കൂരിരുൾ കാട്ടിലെ നക്ഷത്രപ്പൊട്ടുകൾ
text_fieldsലോകത്തെ ഏറ്റവും വലിയ മതനിരപേക്ഷ സ്ഥിതി സമത്വ ജനാധിപത്യ റിപ്പബ്ലിക്കിനെ മതാധിഷ്ഠിത സമഗ്രാധിപത്യ രാഷ്ട്രമാക്കി പരിവർത്തിപ്പിക്കാനുള്ള സംഘ്പരിവാർ ഫാഷിസ്റ്റ് പദ്ധതികൾ ഒന്നിനു പിറകെ ഒന്നായി ദ്രുതവേഗത്തിൽ ചുരുൾ നിവർത്തിവരുന്ന കാലമാണിത്. രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ, അതിൽ തന്നെ വലിയ ന്യൂനപക്ഷ വിഭാഗമായ മുസ്ലിം സമുദായത്തെ അന്യവത്കരിച്ചും, പൈശാചികവത്കരിച്ചും, അക്രമങ്ങളിലൂടെയും അനീതിപൂർവകമായ നിയമനിർമാണങ്ങളിലൂടെയും ഭീതിയുടെയും ഹതാശയുടെയും കൊടുംകയങ്ങളിലേക്ക് തള്ളിയിടാൻ നടത്തുന്ന ശ്രമങ്ങൾ അതിൽ പ്രധാനപ്പെട്ടതാണ്.
പ്രാർഥനക്ക് പോകുന്നവരെ കല്ലെറിഞ്ഞും, ഉച്ചഭാഷിണി ഉപയോഗത്തിന്റെ പേരിൽ മൗലവിയെ ജയിലിലടച്ചും ചരിത്രപ്രാധാന്യമുള്ള ആരാധനാലയങ്ങൾക്കുമേൽ ആധിപത്യം സ്ഥാപിച്ചും, എങ്ങനെ പ്രാർഥിക്കണമെന്ന് തീട്ടൂരമിറക്കിയും പുണ്യ റമദാൻ മാസത്തിൽപോലും അവരുടെ സാമൂഹിക ജീവിതം അരക്ഷിതത്വത്തിലാക്കും വിധത്തിൽ രാജ്യത്തിന്റെ മൂല്യങ്ങൾക്ക് വിരുദ്ധമായ, അത്യന്തം അപലപനീയമായ നടപടിക്രമങ്ങളാണ് വർഗീയ വലതുപക്ഷ ഗ്രൂപ്പുകളുടെയും മന്ത്രി മുഖ്യന്മാരുടെയും ഭാഗത്തു നിന്നുണ്ടായത്. വെള്ളിയാഴ്ചയും ഹോളിയും ഒരുമിച്ചു വന്ന വേളയിൽ പള്ളികൾ ടാർപോളിൻകൊണ്ട് മറച്ചുവെക്കാൻ നിർദേശിക്കപ്പെട്ടതുപോലും അത്തരമൊരു സാഹചര്യത്തിലാണ്. റമദാന് തൊട്ടുപിന്നാലെ സമുദായം ഈദാഘോഷ നിറവിൽ നിൽക്കുന്നവേളയിൽത്തന്നെ അവരുടെ വഖഫ് സ്വത്തുക്കൾക്കുമേൽ കൈകടത്താൻ ലക്ഷ്യമിടുന്ന ബിൽ പാർലമെന്റിൽ അവതരിപ്പിച്ചതും ഒട്ടുമേ യാദൃച്ഛികമല്ല. തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര ചൂണ്ടിക്കാണിച്ചതുപോലെ വഖഫ് ഭേദഗതി ബിൽ വഴി നിങ്ങളീ രാജ്യത്തെ തുല്യ പൗരരല്ല, നിങ്ങൾക്ക് ഞങ്ങളുടേതുപോലുള്ള അവകാശങ്ങൾ ഇവിടെയില്ലെന്ന് ഓരോ ഇന്ത്യൻ മുസ്ലിമിനോടും പറയുകയാണ് ഭരണകൂടം.
എപ്രകാരമാവും നമ്മുടെ, ഈ രാജ്യത്തിന്റെ ഭാവിയെന്ന് ന്യൂനപക്ഷ സമൂഹങ്ങളും അവരോട് അനുതാപം പുലർത്തുന്ന മതനിരപേക്ഷ മനുഷ്യാവകാശ സമൂഹവും ആശങ്കപ്പെടുന്നൊരു സന്ദർഭത്തിലാണ് ഹിന്ദുത്വ വലതുപക്ഷം ഉള്ളംകൈയിലൊതുക്കിയെന്ന് അവകാശപ്പെടുന്ന ചില നഗരങ്ങളിൽനിന്ന് പുറത്തുവന്ന ഒന്നു രണ്ട് ലഘു വിഡിയോ ക്ലിപ്പുകൾ ആശ്വാസത്തിന്റെ പ്രകാശം പ്രസരിപ്പിക്കുന്നത്. രാജസ്ഥാൻ തലസ്ഥാനമായ ജയ് പുരിലെ ദില്ലി റോഡ് ഈദ്ഗാഹിൽ പെരുന്നാൾ നമസ്കാരം നിർവഹിച്ച് മടങ്ങുന്ന വിശ്വാസികൾക്കുമേൽ ഹിന്ദു-മുസ്ലിം ഏകതാ മഞ്ച് എന്ന ബാനറിൽ ഒരു പറ്റം ഹൈന്ദവ സഹോദരങ്ങൾ പനിനീർ പൂവിതളുകൾ വിതറുന്നതാണ് ഒരു ക്ലിപ്പിന്റെ ഉള്ളടക്കം. ഒരു മാസം വെള്ളവും ഭക്ഷണവുമുപേക്ഷിച്ച് നോമ്പനുഷ്ഠിച്ച സഹോദരങ്ങൾക്കായി മസ്ജിദിനരികിൽനിന്ന് ശീതളപാനീയം വിതരണം ചെയ്യുന്നതാണ് മറ്റൊരു കാഴ്ച. ന്യൂനപക്ഷ വിരുദ്ധ നയങ്ങളിലും വിദ്വേഷ പ്രസ്താവനകളിലും ഒന്നാം സ്ഥാനം നിലനിർത്താൻ സദാ ഉത്സുകനായ ആദിത്യനാഥ് ഭരിക്കുന്ന യു.പിയിലെ അംറോഹയിലുമുണ്ടായി സമാനമായ പുഷ്പാഭിഷേകവും മധുരപലഹാര വിതരണവും. പെരുന്നാളിന്റെ സ്നേഹാഭിവാദ്യങ്ങളറിയിച്ച് അവരെ ആശ്ലേഷിക്കാൻ ഹിന്ദു-സിഖ് സഹോദരങ്ങൾ അക്ഷരാർഥത്തിൽ മത്സരിക്കുകയായിരുന്നു.
മറ്റൊരു നഗരത്തിൽ നോമ്പുകാലത്ത് നമസ്കാരത്തിനെത്തുന്നവർ (നമാസികൾ)ക്കുനേരെ കല്ലേറുണ്ടായി എന്നറിഞ്ഞ സമയം മുതൽ ഈദ് നമസ്കാരത്തിന് പോകുന്നവരോട് പ്രായശ്ചിത്തം ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നുവെന്നാണ് പുഷ്പവൃഷ്ടിയിൽ പങ്കെടുത്ത ഒരു സഹോദരൻ പ്രതികരിച്ചത്. കുംഭമേളക്കെത്തിയ വിശ്വാസികൾക്ക് സകല സൗകര്യങ്ങളുമൊരുക്കി തുറന്നിട്ട മസ്ജിദുകൾ കൈയേറണമെന്നും കാവടി യാത്രികർക്ക് വെള്ളവും ഭക്ഷണവും വിളമ്പുന്ന സഹോദരങ്ങളെ നാടുകടത്തണമെന്നും പറയുന്നവർ മുസ്ലിംകളെയല്ല, ഭഗവാനെയാണ് അവഹേളിക്കുന്നതെന്നാണ് ഈ ഐക്യദാർഢ്യത്തിൽ പങ്കുചേർന്ന മറ്റൊരു സുമനസ്സിന്റെ പക്ഷം. അവകാശങ്ങൾ സംരക്ഷിക്കാൻ ഒപ്പം നിൽക്കുമെന്ന് വാഗ്ദാനം നൽകി സഭാ സമ്മേളന വേളയിൽ ദുരൂഹമായി അപ്രത്യക്ഷമാവുകയോ നിശ്ശബ്ദത പാലിക്കുകയോ ചെയ്യുന്ന ചില നേതാക്കളുടെ മുഖവിലക്കെടുക്കാൻ കൊള്ളാത്ത ഉറപ്പുകളേക്കാൾ എത്രയോ ശക്തവും അർഥപൂർണവുമാണ് ഇത്തരം ചേർന്നുനിൽപ്പുകൾ.
വടക്കേ ഇന്ത്യയിൽ നിന്ന് മാത്രമല്ല, മലയാളക്കരയിൽ വടക്കൻ കേരളത്തിൽ നിന്നുമുണ്ട് ഹൃദ്യമായൊരു വർത്തമാനം. നോമ്പ് പൂർത്തിയാക്കി നാടാകെ പെരുന്നാളൊരുക്കങ്ങളിൽ മുഴുകുമ്പോൾ കണ്ണൂർ മുഴപ്പിലങ്ങാട്ടെ കെട്ടിനകം സ്വദേശിനികളായ വനിതകൾ മറ്റൊരു തിരക്കിലായിരുന്നു. ഭർത്താവ് ബാങ്കിൽ നിന്നെടുത്ത കടം തിരിച്ചടക്കാനാവാതെ ജപ്തി ഭീഷണിയിൽ കഴിഞ്ഞിരുന്ന വിനീതക്കും മക്കൾക്കും ആശ്വാസം പകരാൻ പണം കണ്ടെത്താനുള്ള പരക്കം പാച്ചിലിലായിരുന്നു കെട്ടിനകം ലേഡീസ് യൂനിറ്റ് പ്രവർത്തകർ. ഇഫ്താർ ചലഞ്ച് നടത്തിയും സ്വദഖയും സകാത്തും സംഭാവനകളും ശേഖരിച്ചും സ്വരൂപിച്ച തുക ബാങ്കിലടച്ച് തിരിച്ചുവാങ്ങിയ ആധാരം ഏൽപിക്കവേ വിനീതയുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരിയിലാണ് അവർ ശവ്വാലമ്പിളിയുടെ തിളക്കം കണ്ടത്.
അർബുദം കാർന്നുതിന്നുമ്പോളും സകല മാലിന്യങ്ങളെയും പുറന്തള്ളി ഒരു തുണ്ടിൽനിന്ന് പുനർജീവിക്കുകയും ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്ന കരളിനെപ്പോലെ വിദ്വേഷ പ്രചാരകരുടെയും വർഗീയ ഭരണകൂടത്തിന്റെയും സകല കർ സേവകളെയും മറികടന്ന് ഇന്ത്യ എന്ന ആശയത്തിന് ശക്തി പകരുകയാണ് നാടിന്റെ നാനാകോണുകളിൽ നിന്ന് ഈ കരൾത്തുണ്ടുകൾ. അധർമത്തിന്റെയും അതിക്രമങ്ങളുടെയും സംഘം എത്ര വലുതും സജ്ജവുമാണെങ്കിലും അവരെ ചെറുത്ത് മതനിരപേക്ഷ ബഹുസ്വര ഇന്ത്യ അതിജീവിക്കുക തന്നെ ചെയ്യും. അത്രമാത്രം കരുത്തുണ്ട് നമ്മുടെ സ്നേഹസമ്പുഷ്ടമായ ഒരുമക്ക്.