തൃണമൂൽ ഭിന്നിപ്പിന് ശേഷമുള്ള പാർലമെൻററി നീക്കങ്ങൾ
text_fieldsലോക്സഭയിലെ അംഗസംഖ്യാ വ്യത്യാസങ്ങൾക്കിടയിൽ നേരത്തെ പാർലമെന്റിൽ അവതരിപ്പിച്ചു പാസാക്കാൻ കഴിയാതെ പോയ ബില്ലുകൾ പാസാക്കിയെടുക്കാൻ ബി.ജെ.പി നേതൃത്വം ഒരു വട്ടംകൂടി ശ്രമിക്കുന്നതായാണ് റിപ്പോർട്ടുകൾ
കേരളം, അസം, പശ്ചിമ ബംഗാൾ, തമിഴ്നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലങ്ങളുടെയും ശേഷം കഴിഞ്ഞ ദിവസങ്ങളിലായി പാർലമെൻറിൽ തൃണമൂൽ പാർട്ടിയിലുണ്ടായ കൂറുമാറ്റങ്ങളുടെയും പശ്ചാത്തലത്തിൽ വരും നാളുകളിലെ രാഷ്ട്രീയ സംഭവ വികാസങ്ങൾ സൂക്ഷ്മ നിരീക്ഷണം ആവശ്യപ്പെടുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ പാർലമെന്റിൽ പെട്ടെന്ന് പ്രതിഫലിക്കുകയില്ലെങ്കിലും ദേശീയ തലത്തിൽ അവയുണ്ടാക്കിയ അനുരണനങ്ങൾ അടുത്തു വരാനിരിക്കുന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളെ സ്വാധിനിച്ചേക്കാം. രാജ്യസഭയിലേക്ക് ഒഴിവുകൾ വരുന്ന മുറക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ എം.എൽ.എമാരുടെ എണ്ണത്തിൽ വരുന്ന വ്യത്യാസങ്ങൾ ഉപരിസഭയിലെ കക്ഷി നിലയിലും മാറ്റങ്ങൾ വരുത്തും.
നിലവിൽ നിയമസഭാംഗങ്ങൾ തെരഞ്ഞെടുക്കുന്ന 232 അംഗങ്ങളും രാഷ്ട്രപതി നാമനിർദേശം ചെയ്യുന്ന 13 അംഗങ്ങളും ചേർന്ന് 245 അംഗങ്ങളാണ് രാജ്യസഭയിൽ. ഭരണഘടനാ ബില്ലുകൾ പാസാവാൻ സഭയിൽ ഹാജരുള്ള അംഗങ്ങളുടെ മൂന്നിൽ രണ്ടു ഭൂരിപക്ഷം വേണമെന്നിരിക്കെ ഇത്തരം മാറ്റങ്ങൾ പ്രധാനമാണ്. നിലവിൽ രാജ്യസഭയിൽ ബി.ജെ.പിക്കുമാത്രം 113 സീറ്റുകളും മറ്റു പാർട്ടികളും പിന്തുണക്കുന്നവരും ഉൾപ്പെടെ എൻ.ഡി.എ പക്ഷത്തിന് 36 സീറ്റുകളുമായി മൊത്തം 149 അംഗങ്ങളാണുള്ളത്. ഇത് 163ൽ എത്തിക്കാൻ ചിലപ്പോൾ അധികമൊന്നും ബി.ജെ.പിക്ക് അധ്വാനിക്കേണ്ടിവരില്ല. കാരണം സംസ്ഥാനങ്ങളിലെ രാജ്യസഭാ തെരഞ്ഞെടുപ്പുകൾ ഘട്ടം ഘട്ടമായി വരാനിരിക്കുന്നു. പലയിടത്തും ഭരണകക്ഷിക്ക് നേരത്തേയുള്ളതിനേക്കാൾ സീറ്റുകൾ ലഭിച്ചിട്ടുമുണ്ട്.
ഇതെല്ലാം ഇപ്പോൾ കൂടുതൽ പ്രസക്തമാവുന്നത് പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേരിട്ട തെരഞ്ഞെടുപ്പ് പരാജയം പാർട്ടിയെ തന്നെ പ്രതിസന്ധിയിലാക്കിയതിനാലാണ്. ജയിച്ച 80 എം.എൽ.എമാരിൽ 59 പേരും പ്രതിപക്ഷത്ത് പ്രത്യേക ബ്ലോക്കായി ഇരിക്കാൻ തീരുമാനിച്ച സ്ഥിതിക്ക് ബി.ജെ.പി ഭരണപക്ഷത്തിന് വലിയ വെല്ലുവിളികൾ നേരിടേണ്ടി വരില്ല എന്ന് വ്യക്തം. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട എം.എൽ.എ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ രതീന്ദ്ര ബോസ് അംഗീകരിച്ചതും എണ്ണം കൊണ്ട് ആ ഗ്രൂപ്പിന് കൂറുമാറ്റ സംരക്ഷണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതുകൊണ്ടും വളരെ മെലിഞ്ഞ ഒരു ടി.എം.സി മാത്രമേ ഇനി ബംഗാൾ നിയമസഭയിൽ അവശേഷിക്കൂ. സംസ്ഥാന നിയമസഭയിലേതിനു സമാന്തരമായി ലോക്സഭയിലെ തൃണമൂൽ സാന്നിധ്യവും കുറയുന്നതിന്റെ ലക്ഷണങ്ങൾ പ്രകടമായിത്തുടങ്ങിയിരിക്കുന്നു. 29 അംഗങ്ങളുള്ള ലോക്സഭയിലെ 20 അംഗങ്ങൾ തിങ്കളാഴ്ച കേന്ദ്രമന്ത്രി ഭൂപീന്ദർ യാദവിന്റെ വീട്ടിൽ യോഗം ചേർന്നതിനോടൊപ്പം ബി.ജെ.പി അതിന്റെ പതിവ് തന്ത്രങ്ങൾ ആവിഷ്കരിക്കുകയും ചെയ്യുന്നു എന്നുവേണം കരുതാൻ. തൃണമൂൽ എം.പി കാകോലി ഘോഷ് ദസ്തിദാർ മാധ്യമങ്ങളിൽ വന്നു പറഞ്ഞത് പാർട്ടി നേതൃത്വത്തെക്കുറിച്ച വിമർശനമാണ്.
പാർട്ടിയിൽ ഒന്നും നേരായ രീതിയിൽ നടക്കാതെ വന്നപ്പോൾ താൻ പാർട്ടി വിട്ടതാണെന്നാണ് അവർ അവകാശപ്പെടുന്നത്. ആകെയുള്ള 29ൽ 20 പേരും പാർട്ടി വിട്ടതിനാൽ കൂറുമാറ്റ നിരോധന നിയമത്തിലെ മൂന്നിൽ രണ്ടു ഭൂരിപക്ഷം അവർക്കുണ്ട്. സഭയിൽ ഇനി അവർ ബി.ജെ.പിക്ക് അനുകൂലമാകും എന്നതിനാൽ ഇനി വിവിധ സംസ്ഥാനങ്ങളിൽ ബി.ജെ.പി പയറ്റിയ പ്രലോഭന രാഷ്ട്രീയത്തിന്റെ മുന്നോടിയായി വേണമെങ്കിൽ ഇതിനെ കരുതാം.
ലോക്സഭയിൽ ഈ അംഗസംഖ്യാ വ്യത്യാസങ്ങൾക്കിടയിൽ ബി.ജെ.പി നേതൃത്വം നേരത്തെ പാർലമെന്റിൽ അവതരിപ്പിച്ചു പാസാക്കാൻ കഴിയാതെ പോയ ബില്ലുകൾ പാസാക്കിയെടുക്കാൻ ഒരു വട്ടംകൂടി ശ്രമിക്കുന്നതായാണ് റിപ്പോർട്ടുകൾ. മുഖ്യമായും ലോക്സഭ അംഗസംഖ്യ 815 ആക്കി വർധിപ്പിക്കുന്നതുൾപ്പെടെയുള്ള വകുപ്പുകളോട് കൂടിയ മണ്ഡല പുനർനിർണയ ബില്ലും അതോടെ ചേർത്തുവെച്ചവതരിപ്പിച്ച നിയമനിർമാണ സഭകളിലെ വനിതാ സംവരണ ബില്ലും മൂന്നിൽ രണ്ടു ഭൂരിപക്ഷം കിട്ടാതെ പരാജയപ്പെട്ടതാണ്. അവ ഒന്നുകൂടി അവതരിപ്പിക്കാൻ ഭരണപക്ഷം ശ്രമിച്ചേക്കും. എന്നാൽ, ഇത്തവണ ഈ രണ്ടു ബില്ലുകളും വെവ്വേറെ തന്നെ മുന്നോട്ടു കൊണ്ടുപോകാനാണ് ഭരണകക്ഷി നീക്കമെന്നാണ് റിപ്പോർട്ടുകൾ. ബി.ജെ.പിക്ക് ഇപ്പോഴും മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിനുള്ള അക്കം തികഞ്ഞിട്ടില്ല.
പക്ഷേ, മാറിയ സാഹചര്യത്തിൽ ‘വിമത’ ടി.എം.സി എം.പിമാരെയും കൂടെ ഇൻഡ്യ സഖ്യത്തിൽനിന്ന് കോൺഗ്രസുമായുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ വിട്ടുനിൽക്കുന്ന ഡി.എം.കെയെപോലും സമീപിച്ചുകൊണ്ട് ബില്ലുകൾ പാസാക്കാനുള്ള ഭൂരിപക്ഷത്തിനുള്ള ശ്രമത്തിലാണത്രെ ബി.ജെ.പി തന്ത്രജ്ഞർ. ജന്മസിദ്ധമായി ബി.ജെ.പി വിരുദ്ധ രക്തം സിരകളിലുള്ളതെന്നു കരുതപ്പെടുന്ന എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ അതിന് എങ്ങനെ തയാറാവും എന്നറിയില്ല. മാത്രമല്ല, പാർലമെന്റിന്റെ അംഗസംഖ്യ വർധിപ്പിക്കുന്ന കാര്യത്തിൽ ഡി.എം.കെക്ക് കടുത്ത എതിരഭിപ്രായമാണുതാനും. അതുവഴി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയുമെന്ന് ഉറച്ചുവിശ്വസിക്കുന്നവരാണ് ഡി.എം.കെ.
പക്ഷേ, ചെറുകക്ഷികളെ പാട്ടിലാക്കാൻ ബില്ലുകളിൽ അൽപസ്വൽപം ഭേദഗതികൾ വരുത്തി ജൂലൈ മധ്യത്തിൽ തുടങ്ങുന്ന വർഷകാല സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കാനാണത്രെ ഭരണകക്ഷി ശ്രമം. നിലവിലെ കക്ഷിനില നോക്കിയാൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം ഒരു വിദൂര സാധ്യത മാത്രമാണ്. പക്ഷേ, ബി.ജെ.പിയുടെ ചരിത്രം അറിയാവുന്നവർക്ക്, അതിനുള്ള ഏതു കുതന്ത്രങ്ങളും അവർ പ്രയോഗിക്കും എന്നറിയാം. സാമ്പത്തിക പിന്നാക്ക സംവരണത്തിന്റെ പേരിൽ മുന്നാക്ക ജാതിക്കാർക്കുള്ള ഉദ്യോഗ-സീറ്റ് സംവരണം 2019ൽ അവർ പാസാക്കിയത് അതിനെ എതിർക്കുന്ന/എതിർക്കേണ്ട പാർട്ടികളുടെ കൂടി പിന്തുണയോടു കൂടിയായിരുന്നു എന്നതോർക്കാവുന്നതാണ്. അതിനാൽ പാർലമെന്റ് അംഗസംഖ്യയുടെ കാര്യത്തിലും പരാമൃഷ്ട ബില്ലുകൾ പാസാക്കിയെടുക്കുന്ന ലോബിയിങ്ങിന്റെ കാര്യത്തിലും പ്രതിപക്ഷം ഭദ്രമായ ഉള്ളടക്കത്തോടെയും ഗൃഹപാഠം ചെയ്തും രാഷ്ട്രീയമായും നിയമപരമായും അതിജാഗ്രത പാലിച്ചും നീങ്ങേണ്ട ഘട്ടമാണിതെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു.


