ഭരിക്കുന്നവരും നിയമം കൈയിലെടുക്കരുത്
text_fieldsപശ്ചിമബംഗാളിലെ ഉത്തര ദിനാജ്പൂർ ജില്ലയിൽ ഒരു പെൺകുട്ടിയെ ബലാൽസംഗം ചെയ്ത് കൊന്നു എന്നാരോപിച്ച് ദിലീപ് റോയ് എന്നയാളെ പൊലീസ് വെടിവെച്ചുകൊന്നു. പൊലീസ് പറയുന്നതുപ്രകാരം റായ്ഗഞ്ചിൽ 13 വയസ്സ് മാത്രം പ്രായമായ ബാലികയുടെ മൃതദേഹം വ്യാഴാഴ്ചയാണ് കണ്ടെടുക്കപ്പെട്ടത്. തിങ്കളാഴ്ച പുലർച്ച 3.30ന് ബിഹാറിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കെ ഗൗരി ഗ്രാമത്തിൽവെച്ച് അയാളെ പിടികൂടാൻ ശ്രമിച്ചപ്പോൾ അയാൾ പൊലീസിന്റെ നേരെ വെടിവെക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ പൊലീസിനും വെടിവേക്കേണ്ടിവന്നു; വെടിയേറ്റു വീണ പ്രതിയെ ഉടനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും അയാൾ മരിച്ചതായി അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച മുതൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം വന്യമൃഗ സംരക്ഷണകേന്ദ്രത്തിനരികിൽനിന്ന് കണ്ടെടുത്തതിനെ തുടർന്ന് മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. നിയമലംഘനം ആരു നടത്തിയാലും പൊലീസിന് ഇത്തരം നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നാണ് പഞ്ചായത്ത് മന്ത്രി ദിലീപ് ഘോഷ് ന്യായീകരിച്ചത്.
ഈ സംഭവത്തിന് വെറും പതിമൂന്ന് ദിവസങ്ങൾക്കു മുമ്പാണ്, ഒക്ടോബർ 28ന് രണ്ട് ഏറ്റുമുട്ടൽ കൊലകൾ ബംഗാളിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ബി.ജെ.പി പ്രവർത്തകൻ സുജിത് മണ്ഡൽ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെന്നാരോപിക്കപ്പെട്ട സമാഉൽ ശൈഖ് എന്നയാൾ മുർഷിദാബാദിൽ പൊലീസുമായുള്ള ‘ഏറ്റുമുട്ടലിൽ’ കൊല്ലപ്പെടുകയായിരുന്നു. അതിന് വെറും 12 മണിക്കൂർ മുമ്പാണ് നോർത്ത് 24 പർഗാനാസിൽ ഒരു പെൺകുട്ടിയെ ബലാൽസംഗം ചെയ്ത് കൊന്ന കേസിൽ പ്രതിയായ പ്രഹ്ലാദ് ദാസ് എന്നയാളും പൊലീസുമായുള്ള ‘ഏറ്റുമുട്ടലിൽ’ മരിച്ചത്.
ജൂലൈ എട്ടിന് സൗത്ത് 24 പർഗാനാസിലെ ബറായ്പൂർ ഏരിയ മറ്റൊരു ഏറ്റുമുട്ടൽ കൊലക്കും സാക്ഷ്യംവഹിക്കുകയുണ്ടായി. അതും പ്രായപൂർത്തിയെത്താത്ത ബാലിക ബലാൽസംഗ കൊലക്കിരയായ സംഭവത്തിന്റെ പേരിൽ തന്നെ. പ്രഭാസ് മണ്ഡലായിരുന്നു പ്രതി. ഏറ്റുമുട്ടൽ കൊലകളെ അപ്പാടെ ന്യായീകരിച്ചുകൊണ്ട് മുഖ്യമന്ത്രി സുവേന്ദു അധികാരി, സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിക്കുന്ന ക്രിമിനലുകളെ വെറുതെവിടില്ലെന്നാണ് നവംബർ മൂന്നിന് മുന്നറിയിപ്പ് നൽകിയത്. ആത്മരക്ഷാർഥം പൊലീസിന് വെടിവെക്കേണ്ടിവരുമെന്ന് ന്യായീകരിച്ച മുഖ്യമന്ത്രി ബലാൽസംഗികൾ, മയക്കുമരുന്ന് കടത്തുകാർ, നുഴഞ്ഞുകയറ്റക്കാർ എന്നിവരെ കൈകാര്യംചെയ്യാൻ സർക്കാർ പൊലീസ് സേനക്ക് സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും വെളിപ്പെടുത്തിയിരിക്കുന്നു.
നീണ്ടകാലം ജമ്മു-കശ്മീരിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ഭീകരർ കൊല്ലപ്പെട്ടതായ വാർത്തകളായിരുന്നു വന്നുകൊണ്ടിരുന്നത്. പലതും നിരപരാധികളെ പിടികൂടി കഥകഴിച്ചശേഷം പൊലീസും സുരക്ഷാസേനയും നൽകുന്ന ഏകപക്ഷീയമായ ഏറ്റുമുട്ടൽ കൊലകളാണെന്ന് മനുഷ്യാവകാശ പ്രവർത്തകരും നിഷ്പക്ഷ മാധ്യമങ്ങളും വെളിപ്പെടുത്തിയിരുന്നെങ്കിലും കശ്മീരിന്റെ പ്രത്യേക സാഹചര്യത്തിൽ ആരും അതേപ്പറ്റി പ്രതികരിച്ചിരുന്നില്ല. എന്നാലിപ്പോൾ സമ്മതിദായക പട്ടികയിൽ വൻതോതിൽ കൃത്രിമം കാണിച്ച് പശ്ചിമബംഗാളിൽ ഭരണം പിടിച്ചുപറ്റിയ ബി.ജെ.പിയുടെ മുഖ്യമന്ത്രി സുവേന്ദു അധികാരി നഗ്നമായ നിയമലംഘനത്തെയും നീതിനിഷേധത്തെയുമാണ് സ്ഥിരം നയമായി സ്വീകരിച്ച് അത് സ്വാഭിമാനം വിളിച്ചുപറയുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും നേരെ നടക്കുന്ന ക്രൂരമായ അതിക്രമങ്ങളും പീഡനങ്ങളും നിർദാക്ഷിണ്യം അടിച്ചമർത്തണമെന്ന കാര്യത്തിൽ സമാധാന പ്രേമികൾക്ക് സംശയമേ ഉണ്ടാവില്ല. പക്ഷേ, നിയമവാഴ്ച നിലനിൽക്കുന്ന ജനാധിപത്യ രാജ്യത്ത് എല്ലാത്തിനും സുതാര്യമായ നിയമങ്ങളും നടപടിക്രമങ്ങളുമുണ്ട്.
കൊലയോ ബലാൽസംഗമോ കൈയേറ്റമോ പീഡനമോ എന്താവട്ടെ, അതേക്കുറിച്ച് പരാതിയോ വിവരമോ ലഭിച്ചാൽ നിയമപാലകരായ പൊലീസിന്റെ ജോലി ഒട്ടും സമയം കളയാതെ പരമാവധി ശാസ്ത്രീയമായി കേസന്വേഷിക്കുകയും പ്രതികളാണെന്ന് സംശയിക്കുന്നവരെ പിടികൂടി നടപടിക്രമങ്ങൾ പാലിച്ച് കോടതി മുമ്പാകെ ഹാജരാക്കുകയുമാണ് എന്ന കാര്യം ഒരുമാതിരി സ്കൂൾ കുട്ടികൾക്കുപോലും അറിയാവുന്ന പ്രാഥമിക വിവരമാണ്. സാമാന്യമായി രാജ്യത്ത് നടന്നുവരുന്നതും ഈ നടപടിയാണ്. പരമാവധി തെളിവുകൾ കണ്ടെത്തി, സാക്ഷികളെ ഹാജരാക്കി യഥാർഥ കുറ്റവാളികൾക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതിൽ ആർക്കും എതിർപ്പുണ്ടാവില്ല, ഉണ്ടാവാനും പാടില്ല. ഇതിന് വിപരീതമായി നിയമവാഴ്ച ഉറപ്പുവരുത്താത്ത രാജ്യത്ത് ഒടുവിൽ എന്തു സംഭവിക്കുമെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ബംഗ്ലാദേശും നേപ്പാളും. രണ്ട് രാജ്യങ്ങളിലെയും ജനാധിപത്യപരമായ തെരഞ്ഞെടുപ്പുകളിലൂടെ അധികാരത്തിലേറിയ ഭരണകർത്താക്കൾ നിയമം കൈയിലെടുത്ത് സ്വന്തം ജനങ്ങളെ വേട്ടയാടാൻ പൊലീസിനെയും പട്ടാളത്തെയും കയറൂരിവിട്ടപ്പോൾ ജനം തെരുവിലിറങ്ങി നടത്തിയ പ്രക്ഷോഭങ്ങളാണ് ഭരണനായകരെ താഴെ ഇറക്കിയത്. ബംഗ്ലാദേശിലെ ഹസീന നാടുവിട്ടോടേണ്ടിവരികയും ചെയ്തു. തങ്ങൾ ആണയിടുന്ന ഭരണഘടനയുടെ ഒരു വകുപ്പും തങ്ങൾക്ക് ബാധകമല്ലെന്നും തങ്ങൾക്ക് നിയമം യഥേഷ്ടം കൈയിലെടുക്കാമെന്നും കരുതുന്ന അധികാരികൾ സംസ്ഥാനങ്ങളിലായാലും കേന്ദ്രത്തിലായാലും ഇരിക്കുന്ന കൊമ്പിന് കത്തിവെക്കുകയാണെന്ന് ഓർക്കുന്നത് നന്ന്.



