പി.എം ശ്രീയും കേന്ദ്ര ഫണ്ടും: സർക്കാർ വസ്തുതപത്രം ഇറക്കണം
text_fieldsകേന്ദ്ര സർക്കാറിന്‍റെ പ്രൈം മിനിസ്റ്റേഴ്‌സ് സ്കൂൾസ് ഫോർ റൈസിങ് ഇന്ത്യ (പി.എം ശ്രീ) ഫണ്ട് വിഷയത്തിൽ കേരളത്തിലെ ഇടതുമുന്നണിക്കുള്ളിൽ നടക്കുന്ന വിവാദം ആ തലത്തിൽ ഒതുങ്ങേണ്ടതല്ലെങ്കിലും ഇപ്പോൾ വാർത്തകളിൽ വരുന്നത് മുന്നണി നയിക്കുന്ന സി.പി.എമ്മും രണ്ടാമത്തെ കക്ഷിയായ സി.പി.ഐയുമായുള്ള അഭിപ്രായ ഭിന്നതയായാണ്. ദേശീയ വിദ്യാഭ്യാസനയം (എൻ.ഇ.പി) അംഗീകരിച്ചു പി.എം ശ്രീ നടപ്പാക്കിയില്ലെങ്കിൽ കേന്ദ്രഫണ്ടായി ലഭിക്കേണ്ട 1500 കോടിയോളം രൂപ ‘വെറുതെ’ നഷ്ടപ്പെടുമെന്നും കുട്ടികൾക്ക് അതുവഴി കിട്ടേണ്ട നേട്ടങ്ങൾ നഷ്ടപ്പെടുമെന്നും സർക്കാർ ന്യായീകരിക്കുന്നു. പി.എം ശ്രീക്കുള്ള ധാരണപത്രത്തിൽ ദേശീയവിദ്യാഭ്യാസ നയം നടപ്പാക്കുമെന്ന് ഒപ്പിട്ടു നൽകിയാൽ കേരളം പിന്നെ എൻ.ഇ.പിയിലെ കാവിവത്കരണ സ്വഭാവമുള്ള പരിഷ്കാരങ്ങൾ നടപ്പാക്കേണ്ടിവരും എന്നാണ് സി.പി.ഐ വാദം.
എൻ.ഇ.പി പൂർണരൂപത്തിൽ സ്വീകരിക്കില്ല എന്ന നിലപാട് കേരളം നേരത്തേ വ്യക്തമാക്കിയതാണ്. അതു സൂത്രത്തിൽ കൊണ്ടുവരാനുള്ള പിൻവാതിൽ മാർഗമാണ് കേന്ദ്രം ഫണ്ടിനുള്ള ഉപാധിയിലൂടെ തേടുന്നതെന്നും ഇടതുമുന്നണി നയപരമായി മുമ്പെടുത്ത തീരുമാനം ഇപ്പോൾ മുന്നണിയിൽ ചർച്ചയില്ലാതെ വകുപ്പുതലത്തിൽ തീരുമാനമെടുത്തത് തെറ്റാണെന്നും സി.പി.ഐ നേതാവ് ബിനോയ് വിശ്വം വ്യക്തമാക്കിയിരിക്കുന്നു. സർക്കാറാകട്ടെ, സംസ്ഥാനം എൻ.ഇ.പി പൂർണമായി അംഗീകരിച്ചിട്ടില്ലാത്തതിനാൽ അതു നടപ്പാക്കുമ്പോൾ ആവശ്യമായ മാറ്റത്തിരുത്തലുകൾ വരുത്താനാവുമെന്നു ന്യായീകരിക്കുന്നു. അതു സാധ്യമാണോ എന്നത് കാണാനിരിക്കുന്നേയുള്ളൂ. കേന്ദ്രം ചരിത്രപാഠപുസ്തകങ്ങളിൽനിന്ന് നീക്കിയ ഭാഗങ്ങൾ സംസ്ഥാന സർക്കാർ പ്രത്യേകം അച്ചടിച്ചു ചേർത്തത് ഉദാഹരണമായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ടെങ്കിലും അതിലെ നിയമപരമായ സങ്കീർണതകൾ ഇപ്പോൾ വ്യക്തമല്ല.
കേരളം മാത്രമല്ല, തമിഴ്നാടും പശ്ചിമ ബംഗാളും എൻ.ഇ.പി അംഗീകരിച്ചിട്ടില്ല. എൻ.ഇ.പി നടപ്പാക്കാതിരിക്കുന്നതിന്‍റെ പേരിൽ വരുന്ന 2000 കോടി രൂപയുടെ നഷ്ടം തങ്ങൾ സഹിച്ചോളാം എന്നാണ് തമിഴ്നാട് നിലപാട്. ഒപ്പം, മദ്രാസ് ഹൈകോടതിയിലും സുപ്രീംകോടതിയിലും ഹരജികൾ നൽകി നിയമപരമായി ചെറുത്തുനിൽക്കുന്നു. സുപ്രീംകോടതിയിൽ വാദം വരാനിരിക്കുന്നേയുള്ളൂ. കേരളവും നിയമപോരാട്ടം നടത്തണമെന്നാണ് സി.പി.ഐ പക്ഷം. രാജ്യത്തിനു മൊത്തം ഏകതാനമായ വിദ്യാഭ്യാസപദ്ധതി നടപ്പാക്കാൻ കേന്ദ്രത്തിന് അധികാരമുണ്ടോ എന്ന കാര്യം നിർണയിക്കപ്പെടേണ്ടതാണ്. കേന്ദ്രീകൃത പദ്ധതികളും ഏകശിലാ ആശയങ്ങളും അടിച്ചേൽപ്പിക്കുകയും ഫണ്ട് നിയന്ത്രണത്തിലൂടെ സംസ്ഥാനങ്ങളെ കേന്ദ്രനയം നടപ്പാക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നത് ഫെഡറൽ തത്ത്വങ്ങൾക്ക് വിരുദ്ധമാവും. വിദ്യാഭ്യാസം ഭരണഘടനയുടെ സമാവർത്തിപ്പട്ടികയിൽ പെട്ടതായതിനാൽ സംസ്ഥാനങ്ങൾക്കുമുണ്ട് അതിലൊരു കള്ളി. അതു കേവലം കേന്ദ്രത്തിൽനിന്ന് കാശ് കൈപ്പറ്റി സകലതും അനുസരിക്കലല്ല.
സത്യത്തിൽ ഇത് സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള മുന്നണി വിഷയം മാത്രമല്ല. എൻ.ഇ.പി നടപ്പാക്കുമ്പോൾ അതുവഴി സ്കൂൾ സിലബസിന്‍റെ ഉള്ളടക്കത്തിൽ വരുത്തേണ്ടി വരുന്ന മാറ്റങ്ങളിൽ പലതും ഹിന്ദുത്വ ആശയങ്ങൾ സ്വീകരിച്ചിട്ടില്ലാത്ത ബഹുഭൂരിപക്ഷം കേരളീയർക്കും ഉത്കണ്ഠയുളവാക്കുന്ന കാര്യങ്ങളാണ്. ദേശീയവിജ്ഞാനത്തിന്‍റെ പേരിൽ ഹൈന്ദവപാഠങ്ങൾ നിർബന്ധമായി ഉൾക്കൊള്ളേണ്ടിവരുക, ചരിത്രം, ശാസ്ത്രം എന്നിവയിലെ പാഠ്യഭാഗങ്ങളിലെ പക്ഷപാതവും വംശീയതയും, ശാസ്ത്രീയാടിസ്ഥാനങ്ങളില്ലാത്ത പാരമ്പര്യവാദവും കുത്തിത്തിരുകൽ, യോഗ പഠനത്തിന്‍റെ പേരിലെ ഇനങ്ങൾ തുടങ്ങിയവ ഉദാഹരണം.
സംസ്ഥാനസർക്കാറിന്‍റെ മുൻനിലപാടിൽ ഈയിടെ വന്ന മാറ്റം കേന്ദ്രഫണ്ട് വെറുതെ കളയേണ്ട എന്ന കേവലയുക്തിയിലാണോ എന്നുറപ്പില്ല. കഴിഞ്ഞ ജൂൺ മാസത്തിൽ വിദ്യാർഥിനേതാക്കളുമായുള്ള ചർച്ചയിൽ പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻ കുട്ടി എൻ.ഇ.പിക്ക് വഴങ്ങുന്ന പ്രശ്നമേയില്ല എന്നാണ് തറപ്പിച്ചു പറഞ്ഞത്. എന്നാൽ, ഈയിടെ പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രിയും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനുമായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടിയും നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ചുവടുമാറ്റമുണ്ടായതെന്ന വ്യാഖ്യാനമുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയവും കൃഷി മന്ത്രാലയവും നൽകുന്ന ഫണ്ടുകൾ സ്വീകരിക്കുന്നതുപോലെ എന്തുകൊണ്ട് വിദ്യാഭ്യാസ വിഷയത്തിൽ മാത്രം അതായിക്കൂടാ എന്ന യുക്തിയും കൂട്ടത്തിൽ വരുന്നത് അങ്ങനെയാവാം.
ഇപ്പോഴത്തെ അവസ്ഥയിൽ, പൊതുജനത്തിനു മുന്നിൽ സംസ്ഥാനസർക്കാർ വെളിപ്പെടുത്തേണ്ട ചില വസ്തുതകളുണ്ട്. മൊത്തം സംസ്ഥാനത്തിനുള്ള പി.എം ശ്രീ ഫണ്ടിന്‍റെ വാർഷികവിഹിതം എത്രയാണ്? 2022-2023 മുതൽ 2026-2027 വരെ കാലാവധിയുള്ള പി.എം ശ്രീ ഫണ്ടിന്‍റെ വിഹിതത്തിൽ ഇനി എത്രയാണ് കേരളത്തിന് ബാക്കി ലഭിക്കാനുള്ളത്? 2026-2027നു ശേഷം പദ്ധതി എന്താവും? പദ്ധതി വ്യവസ്ഥയനുസരിച്ചു സംസ്ഥാനം വഹിക്കേണ്ട 40 ശതമാനം തുക വഹിക്കാൻ വഴികണ്ടിട്ടുണ്ടോ? സമഗ്ര ശിക്ഷാ സ്‌കീമിൽ ഇനിയും എൻ.ഇ.പിയുടെ പേരിൽ പിടിച്ചുവെച്ച തുക കിട്ടാൻ ബാക്കിയുണ്ടോ? എൻ.ഇ.പി ഭാഗികമായി നടപ്പാക്കിയാൽ അത് ഉപാധി പൂർത്തീകരിക്കലായി കണക്കാക്കി കേന്ദ്രം ഫണ്ടുകൾ നൽകുമോ? ഫണ്ടിന്‍റെ പേരിൽ പ്രധാനമന്ത്രിയുടെ പടം വെച്ചുതന്നെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകൾ പ്രവർത്തിക്കണം എന്ന തീരുമാനത്തെ ചോദ്യംചെയ്യാൻ സംസ്ഥാന സർക്കാർ തയാറാവുമോ? സർവോപരി, കേന്ദ്രത്തിനു കിട്ടുന്ന ഫണ്ടുകൾ സംസ്ഥാനങ്ങൾതന്നെ പിരിച്ചുനൽകുന്ന നികുതി വരുമാനങ്ങളാണെന്നനിലയിൽ സംസ്ഥാനങ്ങൾക്ക് അതിൽ തീരുമാന സ്വാതന്ത്ര്യമില്ലാതാവുന്ന അവസ്ഥക്കെതിരെ നിയമപരമായി സുപ്രീംകോടതിയെ സമീപിക്കുമോ? നിർണായകമായ ഈ ചോദ്യങ്ങളിൽ എടുക്കുന്ന നിലപാടുകൾ പൊതുജനത്തിനു മുമ്പാകെ വെളിപ്പെടുത്തുന്ന ഒരു വസ്തുതരേഖ പുറത്തിറക്കാൻ ഇടതുമുന്നണി സർക്കാർ തയാറാവണം.


