ഹൈടെക് വോട്ടുകൊള്ള
text_fieldsവോട്ടുകൊള്ളയിലൂടെ ജനഹിതം അട്ടിമറിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഭരണകൂടത്തിന് കൂട്ടുനിന്നതിന്റെ മറ്റൊരു തെളിവുകൂടി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പുറത്തുവിട്ടിരിക്കുന്നു. കഴിഞ്ഞദിവസം ന്യൂഡൽഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിലാണ് ‘വോട്ട്ചോരി’യുടെ ഞെട്ടിക്കുന്ന പുതിയ തെളിവുകൾ അവതരിപ്പിച്ചത്. നിരവധി ആളുകളെ അവർപോലും അറിയാതെ സോഫ്റ്റ് വെയർ സഹായത്തോടെ വോട്ടർപട്ടികയിൽനിന്ന് വെട്ടിനീക്കിയെന്നാണ് വെളിപ്പെടുത്തലുകളുടെ മർമം. കർണാടകയിലെ അലന്ദ് നിയമസഭാ മണ്ഡലത്തിലെ 6018 വോട്ടുകളാണ് സംസ്ഥാനത്തിന് പുറത്തുള്ള മൊബൈൽ നമ്പറുകളും മറ്റും ഉപയോഗിച്ച് വെട്ടിമാറ്റിയത്. കോൺഗ്രസിന് കൂടുതൽ വോട്ടുകളുള്ള ബൂത്തിലാണ് ഇത് നടന്നിരിക്കുന്നത്. വോട്ടർമാർ അറിയാതെ, അവരുടെ പേരിൽ ‘അജ്ഞാതർ’ പട്ടികയിൽനിന്ന് പേര് നീക്കം ചെയ്യാനായി വ്യാജ അപേക്ഷ സമർപ്പിക്കുകയും കമീഷൻ ഉടനടി അത് സ്വീകരിക്കുകയും ചെയ്യുന്നതാണ് പുതിയ മോഡസ് ഓപറാണ്ടി.
ഇത്തരത്തിൽ മണ്ഡലത്തിലെ 46ാം ബൂത്തിൽ നടന്ന വെട്ടിമാറ്റൽ രാഹുൽ കൈയോടെ പിടികൂടിയിട്ടുണ്ട്. അവിടെ 14 മിനിറ്റിനുള്ളിൽ 12 പേരെയാണ് വെട്ടിമാറ്റിയത്. ഇതിനായി ഉപയോഗപ്പെടുത്തിയത് സൂര്യകാന്ത് എന്ന വോട്ടറുടെ ഐ.ഡിയും. താൻപോലുമറിയാതെ തന്റെ പേര് വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്യപ്പെട്ട സൂര്യകാന്തിനെയും ആ ഓപറേഷനിൽ വോട്ട് നഷ്ടമായ ബബിത എന്ന സ്ത്രീയെയും വാർത്തസമ്മേളനത്തിൽ ഹാജരാക്കി രാഹുൽ ആരോപണങ്ങളുടെ ആധികാരികത വർധിപ്പിച്ചു. അലന്ദിൽ കോൺഗ്രസ് വോട്ടുകൾ ആസൂത്രിതമായി നീക്കം ചെയ്ത് ബി.ജെ.പിക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുക എന്നതായിരുന്നു ലക്ഷ്യമെന്ന് വ്യക്തം. പക്ഷേ, സംസ്ഥാന സർക്കാർ സംഗതി കണ്ടുപിടിക്കുകയും സി.ഐ.ഡി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഒരു വർഷംകഴിഞ്ഞിട്ടും ഈ അന്വേഷണവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ സഹകരിക്കാത്ത പശ്ചാത്തലത്തിൽകൂടിയാണ് രാഹുൽ ഗാന്ധിയുടെ ഇടപെടൽ. ആരോപണം തെരഞ്ഞെടുപ്പ് കമീഷണർ തള്ളിയിട്ടുണ്ടെങ്കിലും രാഹുൽ ഉന്നയിച്ച വാദങ്ങളെ അതേ ആധികാരികതയിൽ നിഷേധിക്കാൻ അവർക്കായില്ല.
40 ദിവസത്തിനിടെ, ഇത് രണ്ടാം തവണയാണ് രാഹുൽ ഗാന്ധി വോട്ടുകൊള്ളയുടെ തെളിവുകളുമായി ജനസമക്ഷം വരുന്നത്. നേരത്തെ, ലോക്സഭാ തെരഞ്ഞെടുപ്പാനന്തരം നടന്ന മഹാരാഷ്ട്ര സംസ്ഥാന നിയമസഭാ ഇലക്ഷനിൽ അട്ടിമറി നടന്നുവെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. ഈ ആരോപണത്തെ പരിഹാസ രൂപേണ ബി.ജെ.പിയും തെരഞ്ഞെടുപ്പ് കമീഷനും തള്ളിയപ്പോഴാണ് കൃത്യവും വ്യക്തവുമായ തെളിവുകളോടെ കഴിഞ്ഞ ആഗസ്റ്റ് ഏഴിന് രാഹുൽ വാർത്തസമ്മേളനം വിളിച്ചത്. സർവ സാങ്കേതിക സംവിധാനങ്ങളും ഉപയോഗപ്പെടുത്തി രാജ്യത്ത് എങ്ങനെയാണ് തെരഞ്ഞെടുപ്പുകൾ കമീഷന്റെ തന്നെ ഒത്താശയോടെ അട്ടിമറിക്കപ്പെടുന്നതെന്ന് അദ്ദേഹം അവിടെ കാണിച്ചു. കർണാടകയിലെ ബംഗളൂരു സെൻട്രൽ ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലൊന്നായ മഹാദേവപുരത്ത് ഒരു ലക്ഷത്തിലധികം വ്യാജവോട്ടുകൾ ചേർത്തതുസംബന്ധിച്ചായിരുന്നു ആ വാർത്തസമ്മേളനം. ഒരാൾക്ക് തന്നെ രണ്ടും മൂന്നും മണ്ഡലങ്ങളിൽ വോട്ട്, വിലാസമില്ലാത്ത അജ്ഞാത വോട്ടർ, ഒരൊറ്റ വിലാസത്തിൽ അമ്പതോളം വോട്ടർമാർ, പ്രായപൂർത്തിയാകാത്ത വോട്ടർമാർ തുടങ്ങി പലതരം കൃത്രിമത്വങ്ങളിലൂടെ കമീഷൻ വോട്ടുകൾ ചേർത്തതിന്റെ സമഗ്ര വിവരണം ആ വാർത്തസമ്മേളനത്തിലുണ്ടായി.
ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബംഗളൂരു സെൻട്രൽ 32707 വോട്ടിന് ബി.ജെ.പി വിജയിച്ച മണ്ഡലമാണ്. അട്ടിമറി നടന്ന മഹാദേവ പുരത്ത് ബി.ജെ.പിയുടെ ഭൂരിപക്ഷം 1.14 ലക്ഷം വരും. അഥവാ, വ്യാജവോട്ട് ചേർക്കാൻ കമീഷൻ സഹായമില്ലായിരുന്നുവെങ്കിൽ ബി.ജെ.പിക്ക് മണ്ഡലം നഷ്ടമായേനെ. രാഹുൽ പുറത്തുവിട്ട തെളിവുകളോട് തെരഞ്ഞെടുപ്പ് കമീഷന്റെ പ്രതികരണം അതിവിചിത്രമായിരുന്നു. ആ വാർത്തസമ്മേളനം തീരുംമുമ്പേ കമീഷൻ പ്രതിനിധികൾ കോൺഗ്രസ് ആസ്ഥാനത്തെത്തി. നാലുദിവസത്തിനുള്ളിൽ ആരോപണങ്ങളെല്ലാം സത്യപ്പെടുത്തി കമീഷന് വിശദീകരണം നൽകണമെന്ന തിട്ടൂരവും പുറപ്പെടുവിച്ചു. തൊട്ടടുത്ത ദിവസങ്ങളിൽ കമീഷൻ വെബ്സൈറ്റിൽനിന്ന് വോട്ടുവിവരങ്ങൾ മാഞ്ഞുപോയതുകൂടി ഇതിനോട് ചേർത്തുവായിച്ചാൽ ചിത്രം വ്യക്തം. ഇപ്പോഴിതാ, പുതിയ തെളിവുകൾ. മഹാദേവപുരത്തുനിന്ന് അലന്ദിലെത്തുമ്പോൾ വോട്ട്ചോരിയുടെ രീതിയിലാണ് മാറ്റം വന്നിരിക്കുന്നത്. മഹാദേവപുരത്ത് ഭരണപക്ഷത്തിനനുകൂലമായ വോട്ടുകൾ കൃത്രിമമായി സൃഷ്ടിക്കപ്പെട്ടപ്പോൾ അലന്ദിൽ എതിർകക്ഷികളിലേക്ക് പോകുമെന്ന് കരുതപ്പെട്ട വോട്ടുകൾ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി നീക്കം ചെയ്തു.
തെരഞ്ഞെടുപ്പ് കമീഷൻ എത്രമേൽ സ്വതന്ത്രമാണ് എന്ന ചോദ്യം വർഷങ്ങളായി നമുക്ക് മുന്നിലുണ്ട്. മോദി സർക്കാർ, കമീഷൻ നിയമനം തന്നെയും അട്ടിമറിച്ചതോടെ തീർത്തും സ്വതന്ത്രമായി പ്രവർത്തിക്കേണ്ടൊരു ഭരണഘടനാ സ്ഥാപനത്തിന്റെ തലപ്പത്തേക്ക് ആളെ നിശ്ചയിക്കുന്നതുപോലും രാഷ്ട്രീയവിധേയത്വത്തിന്റെ മാനദണ്ഡത്തിലായി. സ്വാഭാവികമായും കമീഷൻ ആർക്കുവേണ്ടിയാകും പണിയെടുക്കുക എന്ന കാര്യം വ്യക്തം. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി, വോട്ടുയന്ത്രവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉയർത്തിയ സംശയങ്ങൾ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. അന്ന് ജയ്റാം രമേശിനെപ്പോലുള്ളവർ കമീഷന് മുന്നിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം ഇനിയും ലഭിച്ചിട്ടില്ല. അവയെല്ലാം, കോടതി വ്യവഹാരങ്ങളുടെ സാങ്കേതികതയിൽ കുരുക്കിയിടാനാണ് കമീഷൻ ശ്രമിച്ചത്. ഇപ്പോൾ അലന്ദിൽ സംഭവിച്ചതും മറ്റൊന്നല്ല. അലന്ദിലെ വോട്ടുചോരണം രണ്ടുവർഷം മുമ്പേ കണ്ടെത്തുകയും സംസ്ഥാന സർക്കാർ കേസെടുക്കുകയും ചെയ്തതാണ്.
എന്നാൽ, അന്വേഷണത്തോട് സഹകരിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ തയാറായിട്ടില്ല. കർണാടകക്ക് പുറത്തുനിന്ന് ലോഗിൻ ചെയ്ത് കുറ്റകൃത്യം നടത്തിയ വോട്ടുകൊള്ളക്കാരെ പിടിക്കാൻ അവരുടെ ‘ഡെസ്റ്റിനേഷൻ ഐ.പി’, ‘ഡിവൈസ് ഡെസ്റ്റിനേഷൻ പോർട്ട്’, ‘ഒ.ടി.പി ട്രയൽസ്’ എന്നിവ അന്വേഷണസംഘം പലകുറി ആവശ്യപ്പെട്ടിട്ടും ഭാഗിക വിവരം മാത്രമാണ് നൽകിയത്. അന്വേഷണ ഏജൻസിയോട് സഹകരിക്കാൻ ബാധ്യസ്ഥമായ കമീഷന് എന്തുകൊണ്ടായിരിക്കും ഈ വിമുഖതയെന്ന് വ്യക്തം. രാഹുൽ ഗാന്ധി തുറന്നുകാണിച്ചതും ഇതുതന്നെ. മഹാരാഷ്ട്രയിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ വലിയ വിജയം നേടിയ ഇൻഡ്യ മുന്നണി മാസങ്ങൾക്കുശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതെങ്ങനെയെന്നും കർണാടകയിൽ നിയമസഭയിൽ തകർന്നടിഞ്ഞ ബി.ജെ.പി ലോക്സഭ തെരഞ്ഞെടുപ്പിൽ പിടിച്ചുനിന്നതെങ്ങനെയെന്നും രാഹുലിന്റെ വെളിപ്പെടുത്തലുകളിലുണ്ട്. രാഹുൽ ഉയർത്തിവിട്ട ചോദ്യങ്ങൾ രാഷ്ട്രീയസമരങ്ങളായി പരിണമിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.