അസമിലെ മുസ്ലിം വേട്ട
text_fieldsവടക്കുകിഴക്കൻ ഇന്ത്യയിൽ ഹിന്ദുത്വയുടെ പരീക്ഷണശാലയായി അസം മാറിയിട്ട് കാലം കുറച്ചായി. 2016ൽ, സർബാനന്ദ സോനോവാളിന്റെ നേതൃത്വത്തിൽ അവിടെ ആദ്യമായൊരു ബി.ജെ.പി സർക്കാർ വന്ന ദിവസംതൊട്ടു തുടങ്ങിയ പ്രവണതയാണത്. കേന്ദ്ര ഭരണകൂടത്തിന്റെ തണലിൽ, മുസ്ലിം വിരുദ്ധത മുഖമുദ്രയാക്കി തഴച്ചുവളർന്ന വിദ്വേഷ രാഷ്ട്രീയം 2021ൽ, ഹിമന്ത ബിശ്വശർമ മുഖ്യമന്ത്രിയായതോടെ കൂടുതൽ ശക്തിയാർജിച്ചു. പത്തു വർഷം മുമ്പുവരെയും കോൺഗ്രസ് നേതൃത്വത്തിലിരിക്കുകയും അസം സംസ്ഥാന സർക്കാറിൽ വിവിധ പദവികൾ വഹിക്കുകയും ചെയ്തയാളാണ് ഹിമന്ത.
2014ൽ, നരേന്ദ്ര മോദി പ്രധാനമന്ത്രിയായതോടെ ഹിമന്തയുടെ രാഷ്ട്രീയവും അടിമുടി മാറി; 2015ൽ, ഔദ്യോഗികമായി ബി.ജെ.പിയിൽ ചേർന്ന അദ്ദേഹം തൊട്ടടുത്ത വർഷം നടന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ വിജയിച്ച് സോനോവാളിന്റെ മന്ത്രിസഭയിൽ അംഗമായി. അക്കാലം തൊട്ട് ഹിമന്ത വാർത്തകളിൽ ഇടംപിടിച്ചത് കടും വിഷപ്രയോഗങ്ങളടങ്ങിയ വിദ്വേഷ പ്രസംഗങ്ങളിലൂടെയായിരുന്നു. അതിന്റെകൂടി ഫലമായിട്ടാണ്, അസമിൽ രണ്ടാമൂഴം ലഭിച്ചപ്പോൾ ബി.ജെ.പി ഹിമന്തയെ മുഖ്യമന്ത്രിസ്ഥാനത്തിരുത്തിയത്. സംഘ്പരിവാറിന്റെ വിദ്വേഷ പദ്ധതികളോരോന്നുമിപ്പോൾ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം. അസമിലെ മുസ്ലിം ഭൂരിപക്ഷ മേഖലകളിൽനിന്ന് കുടിയിറക്കലിന്റെ പുതിയ വാർത്തകൾ ഓരോ ദിവസവും വന്നുകൊണ്ടിരിക്കുകയാണ്.
കൈയേറ്റക്കാരെന്നും നുഴഞ്ഞുകയറ്റക്കാരെന്നും മുദ്രകുത്തി ആയിരക്കണക്കിന് മുസ്ലിംകളെ സ്വഗ്രാമങ്ങളിൽനിന്ന് ആട്ടിപ്പായിച്ചുകൊണ്ടിരിക്കുകയാണ് ഹിമന്ത സർക്കാർ. ഒരു മാസത്തിനിടെ, സംസ്ഥാനത്ത് നാലായിരത്തിലധികം വീടുകൾ തകർത്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വീടുകൾക്കു പുറമെ, മദ്റസകളും പള്ളികളും ഈദ് ഗാഹുകളുമെല്ലാം മണ്ണിനോടു ചേർന്നു. അനധികൃത കുടിയേറ്റമൊഴിപ്പിക്കൽ എന്നാണ് ദൗത്യത്തിന്റെ ന്യായമായി പറയുന്നതെങ്കിലും, 15 ദിവസം മുമ്പ് കക്ഷികൾക്ക് നോട്ടീസ് നൽകുന്നതുൾപ്പെടെയുള്ള ഒരു നടപടിക്രമവും പാലിച്ചിട്ടില്ല.
ഗോൽപാറ, ധുബ്രി, ലഖിംപൂർ ജില്ലകളിൽ പുരോഗമിക്കുന്ന ഹിമന്തയുടെ ബുൾഡോസർ പ്രയോഗത്തിൽ ചകിതരാണ് സംസ്ഥാനത്തെ മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങൾ. ഗോൽപാര ജില്ലയിൽ തിങ്കളാഴ്ച മാത്രം കുടിയിറക്കപ്പെട്ടത് 1,100 കുടുംബങ്ങളാണത്രെ. ജൂലൈ എട്ടിന് ധുബ്രിയിൽ നടന്ന സ്പെഷൽ ഓപറേഷനിൽ ആട്ടിയോടിക്കപ്പെട്ടത് രണ്ടായിരത്തിന് മുകളിൽ കുടുംബങ്ങളാണ്. കുടിയിറക്കപ്പെടുന്നവർക്ക് താൽക്കാലിക വാസമൊരുക്കണമെന്ന കോടതി നിർദേശങ്ങളടക്കം കാറ്റിൽപറത്തിയുള്ള ഈ നീക്കം വംശീയ ഉന്മൂലനത്തിന്റെ പ്രത്യക്ഷ സൂചകങ്ങളായി വിലയിരുത്തപ്പെടുന്നു. അതിനെ സാധൂകരിക്കുന്നതാണ് കഴിഞ്ഞദിവസങ്ങളിൽ ഹിമന്തയുടെ പ്രസ്താവനകൾ. ബംഗാൾ വംശജരായ മുസ്ലിംകളെ അദ്ദേഹം കാണുന്നത് നുഴഞ്ഞുകയറ്റക്കാരായ ബംഗ്ലാദേശികളായാണ്; അവരാകട്ടെ, രാജ്യത്തുനിന്ന് പുറത്താക്കപ്പെടേണ്ടവരുമാണ്.
ഇക്കൂട്ടർ കരുതിക്കൂട്ടി നടത്തുന്ന ജിഹാദിന്റെ ഭാഗമായിട്ടാണ് അനധികൃത കൈയേറ്റങ്ങളെന്നാണ് ഹിമന്തയുടെ വാദം. ദശകങ്ങളായി അവിടെ താമസിക്കുന്ന, വോട്ടവകാശമുള്ള പൗരന്മാരെയാണ് ഹിമന്ത ഇവ്വിധം അധിക്ഷേപിക്കുന്നതെന്നോർക്കണം. 2041ഓടെ, അസം മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായി മാറുമെന്ന് അദ്ദേഹം പറഞ്ഞത് ഏതാനും മാസങ്ങൾക്കു മുമ്പാണ്. മുസ്ലിം ജനസഖ്യാ വിസ്ഫോടന ഗൂഢാലോചന സിദ്ധാന്തത്തിലൂടെയും മറ്റും ഇസ്ലാമോഫോബിയ പടർത്തി ഒരു വിഭാഗത്തെ അന്യവത്കരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്ന് നിസ്സംശയം പറയാം. സത്യപ്രതിജ്ഞ ചെയ്ത് ഒരു മാസം തികയും മുമ്പേ, അസമിലെ നിരവധി മദ്റസകൾ ഇടിച്ചുനിരത്തി തുടങ്ങിയ ഓപറേഷനാണിത്. അതിപ്പോൾ പലരൂപത്തിൽ നിർബാധം തുടരുകയാണ്.
ഹിന്ദുത്വയുടെ പരീക്ഷണശാലയായി അസം മാറാൻ ചരിത്രപരമായിത്തന്നെ കാരണങ്ങളുണ്ട്. പൗരത്വത്തിന് മതം മാനദണ്ഡമാക്കിയ ഈ രാജ്യത്ത് അതിന്റെ കെടുതികൾ ആദ്യം കാത്തിരിക്കുന്നത് അസമിനെയാണ്; ഒരുവേള, പൗരത്വ നിയമ ഭേദഗതിക്ക് മുമ്പുതന്നെ, ന്യൂനപക്ഷങ്ങളുടെ പൗരത്വം വലിയ സമസ്യയായി നിലനിൽക്കുന്ന സംസ്ഥാനംകൂടിയാണത്. അസം പൗരത്വപ്പട്ടികയുടെ (നാഷനൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ് -എൻ.ആർ.സി) കുരുക്കിൽപെട്ട് ലക്ഷക്കണക്കിന് ആളുകൾ ഇപ്പോഴും കോടതി കയറി ഇറങ്ങുകയാണ്. 2018 ജൂലൈ 30ന് പുറത്തിറക്കിയ രണ്ടാമത്തെ എൻ.ആർ.സിയിൽ 40 ലക്ഷം പേരെയാണ് ‘അനധികൃത’ കുടിയേറ്റക്കാരായി ചിത്രീകരിച്ചത്.
തൊട്ടടുത്ത വർഷം അപ്പീലുകൾകൂടി പരിഗണിച്ച് പട്ടിക പുതുക്കിയപ്പോഴും 20 ലക്ഷത്തോളം പേർ പുറത്തായി. ഇവർ തങ്ങളുടെ പൗരത്വം തെളിയിക്കാനായി ഫോറിൻ ട്രൈബ്യൂണലും മറ്റു കോടതികളും കയറിയിറങ്ങി മരണംവരെ നിയമവ്യവഹാരങ്ങളിലേർപ്പെടേണ്ടിവരും. അസമിൽനിന്നുള്ള ഈ ‘മാതൃക’കൂടി മുൻനിർത്തിയാണ്, പൗരത്വ ഭേദഗതി നിയമം (സി.എ.എ) പാർലമെന്റിൽ അവതരിപ്പിച്ച നിമിഷം മുതൽ അതിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധമുയർന്നത്. ഇപ്പോൾ, എൻ.ആർ.സിയിൽനിന്ന് പുറത്താക്കപ്പെടുന്ന ഹിന്ദുക്കൾക്ക് സി.എ.എയിൽ ഇളവ് നൽകുമെന്നാണ് ഹിമന്തയുടെ പ്രഖ്യാപനം. അഥവാ, എൻ.ആർ.സിയിൽ ഇടമില്ലാത്ത മുസ്ലിംകൾ ശിഷ്ടകാലം തടവറകളിൽ കഴിയേണ്ടിവരും; അതല്ലെങ്കിൽ നാടുകടത്തപ്പെടും; അതുമല്ലെങ്കിൽ ജീവിതകാലം മുഴുവൻ നിയമപോരാട്ടത്തിന് നിർബന്ധിതരാകും.
ഇപ്പോൾ നടക്കുന്ന കുടിയിറക്കൽ നടപടികളിലൂടെ എൻ.ആർ.സിയുമായി ബന്ധപ്പെട്ട സങ്കീർണതകൾക്ക് ആക്കംകൂട്ടുകയാണ് ഹിമന്ത ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ്, ഈ ബുൾഡോസർ രാജ് കേവല കുടിയിറക്കൽ പദ്ധതിയല്ലെന്നും ഉന്മൂലനനീക്കം തന്നെയാണെന്നും വിലയിരുത്താനുള്ള കാരണവും. അസമിൽ തുടങ്ങി രാജ്യം മുഴുവൻ വ്യാപിപ്പിക്കാനുള്ള ഈ ഉന്മൂലന പദ്ധതിക്കെതിരെ ശക്തമായ ഇടപെടലുകളുണ്ടായേ മതിയാകൂ.