Begin typing your search above and press return to search.
exit_to_app
exit_to_app
എസ്.ഐ.ആർ പന്തുതട്ടിക്കളിയോ?
cancel

പിതാവ് പ്രമുഖ ഗാന്ധിയനും മദ്യവിരുദ്ധ പ്രവർത്തകനും ഗാന്ധി സ്മാരകനിധിയുടെ മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോളജ് അധ്യാപകൻ; മാതാവ് കോളജ് അധ്യാപിക. ജനാധിപത്യത്തിനും പൗരാവകാശങ്ങൾക്കുംവേണ്ടി നിലകൊണ്ട അവരിരുവരുടെയും പാതയിലൂടെ നടന്ന മകൻ മാധ്യമപ്രവർത്തനം തൊഴിലായി സ്വീകരിച്ചു, തിരുവനന്തപുരത്തുനിന്നു കൊൽക്കത്തയിലേക്കു ഊരും വിലാസവും വോട്ടും പറിച്ചുനട്ടു, സംഭവബഹുലമായ പത്രപ്രവർത്തനത്തിലൂടെ ബംഗാളും കടന്നു ദേശീയതലത്തിൽതന്നെ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യാധിഷ്ഠിത മാധ്യമപ്രവർത്തനത്തിന്റെ മുൻനിരയിൽ വിലാസം പതിച്ചെടുത്തു. കൊൽക്കത്തയിൽനിന്നുള്ള ’ദ ടെലഗ്രാഫി’ന്റെ ധീരനായ പത്രാധിപരായി ഉയർന്നു....എല്ലാമായിട്ടെന്ത്, കൊൽക്കത്തയിലെ ബാളിഗഞ്ച് നിയമസഭ മണ്ഡലത്തിൽ പതിവായി വോട്ടുരേഖപ്പെടുത്തി വന്ന ‘ദ ടെലഗ്രാഫ്’ മുൻ പത്രാധിപർ ആർ. രാജഗോപാലിന്റെ പേര് വോട്ടർപട്ടികയിൽനിന്നു വെട്ടിയിരിക്കുന്നു. അതും പോരാഞ്ഞിട്ട് കോടിക്കണക്കിനു വോട്ടർമാരെ എഴുതിത്തള്ളി കുപ്രസിദ്ധമായ പ്രത്യേക തീവ്രപരിശോധനക്കു ശേഷമുള്ള പട്ടികയിൽ പേരില്ലാത്ത കാരണം പറഞ്ഞ് അദ്ദേഹത്തിന്റെ പാസ്പോർട്ട് പുതുക്കാൻ അധികൃതർ തടസ്സവാദമുന്നയിച്ചിരിക്കുന്നു.

പാസ്പോർട്ട് പൗരത്വത്തിനുള്ള രേഖയല്ല എന്നു സുപ്രീംകോടതിയിൽ കേന്ദ്രം വ്യക്തമാക്കിയിരിക്കെയാണ് എസ്.ഐ.ആറിന്റെ മറവിൽ പാസ്പോർട്ട് പുതുക്കാതെ പിടിച്ചുവെച്ചിരിക്കുന്നത്. പാസ്പോർട്ട് പുതുക്കാൻ എസ്.ഐ.ആറിൽ പേര് വെട്ടിയതിനാൽ മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ്, പിതാവിന്റെ മരണ സർട്ടിഫിക്കറ്റ്, പാൻ കാർഡ്, ആധാർ കാർഡ്, താമസിക്കുന്ന വീട്ടിലെ ഗ്യാസ് ബിൽ തുടങ്ങിയ രേഖകൾ ആവശ്യപ്പെട്ടു. നടപടിക്രമത്തിന്റെ ഭാഗമായി ബയോമെട്രിക്സുമെടുത്തു. എല്ലാം കഴിഞ്ഞപ്പോൾ കൊൽക്കത്ത പൊലീസ് സ്പെഷൽ ബ്രാഞ്ച് ഓഫിസിലെത്താൻ നിർദേശം.

അവിടെ ചെന്നപ്പോൾ പറയുന്നു, എസ്.ഐ.ആറിൽ പേരില്ലാത്തതിനാൽ വോട്ടർപട്ടികയിൽ പേര് വന്നാലല്ലാതെ പാസ്പോർട്ട് നൽകാനാവില്ലെന്ന്. ഉറങ്ങുന്നവനെ ഉണ്ണാൻ വിളിച്ചുണർത്തി ഊണില്ലെന്നു പറയുന്ന ഈ ക്രൂരവിനോദത്തിന് എന്തുപറയും? ഒന്നും പറയാനില്ല. ഇതാണ് നരേന്ദ്ര മോദി സർക്കാർ നയിക്കുന്ന പുതിയ ഇന്ത്യ. അവിടെ വോട്ടർപട്ടികയിൽ പേരു ചേർത്ത് മേൽവിലാസമുറപ്പിച്ചു കിട്ടാൻ, പാസ്പോർട്ട് പുതുക്കി അമേരിക്കയിലെ മക്കളെ കാണാനുളള യാത്രാരേഖ ഒപ്പിക്കാൻ പൊലീസ് സ്റ്റേഷനിൽ ചെല്ലുന്ന രാജഗോപാലിനെ സെക്യൂരിറ്റി കൺട്രോൾ ഓർഗനൈസേഷനിലേക്കു പറഞ്ഞുവിട്ടു. അവിടെനിന്ന് സ്പെഷൽ ബ്രാഞ്ച് ഓഫിസിലേക്ക്.

അവിടെനിന്ന് മുതിർന്ന ഉദ്യോഗസ്ഥനെ കാണാൻ. അവിടെ ചെല്ലുമ്പോൾ വീണ്ടും പഴയ എസ്.ഐ.ആർ വെട്ടു കാണിച്ചു കൈമലർത്തൽ. ഈ പന്തുതട്ടിക്കളിയിൽ പെട്ടുപോയ രാജഗോപാലിന് നഷ്ടമായത് മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനുള്ള അവകാശം. ഈ കളിയിൽ പെട്ടുപോയ ആയിരങ്ങളിൽ എസ്.ഐ.ആറിൽ പേരില്ലാത്തതിനാൽ കുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റ് ലഭിക്കാത്തവരുണ്ട്. റേഷൻ റദ്ദാക്കുമെന്ന ഭീഷണി നേരിടുന്നവരുണ്ട്. സർക്കാർ നടപടിക്രമങ്ങൾക്കു പിറകെ കൂടാൻ അറിയുന്നവരും അവരുടെ സഹായം കിട്ടിയവരും അപ്പീൽ സമർപ്പിച്ച് ട്രൈബ്യൂണലിന്റെ ദയക്കു കാത്തിരിക്കുന്നുണ്ട്.

എന്നാൽ, ഈ ധാരണകളൊന്നുമില്ലാതെ അപ്പീൽ നൽകാനറിയാത്ത പതിനായിരങ്ങൾ പേരു വെട്ടിപ്പോയ പശ്ചിമബംഗാളിലെ 27 ലക്ഷം പേരിലുണ്ട്. കുത്തും കോമയും അക്ഷരത്തെറ്റുമൊക്കെയാണ് വലിയ പൊരുത്തക്കേടുകളാക്കി മാറ്റി ജനാധിപത്യാവകാശവും നിൽക്കക്കള്ളിയുമൊക്കെ ഭരണകൂടം അപഹരിച്ചെടുക്കുന്നത്; അതും സർക്കാർ മേൽവിലാസത്തിൽ രാഷ്ട്രാഭിമാനമായി പടുത്തുയർത്തിയ രാമക്ഷേത്രത്തിന്റെ കാണിക്കകോടികൾ വെട്ടുന്ന അമ്പലം വിഴുങ്ങികളുടെ നാട്ടിൽ.

എസ്.ഐ.ആർ വോട്ടർപട്ടിക ശുദ്ധീകരണത്തിനാണെന്നാണ് യൂനിയൻ സർക്കാർ വാദിച്ചത്. സുപ്രീംകോടതി അത് അംഗീകരിക്കുകയും ചെയ്തു. പാസ്പോർട്ട് യാത്രാരേഖ; ആധാർ താമസ, തിരിച്ചറിയൽ രേഖ; പാൻ കാർഡ് നികുതിയടപ്പ് അടയാളം, വോട്ടർ തിരിച്ചറിയൽ കാർഡ് വോട്ടു രേഖപ്പെടുത്താനുള്ള തെളിവ്. അപ്പോൾ പിന്നെ, എന്താണ് പൗരത്വം തെളിയിക്കാനുള്ള ആധികാരിക രേഖ? അക്കാര്യത്തിൽ കേന്ദ്രം ഇനിയും കൃത്യമായ നയം രൂപവത്കരിച്ചിട്ടില്ല. ഓരോ കേസിലും യഥാഹിതം നയം ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഓരോ ഉദ്യോഗസ്ഥനും അധികാരിയും വംശീയവും രാഷ്ട്രീയവുമായ താൽപര്യങ്ങൾ വെച്ച് നയമുണ്ടാക്കാൻ ഇത് അവസരമൊരുക്കുന്നു.

‘ടെലഗ്രാഫ്’ പത്രാധിപരായിരിക്കെ, രാജഗോപാൽ സ്വീകരിച്ച ജനപക്ഷ നയനിലപാടുകൾ അദ്ദേഹത്തിന് എതിരായി ഭവിച്ചോ എന്നു മുതിർന്ന മാധ്യമപ്രവർത്തകർ സംശയിക്കുന്നത് ഈ സാഹചര്യത്തിലാണ്. എസ്.ഐ.ആർ നടപ്പാക്കിയ പശ്ചിമബംഗാൾ അടക്കമുള്ള സംസ്‍ഥാനങ്ങൾ സർക്കാർ പദ്ധതികളിൽനിന്നുള്ള ആനുകൂല്യം പേരു വെട്ടിയ ആളുകൾക്ക് തടയാൻ തീരുമാനമെടുത്തത് യൂനിയൻ ഗവൺമെന്റിന്റെ ഈ മിണ്ടാപ്പോക്ക് നയം മറയാക്കിയാണ്. ഇതിനെ നേരിടാനുള്ള പൗരജനങ്ങളുടെ അവകാശത്തെ എങ്ങനെ കൈകാര്യം ചെയ്യും എന്നും രാജഗോപാലിന്റെ അനുഭവം തെളിയിക്കുന്നുണ്ട്. പതിറ്റാണ്ടുകൾക്കപ്പുറമുള്ള പൂർവികരുടെ രേഖകൾ പരതിപ്പിടിച്ച് മേൽവിലാസമുറപ്പിക്കാൻ പൗരർക്ക് ‘പണി കൊടുക്കുന്ന’ ഭരണകൂടത്തെ ജനാധിപത്യവിലാസത്തിൽ എങ്ങനെ പൊറുപ്പിക്കും?

രാജഗോപാലിന്റെ വിഷയത്തിൽ പത്രാധിപസംഘടനയായ എഡിറ്റേഴ്സ് ഗിൽഡും പ്രതിപക്ഷവുമൊക്കെ രംഗത്തുവന്നിട്ടുണ്ട്. അദ്ദേഹം പറഞ്ഞപോലെ, ഇത് ഒരു ‘ഇര’യുടേതല്ല, രാജ്യം സംശയത്തടവിൽ നിർത്തുന്ന അനേകം കോടി പൗരന്മാരുടെ വിഷയമാണ്. രാജഗോപാലിനോട് ഐക്യദാർഢ്യപ്പെടാതിരിക്കാൻ ആർക്കുമാവില്ല. അതു പേരു മായ്ക്കപ്പെടുന്ന ജനാധിപത്യക്രമത്തെ തിരിച്ചുപിടിക്കാനുള്ള പോരാട്ടമാണ്. പൗരജനങ്ങളെ പന്തുതട്ടിക്കളിക്കാൻ വിട്ടുകൊടുക്കില്ല എന്ന പ്രഖ്യാപനമാണ്. മാനവികതയും ജനാധിപത്യബോധവുമുള്ള ആർക്കും അതിൽനിന്നു മാറിനിൽക്കാനാവില്ല.

Show Full Article
TAGS:editorial opinion SIR voter list election solidarity 
News Summary - Is SIR playing ball?
Next Story