തീവ്രവാദത്തെ തുടച്ചുനീക്കാൻ മദ്റസ നിർമാർജനം!
text_fieldsമദ്റസ ബോർഡിലോ വിദ്യാഭ്യാസ വകുപ്പിലോ രജിസ്റ്റർ ചെയ്തില്ലെന്നാരോപിച്ചു കൊണ്ട് സംസ്ഥാന ബി.ജെ.പി സർക്കാർ 170 മദ്റസകൾ അടച്ചുപൂട്ടിയ നടപടി ഉത്തരാഖണ്ഡ് ഹൈകോടതി താൽക്കാലികമായി തടഞ്ഞിരിക്കുന്നു. കാരണംകാണിക്കൽ നോട്ടീസ് പോലും നൽകാതെയും മദ്റസ നടത്തിപ്പുകാരായ ഹരജിക്കാർക്ക് ബോധിപ്പിക്കാനുള്ളത് കേൾക്കാൻ അവസരം നൽകാതെയുമാണ് മദ്റസകൾ സീൽ ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതിയുടെ ഉത്തരവ്. അതേസമയം, മദ്റസകൾ സീൽ ചെയ്തത് ചരിത്ര നടപടിയാണെന്നാണ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുടെ ന്യായീകരണം. വിദ്യാഭ്യാസത്തിന്റെ പേരിൽ കുട്ടികളെ തീവ്രവാദത്തിലേക്ക് നയിക്കുന്ന സ്ഥാപനങ്ങളാണ് മദ്റസകൾ എന്നും ധാമി കുറ്റപ്പെടുത്തുന്നു. ഇത്തരം സ്ഥാപനങ്ങളെ ഒരു സാഹചര്യത്തിലും വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം ഭീഷണിപ്പെടുത്തുന്നു.
ഇപ്പോഴത്തെ പരിശോധന ഒരു തുടക്കം മാത്രമാണെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. അടച്ചുപൂട്ടിയ മദ്റസകളെല്ലാം പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്നവയാണ്. നിലവിൽ അടച്ചുപൂട്ടാൻ സാധ്യതയുള്ള അഞ്ഞൂറോളം മദ്റസകളുണ്ടെന്നാണ് വിവരം. ഏപ്രിൽ 13ന് മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ബൻഭൂൽപുരയിൽ ജില്ല ഭരണകൂടം, മുനിസിപ്പൽ കോർപറേഷൻ, ലോക്കൽ പൊലീസ് എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. തുടർന്ന് രജിസ്ട്രേഷൻ ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് ആരോപിച്ച് ഏഴ് മദ്റസകൾ സീൽചെയ്തു. ഒരു രജിസ്ട്രേഡ് സൊസൈറ്റിയാണ് മതപരമായ മദ്റസകൾ നടത്തുന്നതെന്ന് വ്യക്തമാക്കി ഹൈകോടതിയെ സമീപിച്ച മദ്റസ ഭാരവാഹികൾ ഒരധികാരവും നിയമപരമായ അനുമതിയുമില്ലാതെയാണ് സ്ഥാപനങ്ങൾ സീൽ ചെയ്തതെന്ന് ബോധിപ്പിച്ചതിനെ തുടർന്നാണ് താൽക്കാലിക സ്റ്റേ. എന്നാൽ, നിയമപ്രകാരമുള്ള അംഗീകാരം സംസ്ഥാന സർക്കാർ നൽകാതെ മദ്റസയോ സ്കൂളോ നടത്താനാവില്ലെന്ന് കോടതി ബന്ധപ്പെട്ടവരെ ഓർമിപ്പിച്ചിട്ടുണ്ട്.
മുസ്ലിം ന്യൂനപക്ഷം മോദിസർക്കാറിന്റെ ഭാഷയിൽതന്നെ പസ്മാന്ദ അഥവാ അങ്ങേയറ്റം പിന്നാക്കമായ പ്രദേശങ്ങളിലാണ് ഉത്തരേന്ത്യയിൽ ബഹുഭൂരിപക്ഷം മതവിദ്യാലയങ്ങൾ നൂറ്റാണ്ടുകളോ പതിറ്റാണ്ടുകളോ ആയി നടത്തിക്കൊണ്ടു വരുന്നതെന്ന് സ്വാതന്ത്ര്യാനന്തര 50 വർഷക്കാലത്തെ മുസ്ലിം സ്ഥിതി പഠിക്കാൻ പ്രധാനമന്ത്രിപദത്തിലിരിക്കെ മൻമോഹൻ സിങ് നിയോഗിച്ച സച്ചാർ സമിതി രേഖപ്പെടുത്തിയിട്ടുള്ളതാണ്. വിദ്യാഭ്യാസപരമായി ഉയരാതെയും വളരാതെയും മുസ്ലിം സമുദായത്തിന് രക്ഷയില്ലെന്ന് പ്രമുഖ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിസഭയിലെ സീനിയർ അംഗവുമായ നിതിൻ ഗഡ്കരിയും ഈയിടെ മഹാരാഷ്ട്രയിലെ ഒരു ചടങ്ങിൽ സംസാരിക്കെ ഉണർത്തിയിട്ടുണ്ട്.
ഉപജീവനത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ ഗതിയില്ലാതെ ഉഴലുന്ന മുസ്ലിംകളുടെ പ്രാഥമിക വിദ്യാഭ്യാസം ലക്ഷ്യംവെച്ച് നടത്തുന്ന മതവിദ്യാലയങ്ങളെ പോലും ഇല്ലായ്മ ചെയ്തുകൊണ്ടാണോ മുസ്ലിം വിദ്യാഭ്യാസം ഉയരുകയും വളരുകയും ചെയ്യേണ്ടത്? 20 കോടി മുസ്ലിം ജനസാമാന്യത്തിന്റെ പൗരത്വംപോലും അസ്ഥിരപ്പെടുത്തിയും അവരുടെ ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും കഥയിലെ ചെന്നായയുടെ ന്യായം ഉന്നയിച്ച് നിലംപരിശാക്കിയും പുരാണ കഥാപാത്രങ്ങളിൽ ഓരോരുത്തരുടെയും ജന്മദിനാഘോഷങ്ങൾ സംഘടിപ്പിച്ച് അതിന്റെ മറവിൽ മുസ്ലിം സ്ഥാപനങ്ങളെ കൊത്തിക്കോറിയും വർഗീയ ലഹളകൾ ഇളക്കിവിട്ടും ഹിന്ദുത്വഭരണം മുന്നേറുമ്പോഴാണ് ആർ.എസ്.എസ് ശതവാർഷികമാഘോഷിക്കുന്നത്.
എല്ലാറ്റിലുമുപരി ഉദാരമതികളായ മുസ്ലിം പൂർവികർ ദൈവപ്രീതിമാത്രം കാംക്ഷിച്ച് സമൂഹത്തിന്റെ ക്ഷേമത്തിനും പാവപ്പെട്ടവരുടെ കണ്ണീരൊപ്പുന്നതിനുമായി നീക്കിവെച്ച സ്വന്തം സമ്പാദ്യങ്ങളെ അപ്പാടെ പിടിച്ചെടുക്കാനുള്ള ആസൂത്രിത പദ്ധതിയാണ് ഏറ്റവുമൊടുവിൽ രായ്ക്കുരാമാനം പാസാക്കി രാഷ്ട്രപതിയുടെ ഒപ്പ് മിന്നൽവേഗത്തിൽ നേടിയെടുത്ത വഖഫ് നിയമമെന്ന് മനസ്സിലാക്കാത്തവരായി സാമാന്യബുദ്ധികളാരും ഉണ്ടാവില്ല. എന്നിട്ടോ? അത് പാവപ്പെട്ട മുസ്ലിം സ്ത്രീകളുടെയും അധഃസ്ഥിതരുടെയും ക്ഷേമം മാത്രം മുൻനിർത്തിയാണെന്ന വീരവാദവും! മുസ്ലിം പേരുള്ള സംഘ്പരിവാർ അനുകൂലികളിലൊരാളെ പോലും പാർലമെന്റിലേക്കോ നിയമസഭകളിലേക്കോ തെരഞ്ഞെടുത്തയക്കാതെയാണ് മുസ്ലിം ക്ഷേമത്തിനാണ് തങ്ങൾ നിലകൊള്ളുന്നതെന്ന അവകാശവാദം! വഖഫ് ബോർഡുകളിൽ പോലും സംഘ്പരിവാർ അനുകൂലികളായ മുസ്ലിം നാമധാരികളെ കുത്തിത്തിരുകാൻ മനസ്സില്ലാത്തതു കൊണ്ടായിരിക്കുമല്ലോ വഖഫ് ഭരണസമിതികളിൽ അമുസ്ലിംകൾക്ക് അംഗത്വം നൽകണമെന്ന പിടിവാശി.
രാജ്ഭവനുകളിലെന്ന പോലെ വഖഫ് സ്വത്ത് കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളിലും സംഘ്പരിവാരത്തെ കുടിയിരുത്താനുള്ള ഗൂഢതന്ത്രത്തിന്റെ പച്ചയായ നിയമാവിഷ്കാരം. പക്ഷേ, എല്ലാം തങ്ങളുടെ കണക്കുകൂട്ടലുകളനുസരിച്ചുതന്നെ നടന്നുകൊള്ളണമെന്നില്ലെന്നതാണ് സമീപകാലത്തെ കോടതി ഇടപെടലുകൾ നൽകുന്ന സന്ദേശം.