Begin typing your search above and press return to search.
exit_to_app
exit_to_app
വിചാരണയില്ല, ജാമ്യമില്ല; നീതിയില്ല
cancel

ഗുരുപ്രീത് റാം റഹിം സിങ് എന്ന പേര് മാന്യവായനക്കാർക്കേവർക്കും ചിരപരിചിതമായിരിക്കും. ആൾ ദൈവം ചമഞ്ഞ് ആയിരക്കണക്കിന് അനുയായികളെയും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളും സമ്പാദിച്ചുകൂട്ടിയ ഇയാൾ രണ്ട് ഭക്തകളെ ബലാത്സംഗത്തിനിരയാക്കിയ കേസിൽ കുറ്റക്കാരനെന്ന് 2017ൽ പ്രത്യേക സി.ബി.ഐ കോടതി കണ്ടെത്തിയിരുന്നു. കോടതിവിധിയിൽ പ്രതിഷേധിച്ച് ഇയാളുടെ അനുയായികൾ നടത്തിയ അതിക്രമങ്ങൾ കലാപമായി മാറുകയും വലിയ ആളപായങ്ങൾ സൃഷ്ടിക്കുകയുമുണ്ടായി. ബലാത്സംഗക്കുറ്റത്തിന് 20 വർഷം തടവുശിക്ഷയാണ് കോടതി നൽകിയത്. റാം റഹീമിന്റെ ആശ്രമത്തിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ച് വാർത്ത പ്രസിദ്ധീകരിച്ച രാംചന്ദർ ഛത്രപതി എന്ന മാധ്യമപ്രവർത്തകനെ 2002ൽ കൊലപ്പെടുത്തിയ കേസിൽ ഇയാൾക്ക് ജീവപര്യന്തം ശിക്ഷാവിധി വന്നത് 2019ലാണ്.

ജീവിതാവസാനം വരെ തടവറയിൽ കിടക്കണമെന്നാണ് ശിക്ഷാവിധിയെങ്കിലും 2020 മുതൽ 2025 ഏപ്രിൽ വരെ കുറഞ്ഞത് 12 തവണയെങ്കിലും പരോൾ നേടി റാം റഹീം സിങ് പുറത്തുവന്നിട്ടുണ്ട്. ആദ്യത്തെ രണ്ടുതവണ സുഖമില്ലാത്ത അമ്മയെയും ഒരു തവണ കുടുംബത്തെയും സന്ദർശിക്കാനാണ് പരോൾ തേടിയതെങ്കിൽ പിന്നീട് വാങ്ങിയ പരോളുകൾ കുറ്റകൃത്യങ്ങൾ നടത്തി മദിച്ചുവാണിരുന്ന, ദുരൂഹതകൾ നിറഞ്ഞ ആസ്ഥാനത്ത് നടക്കുന്ന ആഘോഷങ്ങളിൽ പങ്കെടുക്കാനായിരുന്നു. അങ്ങനെ ഓരോ വർഷവും 90 ദിവസമെങ്കിലും പുറം ലോകത്ത് വിഹരിക്കുന്നു. ഇയാളുടെ സാന്നിധ്യത്തിൽ നടക്കുന്ന പരിപാടികളിൽ സംസ്ഥാന മന്ത്രിമാരടക്കമുള്ള ബി.ജെ.പി നേതാക്കളും പങ്കെടുക്കാറുണ്ട്. തെരഞ്ഞെടുപ്പ് കാലങ്ങളിൽ തന്റെ അനുയായികൾക്കിടയിൽ ബി.ജെ.പി ക്കുവേണ്ടി ഇയാൾ വോട്ടും പിടിക്കാറുണ്ട്.

2020ലെ ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ പ്രതിചേർത്ത് ജയിലിലടച്ചിരിക്കുന്ന ഷർജീൽ ഇമാമും ഉമർ ഖാലിദുമടക്കം ഒമ്പത് ആക്ടി വിസ്റ്റുകളുടെ ജാമ്യാപേക്ഷ തള്ളിയ ഡൽഹി ഹൈകോടതി വിധി വായിക്കു​മ്പോഴാണ് ഗുർപ്രീത് റാം റഹീം സിങ്ങിനെപ്പോലുള്ള ക്രിമിനലുകൾ ഈ രാജ്യത്ത് ആസ്വദിക്കുന്ന ആനുകൂല്യങ്ങൾ മനസ്സിലെത്തിയത്. ഷർജീൽ ഇമാം ഇതിനകം 2046 ദിവസമായി ജയിലിലാണ്, ഖാലിദ് സൈഫി 2017 ദിവസവും മീരാൻ ഹൈദർ 1982 ദിവസവും ഗുൽഫിഷ ഫാത്തിമ 1974 ദിവസവും ശിഫാ ഉ റഹ്മാൻ 1957 ദിവസവും ഉമർ ഖാലിദ് 1817 ദിവസവും തടവറയിൽ പിന്നിട്ടു. ആരോപിക്കപ്പെടുന്ന കുറ്റങ്ങളുടെ വിചാരണ പോലും ആരംഭിക്കും മുമ്പാണ് ഈ ദീർഘകാല ‘തടവുശിക്ഷ’ എന്നോർക്കണം.

മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ ജനങ്ങൾക്കുമേൽ വിവേചനം നടപ്പാക്കാനുള്ള ഭരണകൂടശ്രമങ്ങൾക്കെതിരെ നിർഭയം നിലയുറപ്പിച്ചതിന്റെ പേരിലാണ് ഭരണകൂടം ഇവരെ ഇവ്വിധത്തിൽ പാഠം പഠിപ്പിക്കാൻ ശ്രമിക്കുന്നതെന്നത് സുവിദിതമാണ്. മലയാളിയായ ഡൽഹി സർവകലാശാല പ്രഫസർ ഡോ. ഹാനി ബാബു അഞ്ചുവർഷത്തിലധികമായി ഇതുപോലെ ‘ശിക്ഷ’ അനുഭവിക്കുകയാണ്. ജാതീയ ഉച്ചനീചത്വങ്ങൾക്കും സാമൂഹിക അസമത്വങ്ങൾക്കുമെതിരിൽ പ്രചാരണം നടത്തിയെന്നതാണ് ഹാനി ബാബു ചെയ്ത അപരാധം. സ്റ്റാൻ സ്വാമി മുതൽ സുധ ഭരദ്വാജ് വരെയുള്ള രാജ്യത്തെ മുൻനിര അവകാശപ്പോരാളികളെ കുരുക്കിയ ഭീമ-കൊറേഗാവ്-എൽഗാർ പരിഷത്ത് കേസിൽപെടുത്തിയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് മഹാരാഷ്ട്രയിലെ ജയിലിലടച്ചിരിക്കുന്നത്. അവകാശങ്ങൾ പിടിച്ചുപറിക്കപ്പെട്ട ആദിവാസികൾക്കുവേണ്ടി വാദിച്ച സ്റ്റാൻ സ്വാമിയെ ചികിത്സയും എന്തിനേറെ വെള്ളം കുടിക്കാനുള്ള അവകാശംപോലും നിഷേധിച്ച് ഇല്ലാതാക്കുകയും ചെയ്തു ഭരണകൂടം.

പൗരത്വ സമരപോരാളികളെയും ആദിവാസി-ദലിത് അവകാശപ്രവർത്തകരെയും തിരഞ്ഞുപിടിച്ച് പിടികൂടി കടുത്ത കുറ്റങ്ങൾ ചാർത്തി ജയിലിലടക്കുന്ന ഭരണകൂടം ഡൽഹി കലാപത്തിന് കാരണമായ വിദ്വേഷപ്രസംഗം നടത്തിയ ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുക്കാത്ത ഡൽഹി പൊലീസ് നടപടിയെ വിമർശിച്ചതിന്റെ പേരിൽ ജസ്റ്റിസ് മുരളീധറിനെ സുപ്രീംകോടതി കൊളീജിയത്തിനുമേൽ സമ്മർദം ചെലുത്തി ഡൽഹി ഹൈകോടതിയിൽ നിന്ന് സ്ഥലം മാറ്റിക്കുകയും ചെയ്തു. നീതിക്കും തുല്യതക്കും ന്യായത്തിനും വേണ്ടി നിലപാടെടുക്കുന്നത് വിചാരണയില്ലാത്ത തടവുശിക്ഷക്കും സ്ഥലം മാറ്റത്തിനും കാരണമാകുമെന്ന സന്ദേശമാണ് സർക്കാർ ഇതുവഴി നൽകാൻ ശ്രമിക്കുന്നത് എന്നുവേണം ഇതിൽ നിന്നെല്ലാം മനസ്സിലാക്കാൻ.

വിചാരണ ആരംഭിക്കാതെ, സർക്കാർ വെച്ചുനീട്ടുന്നത് കുറ്റാരോപിതർക്കെതി രെ കെട്ടിച്ചമച്ച ആരോപണങ്ങൾ സ്ഥാപിക്കാനുള്ള തെളിവുകളൊന്നും കൈവശമില്ലാഞ്ഞിട്ടാണ്. കള്ളസാക്ഷികളെയും വ്യാജതെളിവുകളും നിർമിച്ചെടുക്കാനുള്ള സാവകാശത്തിനുവേണ്ടിയാണ്. ഭീമ-കൊറേഗാവ്-എൽഗാർ പരിഷത്ത് കേസിലെ പല കുറ്റാരോപിതരുടെയും കമ്പ്യൂട്ടറുകളിൽ ചാര സംവിധാനങ്ങളുപയോഗിച്ച് തെളിവുകൾ തിരുകിക്കയറ്റാൻ ശ്രമിച്ച വിവരം പുറത്തുവന്നിരുന്നു. ഭരണകൂടവും അതിന്റെ അരികുപറ്റി പ്രവർത്തിക്കുന്ന നിയമപാലന സംവിധാനവും ഇത്തരം കുടിലതന്ത്രങ്ങൾ പ്രയോഗിക്കുമെന്ന് മറ്റാരെക്കാളും നന്നായി അറിയുന്നത് രാജ്യത്തെ നീതിപീഠത്തിനു തന്നെയാണ്. എന്നിട്ടും വിചാരണയിൽ വരുന്ന അന്യായവും അസാധാരണവുമായ കാലതാമസം പോലും സ്വാഭാവികവത്കരിക്കുന്ന തരത്തിലെ നിരീക്ഷണങ്ങളാണ് കോടതികൾ പലപ്പോഴും നടത്തുന്നതെന്നത് ദൗർഭാഗ്യകരമാണ്.

ഭീമ-കൊറേഗാവ്-എൽഗാർ പരിഷത്ത് കേസിൽ ആരോപിതരായ വെർനോൺ ഗോൺസാൽവസിനും അരുൺ ഫെറൈറക്കും ജാമ്യം അനുവദിച്ച് രാജ്യത്തെ പരമോന്നത നീതിപീഠം പറഞ്ഞത് ഗുരുതര കുറ്റങ്ങൾ ആരോപിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ പേരിൽ ദീർഘകാലം തടവിൽവെക്കുന്നതിനെ ന്യായീകരിക്കാനാവില്ലെന്നാണ്.

ഭരണകൂട ന്യായങ്ങൾക്കുവേണ്ടി വിചാരണ വൈകിച്ചും ജാമ്യം നിഷേധിച്ചും കോടതികൾ ഉഴപ്പുമ്പോൾ, എന്താണ് സംഭവിക്കുകയെന്ന് ഈയിടെ നാം കണ്ടതാണ്. കള്ളത്തെളിവുകൾ ചമച്ച് മുംബൈ ട്രെയിൻ സ്ഫോടനക്കേസിൽ കുടുക്കപ്പെട്ട കമാൽ അൻസാരി എന്ന യുവാവ് പതിറ്റാണ്ടിലേറെ തടവറയിൽ കിടന്ന് അസുഖബാധിതനായി മരിച്ചു. അദ്ദേഹം നിരപരാധിയാണെന്ന കോടതി വിധി വരാൻ പിന്നെയും വർഷങ്ങളെടുത്തു. ആ വിധിന്യായം ഖബറിടത്തിനരികിൽ കൊണ്ടുവെച്ച് വായിച്ചുകേൾപ്പിക്കാനേ കുടുംബത്തിനും കൂട്ടുകാർക്കും സാധിച്ചുള്ളൂ. ഇനിയുമൊരു നിരപരാധിക്കും അത്തരം ഒരു ‘വിധി’ വരാതിരിക്കട്ടെയെന്ന് ആശിക്കാൻ മാത്രമേ സമകാലിക ഇന്ത്യനവസ്ഥയിൽ നമുക്ക് കഴിയൂ.

Show Full Article
TAGS:Madhyamam Editorial umar khalid Sharjeel Imam delhi riots2020 
News Summary - No trial, no bail, no justice; Umar Khalid Sharjeel Imam and others jailed even without evidence
Next Story