ധൻഖർ ചെയ്തതും ധൻഖറിനോട് ചെയ്തതും
text_fieldsഉപരാഷ്ട്രപതി ജഗദീപ് ധൻഖറിന്റെ പൊടുന്നനെയുള്ള രാജി രാഷ്ട്രീയ ഉപശാലകളിൽ മാത്രമല്ല, രാജ്യത്താകമാനം ചോദ്യങ്ങൾ ഉയർത്തിയിരിക്കുന്നു. തിങ്കളാഴ്ച രാത്രി അസാധാരണ സമയത്താണ് ആരോഗ്യപരമായ കാരണങ്ങൾ പറഞ്ഞ് അദ്ദേഹം രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് രാജി സമർപ്പിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ, അത് സ്വീകരിച്ചതായി രാഷ്‌ട്രപതി ഭവന്‍റെ അറിയിപ്പും വന്നു. അതിൽ ശ്രദ്ധേയമായ രണ്ടു കാര്യങ്ങളുണ്ട്. ഒന്ന്, രണ്ടാം പൗരൻ ഒരു മുന്നറിയിപ്പോ സൂചനയോ നൽകാതെ ഇടിത്തീയായി രാജി പ്രഖ്യാപിച്ചാൽ അത് പിൻവലിപ്പിക്കാനുള്ള ശ്രമം ഭരണനേതൃത്വം നടത്തുക സാധാരണമാണ്. ചുരുങ്ങിയത് നേരിട്ടുള്ള ഒരു ആശയവിനിമയമെങ്കിലും അക്കാര്യത്തിൽ നടക്കും. അത്തരത്തിൽ രാജി പിൻവലിപ്പിക്കാൻ ഒരു ശ്രമവുമുണ്ടായില്ല. രണ്ടാമതായി, രാജ്യസഭ അധ്യക്ഷനെന്ന നിലയിൽ അദ്ദേഹം പങ്കെടുത്തതും പങ്കെടുക്കാനിരുന്നതുമായ പരിപാടികളുടെ പശ്ചാത്തലത്തിൽ എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളുള്ളതായി
ഒരു സൂചനയുമുണ്ടായിരുന്നില്ല. തന്നെ ഈ പദവിയിലേക്ക് തെരഞ്ഞെടുത്ത ഭരണകക്ഷി നേതൃത്വവുമായി സ്ഥാനത്യാഗത്തെക്കുറിച്ച ആലോചനകൾ അദ്ദേഹം നടത്തിയിട്ടുമില്ല. അപ്പോൾ അതിനപ്പുറം എന്തൊക്കെയോ ഈ തീരുമാനത്തിനു പിന്നിലുണ്ട് എന്ന പ്രതിപക്ഷ നിരീക്ഷണത്തിന് പ്രസക്തിയുണ്ട്.
നിഗൂഢമായ കാരണങ്ങളാൽ ഒരു ഉപരാഷ്ട്രപതി സ്ഥാനമൊഴിയുന്നത് ഇന്ത്യൻ ജനാധിപത്യത്തിന് സൽപേരല്ല ഉണ്ടാക്കുക. തിങ്കളാഴ്ച ഉച്ചവരെ രാജ്യസഭയിൽ വർഷകാലസമ്മേളനത്തിന്‍റെ നടപടികളിൽ അധ്യക്ഷനെന്ന നിലയിൽ മുഴുകിയിരുന്നു അദ്ദേഹം. അക്കൂട്ടത്തിൽ വീട്ടിൽ നിന്ന് കറൻസി നോട്ടുകൾ കണ്ടെത്തിയ കേസിൽ ഡൽഹി ഹൈകോടതി ജഡ്ജി യശ്വന്ത് വർമക്കെതിരെ പ്രതിപക്ഷം നൽകിയ ഇംപീച്ച്മെന്‍റ് നോട്ടീസ് സ്വീകരിച്ച് നടപടിക്ക് അയച്ചതായി അദ്ദേഹം അറിയിച്ചു. അതേ സമയം, സമാനനീക്കം ഭരണകക്ഷി പ്രതിപക്ഷവുമായി ചേർന്ന് ലോക്സഭയിൽ നടത്തിയിരുന്നു. എന്നാൽ, രാജ്യസഭയിൽ ഈ രീതിയിൽ സ്കോർ ചെയ്യാൻ പ്രതിപക്ഷത്തിന് അവസരം നൽകിയത് ഭരണകക്ഷിയെ ചൊടിപ്പിച്ചതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അതിന് വഴിവെച്ചത് വൈസ് പ്രസിഡന്റും. ശേഷം സഭയുടെ കാര്യോപദേശക സമിതിയിൽ അദ്ദേഹം അധ്യക്ഷത വഹിക്കുകയും ചെയ്തു. എന്നാൽ, സമിതി വീണ്ടും ചേരാൻ നിശ്ചയിച്ച 4.30ന് ഭരണകക്ഷി പ്രതിനിധികളായ മന്ത്രിമാർ ജെ.പി. നദ്ദയും കിരൺ റിജിജുവും എത്തിച്ചേരാത്തതിൽ അദ്ദേഹം അതൃപ്തനായിരുന്നത്രെ. ഇതിനു പുറമെ, നേരത്തെ ഒരു സഭാ നടപടിക്കിടയിൽ നദ്ദ നടത്തിയ പരാമർശം അദ്ദേഹത്തെ അപ്രധാനമാക്കുന്ന രീതിയിലുമായിരുന്നു. പ്രതിപക്ഷവുമായുണ്ടായ ഒരു തർക്കത്തിനിടയിൽ താൻ പറയുന്നത് മാത്രമേ സഭാ രേഖയിലുണ്ടാവൂ എന്ന അർഥത്തിൽ നദ്ദ പറഞ്ഞത് ചെയറിനെ അനാദരിക്കുന്ന വിധമായിരുന്നു. ഇത് ഭരണകക്ഷിയുടെ മേധാവിത്വ മനഃസ്ഥിതി കൊണ്ടാണെന്ന നിഗമനവും തെറ്റാണെന്ന് പറയാനാവില്ല.
ഉപരാഷ്ട്രപതിയാകും മുമ്പ് ഹൈകോടതി സീനിയർ അഭിഭാഷകനായി പ്രവർത്തിച്ച, ഇന്ത്യൻ നാഷനൽ കോൺഗ്രസ്, ജനതാദൾ സാമാജികനാവുകയും ചെയ്ത അനുഭവസമ്പത്തുള്ള ധൻഖർ ബി.ജെ.പിയിലെത്തിയ ശേഷം പശ്ചിമ ബംഗാളിൽ ഗവർണറായി നിയമിതനായി. അവിടെ ബി.ജെ.പിയുടെ എതിരാളികളായ തൃണമൂൽ കോൺഗ്രസ് സർക്കാറുമായി പലതവണ കൊമ്പുകോർത്തിരുന്നു. ഉപരാഷ്ട്രപതി എന്ന നിലയിൽ രാജ്യസഭ അധ്യക്ഷനായിരിക്കെ, പ്രതിപക്ഷത്തുള്ള കോൺഗ്രസുമായി ഒട്ടേറെ തവണ അഭിപ്രായ സംഘട്ടനമുണ്ടായി. സഭാ നടത്തിപ്പിൽ ആരോപിക്കപ്പെട്ട വിവേചനങ്ങളും ഭരണപക്ഷാനുകൂല നിലപാടുകളും കാരണം കോൺഗ്രസ് അദ്ദേഹത്തെ ഏറെ പഴിച്ചിരുന്നു. പ്രതിപക്ഷത്തിന് വേണ്ടത്ര അവസരങ്ങൾ കൊടുത്തില്ലെന്നായിരുന്നു പരാതി. കൂടാതെ, നീതിപീഠം നിയമനിർമാണത്തിൽ പാർലമെന്‍റിനെ മറികടക്കുന്നതായി അദ്ദേഹം പലതവണ വിമർശിച്ചിരുന്നു. ഭരണഘടനയുടെ അടിസ്ഥാന ഘടനക്ക് വിരുദ്ധമെന്ന കാരണം പറഞ്ഞ് പാർലമെന്‍റ് പാസാക്കിയ നിയമനിർമാണങ്ങൾ-ജഡ്ജി നിയമ പാനൽ രൂപവത്കരണം, ബില്ലുകൾ ഗവർണർമാരും രാഷ്ട്രപതിയും ഒപ്പുവെക്കാതെ വൈകിക്കുന്നത് പോലുള്ളവ-പരമോന്നത കോടതി റദ്ദ് ചെയ്യുന്നതിനെക്കുറിച്ച് രൂക്ഷമായി തന്നെ അദ്ദേഹം പ്രതികരിച്ചിരുന്നു. അങ്ങനെയെങ്കിൽ പാർലമെന്റ് തന്നെ പിരിച്ചുവിടുകയാണ് നല്ലതെന്നു പോലും പറഞ്ഞു.
അവസരനിഷേധത്തിൽ പ്രതിഷേധിച്ച് ധൻഖർക്കെതിരെ അവിശ്വാസത്തിന് പ്രതിപക്ഷം നോട്ടീസ് നൽകിയതാണ്. അത് പരിഗണനക്കെടുക്കുന്ന അസാധാരണ സാഹചര്യമൊഴിവാക്കാൻ അദ്ദേഹം രാജിവെച്ചതാവണമെന്ന നിരീക്ഷണവുമുണ്ട്. പക്ഷേ, ഇതൊന്നും പ്രതിപക്ഷം ഉന്നയിച്ച ജഡ്ജിയുടെ ഇംപീച്ച്മെന്റ് പോലുള്ള വിഷയങ്ങളിൽ സ്വതന്ത്രമായ നിലപാടെടുക്കാൻ അദ്ദേഹത്തിന് തടസ്സമായിരുന്നില്ല. ഒരു പക്ഷേ, അതു തന്നെയാവണം ഭരണപക്ഷത്തെ ചൊടിപ്പിച്ചിരിക്കുക. ഭരണകക്ഷിക്ക് ധൻഖറെക്കുറിച്ച മോഹഭംഗമാവാം രാജിയോടുള്ള പ്രധാനമന്ത്രി മോദിയുടെ കേവലം ഔപചാരികവും തണുപ്പനുമായ പ്രതികരണത്തിനും ഹേതു. വാക്കുകളിൽ പിശുക്ക് കാണിച്ചുള്ള ആ പ്രതികരണത്തിൽ ഊഷ്മളത ഒട്ടും പ്രതിഫലിച്ചിരുന്നില്ല.
ഒരു ഉപരാഷ്ട്രപതിയുടെ ഇത്തരം രാജി റിപ്പബ്ലിക്കിന്‍റെ ചരിത്രത്തിൽ തന്നെ ഇതാദ്യമാണ്. ഇതിനുമുമ്പ് വ്യത്യസ്ത തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ വേണ്ടിയായിരുന്നു ഉപരാഷ്ട്രപതിമാർ പടിയിറങ്ങിയത്. ആ നിലക്ക് ഇന്ത്യൻ പാർലമെന്ററി ജനാധിപത്യത്തിന്റെ തിളക്കത്തിന് മങ്ങലേല്പിക്കുന്ന ഒന്നാണിതെന്നു പറയാം. വന്നുകഴിഞ്ഞ ഈ അസുഖകരമായ സംഭവത്തെ അംഗീകരിക്കുന്നതോടൊപ്പം, പാർട്ടികളുടെ ആശയവൈജാത്യങ്ങൾക്കും നിയമ നിർമാണസഭകളിലെ തർക്കവിതർക്കങ്ങൾക്കുമപ്പുറം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിന്‍റെ ശോഭ കുറക്കുന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ രാഷ്ട്രീയകക്ഷികൾ ഒന്നുപോലെ ശ്രദ്ധിക്കുകയാണ് വേണ്ടത്.