Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപെല്ലെറ്റ് തെറ്റെങ്കിൽ...

പെല്ലെറ്റ് തെറ്റെങ്കിൽ പിഴയെന്ത്?

text_fields
bookmark_border
പെല്ലെറ്റ് തെറ്റെങ്കിൽ പിഴയെന്ത്?
cancel
സി.ജെ.പി സമരത്തെ അവഗണിച്ചുതള്ളുക എന്ന നിലപാടിൽനിന്ന് അടിച്ചൊതുക്കിത്തീർക്കുക എന്നതിലേക്ക് ഭരണകൂടവും പൊലീസും മാറുന്നതാണ് പാർലമെന്റ് മാർച്ചിൽ കണ്ടത്. അതാകട്ടെ, അവർക്ക് കൈവിട്ട കളിയാവുകയും ചെയ്തു

ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) ജൂലൈ 20ന് നടത്തിയ പാർലമെന്റ് മാർച്ചിൽ പങ്കെടുത്തവർക്കു നേരെയുണ്ടായ പൊലീസ് ആക്ഷനിൽ പെല്ലെറ്റ് പ്രയോഗിച്ചത് തെറ്റായെന്ന് ദ്രുതകർമ സേന ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തി. കേന്ദ്ര റിസർവ് പൊലീസ് സേനയുടെ കീഴിലുള്ള ദ്രുതകർമസേനയുടെ ആന്റി റയട്ട് യൂനിറ്റിന്റെ അംഗീകൃത ആയുധങ്ങളാണ് പെല്ലെറ്റ് ഗണ്ണും ഷോക്ക് ബാറ്റണുമൊക്കെ. അതിന്റെ പ്രയോഗത്തിനും സേനാംഗങ്ങൾക്ക് കൃത്യവും കണിശവുമായ മാനദണ്ഡങ്ങളും മാർഗനിർദേശങ്ങളുമുണ്ട്. എന്നാൽ, സി.ജെ.പി സമരക്കാർക്കുനേരെ പെല്ലെറ്റ് പ്രയോഗിച്ചത് ഗുരുതര വീഴ്ചയാണെന്നും അതിനുള്ള ഒരു സാഹചര്യവും ഉണ്ടായിരുന്നില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി. പൊലീസ് നടപടിയിൽ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും പരിശീലനത്തിനും മാർഗനിർദേശത്തിനും അനുസൃതമായിരുന്നില്ല ദ്രുതകർമ സേനയുടെ ഇടപെടലെന്നും ആർ.എ.എഫ് മേധാവി സേനാംഗങ്ങളെ അറിയിച്ചിട്ടുണ്ട്.

പാർലമെന്റ് മാർച്ചിൽ പങ്കെടുത്ത ഡൽഹി സർവകലാശാല വിദ്യാർഥി സാഹിൽ ലോചാബ് (19), മധ്യപ്രദേശിലെ ജബൽപൂർ സ്വദേശി ശൈഖ് ഇർശാദ് മൻസൂരി (25), ഔട്ട് ലുക്ക് മാഗസിനിലെ മാധ്യമ പ്രവർത്തകൻ എന്നിവർക്കാണ് ന്യൂഡൽഹി പാലിക ബസാറിനുസമീപം ദ്രുതകർമ സേനാംഗത്തിന്റെ പെല്ലെറ്റ് വെടിയേറ്റത്. ഇർശാദിന്റെ കണ്ണിനുതാഴെ തുളച്ചുകയറിയ ഒരെണ്ണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തെങ്കിലും കഴുത്തിലുള്ളത് രക്തധമനിയോട് ചേർന്നായതിനാൽ മറ്റൊരു സർജറി കൂടി വേണ്ടിവരും. മുഖത്തും ശരീരത്തിന്റെ ഇതരഭാഗങ്ങളിലുമായി മുപ്പതിലേറെ പെല്ലറ്റ് മുറിവുകളുണ്ട്. സമാനമായ പരിക്കുകളാണ് സാഹിലിനും. അകലെ നിന്നു വെടിയുതിർത്താൽ ആളുകളുടെ ശരീരത്തിനകത്തേക്ക് ചീളുകളായി തുളഞ്ഞുകയറുന്ന പെല്ലെറ്റുകൾ 2016ൽ ജമ്മു-കശ്മീരിൽ തീവ്രവാദി ബുർഹാൻ വാനിയുടെ കൊലപാതകത്തെ തുടർന്ന് നടന്ന പ്രക്ഷോഭത്തിനു നേരെയാണ് സൈന്യം നിർലോഭം പ്രയോഗിച്ചത്. പിന്നീട് 2023ൽ മണിപ്പൂരിലെ വംശീയ കലാപത്തിലും അതാവർത്തിച്ചു. 2024ൽ കർഷക സമരത്തിൽ പഞ്ചാബ്-ഹരിയാന അതിർത്തിയിലെ ശംഭുവിലും പെല്ലെറ്റ് വെടികളുതിർത്തതായി ആക്ഷേപമുയർന്നിരുന്നു. എന്നാൽ, രാജ്യതലസ്ഥാനത്ത് ഒരു സിവിലിയൻ സമരത്തിനുനേരെ നടക്കുന്ന ആദ്യ പെല്ലെറ്റ് പ്രയോഗമാണിത്. ഇതിനുപുറമെ സമരക്കാർക്കുമേൽ വൈദ്യുതാഘാതമേൽപിക്കുന്ന ഷോക്ക് ബാറ്റണുകളും പ്രയോഗിച്ചതായി ആക്ഷേപമുണ്ട്.

അക്രമരഹിത സമരം എന്ന മുദ്രാവാക്യവുമായി ഇറങ്ങിത്തിരിച്ച സി.ജെ.പി സമാധാനഭംഗത്തിലേക്ക് വഴുതിപ്പോകാതിരിക്കാൻ ജാഗ്രത പാലിച്ചിരുന്നു. മുമ്പ് പൗരത്വ ഭേദഗതി നിയമ വിരുദ്ധസമരത്തിൽ സംഭവിച്ചതുപോലുള്ള നുഴഞ്ഞുകയറ്റം തടയാനും സമരനേതൃത്വം ശ്രദ്ധിച്ചിരുന്നു. അത്രയും ചിട്ടയിൽ നീങ്ങിയ സമരക്കാർക്കു നേരെയാണ് പ്രകോപനമൊന്നുമില്ലാതെ ഡൽഹി പൊലീസ് നിഷ്ഠുര അതിക്രമം അഴിച്ചുവിട്ടത്. സി.ജെ.പി സമരത്തോട് തുടക്കത്തിൽ സ്വീകരിച്ച അവഗണിച്ചുതള്ളുക എന്ന നിലപാടിൽ നിന്ന് അടിച്ചൊതുക്കിത്തീർക്കുക എന്നതിലേക്ക് ഭരണകൂടവും പൊലീസും മാറുന്നതാണ് പാർലമെന്റ് മാർച്ചിൽ കണ്ടത്. അതാകട്ടെ, അവർക്ക് കൈവിട്ട കളിയാവുകയും ചെയ്തു. പ്രക്ഷോഭക്കാരുടെ വീര്യം കൂട്ടാനും ജനപിന്തുണ മേൽക്കുമേൽ വർധിപ്പിക്കാനുമാണ് ഡൽഹി പൊലീസിന്റെയും അവർക്കൊപ്പം വിന്യസിച്ച കേന്ദ്രസേനയുടെയും ഈ അരുതായ്മകൾ വഴിവെച്ചത്. സംഭവം വാർത്തയായപ്പോൾ, തീർത്തും വ്യാജവും തെറ്റിദ്ധാരണജനകവും എന്നായിരുന്നു ഡൽഹി പൊലീസിന്റെ ഔദ്യോഗിക വിശദീകരണം. എന്നാൽ, കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ ആശുപത്രിയിൽ ഇർശാദിനെ സന്ദർശിക്കുകയും സമൂഹ മാധ്യമങ്ങളിൽ അയാളുടെ പരിക്കുകളുടെ ചിത്രങ്ങൾ പ്രചരിക്കുകയും ചെയ്തതോടെ ഡൽഹി പൊലീസിന്റെ വ്യാജം വെളിച്ചത്തായി. 25ന് ശനിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് എഴുതിയ കത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പെല്ലെറ്റ് പോലുള്ള മാരകായുധ പ്രയോഗത്തിന് ആരാണ് സേനക്ക് അധികാരം നൽകിയതെന്ന് ചോദിച്ചിരുന്നു. അതിനു പിറകെയാണ് ആർ.എ.എഫിന്റെ അന്വേഷണഫലം പുറത്തുവരുന്നത്. ദ്രുതകർമ സേനാംഗം ഏഴുറൗണ്ട് വെടിവെച്ചെന്നും അതിൽ അഞ്ചും സമരക്കാർക്കു നേരെയായിരുന്നുവെന്നും ബാക്കി നിലത്ത് പതിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.

അതിഗുരുതരമായ സാഹചര്യങ്ങളിൽ മാത്രം തികഞ്ഞ സമചിത്തതയോടെ ചെയ്യേണ്ടതാണ് പെല്ലെറ്റ് പോലുള്ള മാരകായുധങ്ങളുടെ പ്രയോഗമെന്ന് കണിശമായ മാർഗനിർദേശമുള്ളതാണ്. അതൊന്നും വിലവെക്കാതെ, കണ്ണും മൂക്കുമില്ലാത്ത പെല്ലെറ്റ് പ്രയോഗത്തിനാണ് സൈനികൻ മുതിർന്നത്. സാധാരണഗതിയിൽ പ്രക്ഷോഭക്കാരാണ് നിയന്ത്രണാതീതമായ പ്രകോപനങ്ങൾക്ക് തുനിയാറ്. എന്നാൽ, ഇവിടെ സേനയാണ് അതിരുവിട്ടത്. സേനക്കിടയിൽ യൂനിഫോമില്ലാതെ സാധാരണ വേഷത്തിലുള്ളവരും മറ്റു ഗുണ്ടകളും അവസരം മുതലെടുത്തു എന്നാണ് റിപ്പോർട്ട്. അങ്ങനെ അരാജകത്വം വാണ പൊലീസ് സേനയിലും മറ്റും ഓരോരുത്തരും തോന്നിയ പോലെ നിയമം കൈയിലെടുക്കുന്നതാണ് ഡൽഹിയിൽ കണ്ടത്. പറ്റിയത് മാരകമായ തെറ്റാണെന്നും തെറ്റുകാരനെ കണ്ടെത്തിയെന്നും സേന തന്നെ വ്യക്തമാക്കിയിരിക്കെ, അതിക്രമത്തിനു മതിയായ ശിക്ഷയും ഇരകൾക്ക് നഷ്ടപരിഹാരവും ഉറപ്പുവരുത്താൻ ഭരണകൂടം എന്തുചെയ്യും എന്നാണിനി അറിയേണ്ടത്.

Show Full Article
TAGS:Pellet Gun Attack Cockroach Janata Party students protest Supreme Court 
News Summary - Pellet Gun Attacks on Cockroach Janta Party protests
Next Story