Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightനീതിപീഠം വീണ്ടും...

നീതിപീഠം വീണ്ടും നിരാശപ്പെടുത്തുന്നു

text_fields
bookmark_border
നീതിപീഠം വീണ്ടും നിരാശപ്പെടുത്തുന്നു
cancel
സമാധാനപരമായ സാമൂഹികാന്തരീക്ഷം ഉറപ്പാക്കാൻ നിർമിച്ച നിയമം തന്നെ നോക്കുകുത്തിയാവുന്ന അവസ്ഥ വന്നാൽ പിന്നെ എന്തുകണ്ടാണ് പൗരജനങ്ങൾ നീതിക്കുവേണ്ടി കോടതികളെ സമീപിക്കുക?

മധ്യപ്രദേശിലെ ധാർ പട്ടണത്തിൽ സ്ഥിതിചെയ്യുന്ന കമാൽ മൗല മസ്‌ജിദിൽ മുസ്‍ലിംകളുടെ വെള്ളിയാഴ്ച പ്രാർഥന തടഞ്ഞുകൊണ്ട് മധ്യപ്രദേശ് ഹൈകോടതി കഴിഞ്ഞ മേയ് 15ന് വിധിപറഞ്ഞിരുന്നു. ആ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഏതാനും മുസ്‌ലിംകൾ ഫയൽ ചെയ്ത അപ്പീൽ സുപ്രീംകോടതി ചൊവ്വാഴ്ച തള്ളിയതോടെ മുസ്‍ലിംകൾക്ക് പള്ളിക്കകത്ത് വെള്ളിയാഴ്ച നമസ്കരിക്കാനാവാത്ത അവസ്ഥ തുടരും. പള്ളിക്കു സമീപമുള്ള ഒഴിഞ്ഞ സ്ഥലത്ത് വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണി മുതൽ മൂന്നുമണി വരെ ജുമുഅ പ്രാർഥന നടത്താൻ സൗകര്യമൊരുക്കണമെന്നും കുഴപ്പമുണ്ടാക്കാൻ ആരെയും അനുവദിക്കരുതെന്നും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട മൂന്നംഗ ബെഞ്ച് സംസ്ഥാന സർക്കാറിന് നിർദേശവും നൽകി. പ്രസ്തുത ആരാധനാ സമുച്ചയത്തിന്റെ സ്വഭാവം ഹിന്ദു ക്ഷേത്രത്തിന്റേതാണെന്നും അതൊരു സരസ്വതി ക്ഷേത്രമായിരുന്നുവെന്നുമായിരുന്നു ഹൈകോടതി വിധിച്ചത്. പുരാവസ്തു സർവേ വകുപ്പിന്റെ (എ.എസ്.ഐ) തീരുമാനമനുസരിച്ച് വെള്ളിയാഴ്ച മുസ്‍ലിംകൾക്കും ചൊവ്വാഴ്ച ഹിന്ദുക്കൾക്കും പ്രാർഥന നടത്താൻ അനുവദിച്ചുള്ള 2003ലെ ഒത്തുതീർപ്പ് വ്യവസ്ഥ റദ്ദാക്കിയതും പ്രസ്തുത ഹൈകോടതി വിധി തന്നെ. പതിമൂന്നാം നൂറ്റാണ്ടുമുതൽ സൂഫിവര്യൻ കമാലുദ്ദീൻ ചിശ്ത്തിയുടെ കേന്ദ്രമായിരുന്ന പള്ളിയിൽ നൂറ്റാണ്ടുകളായി പ്രാർഥനകൾ നടന്നുവന്നതാണ്. പുരാവസ്തു വകുപ്പിന്റെ ഇടപെടലും കോടതി വിധിയും വരുന്നതുവരെ അഞ്ചുനേരത്തെ പ്രാർഥനകളും അതിൽ പെടും. പിന്നീട് 2003ൽ എ.എസ്.ഐ നടത്തിയ സർവേക്ക് ശേഷമാണ് ദിനേന അഞ്ചുനേരത്തെ പ്രാർഥന അവസാനിപ്പിക്കുകയും വെള്ളി/ചൊവ്വ ദിവസങ്ങളിലെ പ്രാർഥനാ സംവിധാനം നിലവിൽ വരുകയും ചെയ്തത്. ഇതിനെതിരെ ഒരു ഹിന്ദുസംഘടന നൽകിയ ഹരജിയിലാണ് ഹൈകോടതി അതും വിലക്കിയത്. ആ വിധിക്കെതിരെ നൽകിയ മുസ്‍ലിം ഹരജിക്കാരുടെ അപേക്ഷയിലാണ് ചൊവ്വാഴ്ച സുപ്രീംകോടതി വിധി.

1991ലെ ആരാധനാലയ നിയമമനുസരിച്ച് ആരാധനാലയങ്ങളുടെ തൽസ്ഥിതി മാറ്റിക്കൂടാ എന്ന കാര്യം സുപ്രീംകോടതിയിൽ മുസ്‍ലിം പക്ഷം വാദിച്ചിരുന്നു. അയോധ്യയിലെ രാമക്ഷേത്രം ഒറ്റ അപവാദമാണെന്നും മറ്റൊരു ആരാധനാലയത്തിന്മേലും ഇതുപോലുള്ള അവകാശവാദങ്ങൾ ഉന്നയിക്കാൻ പാടില്ലെന്നും അവർ വാദിച്ചുനോക്കിയെങ്കിലും ഫലിച്ചില്ല. സംഘർഷഭരിതമായ ബാബരി വിവാദ ഘട്ടത്തിൽ ഹിന്ദുത്വ നേതൃത്വം പല പള്ളികളുടെ മേലും അവകാശ വാദം ഉന്നയിച്ചുകൊണ്ടിരുന്നപ്പോൾ കുഴപ്പങ്ങൾ തടയാൻ ബാബരി ഒഴിച്ചുള്ള എല്ലായിടത്തും അത് നിരോധിച്ചുകൊണ്ടുള്ളതായിരുന്നു പ്രസ്തുത നിയമം. നിയമത്തിന്റെ മൂന്നാം ഖണ്ഡിക ഒരു വിഭാഗത്തിന്റെ ആരാധനാലയം മറ്റൊരു വിഭാഗത്തിന്റേതാക്കി മാറ്റുന്നത് വിലക്കുന്നു. നാലാം ഖണ്ഡികയാവട്ടെ, 1947 ആഗസ്റ്റ് 15ന് നിലനിൽക്കുന്ന അവസ്ഥയിൽ ഏതു ആരാധനാലയത്തിന്റെ കാര്യത്തിലും കോടതികളിൽ വ്യവഹാരമുണ്ടെങ്കിൽ അത് റദ്ദാവുമെന്നും നിശ്ചയിച്ചതാണ്. ഇതിനെതിരെയുള്ള നിയമനിർമാണവും അസാധുവാകും. ഇതൊക്കെയായിട്ടും നിലനിന്ന സ്ഥിതിയിൽ കാതലായ മാറ്റം വരുത്താൻ മാത്രം എന്ത് സാഹചര്യമാണുണ്ടായത് എന്ന് ബോധ്യപ്പെടാൻ പ്രയാസം. 800 വർഷം നമസ്കാരവും 1995ലെ ഒത്തുതീർപ്പനുസരിച്ച് ഇരു വിഭാഗത്തിന്റെ ആരാധനയും നടപ്പാകുമെങ്കിൽ എന്തുകൊണ്ട് അതിനിയും തുടർന്നുകൂടാ എന്ന, ഹരജിക്കാർക്കുവേണ്ടി ഹാജരായ മീനാക്ഷി അറോറയുടെ ചോദ്യം നീതിപീഠത്തിന്റെ മുന്നിലെന്ന പോലെ ഇന്ത്യയെന്ന ബഹുമത അസ്തിത്വത്തിനുനേരെ കൂടിയാണ്.

രാജ്യത്തെ പള്ളികളുടെ മേൽ എന്തൊക്കെയോ ഐതിഹ്യങ്ങളും ചരിത്ര വിവാദങ്ങളുമുയർത്തി അവകാശവാദമുന്നയിക്കുന്ന പതിവുരീതി തന്നെയാണ് മധ്യപ്രദേശിലെ മൗല മസ്ജിദിന്റെ കാര്യത്തിലും സംഘ്പരിവാർ സ്വീകരിച്ചത്. രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കെന്താണ് പ്രശ്നമെന്നു ചോദിച്ചും കോൺഗ്രസ് കാലത്തെ വർഗീയ കലാപങ്ങളുടെ കണക്കുപറഞ്ഞും നല്ലപിള്ള ചമയാൻ ശ്രമിക്കാറുണ്ടായിരുന്ന ബി.ജെ.പി/സംഘ് പരിവാർ ക്യാമ്പ് ഇപ്പോൾ പച്ചക്കു വർഗീയതയുടെ പക്ഷം ചേരുകയാണ്. രാജ്യത്തെ എല്ലാ പള്ളികളിലും ഹിന്ദു ചിഹ്നങ്ങളുടെ അവശിഷ്ടങ്ങളുണ്ടോ എന്ന് ചുഴിഞ്ഞുനോക്കേണ്ടതില്ല എന്ന് ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് തന്നെ ഉപദേശിച്ചിരുന്നതാണ്. എന്നിട്ടെന്തായി? അയോധ്യക്കു ശേഷം ആർ.എസ്.എസ് അവകാശവാദം കുറിച്ചിട്ട വാരാണസിയിലെ ഗ്യാൻവാപി മസ്‌ജിദും മഥുര ശാഹി ഈദ്ഗാഹ് മസ്ജിദും കടന്ന് യു.പിയിൽ സംഭാലിലെ ശാഹി ഇമാം മസ്‌ജിദ്‌ മുതൽ കർണാടകയിൽ ശ്രീരംഗപട്ടണത്തെ ജമാമസ്ജിദ് വരെ അസംഖ്യം പള്ളികളുടെ മേൽ അവകാശവാദം തുടരുകയാണ് സംഘ്പരിവാർ. ഇതിനുപുറമെ ഭൂമി കൈയേറ്റവും നിയമവിരുദ്ധ നിർമാണവും ആരോപിച്ച് ബുൾഡോസർ കയറ്റി ഇടിച്ചു നിരത്തുന്ന പള്ളികളും. നിയമപീഠം ഈ കൃത്യങ്ങളിലെടുക്കുന്ന നടപടികളൊന്നും മർമത്തിൽ സ്പർശിക്കുന്നതോ കുറ്റവാളികൾക്കു മാതൃകാപരമായ ശിക്ഷ നൽകുന്നതോ അല്ല. ഗ്യാൻവാപി വിഷയത്തിൽ പള്ളിയിലെ ജലസംഭരണിക്കടിയിൽ ശിവലിംഗമുണ്ടായിരുന്നോ എന്നു പരിശോധിക്കാൻ അനുവദിച്ചതും 1991ലെ ആരാധനാലയ നിയമത്തിനെതിരാവില്ല അതെന്നു വിധിച്ചതും സുപ്രീംകോടതി തന്നെയാണ്. അതാണ് പിന്നീടുള്ള പല അവകാശവാദങ്ങൾക്കും വഴിയൊരുക്കിയതും. സമാധാനപരമായ സാമൂഹികാന്തരീക്ഷം ഉറപ്പാക്കാൻ നിർമിച്ച നിയമം തന്നെ നോക്കുകുത്തിയാവുന്ന അവസ്ഥ വന്നാൽ പിന്നെ എന്തുകണ്ടാണ് പൗരജനങ്ങൾ നീതിക്കുവേണ്ടി കോടതികളെ സമീപിക്കുക?

കോടതികൾ ആത്മനിഷ്ഠമായോ വലിച്ചുനീട്ടിയ വ്യാഖ്യാനങ്ങളിലൂടെയോ ശക്തമായ നിലപാടുകൾ എടുക്കുന്നതിൽനിന്ന് പിൻവലിയുകയും വൈകാരിക വിഷയമായതിനാൽ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടതുണ്ട് എന്ന ന്യായംപറഞ്ഞ് അക്രമോത്സുക പക്ഷത്തിന്റെ താൽപര്യങ്ങൾക്ക് വശംതൂങ്ങുകയും ചെയ്യുമ്പോൾ നീതിപീഠം വീണ്ടും നമ്മെ നിരാശപ്പെടുത്തുന്നു എന്നുതന്നെ പറയേണ്ടിവരും.

Show Full Article
TAGS:Kamal Maula Mosque Madhyamam Editorial Supream court 
News Summary - The court disappoints again
Next Story