വിധി വന്നു; ചോദ്യങ്ങൾ ബാക്കി
text_fieldsസംസ്ഥാന സർക്കാറുകൾ നിയമസഭ വഴി പാസാക്കുന്ന ബില്ലുകളിൽ ഗവർണറും രാഷ്ട്രപതിയും തീർപ്പ് കൽപ്പിക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞിരിക്കുന്നു. ബില്ലുകളിൽ തീരുമാനമെടുക്കാൻ മൂന്നുമാസത്തെ സമയപരിധി നിശ്ചയിച്ച സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചിന്റെ വിധി ഭരണഘടനാപരമായി നിലനിൽക്കില്ലെന്നാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ കണ്ടെത്തൽ. നിശ്ചയിച്ച സമയപരിധിക്കകം തീർപ്പ് കൽപിക്കാത്ത ബില്ലുകൾ പാസായതായി കണക്കാക്കാമെന്ന മുൻ ഉത്തരവ് അസാധുവാക്കിയ കോടതി, അത്തരം ഇടപെടലുകൾ ഗവർണറുടെയും രാഷ്ട്രപതിയുടെയും അധികാരം കവർന്നെടുക്കുന്നതിന് തുല്യമാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. അതേസമയം, ബില്ലുകൾ വെച്ച് താമസിപ്പിക്കുന്ന പ്രവണതയോട് കോടതി നീരസം പ്രകടിപ്പിക്കുകയും അതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നുണ്ട്. ലളിതമായി പറഞ്ഞാൽ, ബില്ലുകളിൽ തീരുമാനമെടുക്കുന്നത് സംബന്ധിച്ച് കേരളമടക്കമുള്ള പ്രതിപക്ഷ സംസ്ഥാനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന സർക്കാർ-ഗവർണർ ഏറ്റുമുട്ടൽ ഇനിയും തുടരാനാണ് സാധ്യത. സംസ്ഥാന സർക്കാറുകളുടെ ദൈനംദിന പ്രവർത്തനങ്ങളെപ്പോലും അനിശ്ചിതത്വത്തിലാക്കുംവിധം ഗവർണർമാർ ബില്ലുകൾ അനാവശ്യമായി തടഞ്ഞുവെച്ചപ്പോഴാണ് അത് നിയമവ്യവഹാരങ്ങളിലേക്ക് വഴിമാറിയത്; ഭരണഘടനാ ബെഞ്ചിന്റെ ഇടപെടലിലൂടെ, വിഷയം കൂടുതൽ സങ്കീർണമായിരിക്കുന്നെന്ന് പറയാതെവയ്യ.
കേന്ദ്ര സർക്കാറിന്റെ തീട്ടൂരങ്ങൾക്ക് വഴങ്ങാത്ത ‘പ്രതിപക്ഷ സംസ്ഥാന’ങ്ങളെ വരുതിയിലാക്കാൻ നരേന്ദ്ര മോദി സർക്കാർ അതിന്റെ ഒന്നാം നാൾ തൊട്ടേ പ്രയോഗിക്കുന്ന ആയുധമാണ് ഗവർണർ രാജ്. ഗവർണർമാർ വഴി സംസ്ഥാന സർക്കാറുകളുടെ ഭരണ നിർവഹണ പ്രക്രിയയിൽ അനാവശ്യമായി കൈകടത്തുന്ന പ്രവണതക്ക് പ്രതിപക്ഷ സംസ്ഥാനങ്ങൾ പലകുറി സാക്ഷ്യംവഹിച്ചിട്ടുണ്ട്. ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണറായിരിക്കെ, നടത്തിയ പല ഇടപെടലുകളും ഭരണ പ്രതിസന്ധിക്കുവരെ വഴിതെളിച്ചു. തമിഴ്നാട്ടിലും പഞ്ചാബിലും പശ്ചിമബംഗാളിലും തെലങ്കാനയിലും കർണാടകയിലും ഉദ്ധവ് ഭരണകാലത്ത് മഹാരാഷ്ട്രയിലുമെല്ലാം സമാനമായ രീതിയിൽ ഗവർണർ രാജ് പ്രകടമായിട്ടുണ്ട്. പല സംസ്ഥാനങ്ങളും ഇതിനെതിരെ സുപ്രീംകോടതിയിൽ പോയി. അക്കൂട്ടത്തിൽ, തമിഴ്നാട് സർക്കാർ പാസാക്കിയ 10 ബില്ലുകളിൽ തീരുമാനമെടുക്കാതെ ഗവർണർ ആർ.എൻ. രവി അനിശ്ചിതമായി പിടിച്ചുവെച്ച നടപടി ചോദ്യം ചെയ്ത ഹരജിയിലാണ് ഇക്കഴിഞ്ഞ ഏപ്രിൽ എട്ടിന് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മാധവൻ എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ചിന്റെ അത്യസാധാരണമായ വിധി വന്നത്. തോന്നുംപടി ബില്ലുകളിൽ അടയിരിക്കാനാവില്ലെന്ന് ഗവർണറെ ഓർമപ്പെടുത്തിയ സുപ്രീംകോടതി ബെഞ്ച്, വിഷയത്തിൽ ഉടനടി തീരുമാനമെടുക്കണമെന്നായിരുന്നു കോടതി ഉത്തരവ്. ബില്ലുകളിൽ തീർപ്പ് കൽപിക്കാൻ മൂന്നുമാസത്തെ സമയപരിധിയും നിശ്ചയിച്ചു; അതിനപ്പുറം കാലതാമസം വന്നാൽ അത് പാസായതായി കണക്കാക്കാമെന്നും ഉത്തരവിലുണ്ടായിരുന്നു. സമാന വിഷയത്തിൽ കേരളത്തിന്റെയും പഞ്ചാബിന്റെയും തെലങ്കാനയുടെയുമെല്ലാം ഹരജികൾ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയായിരുന്നു ഫെഡറലിസത്തിന്റെ പ്രാധാന്യം ഓർമപ്പെടുത്തിയുള്ള ആ വിധി പ്രസ്താവം. ഇങ്ങനെയൊരു വിധി വന്നാൽ, സ്വാഭാവികമായും ഗവർണറോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ കാര്യാലയമോ പുനഃപരിശോധന ഹരജി സമർപ്പിക്കുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്. ഇനി അത് തള്ളുകയാണെങ്കിൽ ക്യൂറേറ്റിവ് ഹരജിക്കും സാധ്യതയുണ്ട്. പക്ഷേ, ഇതൊന്നുമുണ്ടായില്ല. പകരം, വിഷയത്തിൽ രാഷ്ട്രപതി തന്റെ പ്രത്യേക അധികാരമുപയോഗിച്ച് നേരിട്ടിറങ്ങുകയാണ് ചെയ്തത്. പൊതുപ്രാധാന്യമുള്ള വിഷയങ്ങളിലും നിയമകാര്യങ്ങളിലുമെല്ലാം ഭരണഘടനയുടെ അനുച്ഛേദം 143(1) പ്രകാരം രാഷ്ട്രപതിക്ക് സുപ്രീംകോടതിയുടെ അഭിപ്രായം ആരായാമെന്നാണ്; പ്രസ്തുത നിയമമുപയോഗിച്ചാണ് ഗവർണർ രാജിനെതിരായ സുപ്രീംകോടതിവിധിക്കെതിരെ 14 ചോദ്യങ്ങൾ ഉന്നയിച്ച് രാഷ്ട്രപതി റഫറൻസ് പുറപ്പെടുവിച്ചത്. അങ്ങനെയാണ് വിഷയം സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിലേക്കെത്തിയത്. ഭരണഘടനാ ചട്ടങ്ങളെ സാങ്കേതികമായി മാത്രം സമീപിച്ച ചീഫ് ജസ്റ്റിസും സംഘവും വിഷയത്തിൽ വേഗം തീർപ്പിലെത്തുകയും ചെയ്തു.
ബില്ലുകളിൽ സമയപരിധി നിശ്ചയിച്ച സുപ്രീംകോടതിയുടെ ആദ്യവിധി, നിയമത്തിന്റെ സാങ്കേതികതയിൽ നിലനിൽക്കില്ലെന്ന് വാദിച്ചാൽ പോലും അതിന്റെ പശ്ചാത്തലവും വിധിപ്രസ്താവത്തിലെ ചില നിരീക്ഷണങ്ങളും ആർക്കും തള്ളാനാവില്ല. 2020ൽ പാസാക്കിയ ബില്ലുകളിൽ പോലും തീരുമാനമെടുക്കാതെ വൈകിപ്പിച്ചപ്പോഴാണ് തമിഴ്നാട് കോടതിയിൽ പോയതെന്നോർക്കണം. സംസ്ഥാനങ്ങളുടെ ഭരണ നിർവഹണ പ്രക്രിയകളെ ഗവർണർ ബോധപൂർവം സ്തംഭിപ്പിക്കുകയായിരുന്നുവെന്നർഥം. അതിലാണ് കോടതി ഇടപെട്ടത്. സംസ്ഥാന ഭരണകൂടത്തിന്റെ ‘പരമാധ്യക്ഷൻ’ ഭരണഘടനാപരമായി ഗവർണറാണെങ്കിലും, സർക്കാറിന്റെ നയ-നിലപാടുകളും കാര്യപരിപാടികളും ആവിഷ്കരിക്കേണ്ടതും നടപ്പാക്കേണ്ടതും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണെന്ന് വ്യക്തമാക്കിയ കോടതി, ബില്ലുകൾ വെച്ച് താമസിപ്പിക്കുന്നതിലെ ന്യായമാണ് ആ വിധിയിലൂടെ ചോദ്യം ചെയ്തത്. അഥവ, അവിടെ കോടതി സമീപിച്ചത് കേവലമായ നിയമ സങ്കേതങ്ങളിലൂടെയായിരുന്നില്ല; മറിച്ച് ഭരണഘടനാമൂല്യങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. പക്ഷേ, വിഷയം ഭരണഘടനാബെഞ്ചിലെത്തിയപ്പോൾ ആ മൂല്യങ്ങൾ വിസ്മരിക്കപ്പെട്ടു. നിയമങ്ങൾ അതിന്റെ അക്ഷരങ്ങളിലൂടെയും ചട്ടങ്ങളിലൂടെയും മാത്രമായി വ്യാഖ്യാനിക്കപ്പെട്ടു. നിർണായകമായൊരു വിഷയത്തിൽ ഇവിടെ കോടതി ഒരു തീർപ്പ് കൽപിച്ചിരിക്കുന്നു. പക്ഷേ, പ്രശ്നങ്ങൾ ബാക്കിയായി തുടരുന്നു. അതാകട്ടെ, അനിശ്ചിതത്വത്തിലേക്ക് വഴിവെക്കുന്നതുമാണ്.


