ശതാബ്ദിയാഘോഷിക്കുന്ന ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാവി
text_fields1925ൽ കാൺപൂരിൽ ചേർന്ന വിവിധ കമ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെ യോഗം ഔപചാരികമായി കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യക്ക് ജന്മം നൽകിയിട്ട് 100 വർഷം പൂർത്തിയാകാനിരിക്കെയാണ് സി.പി.ഐയുടെ 25ാം പാർട്ടി കോൺഗ്രസ് ചണ്ഡിഗഢിൽ നടക്കുന്നത്. 2020ൽ തന്നെ താഷ്‍കൻറിൽ വെച്ച് എം.എൻ. റോയിയുടെ നേതൃത്വത്തിൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യക്ക് തുടക്കം കുറിച്ചിരുന്നു എന്നതിനാൽ പാർട്ടിക്ക് ഇപ്പോൾ 105 വയസ്സായി എന്നാണ് സി.പി.എമ്മിന്റെ നിലപാട്.
പ്രയോഗതലത്തിൽ ഈ ഭിന്നാഭിപ്രായങ്ങൾക്ക് പ്രസക്തിയൊന്നും ഇല്ലെന്നിരിക്കെ ആഗോള കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തനമാരംഭിച്ച ഇന്ത്യൻ തൊഴിലാളി വർഗ പാർട്ടി പത്ത് പതിറ്റാണ്ടുകാലം വ്യവസ്ഥാപിതമായി പ്രവർത്തിച്ചിട്ട് എന്തുനേടി, എന്ത് നേടാനിരിക്കുന്നു എന്ന ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് സർവഥാ പ്രധാനം. വിശിഷ്യാ, 1926ൽ സ്ഥാപിതമായ രാഷ്ട്രീയ സ്വയംസേവക് സംഘ് കൂടി പിറവിയുടെ ശതവാർഷികം ആഘോഷിക്കുന്ന ഈ സന്ദർഭത്തിൽ.
ഭാരതീയ ജനത പാർട്ടിയുടെ രൂപത്തിൽ രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയപാർട്ടിയും വിശ്വഹിന്ദു പരിഷത്ത് എന്ന പേരിൽ മതസംഘടനയും യുവജനങ്ങൾക്കായി ഭാരതീയ യുവമോർച്ചയും വിദ്യാർഥികളുടെ അഖില ഭാരത വിദ്യാർഥി പരിഷത്തും തൊഴിലാളികളുടെ ഭാരതീയ മസ്ദൂർ സംഘും വനിതകളുടെ ഭാരതീയ മഹിള മോർച്ചയും ബജ്റംഗ്ദൾ, ദുർഗാവാഹിനി എന്നിങ്ങനെ ഒട്ടനവധി ഹിന്ദുത്വ ഗ്രൂപ്പുകളും വഴി ഇന്ത്യ മഹാരാജ്യത്തിന്റെ മൊത്തം നിയന്ത്രണവും 13 സംസ്ഥാന ഭരണകൂടങ്ങളും ഏഴ് സംസ്ഥാനങ്ങളിൽ കൂട്ടുകക്ഷി ഭരണവും നേടിയെടുത്ത് ലോകത്തേറ്റവും വലിയ സംഘടന എന്നവകാശപ്പെടാൻ ആർ.എസ്.എസിന് കഴിഞ്ഞിരിക്കുന്നു. രണ്ടുകോടി സജീവാംഗങ്ങൾ ഉൾപ്പെടെ രാജ്യത്താകെ 14 കോടി അംഗങ്ങളുണ്ട് സംഘ്പരിവാറിന് എന്നാണവരുടെ അവകാശവാദം.
മറുവശത്തോ? കർഷകർക്കും തൊഴിലാളികൾക്കും സാധാരണ ജനങ്ങൾക്കും മഹാഭൂരിപക്ഷമുള്ള ഇന്ത്യാ രാജ്യത്ത് കഴിഞ്ഞ ഏപ്രിലിൽ മധുരയിൽ ചേർന്ന 24ാം പാർട്ടി കോൺഗ്രസിൽ സമർപ്പിക്കപ്പെട്ട കണക്കനുസരിച്ച് സി.പി.എമ്മിന്റെ അംഗസംഖ്യ 10,19,009 ആണ്. അവരിൽ പകുതിയിലധികം പേർ കേരളത്തിലുമാണ്. നേരത്തെ ഗണ്യമായ അംഗസംഖ്യയുണ്ടായിരുന്ന പശ്ചിമ ബംഗാളിലും ത്രിപുരയിലും കുത്തനെ താഴേക്കു പതിക്കുകയും ചെയ്തിട്ടുണ്ട്. യുവജന, വിദ്യാർഥി, കർഷക, തൊഴിലാളി, വനിത സംഘടനകളിലെ അംഗങ്ങളെ കൂടി ചേർത്താലും ഏതാനും ലക്ഷങ്ങളേ വരൂ.
സി.പി.ഐയുടെ ഏറ്റവും പുതിയ അംഗത്വക്കണക്ക് വരാനിരിക്കെ ഏഴുലക്ഷത്തിൽ കവിയാൻ സാധ്യതയില്ല. പാർലമെന്റിലാകട്ടെ, കമ്യൂണിസ്റ്റ് പാർട്ടികളുടെ അംഗസംഖ്യ രണ്ടക്കം തികക്കാൻ ബുദ്ധിമുട്ടുന്നതാണവസ്ഥ. 29 സംസ്ഥാനങ്ങളിൽ ഒന്ന് മാത്രമാണ്, അതും ചില ബൂർഷ്വാ പാർട്ടികളുടെ സഹായത്തോടെ ഇടതുപക്ഷം ഭരിക്കുന്നത്. പാർലമെന്റിലെ വിരലിലെണ്ണാവുന്ന പാർട്ടിയംഗങ്ങളുടെ സംഖ്യ പോലും ബൂർഷ്വാ പാർട്ടികളുടെ അകമഴിഞ്ഞ പിന്തുണയോടെ കൈവന്നതാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ കാൽഭാഗം പിന്നിടാൻ പോവുന്ന ഈ ചരിത്രസന്ധിയിൽ അതിതീവ്ര ദേശീയ സാമ്രാജ്യത്വ കൂട്ടുകെട്ട് മതനിരപേക്ഷ ജനാധിപത്യ സാമൂഹികനീതി സംവിധാനങ്ങൾക്കും അപകടകരമായ വെല്ലുവിളി ഉയർത്തുമ്പോൾ അതിനെ ചെറുത്തുതോൽപിക്കണമെന്ന ആവർത്തിച്ചുള്ള ആഹ്വാനമല്ലാതെ കർമരംഗത്ത് ആ ദിശയിലേക്കുള്ള പ്രത്യാശാജനകമായ കാൽവെപ്പൊന്നും കമ്യൂണിസ്റ്റ് പക്ഷത്തുനിന്ന് കാണാനില്ല.
ഇൻഡ്യ മുന്നണിയുടെ ഭാഗമാണ് തങ്ങളെന്ന് ആവർത്തിക്കുമ്പോഴും മുന്നണിയെ ശക്തിപ്പെടുത്താനുള്ള തന്ത്രങ്ങളോ നീക്കങ്ങളോ അല്ല കമ്യൂണിസ്റ്റ് പാർട്ടികൾ ഭരണത്തിലിരിക്കുന്ന, പാർട്ടികൾക്ക് ഏറ്റവും കൂടുതൽ അംഗസംഖ്യയുള്ള കേരളത്തിൽ കാണാനാവുന്നത്. പകരം ഫാഷിസം പിടിമുറുക്കിക്കൊണ്ടിരിക്കുന്ന ഭൂരിപക്ഷ സമുദായത്തെ അതേ പ്രതലത്തിൽനിന്നുകൊണ്ട് സ്വാധീനിക്കാനുള്ള വൈരുധ്യാധിഷ്ഠിത നിലപാടുകളും നടപടികളുമാണ് ആഗോള അയ്യപ്പ സംഗമമെന്ന പേരിൽ ഔദ്യോഗികമായി സംഘടിപ്പിക്കപ്പെട്ട ഏർപ്പാടിൽ പോലും ഒടുവിൽ ദൃശ്യമായത്. ന്യൂനപക്ഷ നിർമാർജനത്തിന് ബുൾഡോസർ പ്രയോഗിക്കാൻ മടിക്കാത്ത അതിതീവ്ര വർഗീയതയുടെ വക്താവും പ്രയോക്താവുമായ യു.പി മുഖ്യമന്ത്രിയെ കൂടി അയ്യപ്പസംഗമത്തിലേക്ക് ക്ഷണിച്ചതും അദ്ദേഹം അയച്ച ആശീർവാദ സന്ദേശം സ്വാഭിമാനം സംഗമ സദസ്സിൽ വായിച്ചതുമാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം.
അതേസമയം ബി.ജെ.പിയെ അധികാരത്തിൽനിന്ന് മാറ്റിനിർത്തി അവരുടെ പ്രത്യയശാസ്ത്രത്തിന്റെ വിഷം സമൂഹത്തിൽനിന്ന് നീക്കം ചെയ്യാതെ ഇന്ത്യക്ക് ജനാധിപത്യ രാജ്യമായി നിലനിൽക്കാൻ കഴിയില്ലെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ ചണ്ഡിഗഢ് സമ്മേളനത്തിലെ ഉദ്ഘാടന പ്രസംഗത്തിൽ പ്രഖ്യാപിച്ചു. ഇക്കാര്യത്തിൽ സൗഹൃദ പ്രതിനിധിയായി പങ്കെടുത്ത സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിക്കുമില്ല ഭിന്നാഭിപ്രായം. പക്ഷേ, പരസ്യാഹ്വാനങ്ങളുമായി ഒരുവിധത്തിലും പൊരുത്തപ്പെടാത്ത അടവുനയങ്ങൾ സ്വീകരിച്ചുകൊണ്ട് കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ഇനിയെത്ര കാലം മുന്നോട്ടുപോവാൻ കഴിയുമെന്നതാണ് പ്രധാനപ്പെട്ട ചോദ്യം.
രാജ്യത്തേറ്റവും ഭീകരമായി വേട്ടയാടപ്പെടുന്ന മതന്യൂനപക്ഷങ്ങളിലെ മത-രാഷ്ട്രീയ കൂട്ടായ്മകളെ, ഫാഷിസ്റ്റുകളെ സന്തോഷിപ്പിക്കുന്ന തന്ത്രങ്ങളിലൂടെ കടന്നാക്രമിക്കാൻ മെനക്കെട്ടാൽ അത് കലാശിക്കുക പൂർണമായ അടിയറവിലായിരിക്കുമെന്ന് കാണാൻ അപാരമായ ക്രാന്തദർശിത്വമൊന്നും വേണ്ട. ആഗോള കമ്യൂണിസത്തിന് നേരിട്ട ദുരന്തം ഇന്ത്യയിലും ആവർത്തിക്കരുതെന്ന മോഹം നൂറ്റാണ്ട് പിന്നിടുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനം വെച്ചുപുലർത്തുന്നുണ്ടെങ്കിൽ, ഇൻഡ്യ മുന്നണിയിൽ ഉറച്ചുനിന്ന് മതനിരപേക്ഷ ജനാധിപത്യത്തിനും സാമൂഹികനീതിക്കും ന്യൂനപക്ഷങ്ങളുടെ ഭരണഘടനാദത്തമായ അവകാശങ്ങൾക്കും വേണ്ടിയുള്ള പോരാട്ടത്തിൽ സാവേശം അണിചേരുകയല്ലാതെ രക്ഷാമാർഗമില്ല.