Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightവി.എസ്, ഒരാൾ മാത്രം

വി.എസ്, ഒരാൾ മാത്രം

text_fields
bookmark_border
വി.എസ്, ഒരാൾ മാത്രം
cancel


സമരമുഖങ്ങളാൽ ജീവിതത്തെ സമ്പന്നമാക്കിയ യുഗപ്രഭാവൻ വിടവാങ്ങിയിരിക്കുന്നു. വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വി.എസ് 102ാം വയസ്സിൽ യാത്രചൊല്ലുമ്പോൾ, ഐക്യകേരളത്തിനുമുമ്പേ ഈ ദേശത്ത് രൂപംകൊണ്ട സമരങ്ങളുടെയും പോരാട്ടങ്ങളുടെയും സുപ്രധാനമായൊരു ചരിത്രഖണ്ഡത്തിനു കൂടിയാണ് അവസാനം കുറിക്കുന്നത്. കേരളത്തെയും കേരളീയതയെയും അടയാളപ്പെടുത്തിയ സമരേതിഹാസങ്ങളുടെ പതാകവാഹകരിലെ അവസാന കണ്ണി; ഐക്യകേരളത്തിൽ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ യാഥാർഥ്യമാക്കാൻ പാർട്ടിയെ സുസജ്ജമാക്കിയ പിന്നണിപ്പോരാളി; 61 വർഷം മുമ്പ്, സി.പി.ഐ ദേശീയ കൗൺസിലിൽനിന്ന് ഇറങ്ങിപ്പോന്ന് സി.പി.ഐ(എം) എന്ന പുതിയ പാർട്ടിക്ക് രൂപം നൽകിയ 32 പേരിൽ അവസാനത്തെയാൾ; പിന്നീട്, പാർട്ടിക്കകത്ത് ആചാര്യനെതിരെ പോലും പോരിനിറങ്ങിയ വിപ്ലവകാരി; നിയമസഭക്കകത്തും പുറത്തും ജനകീയ സമരത്തിന്റെ പടവാൾവീശിയ പ്രതിപക്ഷ നേതാവ്; പാർലമെന്ററി രാഷ്ട്രീയത്തിന്റെ പ്രായോഗികതകളെ മാറ്റിവെച്ച് ആദർശ രാഷ്ട്രീയത്തിന്റെ ജനപക്ഷ ഭരണത്തിന് പുതിയ മാതൃക സൃഷ്ടിച്ച ഉജ്വലനായ മുഖ്യമന്ത്രി.

എട്ടരപ്പതിറ്റാണ്ടിലധികം നീണ്ട രാഷ്ട്രീയജീവിതത്തിൽ സമരേതിഹാസത്താൽ, കേരളീയ ജനസമൂഹത്തിന്റെ ഹൃദയത്തിൽ ഇടംപിടിച്ച സംസ്ഥാന രാഷ്ട്രീയത്തിലെ അത്യപൂർവ പ്രതിഭയായിരുന്നു വി.എസ് എന്ന് നിസ്സംശയം പറയാം. ഐക്യകേരളത്തിന്റെ രാഷ്ട്രീയ ദിശയെ നിർവചിക്കുകയും നയിക്കുകയും ചെയ്ത ഇ.എം.എസ്, സി.അച്യുതമേനോൻ, സി.എച്ച്. മുഹമ്മദ് കോയ, കെ.കരുണാകരൻ, ഇ.കെ. നായനാർ, ഉമ്മൻ ചാണ്ടി തുടങ്ങിയ പേരുകൾക്കൊപ്പം ആദ്യമേ പരാമർശിക്കേണ്ട നാമധേയമാണ് വി.എസിന്റേത്. ആധുനികകേരളത്തെ രൂപപ്പെടുത്തുന്നതിൽ നിയമസഭക്കകത്തും പുറത്തും അദ്ദേഹം നടത്തിയ ഇടപെടലുകൾക്ക് അത്രമേൽ പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ, വി.എസ് വിടപറയുമ്പോൾ അതൊരു ചരിത്രഘട്ടത്തിന്റെ ഒടുക്കവും അസ്തമിക്കാത്ത ധീരസ്മരണകളുടെ തുടക്കവുമാണ്. ആ ചരിത്രപുരുഷന് ‘മാധ്യമ’ത്തിന്റെ ആദരാഞ്ജലികൾ!

മുഷ്ടിചുരുട്ടി, ഉയർന്ന കൈകളുമായി സദസ്സിനെ അഭിവാദ്യം ചെയ്യുന്ന വി.എസ് ആണ് എക്കാലത്തും പൊതുവേദിയിൽ കാണാറുള്ളത്. ജീവിതത്തിന്റെ മുഴുവൻ സമരഭാവങ്ങളും ആ നിൽപിലുണ്ടായിരുന്നു. 17ാം വയസ്സിൽ, ആസ്പിൻ വാൾ കമ്പനിയിൽ തൊഴിലാളിയായ നിമിഷം ഉയർത്തിപ്പിടിച്ച മുഷ്ടിയാണത്. പുന്നപ്രയുടെ സമരഭൂമിയിൽ മുന്നണിപ്പോരാട്ടം നയിച്ച് ജയിലിലായപ്പോൾ അധികാരികൾ ആ ജീവിതംതന്നെ അവസാനിപ്പിക്കാൻ ഒരുമ്പെട്ടതാണ്. എന്നാൽ, പൊലീസിന്റെ ബയണറ്റുകളെയും ബൂട്ടുകളെയും അതിജീവിച്ച് ആ മുഷ്ടി ഉയർന്നുതന്നെനിന്നു.

രാജ്യം സ്വാതന്ത്ര്യപുലരിയിലേക്ക് കാലെടുത്തുവെക്കുമ്പോൾ ജയിലിലായിരുന്നു വി.എസ്; പുറത്തുവന്നപ്പോൾ കമ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടതിനാൽ പൊതുപ്രവർത്തനം ദുസ്സഹവുമായി. അപ്പോഴും രാഷ്ട്രീയപ്രവർത്തനം വഴിയിലുപേക്ഷിച്ചില്ല; ജീവിതം സമ്പൂർണമായും പാർട്ടിക്കുവേണ്ടി സമർപ്പിച്ചു. കമ്യൂണിസ്റ്റ് പാർട്ടിക്ക് വി.എസ് എന്ന നേതാവിനെയും ആവശ്യമുണ്ടായിരുന്നു. അതുകൊണ്ടാണ്, യുവത്വം പിന്നിടും മുമ്പേ പാർട്ടിയുടെ കേന്ദ്രകമ്മിറ്റിയിലേക്ക് പരിഗണിച്ചത്; അക്കാലത്തുതന്നെ ആലപ്പുഴയിൽ പാർട്ടിയുടെ ചുമതലയും നൽകി. എന്നാൽ, ആ പദവികളെയും ആദർശപോരാട്ടത്തിനായി ഉപയോഗിക്കുകയായിരുന്നു വി.എസ്. പാർട്ടി ദേശീയ കൗൺസിലിൽനിന്ന് ഇ.എം.എസ് ഉൾപ്പെടെയുള്ളവർ ഇറങ്ങിപ്പോന്നപ്പോൾ കൂടെക്കൂടിയതും ആ പോരാട്ടബലത്തിലായിരുന്നു. ഉൾപ്പാർട്ടിപോര് പിന്നെയും തുടർന്നപ്പോൾ അതേ ഇ.എം.എസ് പോലും ശത്രുപക്ഷത്തായി.

പാർട്ടി സംസ്ഥാന ഘടകത്തെ നയിക്കാൻ അവസരം ലഭിച്ചപ്പോഴും ആദർശ ലൈനിൽ അണുവിട വ്യത്യാസം വരുത്തിയില്ല. പാർട്ടിക്കകത്തും പുറത്തും പോരാട്ടം കനപ്പിച്ചു. ആ പോരാട്ടങ്ങളുടെ തുടർച്ചയിലാണ് പ്രതിപക്ഷനേതാവായത്. കേരളത്തിലെ ജനകീയ സമരങ്ങളുടെ മുഖമായി വി.എസ് മാറിയ കാലംകൂടിയായിരുന്നു അത്. സ്റ്റാലിനിസ്റ്റ് ശരീര ഭാഷയുള്ള പാർട്ടി നേതാവിൽനിന്ന് ജനസാമാന്യത്തിന്റെ മുന്നണിപ്പോരാളി എന്ന ഇമേജിലേക്ക് മാറാൻ ആ സമരങ്ങൾ തുണച്ചു. പാർട്ടിയിലെ മുറുമുറുപ്പിനിടയിലും സ്ഥാനാർഥിത്വം ലഭിച്ചതും മുഖ്യമന്ത്രി പദത്തിലേക്ക് എത്തിയതും ആ ജനകീയതയുടെ കരുത്തിലായിരുന്നു.

വികസന സങ്കൽപങ്ങൾക്കും ജനപക്ഷ ഭരണത്തിനും വേറിട്ടൊരു മാതൃക മുന്നോട്ടുവെച്ച ഭരണാധികാരിയെന്ന് വി.എസിനെ വിശേഷിപ്പിക്കാം. ‘മാധ്യമം’ ഉയർത്തിക്കൊണ്ടുവന്ന പല പരിസ്ഥിതി ജനകീയ പ്രശ്നങ്ങളിലും വി.എസ് ഇടപെട്ടു. ജനപക്ഷ മാധ്യമം എന്ന നിലയിൽ, വി.എസ് നടത്തിയ ഉദ്യമങ്ങൾക്ക് ഞങ്ങൾ ഉപാധികളില്ലാതെ പിന്തുണയേകുകയും ചെയ്തു. മണ്ണിനെയും മനുഷ്യനെയും ഒരുപോലെ ചേർത്തുപിടിക്കുന്ന വികസനങ്ങൾ മാത്രമേ നാടിനെ സുസ്ഥിരവും ഗുണപരവുമായ പുരോഗതിയിലേക്ക് എത്തിക്കുകയുള്ളൂവെന്ന് അദ്ദേഹം ശക്തമായി വാദിച്ചു; ആ വാദങ്ങളെ അഴിമതിക്കെതിരായ മുദ്രാവാക്യങ്ങളായി വികസിപ്പിക്കാനും സാധിച്ചു. ഇതുതന്നെയായിരുന്നു, 2006ൽ ഭരണത്തിലേറിയപ്പോൾ ഉയർത്തിപ്പിടിച്ച മാനിഫെസ്റ്റോയും.

പാർട്ടിക്കുള്ളിൽനിന്നും പുറത്തുനിന്നുമുള്ള സമ്മർദങ്ങളെ അതിജീവിച്ച് ആ മാനിഫെസ്റ്റോയിലേക്കുള്ള ചെറിയ ചുവടുവെപ്പുകൾ അദ്ദേഹം നടത്തിയപ്പോൾതന്നെ അതൊരു ജനകീയ സർക്കാറായി മാറി. മൂന്നാറിലെയും മറ്റും അനധികൃത ഭൂമി കൈയേറ്റങ്ങൾ ഒഴിപ്പിക്കപ്പെട്ടത് അങ്ങനെയാണ്; സംസ്ഥാന ഐ.ടി നയത്തിന് കൃത്യത വന്നതും വി.എസിന്റെ കാഴ്ചപ്പാടുകളിലൂടെയാണ്; ലോട്ടറി മാഫിയയെ അടക്കം സമൂഹത്തിലെ പല ദുശ്ശക്തികളെയും നിയന്ത്രിച്ചതും ആ ജനകീയ ഭരണകാലത്തായിരുന്നു. വി.എസിന്റെ ഭരണത്തിന് ഒരു തുടർച്ചയുണ്ടാകുമെന്നായിരുന്നു പൊതുവിൽ പ്രതീക്ഷിക്കപ്പെട്ടത്. പക്ഷേ, സ്വന്തം പാർട്ടി നേതൃത്വം അതാഗ്രഹിച്ചിരുന്നുവോ എന്ന് സംശയം.

വി.എസിന്റെ ഭരണകാലം, പാർട്ടിയിൽ അദ്ദേഹത്തിന് കലഹത്തിന്റെ കൂടി കാലമായിരുന്നുവല്ലോ. 2011ലെ തെരഞ്ഞെടുപ്പിൽ ആ കലഹംകൂടി പ്രതിഫലിച്ചപ്പോൾ നേരിയ വ്യത്യാസത്തിൽ ഭരണം നഷ്ടമായി. അഞ്ചുവർഷം കഴിഞ്ഞ് വി.എസിന്റെ തോളിലേറി പാർട്ടിക്ക് ഭരണം ലഭിച്ചപ്പോൾ ഭരണപരിഷ്കാര കമീഷൻ ചെയർമാൻ എന്ന കാബിനറ്റ് പദവി നൽകി പാർട്ടി അദ്ദേഹത്തെ ഒതുക്കി. 35 വർഷത്തെ വി.എസിന്റെ പാർലമെന്ററി ജീവിതത്തിലെ ഏറ്റവും മങ്ങിയ കാലമായി അതിനെ കണക്കാക്കിയാൽ തെറ്റില്ല. വി.എസ് എന്ന കരുത്തുറ്റ രാഷ്ട്രീയ പോരാളി പതിയെ പിൻവാങ്ങിത്തുടങ്ങിയതും അതിൽപിന്നെയാണ്. എന്നിരിക്കിലും അഭാവത്തിലും വി.എസ് നിരന്തരം ഓർമിക്കപ്പെട്ടു.

രാഷ്ട്രീയ ജീവിതത്തിന്റെ ഒന്നാംനാൾ മുതൽ സർവ അധികാര വർഗങ്ങൾക്കുമെതിരെ ‘പ്രതിപക്ഷ’മായി നിലയുറപ്പിച്ച വി.എസ് രാഷ്ട്രീയ കേരളത്തിന്റെ പാഠപുസ്തകത്തിലെ പ്രധാന അധ്യായങ്ങളിലൊന്നായി വരുംകാലങ്ങളിലും സ്മരിക്കപ്പെടുമെന്നത് തീർച്ച.

Show Full Article
TAGS:VS Achuthanandan Madhyamam Editorial 
News Summary - one and only VS achuthanandan
Next Story