അവസരവാദ രാഷ്ട്രീയത്തിന്റെ അനന്തരഫലം
text_fieldsനിയമസഭാ തെരഞ്ഞെടുപ്പിന് വെറും ഒമ്പത് ദിവസങ്ങൾ ബാക്കിയിരിക്കെ ഭരണം തുടരാനും തിരിച്ചുപിടിക്കാനും സർവശക്തിയും സംഭരിച്ച് പൊരുതുന്ന സംസ്ഥാനത്തെ മുന്നണികളുടെ ആരോപണ പ്രത്യാരോപണ യുദ്ധം അവസരവാദ രാഷ്ട്രീയത്തിന്റെ പാരമ്യത അനാവരണം ചെയ്യുന്നു എന്ന സത്യം തുറന്നുപറയാതെവയ്യ. അടവുനയം എന്ന് പേരിട്ട് തത്ത്വദീക്ഷ തൊട്ടുതീണ്ടിയിട്ടില്ലാത്ത നിലപാടുകൾ പാർട്ടികളുടെയും മുന്നണികളുടെയും കാര്യത്തിൽ പുതുമയുള്ളതല്ലെങ്കിലും ഓരോ തെരഞ്ഞെടുപ്പ് കഴിയുംതോറും പൂർവാധികം പ്രകടമാവുകയാണ് ന്യായീകരണത്തിന്റെ അർഥശൂന്യത. ഏറ്റവും പുതിയത് എസ്.ഡി.പി.ഐയുടെ പിന്തുണയുടെ കാര്യത്തിൽ മതേതരത്വത്തിന്റെ പേരിൽ മറ്റാരെയുംകാൾ ആണയിടുന്ന ഇടതുമുന്നണിയുടെ, വിശിഷ്യാ സി.പി.എമ്മിന്റെ അഴകൊഴമ്പൻ സമീപനങ്ങളാണ്. ഒരു മന്ത്രി ജനവിധി തേടുന്ന മണ്ഡലത്തിൽ സി.പി.എം തങ്ങളുടെ പിന്തുണ തേടിയെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തെ പിന്തുണച്ചുവെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് നടത്തിയ അവകാശവാദം നിഷേധിച്ച് മുഖ്യമന്ത്രി പറഞ്ഞത് ‘‘രാജ്യവ്യാപകമായി ബി.ജെ.പി നിലപാട് മുന്നിൽവെച്ച് അവർ ജയിക്കരുതെന്ന് ആഗ്രഹിക്കുന്ന ഒരുപാട് ആളുകൾ കേരളത്തിലുണ്ട്. ബി.ജെ.പിയെ ഞങ്ങൾ ശക്തമായി എതിർത്ത് നിലകൊണ്ടപ്പോൾ സാധാരണഗതിയിൽ രാഷ്ട്രീയമായി യോജിപ്പില്ലാത്തവരും സഹകരിക്കാത്തവരുമായ ചിലർ ബി.ജെ.പിയെ പരാജയപ്പെടുത്താൻ ഞങ്ങൾക്ക് വോട്ട് ചെയ്തിട്ടുണ്ടാകാം. അത് ഏതെങ്കിലും കരാറിന്റെ ഭാഗമല്ല’’ എന്നാണ്.
സമാനമായ സാഹചര്യം അതിശക്തമായിരുന്ന 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും തുടർന്നുവന്ന പാലക്കാട്, നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും തദ്ദേശ തെരഞ്ഞെടുപ്പിലും ‘‘മതതീവ്രവാദ ഭീകര’’ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായി യു.ഡി.എഫ് സഖ്യമുണ്ടാക്കി എന്ന് മുഖ്യമന്ത്രി പിണറായിയും മന്ത്രിമാരും സി.പി.എമ്മിലെ പ്രമുഖരും ഇടതടവില്ലാതെ വിളിച്ചുകൂവിയിരുന്നതാണ്. അപ്പോഴൊക്കെ എസ്.ഡി.പി.ഐയെ ചേർത്തുപറയുന്നതിലും ഇടതുമുന്നണി നേതാക്കളും വക്താക്കളും ഒട്ടുമേ വീഴ്ചവരുത്തിയിരുന്നില്ല. ഈ തെരഞ്ഞെടുപ്പുകളിലൊന്നും ജമാഅത്ത് മത്സരരംഗത്തുണ്ടായിരുന്നില്ലെങ്കിലും അതിന്റെ പിൻബലമുണ്ടെന്ന് കരുതപ്പെടുന്ന വെൽഫെയർ പാർട്ടിയുടെ പിന്തുണയെച്ചൊല്ലിയാണ് സംസ്ഥാനമാകെ കാടിളക്കിയത്. ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരികൊള്ളുമ്പോഴും ജമാഅത്ത് പിന്തുണയെന്നാരോപിച്ച് ഇടതുമുന്നണി നേതാക്കളും പ്രചാരകരും മാധ്യമങ്ങളും യു.ഡി.എഫിനെ പ്രതിക്കൂട്ടിൽ കയറ്റാതിരിക്കുന്നില്ല. ഈ ഇരട്ടത്താപ്പിൽനിന്ന് ജനം എന്ത് മനസ്സിലാക്കണം?
രാജ്യം നേരിടുന്ന അഭൂതപൂർവമായ വെല്ലുവിളി ഹിന്ദുത്വ ഫാഷിസത്തിന്റേതാണെന്ന് വൈകിയെങ്കിലും തിരിച്ചറിഞ്ഞ് മറ്റു വൈരുധ്യങ്ങളും അഭിപ്രായഭിന്നതകളും മാറ്റിവെച്ച് മതനിരപേക്ഷ ജനാധിപത്യത്തിന്റെ ഭൂമികയിൽ എൻ.ഡി.എക്കെതിരെ ഒറ്റക്കെട്ടായി പൊരുതാനാണ് ദേശീയതലത്തിൽ ഇൻഡ്യ മുന്നണി നിലവിൽവന്നത്. പ്രാദേശികതലത്തിൽ പലകാരണങ്ങളാൽ ഈ ഐക്യം നിലനിർത്താനായില്ലെങ്കിലും ദേശീയതലത്തിൽ പാർലമെന്റിനകത്തും പുറത്തും അതിന്റെ ശാക്തീകരണവും പ്രസക്തിയും നിഷേധിക്കപ്പെട്ടിട്ടില്ല. ഓരോ പാർലമെന്റ് സമ്മേളനത്തിലും പുതിയപുതിയ ജനാധിപത്യ വിരുദ്ധ, മതന്യൂനപക്ഷ വിരുദ്ധ ബില്ലുകളുമായി മുന്നോട്ടുപോവുന്ന എൻ.ഡി.എക്കെതിരെ അതിശക്തമായി അണിനിരക്കേണ്ട നിമിഷങ്ങളാണ് പിന്നിട്ടുകൊണ്ടിരിക്കുന്നത്. ഇത്തരമൊരു സന്ദിഗ്ധ സാഹചര്യത്തിൽ മതന്യൂനപക്ഷ സംഘടനകളെക്കൂടി കൂടെക്കൂട്ടി മുന്നോട്ടുപോവുന്നതിന് പകരം അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഫാഷിസ്റ്റ് പ്രചാരണത്തിലെ വ്യാജങ്ങളും അപ്പടി ഏറ്റെടുത്ത് അവയെ അകറ്റിനിർത്താനും മാറ്റിനിർത്താനുമുള്ള മതേതര പാർട്ടികളുടെ വ്യഗ്രത ആർക്കാണ് ഗുണംചെയ്യുക എന്ന് ഒരുനിമിഷം ആലോചിക്കുന്നത് നന്ന്. ജനാധിപത്യ ഇന്ത്യയിൽ മതരാഷ്ട്രവാദമോ ഹിന്ദുത്വത്തിനെതിരെ മുസ്ലിം വർഗീയതയോ ഉയർത്തിപ്പിടിക്കുന്ന ഒരു കൂട്ടായ്മയും ഇല്ലെന്ന് വസ്തുനിഷ്ഠമായ അന്വേഷണം നടത്തിയാൽ വ്യക്തമാകും. സംഘടനകളോട് ആദർശപരമോ ആശയപരമോ ആയ വിയോജിപ്പുകൾ തീർച്ചയായും ഉണ്ടാവും. പക്ഷേ, അതിന്റെ പേരിൽ ഫാഷിസ്റ്റ് പ്രചാരണങ്ങൾ ഏറ്റുപിടിക്കുന്നതും മതനിരപേക്ഷതക്ക് പകരം ഇസ്ലാമോഫോബിക്കായ സമീപനങ്ങൾ സ്വീകരിക്കുന്നതും ഫാഷിസത്തെ ശക്തിപ്പെടുത്തുകയേ ചെയ്യൂ. അതാണിപ്പോൾ കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതും. ഇന്നലെവരെ ഭൂരിപക്ഷ വോട്ടുകളെ ഉന്നംവെച്ച് സി.പി.എമ്മും സഹ പാർട്ടികളും പൊട്ടിച്ച മുസ്ലിം വിരുദ്ധ പൊയ് വെടികളാണ് ഇന്നിപ്പോൾ ബി.ജെ.പി ആയുധമാക്കിക്കൊണ്ടിരിക്കുന്നത്. ന്യൂനപക്ഷ വർഗീയതയുടെ നേരെ തങ്ങൾ മൃദുനയം സ്വീകരിച്ചാൽ ഭൂരിപക്ഷ വർഗീയത ശക്തിപ്പെടുമെന്ന സ്ഥിരം ന്യായവാദം ഇപ്പോൾ തിരിച്ചടിക്കുന്നത് കണ്ടില്ലെന്നു നടിച്ചിട്ട് കാര്യമില്ല. എൽ.ഡി.എഫും യു.ഡി.എഫും ഒരുപോലെ ‘‘മുസ്ലിം തീവ്രവാദി’’കളെ ചേർത്തുപിടിക്കുമ്പോൾ തങ്ങൾ മാത്രമാണ് അവർക്കെതിരെ പൊരുതുന്നതെന്ന് ആക്രോശിക്കാൻ ഫാഷിസ്റ്റുകൾക്ക് അവസരം ലഭിച്ചിരിക്കുന്നു. എസ്.ഡി.പി.ഐച്ചൊല്ലിയുള്ള പോർവിളികളും സംഘ്പരിവാർ ഫാഷിസ്റ്റുകൾക്കാണ് ഗുണകരമാവുക എന്നതിൽ സംശയമില്ല.


