Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightസ്വാതന്ത്ര്യം:...

സ്വാതന്ത്ര്യം: രാജ്യത്തിന്റേതും ജനങ്ങളുടേതും

text_fields
bookmark_border
സ്വാതന്ത്ര്യം: രാജ്യത്തിന്റേതും ജനങ്ങളുടേതും
cancel
ഇന്ത്യയിലെ ജയിലുകളിൽ കഴിയുന്നവരിൽ 75 ശതമാനവും കരുതൽ തടങ്കലിൽ ഉള്ളവരാണ്. 25 ശതമാനം മാത്രമാണ് ശിക്ഷിക്കപ്പെട്ടവർ. ഭിന്നാഭിപ്രായം പറഞ്ഞാലോ പ്രതിഷേധം നടത്തിയാലോ പൊലീസിന് സംശയം ജനിക്കുമ്പോഴോ ഉടൻ ആളെ അകത്താക്കി ബാക്കിയെല്ലാം പിന്നെയാവാം എന്ന സമീപനത്തിൽ ഇത് സ്വാഭാവികം

സ്വാതന്ത്ര്യലബ്ധിയുടെ എൺപതാം വാർഷികം കഴിഞ്ഞ് ഒരു മാസം പിന്നിടുന്ന ഘട്ടത്തിലും രാജ്യത്തിനു ലഭിച്ച സ്വാതന്ത്ര്യം എത്രമാത്രം പൗരർക്ക് അനുഭവവേദ്യമായി എന്ന ചർച്ച അവസാനിച്ചിട്ടില്ല. ജീവിക്കാനുള്ള അവകാശം, ചിന്താ സ്വാതന്ത്ര്യം, ആശയ പ്രചാരണ സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങൾ, സഞ്ചാര സ്വാതന്ത്ര്യം തുടങ്ങി ഒട്ടേറെ പൗരസ്വാതന്ത്ര്യങ്ങൾ നിഷേധിക്കപ്പെടുന്നതിന്റെ ആകുലതകൾ പലരും പങ്കുവെച്ചു. മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ദീപക് ഗുപ്ത ഈയിടെ എഴുതിയ ലേഖനത്തിലെ പരാമർശങ്ങൾ മിക്കതും സ്വാതന്ത്ര്യ സംരക്ഷണത്തിൽ നീതിന്യായവ്യവസ്ഥ വരുത്തുന്ന വീഴ്ചകളെക്കുറിച്ചായിരുന്നു. പൗരസ്വാതന്ത്ര്യ സംരക്ഷകരെന്ന നിലയിൽ നീതിപീഠം ഉണർന്നു പ്രവർത്തിച്ചതിന്റെ ഉദാഹരണങ്ങൾ ഒട്ടേറെയുണ്ട്. എന്നാൽ, നീതിപീഠത്തെ പൊതുവായി എടുത്താൽ നിരാശപ്പെടുത്തുന്ന കാര്യങ്ങളും നിരവധി.

ന്യായാധിപർ നിർഭയം നിഷ്പക്ഷതയോടെ കർത്തവ്യ നിർവഹണം നടത്തുന്നുണ്ടോ എന്നതാണ് മുഖ്യം. ഏതാനും വർഷങ്ങളായി ജഡ്ജിമാർ ഭരണകൂട തീരുമാനങ്ങൾ അപ്പടി അംഗീകരിക്കുന്ന കീഴ്വഴക്കം ഉണ്ടായിവരുന്നു. പൗരരുടെ ഭിന്നാഭിപ്രായങ്ങൾക്കും പ്രതിഷേധങ്ങൾക്കുമെതിരെ ഭരണകൂടം നടപടികളെടുക്കുന്നത് അതിനുള്ള സ്വാതന്ത്ര്യംതന്നെ നിഷേധിക്കുന്ന മട്ടിലാവുമ്പോൾ തടയിടേണ്ടത് നീതിപീഠമാണ്. എന്നാൽ, അവിടെ പൗരർ നിസ്സഹായരായി മേൽക്കോടതികളെ തന്നെ സമീപിക്കേണ്ടിവരികയും ഹൈകോടതികളും, പലപ്പോഴും സുപ്രീംകോടതി പോലും പരാതിക്ക് പരിഹാരം നൽകുന്നതിൽ പരാജയപ്പെടുകയും ചെയ്യുന്നു. ജീവിക്കാനുള്ള അവകാശം തടയുന്നതാണ് അറസ്റ്റും ജയിലും. ദീർഘകാലം ജാമ്യംകിട്ടാതെ തടവിൽ കഴിയേണ്ടിവരുന്നതിന്റെ ഉദാഹരണങ്ങളാണ് ഉമർ ഖാലിദും ശർജീൽ ഇമാമും. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾക്കിടെ വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട ഇരുവരും ആറു വർഷമായി തടവിലാണ്. കലാപത്തിന്റെ ‘വിശാല ഗൂഢാലോചന’ എന്ന കുറ്റത്തിൽ പ്രോസിക്യൂഷന്റെ നിർബന്ധത്തിൽ രണ്ടുപേർക്കും ജാമ്യം നിഷേധിക്കുകയാണ് പരമോന്നത കോടതി. അതേ കോടതിയുടെ ഒരു ബെഞ്ച് ഈ ദീർഘകാല തടവിന്റെ സാധുതയെ ചോദ്യം ചെയ്തിരുന്നതാണ്. കോടതി നടപടികൾക്ക് വേണ്ടിവരുന്ന സാമ്പത്തികവും ശാരീരികവുമായ പ്രയാസങ്ങൾ തന്നെ ഒരു ശിക്ഷയായി മാറുന്ന അവസ്ഥയാണിത്.

ഈ വിഷയത്തിൽ രണ്ടു കാര്യങ്ങൾ പ്രത്യേകം ശ്രദ്ധേയമാണ്. ഒന്ന്, ഇന്ത്യയിലെ ജയിലുകളിൽ കഴിയുന്നവരിൽ 75 ശതമാനവും കരുതൽ തടങ്കലിലുള്ളവരാണ്. ബാക്കി 25 ശതമാനം മാത്രമാണ് ശിക്ഷിക്കപ്പെട്ട തടവുകാർ. ഭിന്നാഭിപ്രായം പറഞ്ഞാലോ പ്രതിഷേധം നടത്തിയാലോ പൊലീസിന് സംശയം ജനിക്കുമ്പോഴോ ഉടൻ ആളെ പിടിച്ച് അകത്താക്കി ബാക്കിയെല്ലാം പിന്നെയാവാം എന്ന സമീപനത്തിൽ ഇത് സ്വാഭാവികം. രണ്ട്, വിചാരണ തന്നെ തുടങ്ങാതെ വർഷങ്ങളോളം അവ വൈകിപ്പിക്കുന്ന പ്രവണത. മഹാരാഷ്ട്രയിലെ എൽഗാർ പരിഷത് പ്രതിഷേധങ്ങളിൽ പങ്കെടുത്ത മുതിർന്ന ബുദ്ധിജീവികളും മനുഷ്യാവകാശ പ്രവർത്തകരുമായ 16 പേരെ ഏറെനാൾ കഴിഞ്ഞാണ് ഒന്നൊന്നായി ജാമ്യംനൽകി വിട്ടയച്ചത്. അതിലെ ഒരാളായ സ്റ്റാൻസ്വാമി നാലുവർഷത്തിലധികം ജയിലിൽ കിടന്ന് അവിടെ തന്നെ മരിച്ചു. സംഭവം കഴിഞ്ഞ് ഇപ്പോൾ എട്ടു വർഷമായെങ്കിലും ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. എന്തുകൊണ്ട് അവരെ വേഗത്തിൽ വിചാരണ ചെയ്ത് ശിക്ഷിക്കാൻ ശ്രമിക്കുന്നില്ല? അതിന്റെ ഉത്തരം പാർലമെന്റിൽ സർക്കാർതന്നെ നൽകിയ സ്ഥിതിവിവരക്കണക്കിലുണ്ട്. യു.എ.പി.എ കേസുകളിൽ തടവിൽ കഴിയുന്നവരിൽ 2014-2022 വർഷങ്ങളിൽ ശിക്ഷിക്കപ്പെട്ടത് 2.5 മുതൽ 2.8 ശതമാനം വരെ മാത്രമാണ്. വിചാരണ കഴിഞ്ഞവരിൽ തന്നെ 21 മുതൽ 25.7 വരെ ശതമാനം മാത്രം. വിചാരണ നടക്കാൻ ബാക്കിയുള്ളതാവട്ടെ, 94 ശതമാനവും. മൂന്നാമതായി, നീതിപീഠങ്ങൾ തന്നെ പാർലമെന്റ് പാസാക്കിയ വിധികൾ ദുർബലപ്പെടുത്തുന്ന അവസ്ഥയും ഈയിടെയായി കണ്ടുവരുന്നു. പലതിലും ഭൂരിപക്ഷ സമുദായങ്ങളുടെ പക്ഷത്ത് ചേർന്നുനിൽക്കുന്ന വിധികളും കാണാം.

1991ൽ പാസാക്കിയ ആരാധനാലയങ്ങൾ നിയമം, ബാബരി പള്ളിയൊഴിച്ച് രാജ്യത്തെ ഒരു ആരാധനാലയത്തിന്റെയും 1947 ആഗസ്റ്റ് 15ലെ തൽസ്ഥിതി മാറ്റരുതെന്ന് കൽപിച്ചിരുന്നതാണ്. 2019ലെ സുപ്രീംകോടതിയുടെ രാമക്ഷേത്ര നിർമാണ വിധിയിൽ, മറ്റൊരു ആരാധനാലയത്തിനു മേലുമുള്ള അവകാശവാദം കോടതികൾ പരിഗണിക്കുന്നതും വിലക്കിയിരുന്നു. എന്നാൽ, സുപ്രീംകോടതി തന്നെ 2023ൽ ഗ്യാൻവാപി മസ്ജിദ് കേസിൽ പുരാവസ്തു വകുപ്പിന് പള്ളി നിൽക്കുന്നിടത്ത് ക്ഷേത്രമുണ്ടായിരുന്നോ എന്ന് പരിശോധിക്കാൻ ‘സർവേ’ക്ക് അനുമതി നൽകി. 1991ലെ നിയമത്തിന്റെ ലംഘനമാവുമത് എന്ന തടസ്സവാദങ്ങളെയെല്ലാം, ഇതൊരു സർവേ മാത്രമാണെന്ന ന്യായത്തിൽ കോടതി തള്ളി. ഇതോടെ വേറെ അനവധി പള്ളികൾക്കുമേലും അവകാശവാദം ഉന്നയിച്ചാൽ കോടതികൾ പരിഗണിക്കുമെന്ന സ്ഥിതിയായി. പാർലമെന്റ് പാസാക്കിയ നിയമത്തെ തന്നെ നോക്കുകുത്തിയാക്കി പല പള്ളികളും തർക്കഭൂമിയും ചിലതൊക്കെ ക്ഷേത്രങ്ങൾ മാത്രവുമായി മാറി. ഏറ്റവും അവസാനം യു.പിയിലെ സഹാറൻപുർ മസ്‌ജിദ്‌ ഭരണകൂടം തന്നെ തകർക്കുന്നത്ര അരക്ഷിതമായി ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾ. ഒരു രാഷ്ട്രവ്യവസ്ഥയുടെ മൂന്നു തൂണുകളിലൊന്നായ ജുഡീഷ്യറിയിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടാൽ പിന്നെ വ്യവസ്ഥയുടെ നിലനിൽപു തന്നെ ചോദ്യംചെയ്യപ്പെടുന്ന അവസ്ഥ വരും. ബഹു മത-ജാതി-വംശരാഷ്ട്രമായ ഇന്ത്യയിൽ ഇനി ബ്രിട്ടീഷുകാർ വന്ന് രാജ്യത്തിന്റെ സ്വാതന്ത്ര്യം തട്ടിക്കൊണ്ടുപോവുകയില്ലെങ്കിലും ജനങ്ങൾക്ക് വാഗ്ദത്തം ചെയ്യപ്പെട്ട സ്വാതന്ത്ര്യങ്ങൾ ഒന്നൊന്നായി നഷ്ടപ്പെടുകയാണെങ്കിൽ രാഷ്‌ട്രഗാത്രത്തിന്റെ ആരോഗ്യത്തിനുതന്നെ അത് ഭീഷണിയാവുമെന്നത് ഗൗരവത്തിൽ എടുക്കേണ്ട ഒന്നാണ്.

Show Full Article
TAGS:Freedom preventive detention government of india Editorial News 
News Summary - Freedom belongs to the country and the people
Next Story