Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഇൻഡ്യ മുന്നണിയുടെ

ഇൻഡ്യ മുന്നണിയുടെ ഭാവി

text_fields
bookmark_border
ഇൻഡ്യ മുന്നണിയുടെ ഭാവി
cancel
അതിരുകവിഞ്ഞ സ്വാധികാര പ്രമത്തതയും രാജ്യത്തിന്റെ ജനാധിപത്യ മതനിരപേക്ഷ ഭാവിയോട് പ്രതിബദ്ധതയില്ലാത്തതും ഇൻഡ്യ മുന്നണിയെ നിർവീര്യമാക്കിക്കൊണ്ടിരിക്കുകയാണ്

മതനിരപേക്ഷ ജനാധിപത്യ ഭരണഘടനയോടോ പാർലമെന്ററി ജനാധിപത്യത്തോടോ അശേഷം പ്രതിബദ്ധതയില്ലാത്ത തീവ്രഹിന്ദുത്വശക്തി രാജ്യത്തെ ഫാഷിസ്റ്റ് പാതയിലൂടെ തികഞ്ഞ ഏകാധിപത്യ ഭരണക്രമത്തിലേക്കാണ് അതിവേഗം കൊണ്ടുപോവുന്നതെന്ന് തിരിച്ചറിഞ്ഞ 28 പ്രതിപക്ഷ പാർട്ടികൾ അത്യന്തം അപകടകരമായ സ്ഥിതിവിശേഷത്തെ പ്രതിരോധിക്കാൻ 2023 ജൂലൈ 23ന് ബംഗളൂരുവിൽ സമ്മേളിച്ച് രൂപം നൽകിയ പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നണി ഇന്നെവിടെ എത്തിനിൽക്കുന്നു എന്ന് സഗൗരവം ആലോചിക്കേണ്ട സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്. മുന്നണി രൂപവത്കരിക്കാൻ അത്യാവേശപൂർവം രംഗത്തുവന്ന ബിഹാറിലെ ജെ.ഡി.യു നേതാവ് നിതീഷ്‍കുമാറിനെപോലുള്ളവർ ബി.ജെ.പി വെച്ചുനീട്ടിയ അധികാരമ നുണഞ്ഞ് അധികം താമസിയാതെ വിട്ടുപോയെങ്കിലും ബിഹാറിലെ ആർ.ജെ.ഡിയും യു.പിയിലെ സമാജ്‍വാദി പാർട്ടിയും ബംഗാളിലെ തൃണമൂൽ കോൺഗ്രസും തമിഴ്നാട്ടിലെ ഡി.എം.കെയും ദേശീയ പാർട്ടികളായ എൻ.സി.പിയും ഇടതുപാർട്ടികളുമടക്കം കോൺഗ്രസിനോടൊപ്പം ഇൻഡ്യ മുന്നണിയിൽ ഉറച്ചുനിന്നിരുന്നു. അതിന് പ്രത്യാശാജനകമായ ഫലവും 2024ലെ പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പിൽ പുറത്തുവന്നു. ലോക്സഭയിൽ ബി.ജെ.പിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടു. ജെ.ഡി.യു, തെലുഗുദേശം, ശിവസേന മുതൽ പാർട്ടികളുടെ പിന്തുണയോടെ മാത്രമേ അധികാരത്തിൽ തുടരാനാവൂ എന്ന യാഥാർഥ്യം നരേന്ദ്ര മോദി-അമിത്ഷാ പ്രഭൃതികൾക്ക് അംഗീകരിക്കേണ്ടിയും വന്നു. പാർലമെന്റിൽ തൽസ്ഥിതി തുടരുകയാണിപ്പോഴും. അതുകൊണ്ടുതന്നെ ഒടുവിലത്തെ വിവാദപരമായ ഭരണഘടനാ ഭേദഗതി ബിൽ പാർലമെന്റിലെ വോട്ടെടുപ്പിൽ പരാജയപ്പെടുകയും ചെയ്തു.

അതേസമയം ഒട്ടുമിക്ക സംസ്ഥാനങ്ങളുടെയും ഭരണം കൈയടക്കാൻ സാധിച്ച എൻ.ഡി.എക്ക് രാജ്യസഭയിൽ ഭൂരിപക്ഷം പിടിച്ചെടുക്കാനാവുന്ന സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്. ഏറ്റവും പുതുതായി പശ്ചിമബംഗാളിന്റെ ഭരണം വൻ ഭൂരിപക്ഷത്തോടെ കരസ്ഥമാക്കാനും അസമിലെ നിയമസഭാ സാമാജികരുടെ സംഖ്യയിൽ 22 എണ്ണം വർധിപ്പിക്കാനും എൻ.ഡി.എക്ക് കഴിഞ്ഞിരിക്കുന്നു. തമിഴ്നാട്ടിൽ മുഖ്യശത്രു ഡി.എം.കെയുടെ പതനവും ഹിന്ദുത്വർക്ക് ആവേശം പകരുന്നതാണ്. അവിടെ ഡി.എം.കെയെ തറപറ്റിച്ച് ഭരണം പിടിച്ചുപറ്റിയ ടി.വി.കെയോടൊപ്പം ചേരാനാണ് ഡി.എം.കെ മുന്നണിയുടെ ഭാഗമായി തെരഞ്ഞെടുപ്പിനെ നേരിട്ട കോൺഗ്രസിന്റെ തീരുമാനം. ഇങ്ങനെ സംഭവിച്ചാൽ തങ്ങൾ ഇൻഡ്യ മുന്നണി വിടുമെന്ന് ഡി.എം.കെ പ്രഖ്യാപിക്കുകകൂടി ചെയ്തതോടെ ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയവേദി അസ്തിത്വ ഭീഷണിയാണ് നേരിടാൻ പോവുന്നത്. നേരത്തെതന്നെ സീതാറാം യെച്ചൂരി ജനറൽ സെക്രട്ടറിയായിരുന്നപ്പോഴാണ് സി.പി.എം ഇൻഡ്യയിൽ സജീവമായിരുന്നത്. കോൺഗ്രസ് നേതൃത്വം നൽകുന്ന ഒരു മുന്നണിയുടെയും ഭാഗമാവുന്നതിനോട് കേരള ഘടകത്തിൽ യോജിപ്പില്ല. കേരളത്തിനുപുറത്ത് ഇൻഡ്യ മുന്നണിയോട് സഹകരിക്കാമെന്നാണ് പ്രഖ്യാപിത നിലപാട്. അരവിന്ദ് കെജ്രിവാളിന്റെ ആപ്പിന് ഇൻഡ്യയോട് സഹകരിക്കുന്നതിൽ അർധമനസ്സാണെന്ന് അവരുടെ ഗതകാല നിലപാടുകൾ തെളിയിക്കുന്നു. ചുരുക്കത്തിൽ സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് തുടങ്ങി ചുരുക്കം പേർ മാത്രമേ ഇൻഡ്യയോട് ഉറച്ച പ്രതിബദ്ധത പ്രകടിപ്പിക്കുന്നുള്ളൂ. മാറിയ സാഹചര്യത്തിൽ തൃണമൂൽ കോൺഗ്രസ് മേധാവി മമത ബാനർജി ഇൻഡ്യയോട് സജീവ ബന്ധം പുനഃസ്ഥാപിച്ചു എന്നുവരാം.

അതിരുകവിഞ്ഞ സ്വാധികാര പ്രമത്തത, ദേശീയ പ്രശ്നങ്ങളുടെ ഗൗരവം ഉൾക്കൊള്ളുന്നതിലെ വിമുഖത, സർവോപരി രാജ്യത്തിന്റെ ജനാധിപത്യ മതനിരപേക്ഷ ഭാവിയോടുണ്ടാവേണ്ട പ്രതിബദ്ധതയുടെ അഭാവം തുടങ്ങിയ നിഷേധാത്മക പ്രവണതകൾ ഇൻഡ്യ മുന്നണിയെ നിർവീര്യമാക്കിക്കൊണ്ടിരിക്കുകയാണ്. ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ആസൂത്രിത നീക്കങ്ങൾക്കും ചരടുവലികൾക്കും ഈ ദു:സ്ഥിതി പൂർവാധികം മോശമാക്കുന്നതിലെ പങ്ക് തീർച്ചയായും നിഷേധിക്കാനാവില്ല. വിശാലമായ മാനവികവും ദേശീയവുമായ താൽപര്യങ്ങൾ കണക്കിലെടുത്തും ഫെഡറലിസത്തിന്റെ അന്തസ്സത്ത പരിരക്ഷിച്ചും പ്രതിപക്ഷ പാർട്ടികൾ സങ്കുചിത താൽപര്യങ്ങൾക്കതീതമായി ഉയർന്നും ജനാധിപത്യ ഇന്ത്യയുടെ ആരോഗ്യകരമായ നിലനിൽപിനുവേണ്ടി ഐക്യപ്പെട്ടേ മതിയാവൂ. ഇൻഡ്യ മുന്നണിക്ക് ഒരു കാരണവശാലും ദയാവധം വിധിച്ചുകൂടാ.

Show Full Article
TAGS:Indian alliance Assembly Elections 2026 Rahul Gandhi political news Latest News 
News Summary - The future of the Indian Alliance
Next Story