ലയിപ്പിച്ച് ലയിപ്പിച്ച് ബാങ്കുകളെ ഇല്ലാതാക്കുമ്പോൾ
text_fieldsരാജ്യത്ത് ബാങ്കിങ് മേഖലയിൽ വൻതോതിലുള്ള ലയനങ്ങളും സ്വകാര്യവത്കരണവും നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ഇടപാടുകാരിലും ജീവനക്കാരിലും കനത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. രാജ്യത്തെ ഒമ്പത് പൊതുമേഖലാ ബാങ്കുകളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷനൽ ബാങ്ക്, കനറാ ബാങ്ക് എന്നിവയിൽ ലയിപ്പിച്ച് മൂന്ന് വൻകിട ബാങ്കുകളാക്കാനാണ് ഏറ്റവും പുതിയ നീക്കം.
അടുത്ത സാമ്പത്തിക വർഷം അവസാനത്തോടെ മെഗാ ബാങ്ക് ലയനം ആരംഭിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം. വിദേശ ബാങ്കുകളോട് മത്സരിക്കാൻ പ്രാപ്തമാക്കുക എന്നതാണ് ലക്ഷ്യമായി പറയുന്നതെങ്കിലും ഇത് സൃഷ്ടിക്കുന്ന തിരിച്ചടികൾ ഊഹിക്കാവുന്നതിലുമപ്പുറമാണ്. ബാങ്കിങ് മേഖല സാധാരണക്കാർക്ക് അപ്രാപ്യമാവുന്നതിനൊപ്പം അവശേഷിക്കുന്ന ശാഖകളിലെ തൊഴിൽഭാരവും അന്തരീക്ഷവും വഷളാക്കുകയും ചെയ്യും.
രാജ്യത്ത് ബാങ്ക് ലയനം പുതിയ സംഗതിയല്ല. നേരത്തേ എസ്.ബി.ടി ഉൾപ്പെടെ സ്റ്റേറ്റ് ബാങ്കുകളെ ഒന്നാകെ എസ്.ബി.ഐയിൽ ലയിപ്പിച്ചിരുന്നു. ആന്ധ്രാ ബാങ്കും കോർപറേഷൻ ബാങ്കും യൂനിയൻ ബാങ്കിലും സിൻഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കിലും ദേനാ, വിജയാ ബാങ്കുകൾ, ബാങ്ക് ഓഫ് ബറോഡയിലും ലയിച്ചിട്ട് അധികം കാലമായിട്ടില്ല. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, അലഹബാദ് ബാങ്ക് തുടങ്ങിയവയും ലയിച്ച് ഇല്ലാതായി. ലാഭത്തിൽ പ്രവർത്തിച്ചിരുന്ന, ചെറുകിടക്കാർക്കും കർഷകർക്കും എന്നും ആശ്രയമായിരുന്ന ബാങ്കുകൾക്കുമേൽ ശതകോടീശ്വരന്മാർക്ക് വഴിവിട്ട വായ്പ നൽകി കടക്കെണിയിലായ ബാങ്കുകളുടെ ബാധ്യത അടിച്ചേൽപിക്കുകയായിരുന്നു പല ലയനങ്ങൾക്കും പിന്നിലെ യഥാർഥ ലക്ഷ്യം.
ലയനത്തിനുപുറമെ രാജ്യത്ത് ബാങ്കുകളുടെ സ്വകാര്യവത്കരണവും പൊടിപൊടിക്കുകയാണ്. ഔദ്യോഗികമായി തന്നെ കേന്ദ്ര സർക്കാറിനും എൽ.ഐ.സിക്കും വലിയ ഓഹരി പങ്കാളിത്തമുണ്ടായിരുന്ന ഐ.ഡി.ബി.ഐ ബാങ്ക് സ്വകാര്യവത്കരിച്ചുകഴിഞ്ഞു. പാപ്പരായപ്പോൾ എസ്.ബി.ഐയും എസ്.ബി.ഐ നിർദേശപ്രകാരം ഏഴു സ്വകാര്യ ബാങ്കുകളും വലിയ മൂലധനമിറക്കി രക്ഷിച്ചെടുത്ത യസ് ബാങ്കിനെ ജപ്പാനിലെ സുമിടോമോ മിത്സൂയി ബാങ്കിങ് കോർപറേഷൻ ഏറ്റെടുത്തു. സിംഗപ്പൂരിലെ ഡി.ബി.എസ് ഗ്രൂപ്, ലക്ഷ്മി വിലാസ് ബാങ്കിനെയും ഏറ്റെടുത്തിരുന്നു.
മുംബൈ ആസ്ഥാനമായ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ആർ.ബി.എൽ ബാങ്കിന്റെ ഭൂരിഭാഗം ഓഹരികൾ എമിറേറ്റ്സ് എൻ.ബി.ഡി വാങ്ങാൻ ഒരുങ്ങുകയാണ്. മറ്റു വലിയ ഏറ്റെടുക്കലുകളും ഓഹരി വിൽപനകളും അണിയറയിൽ തകൃതിയിലാണ്. സംസ്ഥാനത്തെ ഫെഡറൽ, ധനലക്ഷ്മി ബാങ്കുകൾക്കു മേലും പല വൻകിടക്കാരും കണ്ണുവെച്ചിട്ടുണ്ട്. സംസ്ഥാനത്തെ ലോർഡ് കൃഷ്ണ ബാങ്ക് പലകൈ മറിഞ്ഞ് എച്ച്.ഡി.എഫ്.സിയിലാണ് അവസാനിച്ചത്. കാത്തലിക് സിറിയൻ ബാങ്കിൽ കാനഡയിലെ ഫെയർഫാക്സ് ഏറെ വർഷങ്ങൾക്ക് മുമ്പേതന്നെ ഓഹരി വാങ്ങിയിരുന്നു.
ലോകം മുഴുവൻ സാമ്പത്തിക മാന്ദ്യം നേരിട്ട് അമേരിക്കയിലെ സിറ്റി ബാങ്ക് പോലുള്ള ആഗോള ഭീമന്മാർ തകർന്നടിഞ്ഞപ്പോഴും നമ്മുടെ നാടിനെ വീഴാതെ നിർത്തിയത് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളായിരുന്നു എന്ന യാഥാർഥ്യം മറന്നുകൊണ്ടാണ് കേന്ദ്ര സർക്കാർ നടപടികൾ. വൻകിട ബാങ്കുകൾക്ക് സാധാരണ, ഗ്രാമീണ, കർഷക അക്കൗണ്ടുകളിൽ താൽപര്യമേയില്ല. അടുത്ത കാലത്താണ് രാജ്യത്തെ രണ്ടു പ്രധാന വൻകിട ബാങ്കുകൾ മിനിമം ബാലൻസ് അമ്പതിനായിരം വേണമെന്ന് നിബന്ധന വെച്ചത്. അതായത് എ.ടി.എമ്മിൽനിന്ന് അഞ്ഞൂറും ആയിരവും പിൻവലിച്ച് നിത്യവൃത്തി നടത്തുന്ന സാധാരണക്കാർ അങ്ങോട്ടു ചെല്ലേണ്ടതില്ല എന്നർഥം. സാധാരണക്കാരെ ഇവ്വിധം ആട്ടിപ്പായിക്കുമ്പോൾ വട്ടിപ്പലിശക്കാരും കരിഞ്ചന്തക്കാരും വീണ്ടും കളംനിറഞ്ഞാടും.
പൊതുമേഖലാ ബാങ്കുകൾ ലയിപ്പിച്ചും സ്വകാര്യ, ഷെഡ്യൂൾഡ് ബാങ്കുകളെ വൻ കിട വിദേശ ബാങ്കുകൾക്ക് ഏറ്റെടുക്കാൻ അനുവദിച്ചുമുള്ള കേന്ദ്ര നടപടികൾ ബാങ്കിങ് ദേശസാത്കരണം വഴി സമൂഹത്തിന് ലഭിച്ച സകല മേന്മകളും ഒന്നൊന്നായി ഇല്ലാതാക്കും. മാസ് ബാങ്കിങ്ങിൽനിന്ന് ക്ലാസ് ബാങ്കിങ്ങിലേക്കുള്ള മാറ്റത്തിന്റെ ഏറ്റവും വലിയ സൂചന കൂടിയാണിത്.
ചെറുകിട വായ്പകൾ എടുക്കുന്നവരെ സർഫാസി പോലുള്ള നിയമങ്ങളിലൂടെ വരിഞ്ഞു മുറുക്കുമ്പോൾ കോർപറേറ്റുകളുടെ കോടികളുടെ വായ്പ എഴുതിത്തള്ളുന്നത് തുടരുന്നുമുണ്ട്. ലയനത്തോടെ ശാഖകളുടെ വ്യാപകമായ അടച്ചുപൂട്ടലും സ്വയം വിരമിക്കലിനും നിർബന്ധിത വിരമിപ്പിക്കലിനുമുള്ള നടപടികളും ഉണ്ടാവുമെന്നതും പ്രത്യേകം പറയേണ്ടതില്ല. ബാങ്കുകൾ കുറയുന്നത് സേവനങ്ങളെയും ദോഷകരമായി ബാധിക്കും. സർവിസ് ചാർജും പിഴകളുമടക്കം ഏകപക്ഷീയമായി അടിച്ചേൽപിക്കുന്ന പരിഷ്കാരങ്ങൾ ഏറ്റുവാങ്ങാൻ ഇടപാടുകാർ നിർബന്ധിതരാവുകയും ചെയ്യും.
ദേശസാത്കരണത്തിൽനിന്ന് സ്വകാര്യവത്കരണത്തിലേക്കും അതും കടന്ന് വിദേശവത്കരണത്തിലേക്കുമാണ് ബാങ്കിങ് മേഖലയുടെ പോക്ക്. ഇത് നമ്മുടെ സമ്പദ് വ്യവസ്ഥക്കു മാത്രമല്ല, രാജ്യത്തെ സാധാരണക്കാർക്കുകൂടി ദോഷകരമായ അവസ്ഥയിലേക്കാവും കാര്യങ്ങൾ എത്തിക്കുക. പാവപ്പെട്ടവരെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന ഒരു ഭരണകൂടത്തിന് ഒട്ടും യോജിച്ച നടപടിയുമല്ല ഇത്.


