നേപ്പാൾ: തെരുവിലിറങ്ങിയ ചെറുപ്പം
text_fieldsനേപ്പാളിന്‍റെ അധികാര ഘടനയെ കുലുക്കിയ ജെൻ സി പ്രക്ഷോഭം അതിന്‍റെ പ്രാഥമിക ലക്ഷ്യം പൂർത്തീകരിച്ച് ശാന്തമാകുകയാണ്. ഇടക്കാല സർക്കാറുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് ഒടുവിൽ പുറത്തുവരുന്ന വാര്‍ത്ത. സൈനിക മേധാവി അശോക് കുമാറും പ്രക്ഷോഭകർക്കുവേണ്ടി മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം വഹിക്കുന്ന സുപ്രീംകോടതി ബാർ അസോസിയേഷൻ സെക്രട്ടറി രമൺകുമാർ കർനയും സമവായ സാധ്യതകളെക്കുറിച്ചും ഇടക്കാല സർക്കാർ രൂപവത്കരണ സാധ്യതകളെക്കുറിച്ചും ശുഭാപ്തി വിശ്വാസമാണ് പ്രകടമാക്കുന്നത്.
യുവാക്കളുടെ ജനപ്രിയ നേതാവും കാഠ്മണ്ഡു മേയറുമായ ബാലേന്ദ്ര ഷായും സുശീല കർക്കിയെ പിന്തുണച്ച് രംഗത്തുവന്നിട്ടുണ്ട്. തെരവുകൾ ശാന്തമാകുകയും നിയന്ത്രണം സൈന്യം ഏറ്റടുക്കുകയും ചെയ്തതോടെ അടച്ചുപൂട്ടിയ കാഠ്മണ്ഡു വിമാനത്താവളം പ്രവർത്തനക്ഷമമായിരിക്കുന്നു. കടകളും മറ്റും സാധാരണപോലെ തുറന്നു പ്രവർത്തിക്കാനും തുടങ്ങിയിരിക്കുന്നു. രാജിവെച്ച പ്രസിഡന്റ് രാംചന്ദ്ര പൗഡൽ ഭരണഘടനാപരമായി സർക്കാറിന്റെ ചുമതല ഏറ്റെടുക്കുകയും സൈന്യവുമായും “ജനറേഷൻ സീ പ്രക്ഷോഭകർ” (Generation Z Protesters) എന്ന സംഘവുമായുള്ള ചർച്ചകൾക്ക് നേതൃപരമായ പങ്കുവഹിക്കുകയും ചെയ്യുന്നതോടെ പ്രക്ഷോഭം കൂടുതൽ അയവ് വരുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ.
തിങ്കളാഴ്ച ആരംഭിച്ച ജെൻ സി പ്രക്ഷോഭം ഭരണ സിരാകേന്ദ്രങ്ങളെ തകർക്കുകയും പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്‍റെയും രാജിയിലേക്ക് നയിക്കുകയും ചെയ്തത് അതി വേഗമാണ്. 26 പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ പ്രാദേശികമായി രജിസ്റ്റർ ചെയ്യാൻ സർക്കാർ ഉത്തരവിടുകയും അത് അനുസരിക്കാത്ത ഫേസ്ബുക്ക്, യൂട്യൂബ്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്, എക്സ് (ട്വിറ്റർ), ടിക്-ടോക് തുടങ്ങിയ പ്ലാറ്റ്ഫോമുകളുടെ പ്രവർത്തനങ്ങൾ നിരോധിക്കുകയും ചെയ്തതാണ് തെരുവിനെ പ്രക്ഷുബ്ധമാക്കിയത് എന്നത് ശരിയായിരിക്കെ ഇത് ഡിജിറ്റൽ സ്വാതന്ത്ര്യത്തിനുവേണ്ടി ചെറുപ്പക്കാർ നയിച്ച കലാപമായി വിലയിരുത്തുന്നതിൽ ശരികേടുകളേറെയുണ്ട്.
യാഥാർഥത്തിൽ, ബംഗ്ലാദേശിലും ശ്രീലങ്കയിലും സംഭവിച്ചതുപോലെ രാഷ്ട്രീയ വ്യവസ്ഥയോടും ഭരണകൂടത്തോടുമുള്ള യുവതയുടെ അതൃപ്തിയും അമർഷവുമാണ് യുവജനങ്ങളാൽ സമ്പന്നമായ നേപ്പാളിലും പ്രകടമായത്. യുവതലമുറകൾക്ക് സോഷ്യൽ പ്ലാറ്റ് ഫോമുകൾ വിനോദങ്ങൾക്ക് മാത്രമല്ല, ആശയവിനിമയങ്ങൾക്കും സാമ്പത്തിക, തൊഴിൽ മാർഗങ്ങൾക്കും വൈവിധ്യപൂർണമായ സംഘാടനങ്ങൾക്കുമുള്ള അടിസ്ഥാനോപാധികളാണ്. യുവാക്കളുടെ രോഷം തടയാൻ അധികാരികൾ ഒരു സുപ്രഭാതത്തിൽ ഈ സമൂഹമാധ്യമങ്ങൾ നിയന്ത്രിക്കുന്നതോടെ നിഷേധിക്കപ്പെടുന്നത് ജീവിക്കാനുള്ള അടിസ്ഥാന അവകാശങ്ങൾതന്നെയാണ്. അതുകൊണ്ടാണ് വിദ്യാർഥികൾ, ടെക് തൊഴിലാളികൾ, മാധ്യമ പ്രവർത്തകർ, കലാകാരന്മാർ, അസംഘടിത തൊഴിലാളികൾ, സ്ത്രീകൾ, ഗ്രാമീണമേഖലയിൽ ജോലി ചെയ്യുന്നവർ എന്നിവരൊക്കെ അണിചേർന്ന് ഇത്രയും രൂക്ഷമായ രീതിയിൽ സമരം തെരുവിലും സമൂഹമാധ്യമങ്ങളിലും ഒരുപോലെ കത്തിപ്പടർന്നത്.
239 വർഷം പഴക്കമുള്ള രാജഭരണം അവസാനിപ്പിച്ചശേഷം നേപ്പാളിൽ വന്നുപോയത് പന്ത്രണ്ടിലധികം സർക്കാറുകളാണ്. ആഭ്യന്തര കലാപങ്ങൾക്കു ശേഷം 2008 മുതൽ നവ നേപ്പാളെന്ന മുദ്രാവാക്യം എല്ലാ മുഖ്യധാരാ പാർട്ടികളും വിശേഷിച്ച് ഇടതുപക്ഷ കക്ഷികൾ ജനങ്ങൾക്കു മുന്നിൽ സമർപ്പിച്ചു. ഇപ്പോൾ സ്ഥാനഭ്രഷ്ടനായ കെ.പി. ശർമ ഒലിയും പ്രചണ്ഡയും അതിൽ മുൻനിരയിൽതന്നെ നിലയുറപ്പിച്ചിരുന്നു. എന്നാൽ, രാഷ്ട്രീയക്കാർ മാത്രം പ്രയോജനമുണ്ടാക്കുന്ന, പൊതുജനങ്ങൾക്ക് വാഗ്ദാനങ്ങളല്ലാതെ മറ്റൊന്നും ലഭിക്കാത്ത പതിവു കാഴ്ചയാണ് നേപ്പാളിലും ആവർത്തിച്ചത്.
വിഭാഗീയതകൾ, അധികാരത്തിനുവേണ്ടിയുള്ള അവസരവാദ രാഷ്ട്രീയ കൂട്ടുകെട്ടുകൾ, അഴിമതി ആഭ്യന്തരോൽപാദനം വർധിപ്പിക്കുന്നതിൽ സംഭവിച്ച നയപരമായ വീഴ്ചകൾ, ഭീകരമായ തൊഴിൽരാഹിത്യം ഉദ്യോഗസ്ഥ ദുഷ്പ്രവണതകൾ തുടങ്ങിയവയെല്ലാം ഇടതു സർക്കാറിന്‍റെയും മുഖമുദ്രയായതോടെ സാധാരണക്കാർക്കും ചെറുപ്പക്കാർക്കും അവരോടുള്ള വിശ്വാസം നഷ്ടമാവുകയായിരുന്നു. ലോകബാങ്ക് കണക്കുപ്രകാരം തൊഴിലില്ലായ്മ നിരക്ക് 21 ശതമാനമാണ്. 15 നും 24 നും ഇടയിൽ പ്രായമുള്ളവരാണ് ഇതിന്‍റെ കെടുതി ഏറ്റവും ഭീകരമായി അനുഭവിക്കുന്നത്. സമ്പന്നർക്കിടയിലെ തൊഴിലില്ലായ്മ 8.5 ശതമാനമാണെങ്കിൽ ദരിദ്രവീടുകളിലെ ചെറുപ്പക്കാരിലത് 17.2 ശതമാനമാണ്. മൂന്നു കോടി ജനങ്ങളിൽ ഭൂരിഭാഗവും വിദേശത്ത് പണിയെടുക്കുന്നവരാണ്. നേപ്പാളിലെ ജി.ഡി.പിയുടെ 34 ശതമാനവും അവരുടെ വരുമാനത്തെ ആശ്രയിച്ചാണ്.
അതേസമയം, അനർഹമായി ജോലിയും സമ്പത്തും കൈയടക്കുന്ന രാഷ്ട്രീയ ഉദ്യോഗസ്ഥ വരേണ്യരുടെ ‘നെപ്പോ കിഡ്സു’കളുടെ ആഡംബര ജീവിത ചിത്രങ്ങൾ ദിനംപ്രതി സമൂഹമാധ്യമങ്ങളിൽ പോസ്റ്റുന്നത് അവർ കണ്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ മുഖ്യധാരാ രാഷ്ട്രീയത്തെയും രാഷ്ട്രീയ നേതാക്കളെയും ദൂരത്തു മാറ്റിനിർത്തികൊണ്ടാണ് നേപ്പാളിലെ ജെൻ സി പ്രക്ഷോഭം ആരംഭിച്ചതും ശക്തി പ്രാപിച്ചതും. തീർച്ചയായും നേപ്പാളിലെ ഇടതു രാഷ്ട്രീയത്തിനേറ്റ കനത്തതിരിച്ചടികൂടിയാണ് ആ അർഥത്തിൽ ജെൻ സി പ്രക്ഷോഭം.
സുതാര്യവും അഴിമതിരഹിതവുമായ നേപ്പാളിനുവേണ്ടിയുള്ള ചെറുപ്പത്തിന്‍റെ ആവശ്യം രാജഭരണത്തിന്‍റെ പുനരുജ്ജീവനത്തിന് വഴിതുറക്കുമോ എന്ന ആശങ്ക ഉയരുന്നുണ്ട്. സൈന്യം ഭരണത്തെ ദുരുപയോഗിക്കുമോ എന്ന ഭയവും പലരും പങ്കുവെക്കുന്നു. നേപ്പാളിന്‍റെ സുസ്ഥിതിയും ശാന്തിയും ഇന്ത്യയുടെ ഭദ്രതക്കും അനിവാര്യമാണ്. ജനവിരുദ്ധ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ചെറുപ്പത്തിന്‍റെ നിശ്ചയദാർഢ്യം എല്ലാവർക്കും പാഠമാണ്. നേപ്പാളിന്‍റെ ഭാവിയെ ശോഭനമാക്കാനത് ഉതകട്ടെ എന്ന് പ്രത്യാശിക്കാം.