ഷാങ്ഹായ് ഉച്ചകോടിയുടെ സന്ദേശം
text_fieldsചൈനയിലെ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് സഹകരണ കൂട്ടായ്മയുടെ ഉച്ചകോടി പുതിയ പ്രതീക്ഷകൾ ഉയർത്തിക്കൊണ്ടാണ് സമാപിച്ചിരിക്കുന്നതെന്ന് സമ്മതിക്കാൻ മടിക്കേണ്ടതില്ല. ഇന്ത്യയും പാകിസ്താനും ചൈനയും റഷ്യയും ഇറാനും ഉൾപ്പെടെ പത്ത് രാജ്യങ്ങളുടെ പ്രതിനിധികൾ ചൈനയിലെ ഷാങ്ഹായിൽ സമ്മേളിച്ചു, 1996ൽ രൂപം നൽകിയ ഈ മേഖല കൂട്ടായ്മ ഇതിനകം പ്രസ്താവ്യമായ കാൽവെപ്പുകൾ നടത്തിയിട്ടുണ്ടെന്ന് അവകാശപ്പെടാനാവില്ലെന്നത് ശരിതന്നെ. അംഗരാഷ്ട്രങ്ങളായ ഇന്ത്യ-പാകിസ്താൻ, ഇന്ത്യ-ചൈന ബന്ധങ്ങളിൽ മഞ്ഞുരുക്കം ദൃശ്യമായതുമില്ല. എന്നല്ല, ഉപഭൂഖണ്ഡത്തിലെ രണ്ടയൽക്കാരും തമ്മിലെ ബന്ധം പൂർവാധികം വഷളാവുന്നതാണ് ഇതഃപര്യന്തമുണ്ടായ അനുഭവം. ഈ വർഷം പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഒരിക്കൽ കൂടി ഇന്ത്യയും പാകിസ്താനും തമ്മിൽ സൈനിക ഏറ്റുമുട്ടലിന്റെ സാഹചര്യം രൂപപ്പെടുകയും ചെയ്തു.
ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധവും കിഴക്കൻ ലഡാക്കിലെ ഗൽവൻ മേഖലയിലെ സൈനിക ഏറ്റുമുട്ടലിനെ തുടർന്ന് വഷളാവാൻ തുടങ്ങി. എന്നാൽ അശുഭകരമായ ഈ സ്ഥിതിവിശേഷത്തിന് ഗുണകരമായ മാറ്റം സാധ്യമാണെന്ന പ്രതീക്ഷ ജനിപ്പിച്ചിരിക്കുന്നു ഷാങ്ഹായ് ഉച്ചകോടിയുടെ ഔദ്യോഗിക പ്രഖ്യാപനം. ഭീകരതയെ തുറന്നപലപിച്ച സമ്മേളനം പഹൽഗാമിനെ കൂടി അതിൽ ഉൾപ്പെടുത്താൻ തയാറായതിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തീർച്ചയായും ചാരിതാർഥ്യത്തിന് വകയുണ്ട്. എസ്.സി.ഒ പ്രതിരോധമന്ത്രിതല സമ്മേളനത്തിൽനിന്ന് ഇന്ത്യയുടെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഇറങ്ങിപ്പോരാൻ പോലും വഴിയൊരുക്കിയത് പ്രഖ്യാപനത്തിൽ പഹൽഗാം ഭീകരാക്രമണം ഉൾപ്പെടുത്താൻ മറ്റ് രാഷ്ട്രങ്ങൾ തയാറില്ലാതിരുന്നതാണ്. ഇത്തവണത്തെ ഉച്ചകോടി പക്ഷേ, ഇന്ത്യയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിനോടൊപ്പം നിൽക്കാൻ തയാറായി. ഒപ്പം പാകിസ്താനിലെ ബലൂചിസ്താനിൽ ഭീകരർ തീവണ്ടി റാഞ്ചി നിരപരാധികളെ കൂട്ടക്കൊല ചെയ്ത നടപടിയെയും സമ്മേളനം അപലപിച്ചിരിക്കുന്നു.
ഭീകരത ലോകത്ത് ആർ എവിടെ എന്തിന്റെ പേരിൽ നടത്തിയാലും അതിനെ തുറന്നപലപിക്കുകയും ഭീകരരെ നിഷ്കരുണം കൈകാര്യം ചെയ്യുകയുമാണ് ഐക്യരാഷ്ട്ര സംഘടനയിലെ എല്ലാ അംഗരാജ്യങ്ങളുടെയും പ്രാഥമിക ചുമതല. യു.എൻ പ്രമാണങ്ങളിൽ ഒപ്പുവെച്ച അംഗരാജ്യങ്ങൾ പലപ്പോഴും ദേശീയ താൽപര്യങ്ങളുടെ പേരിൽ തങ്ങളുടെ ശത്രുക്കൾക്കെതിരായ ഭീകരാക്രമണങ്ങളെ പിന്തുണക്കുകയോ അക്കാര്യത്തിൽ മൗനമവലംബിക്കുകയോ ആണ് ചെയ്തുവന്നിട്ടുള്ളത്. കാനഡയുമായുള്ള ഇന്ത്യയുടെ ബന്ധം മോശമാവാൻ കാരണം ഖലിസ്ഥാൻ തീവ്രവാദികളുടെ നേരെ ആ രാജ്യം സ്വീകരിക്കുന്ന മൃദുസമീപനമാണല്ലോ. ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തെയും ഇറാനെതിരെ യു.എസും ഇസ്രായേലും നടത്തിയ ആക്രമണത്തെയും ഷാങ്ഹായ് സംഗമം ശക്തമായപലപിച്ചതും നിസ്സാര നേട്ടമല്ല. ഈ രണ്ടാക്രമണങ്ങളുടെയും നേരെ മൗനമവലംബിച്ചിരുന്ന ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഷാങ്ഹായ് സമ്മേളനത്തിൽ തികച്ചും വ്യത്യസ്തമായ സമീപനം സ്വീകരിച്ചത് ശുഭകരമായ നിലപാട് മാറ്റമായി തന്നെ കാണണം. മാനവികതയുടെ സകല സീമകളും ലംഘിച്ച് ഇസ്രായേൽ ഫലസ്തീന്റെ നേരെ തുടരുന്ന ഭീകര വംശഹത്യ കണ്ടില്ലെന്ന് നടിക്കാൻ ജനാധിപത്യ ഇന്ത്യക്ക് ഇനി സാധ്യമാവുമെന്ന് തോന്നുന്നില്ല.
ഷാങ്ഹായ് സമ്മേളനത്തെ ഏറെ ശ്രദ്ധേയവും താൽപര്യജനകവുമാക്കിയത് ഇന്ത്യ-ചൈന ബന്ധങ്ങളിൽ ദൃശ്യമായ മഞ്ഞുരുക്കമാണ്. പിഴത്തീരുവ ചുമത്തി, ലോകത്തിലെ 280 കോടി ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഏറ്റവും വലിയ രണ്ട് ഏഷ്യൻ രാജ്യങ്ങളെ ചൊൽപടിയിൽ നിർത്താനും ശിക്ഷിക്കാനുമാണ് യു.എസ് സർവാധിപതി ഡോണൾഡ് ട്രംപിന്റെ നീക്കമെന്ന് വ്യക്തമായിരിക്കെ, തിരുവായിക്കെതിർവായുണ്ടെന്ന് ബോധ്യപ്പെടുത്താതിരുന്നാൽ സാമ്പത്തികനഷ്ടം മാത്രമല്ല, മാനനഷ്ടവും കൂടി അനുഭവിക്കേണ്ടിവരും. നമ്മുടെ ഉൽപന്നങ്ങൾക്ക് ചൈനയിൽ അമേരിക്കയിലേതുപോലെ മാർക്കറ്റ് ലഭിച്ചുകൊള്ളണമെന്നില്ല. അതുപോലെ യു.എസിലേതുപോലെ മികച്ചതായിരിക്കണമെന്നില്ല ചില ചൈനീസ് നിർമിതികൾ. എല്ലാ പോരായ്മകളും ഒറ്റയടിക്ക് നികത്താനാവില്ലെന്നംഗീകരിച്ചുകൊണ്ടുതന്നെ ഇന്ത്യക്കും ചൈനക്കും പരസ്പര വ്യാപാരം ഗുണകരമായ വിധത്തിൽ മുന്നോട്ടുകൊണ്ടുപോവാൻ കഴിഞ്ഞാൽ ഡോണൾഡ് ട്രംപിന് സ്വരാജ്യത്ത് തന്നെ സമ്മർദങ്ങൾ നേരിടേണ്ടിവരും.
റഷ്യയുടെ അസംസ്കൃത എണ്ണ ഇന്ത്യ വാങ്ങി ശുദ്ധീകരിച്ച് യൂറോപ്യൻ രാജ്യങ്ങൾക്ക് വിൽക്കുന്നതിനാൽ റഷ്യക്കെതിരായ സാമ്പത്തികോപരോധം പൂർണമായി വിജയിക്കുന്നില്ലെന്നതാണ് ഇന്ത്യ-ചൈന-റഷ്യ സഹകരണത്തിനെതിരെ ട്രംപ് രോഷാകുലനാവാൻ ഒരു മുഖ്യകാരണം. അതേസമയം യു.എസിന് ആവശ്യമുള്ളതൊക്കെ റഷ്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്നുണ്ടുതാനും. യുക്രെയ്ൻ യുദ്ധം കഴിവതും നേരത്തെ അവസാനിപ്പിക്കാൻ അമേരിക്കയും യൂറോപ്യൻ യൂനിയനും ഇന്ത്യയും ചൈനയും കൂട്ടായി ശ്രമിക്കുകയാണ് രാഷ്ട്രീയ സാമ്പത്തിക പ്രശ്നങ്ങളുടെ തൃപ്തികരമായ പരിഹാരം. പ്രധാന ലോകരാജ്യങ്ങളുടെ ഭരണാധിപന്മാർ താൻപോരിമയും അധികാര പ്രമത്തതയും അപ്പടി നിലനിർത്തിക്കൊണ്ട് ഏതുതലത്തിൽ സഖ്യങ്ങളോ കൂട്ടായ്മകളോ തട്ടിക്കൂട്ടി ഉച്ചകോടികൾ സംഘടിപ്പിച്ചാലും വഞ്ചി തിരുനക്കരെ കിടക്കുമെന്നതിന് അനുഭവങ്ങൾ സാക്ഷി.