിയായി ഇതിനെ വിലയിരുത്താം.

Show Full Article
TAGS:Madhyamam Editorial governor raj 
News Summary - Madhyamam Editorial: Supreme Court warns Governor Raj
Next Story