തല്ലിക്കെടുത്തണം ഈ വിദ്വേഷാഗ്നി
text_fieldsതിങ്കളാഴ്ച രാവിലെ പതിനൊന്നേ മുക്കാലിന് സുപ്രീംകോടതിയിൽ അഭിഭാഷകരുടെ മെൻഷനിങ് നടക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്കുനേരെ കൈയിലിരുന്ന കടലാസ് കെട്ട് വലിച്ചെറിഞ്ഞ്, ഷൂ കൂടി എറിയാൻ ശ്രമിച്ച ഡൽഹി ഹൈകോടതിയിലെ അഭിഭാഷകൻ രാകേഷ് കിഷോറിനെ ഉദ്യോഗസ്ഥർ ബലമായി നീക്കേണ്ടിവന്ന സംഭവം രാജ്യത്തെ തന്നെ ഞെട്ടിച്ചിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പിണറായി വിജയൻ അടക്കമുള്ള മുഖ്യമന്ത്രിമാരും സംഭവത്തിൽ പ്രതിഷേധവും ഉത്കണ്ഠയും രേഖപ്പെടുത്തി.
ചീഫ് ജസ്റ്റിസ് സംഭവം കാര്യമാക്കാതെ ജോലി തുടർന്നത് അദ്ദേഹത്തിന്‍റെ മാന്യതയും സംസ്കാരവും. പക്ഷേ, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഉദാഹരണമില്ലാത്ത ഈ ഹീനനടപടിക്ക് ഒരു അഭിഭാഷകനെ പ്രേരിപ്പിച്ച കാരണമാണ് ഈയവസരത്തിൽ ചിന്താർഹമായിരിക്കുന്നത്. അയാൾ സ്വയം പറഞ്ഞതനുസരിച്ച് കഴിഞ്ഞ മാസം മധ്യപ്രദേശിലെ ഖജുരാഹോ ക്ഷേത്രസമുച്ചയത്തിൽ വിഷ്ണു വിഗ്രഹം സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കവേ, ആവശ്യം ഭഗവാനോട് പോയി പറയൂ എന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചതാണ് രാകേഷ് കിഷോറിനെ പ്രകോപിപ്പിച്ചത്. ഈ പരാമർശം പിന്നീട് വിവാദമായപ്പോൾ, തനിക്ക് എല്ലാ മതങ്ങളോടും ബഹുമാനമാണെന്ന് ചീഫ് ജസ്റ്റിസ് വിശദീകരിച്ചിരുന്നു.
പക്ഷേ, തന്‍റെ മതപരമായ അസഹിഷ്ണുത അടക്കിനിർത്താൻ കഴിയാത്തവിധം മൂർച്ഛിച്ചതാണ് പരമോന്നത കോടതിയുടെ മുഖ്യന്യായാധിപനെ ചെരിപ്പൂരി എറിയാൻ രാകേഷ് കിഷോർ ഉദ്യുക്തനായതിന്‍റെ പിന്നിലെന്ന് പ്രതികരണത്തിൽനിന്ന് വ്യക്തമാണ്. സംഭവത്തെ ബാർ കൗൺസിലുകളും രാഷ്ട്രീയ നേതാക്കളുമൊക്കെ അപലപിച്ചിട്ടുണ്ടെന്നത് ശരിയാണ്. ഒരുവേള, പ്രതിയായ അഭിഭാഷകന്‍റെ പേരിൽ ശിക്ഷാ നടപടികളും സ്വീകരിച്ചെന്നു വരാം. പക്ഷേ, ഇമ്മട്ടിലുള്ള അത്യന്തം പ്രതിഷേധാർഹമായ പ്രതികരണങ്ങളിലേക്ക് രാജ്യം മൊത്തം നീങ്ങിക്കൊണ്ടിരിക്കുന്നു എന്ന വസ്തുത സഗൗരവം പരിഗണിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഇന്ത്യയെ ഏകശിലാമുഖ ഭാരതമാക്കി ലോകത്തേറ്റവും വലിയ ശക്തിയായി ഉയർത്തിക്കൊണ്ടുവരാൻ പ്രതിജ്ഞാബദ്ധമായ ആത്യന്തിക ദേശീയ മിലിറ്റൻറ് പ്രസ്ഥാനം ശതവാർഷികം ആഘോഷിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ. അഖില ഭാരതീയരെയും ഉൾക്കൊള്ളുന്ന ലോകത്തേറ്റവും വലുതും ശക്തവുമായ സംഘമാണ് തങ്ങളുടേതെന്ന് ആർ.എസ്.എസ് നേതൃത്വം അവകാശപ്പെടുന്നുണ്ട്. എന്നാൽ, പിറവിയെടുത്ത മുതൽ ഇന്നേവരെയുള്ള സംഘചരിത്രവും നയനിലപാടുകളും പ്രവർത്തനങ്ങളും പരിശോധിക്കുമ്പോൾ നൂറ്റാണ്ടുകളായി ഇന്ത്യയിൽ നിവസിച്ചു, ഈ രാജ്യത്തിന്‍റെ രക്ഷക്കും സ്വാതന്ത്ര്യത്തിനും വികസനത്തിനുമായി നിലകൊണ്ട മുസ്‍ലിം, ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പൗരത്വം പോലും നിരാകരിക്കുന്ന, മുഖ്യധാരയിൽ നിന്നവരെ മാറ്റിനിർത്താൻ സർവതന്ത്രങ്ങളും പയറ്റുന്ന, രാജ്യമൊട്ടുക്ക് കലാപങ്ങൾ സൃഷ്ടിക്കുന്ന, ഭരണഘടന ഉറപ്പുനൽകുന്ന മതനിരപേക്ഷ ജനാധിപത്യം എന്ന ആശയം തന്നെ നിരാകരിക്കുന്ന, ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ പ്രതിജ്ഞാബദ്ധമായ പ്രസ്ഥാനമാണ് സംഘ്പരിവാർ. വെറുപ്പും വിദ്വേഷവും പ്രകോപനവുമാണ് അവരുടെ മാറ്റമില്ലാത്ത കർമപരിപാടി. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മത ന്യൂനപക്ഷവിരുദ്ധ വിദ്വേഷ പ്രസംഗങ്ങളുടെ കണക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി-67, ആഭ്യന്തര മന്ത്രി അമിത്ഷാ-58, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് -86, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ-36 എന്നിങ്ങനെയായിരുന്നുവെന്ന് വിവിധ മനുഷ്യാവകാശ സംഘങ്ങളുടെ പഠന റിപ്പോർട്ടുകളിൽ വെളിപ്പെട്ടതാണ്.
കോർപറേറ്റുകളിൽനിന്ന് സമാഹരിച്ച അനേകായിരം കോടികളാണ് വിദ്വേഷ പ്രചാരണത്തിനായി മീഡിയക്ക് നൽകിക്കൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിൽ യു.പിയിൽ ജാൺപൂർ ജില്ലയിലെ വിമൻസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ട സ്ത്രീക്ക് പ്രസവവേദന വന്നപ്പോൾ, താൻ മുസ്‍ലിം സ്ത്രീയുടെ പ്രസവമെടുക്കില്ലെന്ന് ശഠിച്ച ഡ്യൂട്ടി ഡോക്ടറുടെ വിസമ്മതമാണ് ചർച്ചാ വിഷയമായിരിക്കുന്നത്. പള്ളികൾ ഒന്നൊന്നായി ബുൾഡോസർ പ്രയോഗിച്ച് തകർത്തതും പൊതുസ്ഥലങ്ങളിൽ നമസ്കാരം നിരോധിച്ചതും ബാങ്കുവിളികൾക്ക് നിയന്ത്രണമേർപ്പെടുത്തിയതുമൊക്കെ തന്‍റെ വികസന നേട്ടങ്ങളായി പൊതുയോഗങ്ങളിൽ യോഗി ആദിത്യനാഥ് വിവരിക്കുമ്പോൾ സദസ്സ് മതിമറന്ന് കൈയടിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രവഹിക്കുന്നു. അസമിൽ ആയിരക്കണക്കിൽ മുസ്‍ലിംകൾ തിങ്ങിത്താമസിക്കുന്ന മലയോരങ്ങളിലെ പാർപ്പിടങ്ങൾ നിഷ്‍കരുണം നിലംപരിശാക്കി അവരെ വഴിയാധാരമാക്കിക്കൊണ്ടിരിക്കുന്നത് ഭരണനേട്ടമായി ഉയർത്തിപ്പിടിക്കുകയാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ.
ഭൂരിപക്ഷ മനസ്സുകളിൽ ആസൂത്രിതമായി അസഹിഷ്ണുതയും വിദ്വേഷവും കുത്തിനിറച്ചതിന്‍റെ ഫലമായി ഖത്തറിലെ പ്രവാസികളായ 40 ഇന്ത്യക്കാർ, ദോഹക്കുനേരെ നടന്ന ഇസ്രായേൽ ആക്രമണത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ ആഹ്ളാദം പ്രകടിപ്പിച്ചതിന്‍റെ പേരിൽ ഇപ്പോൾ ആർക്കും ഇടപെടാനാവാതെ ജയിലിലടക്കപ്പെട്ടതാണ് ഒടുവിലത്തെ സംഭവം. വിദ്വേഷം തലക്കുപിടിച്ചാൽ പിന്നെയൊന്നും പ്രശ്നമല്ലാതാവുന്ന ദുരവസ്ഥ. തീർച്ചയായും മനുഷ്യസ്നേഹവും സഹാനുഭൂതിയും സഹിഷ്ണുതയും പുലരുന്ന മഹാത്മാഗാന്ധിയുടെ ഇന്ത്യ വീണ്ടെടുത്താൽ മാത്രമേ വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും ഈ തേരോട്ടത്തെ തടയിടാനാവൂ; അതാവട്ടെ, നീതിയിലും സമത്വത്തിലും അധിഷ്ഠിതമായ ഭരണഘടനയുടെ പുനഃസ്ഥാപനത്തിനായി അതിശക്തമായ പ്രതിപക്ഷം ഉയർന്നുവരുന്നതിനെ മാത്രം ആശ്രയിച്ചിരിക്കുന്നു.