ട്രംപ് നൽകിയ അവസരം
text_fieldsഇന്ത്യക്കെതിരെ അമേരിക്ക ഏർപ്പെടുത്തിയ തീരുവയും പിഴയും നമ്മുടെ സാമ്പത്തികരംഗത്തുണ്ടാക്കിയ ആഘാതത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജപ്പാൻ, ചൈന സന്ദർശനങ്ങൾക്ക് പ്രസക്തിയും പ്രാധാന്യവുമുണ്ട്. ആഗോളതലത്തിൽ ഇന്ത്യ ഒറ്റപ്പെടുന്നു എന്ന ധാരണ സൃഷ്ടിക്കപ്പെട്ടിരിക്കെ അതിനുള്ള പ്രതിവിധി തേടലായും ഇത് വിലയിരുത്തപ്പെടുന്നുണ്ട്. രണ്ടുനിലക്കും-സമ്പദ്‍രംഗത്തും നയതന്ത്രരംഗത്തും -പ്രയോജനപ്പെടാവുന്നതാണ് ഇപ്പോഴത്തെ നീക്കങ്ങൾ. ഡോണൾഡ് ട്രംപ് വിദേശരാജ്യങ്ങൾക്കുമേൽ ചുമത്തിയ തീരുവകൾ മിക്കതും നിയമാനുസൃതമല്ല എന്ന യു.എസ് കോടതിയുടെ വിധി (അത് യു.എസ് സുപ്രീംകോടതി ശരിവെച്ചാലും) ചെറിയ ആശ്വാസമേ ആകുന്നുള്ളൂ. കാരണം ട്രംപിന് നിയമത്തോടുള്ള പ്രതിബദ്ധതയെക്കാൾ ശക്തമാണ് അദ്ദേഹത്തിന് തന്നിഷ്ടശീലങ്ങളോടുള്ള വിധേയത്വം.
നിയമത്തിന്റെ പഴുതുകളുപയോഗിച്ച് സ്വന്തം താൽപര്യങ്ങളും വംശീയ വിവേചനങ്ങളും പ്രാവർത്തികമാക്കാൻ മടിക്കാത്ത സ്വേച്ഛാധിപതികളുടെ കൂട്ടത്തിലൊരാളാണ് അദ്ദേഹം. അധിക തീരുവ സൃഷ്ടിച്ച ആഘാതങ്ങൾ മറികടക്കാൻ നാം ഇതിനകം ചില നല്ല നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അവയിലൊന്നാണ്, കയറ്റുമതിയിൽ ഉണ്ടാകാനിരിക്കുന്ന വൻ ഇടിവ് മുന്നിൽ കണ്ടുകൊണ്ട് ആഭ്യന്തര ഉപഭോഗം വർധിപ്പിക്കാനുള്ള തീരുമാനം. ചരക്ക്, സേവനനികുതി (ജി.എസ്.ടി) ഘടന പരിഷ്‍കരിച്ചുകൊണ്ട് അത് കുറെ സാധ്യമാക്കാമെന്നാണ് സർക്കാർ കരുതുന്നത്. ഇത് ശരിയുമാണ്. നാല് നികുതിനിരക്കുകൾ (5, 12, 18, 28 ശതമാനം വീതം) രണ്ടിലേക്ക് (5,18) ചുരുക്കിക്കൊണ്ട് ദീപാവലി സീസണോടെ വ്യാപാരമേഖലക്ക് ഉണർവ് പകരാനാകും. ജി.എസ്.ടി വിഹിതത്തിൽ സംസ്ഥാനങ്ങളുടെ ആവശ്യം അവഗണിക്കുന്നത് തിരിച്ചടിയാകും എന്നതുകൂടി യൂനിയൻ സർക്കാർ ശ്രദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഊർജരംഗമാണ് ഇന്ന് ലോക സമ്പദ്ഘടനയിലെ നിർണായക മേഖല. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ട്രംപ് ഇന്ത്യയോട് രോഷം കൊള്ളുന്നുണ്ടെങ്കിലും അത് കണക്കിലെടുക്കാതെയും എന്നാൽ കൂടുതൽ പ്രകോപനമുണ്ടാക്കാതെയും ഇന്ത്യ സ്വീകരിച്ച ‘ഞാണിന്മേൽ കളി’ നയം ഇന്നത്തെ സാഹചര്യത്തിൽ ഉചിതവും പ്രായോഗികവുമായ നയമാണ്. ഊർജമേഖലയിൽ പരാശ്രയത്വം നിലനിൽക്കുവോളം ഇതുതന്നെയാവും ഉചിതം. എന്നാൽ, റഷ്യൻ എണ്ണ വഴി ലഭിക്കേണ്ട വിലക്കിഴിവ് ജനങ്ങൾക്കല്ല കോർപറേറ്റുകൾക്കാണ് പ്രയോജനപ്പെടുന്നത് എന്ന ഗൗരവപ്പെട്ട പിഴവ് തിരുത്തുകതന്നെ വേണം.
ഈ മേഖലയിലും ഒറ്റ ഉറവിടത്തെ മാത്രം കാര്യമായി ആശ്രയിക്കുന്നതും ഗുണമല്ല ചെയ്യുക. ഇവിടെയെല്ലാം ജനങ്ങളുടെ പൊതുതാൽപര്യം പരിഗണിച്ചുകൊണ്ട് രാജ്യാന്തര ബന്ധങ്ങൾ ശക്തിപ്പെടുത്താൻ കഴിയേണ്ടതുണ്ട്. ചൈനയുമായുള്ള ബന്ധം ഈ സമയത്ത് മെച്ചപ്പെടുത്തുന്നത് ശരിയല്ലെന്ന വാദമുണ്ട്. ചൈന നമ്മുടെ ഭൂപ്രദേശം കൈയേറിയിരിക്കെ പ്രധാനമന്ത്രി അങ്ങോട്ട് ചെന്നത് തെറ്റായ സന്ദേശം നൽകുമെന്ന് വിമർശകർ പറയുന്നു. എന്നാൽ, നമ്മുടെ നിലപാടുകൾ മയപ്പെടുത്താതെതന്നെ നയതന്ത്രബന്ധങ്ങൾ മെച്ചപ്പെടുത്താനാകും. അയൽപക്ക രാജ്യങ്ങളുമായുള്ള അടുപ്പം പ്രത്യേകിച്ചും പ്രധാനമാണ്. ഭൂമി കൈയേറ്റമടക്കമുള്ള പ്രശ്നങ്ങൾ നല്ലനിലയിൽ പരിഹരിക്കാനും, വൈകാരിക പ്രതികരണത്തേക്കാൾ വിവേകത്തിന്റെ മാർഗം സ്വീകരിക്കുന്നതാവും ഉപകരിക്കുക.
ട്രംപ് അയയുന്ന ലക്ഷണമില്ലെങ്കിലും ചർച്ചകളുടെ വാതിൽ തുറന്നുകിടപ്പാണ് എന്നതാണ് ഇന്ത്യൻ നിലപാട്. യു.എസ് സമ്മർദത്തെ ചെറുക്കാൻ ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളോട് അടുക്കുമ്പോഴും അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ തുടരാൻ സാധിക്കേണ്ടതുണ്ട്. ഇന്ത്യക്ക് അമേരിക്കയെ എന്നപോലെ അമേരിക്കക്ക് ഇന്ത്യൻ വിപണിയും ആവശ്യമുണ്ട്. റഷ്യൻ എണ്ണ വാങ്ങുന്ന ചൈനക്കോ തുർക്കിക്കോ എതിരെ ചുമത്താത്ത തീരുവ ഇന്ത്യക്കെതിരെ ചുമത്തിയതിന് പിന്നിലെ കാരണം പരസ്യപ്പെടുത്തപ്പെട്ടിട്ടില്ല. എന്തുതന്നെയായാലും, അമേരിക്കയോടോ ചൈനയോടോ റഷ്യയോടോ അമിതമായ ആശ്രിതത്വം പുലർത്തുന്നത് ദോഷം ചെയ്യും.
(ചൈനയെ നാം ഭയപ്പെടുന്നു എന്ന മട്ടിൽ നമ്മുടെ വിദേശകാര്യമന്ത്രി ഒരിക്കൽ സംസാരിച്ചത് ഓർക്കുക- ‘‘നമ്മെക്കാൾ ശക്തമായ സമ്പദ് വ്യവസ്ഥയാണവർ’’ എന്നാണല്ലോ ജയശങ്കൾ നിഷ്ക്രിയത്വത്തെ ന്യായീകരിച്ചത്) അതേപോലെ അനാവശ്യമായ പ്രകോപനങ്ങൾ കൊണ്ട് മറ്റ് രാജ്യങ്ങളെ ശത്രുക്കളാക്കുന്നതും ശരിയല്ല. കൂടിയാലോചനയുടെയും ചർച്ചയുടെയും മാർഗം പരമാവധി ഉപയോഗിക്കുകയാണ് യുക്തിസഹം. ട്രംപിന്റെ ഭ്രാന്തൻ നടപടികൾ ആ നിലക്ക് നമുക്ക് ഉപകാരപ്പെടുന്നു എന്നും പറയാം. നമ്മുടെ പിഴവുകളറിയാനും നയനിലപാടുകൾ ശരിപ്പെടുത്താനും, രാജ്യാന്തര ബന്ധങ്ങൾ ഏതെങ്കിലും ചില ശാക്തിക രാജ്യങ്ങളിൽ പരിമിതപ്പെടുത്താതെ വിപുലമാക്കാനും അവ അവസരം സൃഷ്ടിച്ചിരിക്കുന്നു.