കടൽക്കൊള്ളയെ ചെറുത്തേ തീരൂ
text_fieldsഇന്ത്യയുടെ പരമാധികാരമുള്ള രണ്ടു ദശലക്ഷത്തോളം ചതുരശ്ര കിലോമീറ്റർ വരുന്ന സമുദ്രമേഖലയിൽനിന്ന് കൂടുതൽ മത്സ്യങ്ങളെ പിടിച്ചെടുക്കാനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിജ്ഞാപനമിറക്കിയിരിക്കുന്നു. 25 മീറ്ററിന് മുകളിൽ വലുപ്പമുള്ള യാനങ്ങൾ സഹകരണ പ്രസ്ഥാനങ്ങൾക്കും ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾക്കും (!) നൽകാനുള്ള നീക്കമാണ് നടക്കുന്നത്. ഇവരാകട്ടെ, മേഖലക്ക് വെളിയിലുള്ളവരുമാണ്. ഇതുമായി ബന്ധപ്പെട്ട് ഒക്ടോബർ 13ന് നിതി ആയോഗ് നയ പ്രഖ്യാപനം നടത്തുകയുണ്ടായി. അതുപ്രകാരം ഒക്ടോബർ 27ന് മഡ്ഗാവിൽ കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ രണ്ടു കപ്പലുകൾക്ക് പ്രവർത്തനാനുമതി നൽകി. അടിയന്തരമായി 14 കപ്പലുകൾക്കു കൂടി അനുമതി നൽകാനും തീരുമാനമുണ്ട്. ഒക്ടോബർ 31ന് കൊച്ചിയിലെ സി.എം.എഫ്.ആർ.ഐയിൽ നടന്ന യോഗത്തിൽ കേരളത്തിലും വൻകപ്പലുകൾ അനുവദിക്കുമെന്ന പ്രഖ്യാപനം കേന്ദ്ര മത്സ്യമേഖല സഹ മന്ത്രി ജോർജ് കുര്യനും നടത്തി.
ഇന്ത്യയുടെ പൂർണാർഥിക മേഖലയിൽ നിന്ന് (EEZ )പിടിച്ചെടുക്കാവുന്ന മത്സ്യങ്ങൾ 44.9 5 ലക്ഷം ടണ്ണാണെന്ന് 2010ൽ ഇന്ത്യയുടെ റീവാലിഡേഷൻ കമ്മിറ്റി കണ്ടെത്തിയിരുന്നു. 2018ൽ അത് 53.1 ലക്ഷം ടണ്ണായും നിജപ്പെടുത്തി. 2023-24ൽ 60,523 കോടി രൂപയുടെ വിദേശ നാണ്യവും അത് നേടിത്തന്നു. ഇന്ത്യൻ മത്സ്യബന്ധന മേഖലയുടെ സവിശേഷത അത് പ്രധാനമായും ഉപജീവനത്തിനും ചെറുകിട മേഖലയിലുമായി പ്രവർത്തിക്കുന്നെന്നതാണ്. നിലവിലുണ്ടായിരുന്ന എല്ലാ മത്സ്യബന്ധന യാനങ്ങളും 24 മീറ്ററിൽ താഴെയുള്ളവയാണ്. ലോകത്ത് ഏറ്റവും കൂടുതൽ യാനങ്ങൾ തീര കടലിലും പുറം കടലിലുമായി പ്രവർത്തിക്കുന്ന ഇന്ത്യയിൽ സുസ്ഥിര മത്സ്യബന്ധനത്തിന് 93,287 യാനങ്ങൾ മതിയെന്നിരിക്കെ, അതിന്റെ മൂന്നര ഇരട്ടിയോളം- 3,14,767 യാനങ്ങൾ പ്രവർത്തിക്കുന്നെന്നാണ് കേന്ദ്രസർക്കാർ കണക്ക്. ഈ ആധിക്യം മൂലം മൽസ്യോൽപാദനത്തിൽ ഗണ്യമായ ഇടിവ് സംഭവിക്കുകയും മത്സ്യത്തൊഴിലാളികൾ പടിപടിയായി മേഖല വിട്ടുപോവുകയും ചെയ്യുന്ന ഒരു സാഹചര്യമാണ് ഇന്നുള്ളത്. 200 നോട്ടിക്കൽ മൈലിന് പുറത്തുള്ള ആഴക്കടലിലാകട്ടെ, ഇപ്പോൾ പ്രവർത്തിക്കുന്ന തുത്തൂർ, നാഗപട്ടണം, തൂത്തുക്കുടി മത്സ്യത്തൊഴിലാളികളുടെ ആയിരത്തോളം യാനങ്ങളുടെ പ്രവർത്തനം മൂലം പല മത്സ്യയിനങ്ങളും സുസ്ഥിരതയുടെ അതിർത്തിയിലാണ് മത്സ്യബന്ധനം നടത്തുന്നതെന്ന് ഇന്ത്യൻ ഓഷ്യൻ ട്യൂണ കമീഷനും വെളിപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വൻകിട കപ്പലുകളെത്തുന്നത്. ഒരു ലക്ഷം മുതൽ മൂന്നു ലക്ഷം വരെ വാട്ടുകളുള്ള വൈദ്യുതി വിളക്കുകൾ ഉപയോഗിക്കുന്ന ഈ യാനങ്ങൾ തീരക്കടലിൽ നിന്നടക്കം മത്സ്യങ്ങളെ ആകർഷിക്കുകയും ചുരുങ്ങിയ സമയം കൊണ്ട് വൻതോതിൽ അവയെ പിടിച്ചെടുക്കുകയും ചെയ്യും. തീരദേശ നിവാസികളുടെ ഉപജീവന അവകാശമാണ് ഇത് നിഹനിക്കുക. സഹകരണ സംഘങ്ങളുടെ പേരിൽ മൂലധന സാന്ദ്രമായ വൻകിടയാനങ്ങൾ വരുന്നത് മേഖലയെ മൊത്തത്തിൽ പ്രതിസന്ധിയിലാഴ്ത്തും. ആഴക്കടൽ കലക്ടര് യാനങ്ങളിലേക്കും മത്സ്യം കടത്താമെന്നതും, വിദേശ തുറമുഖങ്ങളിലേക്കും ഈ കപ്പലുകൾ അടുപ്പിക്കാമെന്നതും മേഖലയിലെ വൻകിട സംരംഭങ്ങളുടെ സാന്നിധ്യത്തെയാണ് ചൂണ്ടിക്കാട്ടുന്നത്. കേരളത്തിലെ കടലിൽ 37642 യാനങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ആഴക്കടൽ മത്സ്യബന്ധനത്തിനായി കേരളത്തിന് മുമ്പ് അനുവദിച്ച 10 യാനങ്ങളും ഇപ്പോൾ പ്രവർത്തനക്ഷമമല്ല. കഴിഞ്ഞമാസം ഇതുമായി ബന്ധപ്പെട്ട് ലീഗ് എം.എൽ.എമാർ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് വൻകിട കപ്പലുകളെ മേഖലയിൽ കൊണ്ടുവരുന്നത് നാം അംഗീകരിക്കുന്നില്ലെന്ന നിലപാടാണ് സംസ്ഥാന ഫിഷറീസ് മന്ത്രി സ്വീകരിച്ചത്.
യൂറോപ്പിലെ തണുത്ത ജലാശയങ്ങളിൽ പ്രയോഗിച്ച് പരാജയപ്പെട്ട യാനങ്ങളെയാണ് ഇന്ത്യയിലേക്ക് പുത്തൻ ആഴക്കടൽ മത്സ്യബന്ധന നയത്തിന്റെ പേരിൽ കൊണ്ടുവരുന്നത്. ഇന്ത്യയിൽ 1977ൽ ചാർട്ടേഡ് വെസൽസിന്റെയും, 1982ൽ ജോയന്റ് വെഞ്ചേഴ്സിന്റെയും, 1991ൽ പുത്തൻ ആഴക്കടൽ മത്സ്യബന്ധന നയത്തിന്റെ പേരിലും, 2014ൽ മീനാകുമാരി റിപ്പോർട്ടിന്റെ പേരിലും വൻകിടയാനങ്ങൾ കൊണ്ടുവരാനുള്ള നീക്കങ്ങളും നടപടികളും നടന്നതാണ്. കേവലം നാലു ശതമാനം മാത്രം മത്സ്യമുള്ള ആഴക്കടൽ മേഖലയിൽ മത്സ്യബന്ധനം നടത്തുക സാമ്പത്തികമായി ലാഭകരമല്ലാത്തതിനാൽ വൻകിട കുത്തക കമ്പനികളൊക്കെയും ഇതിന്റെ പ്രവർത്തനം അവസാനിപ്പിക്കുകയായിരുന്നു.
യൂറോപ്പിലാകട്ടെ, ഐക്യരാഷ്ട്ര സംഘടനയുടെ ഐ.യു.സി.എൻ റിപ്പോർട്ട് പ്രകാരം 1616 മത്സ്യയിനങ്ങൾ അപകടകരമായ അവസ്ഥയിലാണ്. 989 ഇനങ്ങൾ ഇതിനകം പ്രതിസന്ധിയെ നേരിടുകയാണ്. 627 ഇനങ്ങൾ പൂർണ വിനാശത്തിന്റെ വക്കിലുമാണ്. മുമ്പ് ധാരാളമായി ലഭിച്ചിരുന്ന അറ്റ്ലാൻറിക് ഹാലിബട്, ബ്ലൂഫിൻ ട്യൂണ, യൂറോപ്യൻഈൽ ,'ബലുവേഗ സ്റ്റർജിയൻ, നസാവു ഗ്രൂപ്പർ, വിന്റർ സ്കേറ്റ്, റെഡ് ഹാൻഡ് ഫിഷ്, ഓറഞ്ച് റഫി, പാറ്റഗോണിയൻ ടൂത്ത് ഫിഷ് തുടങ്ങിയ മത്സ്യങ്ങൾ നാശത്തിന്റെ വക്കിലാണ്. പല രാജ്യങ്ങളും ഈ മത്സ്യങ്ങളെ പിടിക്കുന്നതിന് വിലക്കോ, നിയന്ത്രണമോ ഏർപ്പെടുത്തിയിട്ടുണ്ട്. ലോക വ്യാപാര സംഘടനയുടെ ദോഹ സമ്മേളനവുമായി ബന്ധപ്പെട്ട് 2022 ജനീവയിൽ ചേർന്ന പന്ത്രണ്ടാം മന്ത്രിതല സമ്മേളനവും, 2024ന് അബൂദബിയിൽ ചേർന്ന പതിമൂന്നാം സമ്മേളനവും ഈ വിഷയം ഗൗരവമായി ചർച്ച ചെയ്തു. ഈ വർഷം ഫ്രാൻസിലെ നീസിൽ ചേർന്ന സമ്മേളനത്തിൽ മത്സ്യ മേഖലയുടെ തകർച്ചയെ സംബന്ധിച്ച് ഗൗരവപൂർവമായി ചർച്ച നടന്നു. മൊത്തം പിടിക്കാവുന്ന മത്സ്യങ്ങളെ ഓരോ രാജ്യവും നിശ്ചയിച്ചിട്ടുണ്ട്. ഓരോ യാനവും പിടിക്കാവുന്ന മത്സ്യങ്ങളും അവർ ക്രമീകരിച്ചുകൊണ്ടിരിക്കുകയാണ്. സബ്സിഡികൾ അമിത മത്സ്യബന്ധനത്തിലേക്ക് നയിക്കുമെന്നതിനാൽ അവ നിർത്തിവെക്കുന്നതുമായി ബന്ധപ്പെട്ട കരാറിൽ ഇതിനകം 111രാജ്യങ്ങൾ ഒപ്പുവെച്ചുകഴിഞ്ഞു. ഇനി ആറ് രാജ്യങ്ങൾ കൂടി ഒപ്പുവെക്കുന്നതോടെ, കരാർ പ്രാബല്യത്തിലാവും. നമ്മുടെ മേഖല ചെറുകിടയും പരമ്പരാഗതവുമാണെന്നും ഈ മേഖലയിലെ സബ്സിഡികൾ നാമ മാത്രമാണെന്നും പറഞ്ഞുകൊണ്ട് ഇന്ത്യ സർക്കാർ ഇപ്പോഴും ഒപ്പുവെച്ചിട്ടുമില്ല.
മേഖലക്ക് മൂലധന സാന്ദ്രമായ വ്യവസായങ്ങളോ, കപ്പലുകളോ ഇനിയങ്ങോട്ട് ആവശ്യമില്ലെന്ന സമവായത്തിലേക്ക് യൂറോപ്പ് എത്തിനിൽക്കെയാണ് ഇന്ത്യയിൽ വൻകിട കപ്പലുകളെയും കൊണ്ടുവരുന്നത്.
സഹകരണ മേഖലയുടെ മറവിൽ ഈ മേഖലയെ പൂർണമായും കുത്തകകൾക്ക് അടിയറവെക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. ഇന്ത്യയിലെ മത്സ്യത്തൊഴിലാളികൾ എതിർത്ത് പരാജയപ്പെടുത്തിയ നടപടികൾ വീണ്ടും കൊണ്ടുവരാനുള്ള ഈ നീക്കത്തെ ഒറ്റക്കെട്ടായി ചെറുക്കാൻ കേരളം മുന്നിട്ടിറങ്ങേണ്ടതുണ്ട്.
(കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ) സംസ്ഥാന പ്രസിഡന്റാണ് ലേഖകൻ)


