Begin typing your search above and press return to search.
exit_to_app
exit_to_app
pinarayi vijayan
cancel

തിഹാസിക വിജയത്തിലൂടെ തുടർഭരണം സ്വന്തമാക്കിയ പിണറായി വിജയന്റെ നേതൃത്വത്തിലെ രണ്ടാം ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാറിന്റെ നാലാം വാർഷികാഘോഷങ്ങൾക്ക് തിങ്കളാഴ്ച കാസർകോട്ട് തുടക്കമായിരിക്കുന്നു. ഏപ്രിൽ 21 മുതൽ മേയ് 30 വരെ നീളുന്ന ആഘോഷത്തിന്റെ ഭാഗമായി മുഖ്യമ​​​ന്ത്രി പ​ങ്കെടുക്കുന്ന മേഖല, ജില്ല തല യോഗങ്ങൾ, പ്രദർശന വിപണന മേളകൾ, കലാപരിപാടികൾ എന്നിങ്ങനെ വിപുലമായ പരിപാടികൾതന്നെ ഒരുക്കിയിട്ടുണ്ട്.

ദേശീയപാത വികസനം, വിഴിഞ്ഞം തുറമുഖം, വയനാട് പുനരധിവാസ തുടക്കം, മലയോര, തീര ഹൈവേകൾ, ലൈഫ് പദ്ധതി കിഫ്ബി പദ്ധതികൾ, ക്ഷേമ പെൻഷൻ, സിറ്റി ഗ്യാസ് തുടങ്ങിയ പദ്ധതികൾ നേട്ടങ്ങളായി ഉയർത്തിക്കാട്ടി ‘വികസിത കേരളം’ എന്ന പ്രമേയമാണ് സർക്കാർ നാലാം വാർഷികാഘോഷത്തിൽ മുന്നോട്ട് വെക്കുന്നത്. കടമെടുപ്പിന് നിയന്ത്രണമേർപ്പെടുത്തിയും അർഹമായ വിഹിതം നൽകാതെയും കേന്ദ്ര ഗവൺമെന്റ് ഞെരുക്കുമ്പോഴും വലിയ പ്രയാസമില്ലാതെ മുന്നോട്ടു പോകാനായതും ക്ഷേമപെൻഷൻ കുടിശ്ശിക കുറക്കാനായതുമെല്ലാം സർക്കാറിന്റെ നേട്ടങ്ങളാണ്. ഫെഡറലിസം അട്ടിമറിക്കുന്ന ബി.ജെ.പി ഭരണകൂട നടപടികൾക്കെതിരെ നടത്തിയ ചെറുത്തുനിൽപ്പും ശ്ലാഘനീയംതന്നെയായിരുന്നു.

അതേസമയം, വിവിധ മേഖലകളിൽ കടുത്തവിമർശനവും നാലാം വാർഷികസന്ദർഭത്തിൽ സർക്കാർ നേരിടുന്നുണ്ട്​ എന്നതും കാണാതിരുന്നുകൂടാ. രാജ്യത്തെ ഏക പ്രഖ്യാപിത ഇടതുപക്ഷ സർക്കാറാണ് കേരളത്തിലേത്. എന്നാൽ, ആഭ്യന്തര വകുപ്പിന്റെ വഴിവിട്ട നടപടികൾ, ആശാ പ്രവർത്തകരോടുള്ള പ്രതികാര സമീപനം, ഉദ്യോഗാർഥികളുടെ വിവിധ സമരങ്ങളോടുള്ള നിലപാട് എന്നിവയെല്ലാം ഒരു കടുത്ത വലതുപക്ഷ സർക്കാറിനെയാണ് ഓർമിപ്പിക്കുന്നതെന്ന വിമർശനവും ഇടതു നിരീക്ഷകരടക്കമുള്ളവർ തന്നെ ഉയർത്തുന്നു. നാടൊട്ടുക്കും മദ്യമൊഴുക്കുന്ന മദ്യനയം ഭയാനകമാണ്. ദൈവത്തിന്‍റെ സ്വന്തം നാട് മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും പിടിയിലമരുന്ന നടുക്കുന്ന കാഴ്ചകളാണ് ദിനേന കേരളം കാണുന്നത്. മദ്യത്തിനും കഞ്ചാവിനും ​രാസലഹരികൾക്കും അടിപ്പെട്ടവർ പരസ്യമായും രഹസ്യമായും ചെയ്തുകൂട്ടുന്ന കിരാതവൃത്തികൾ സമൂഹത്തിന് സഹിക്കാവുന്നതിനപ്പുറമായിരിക്കുന്നു. മയക്കുമരുന്നിനെതിരെ ജനകീയ പോരാട്ടത്തിന് ആഹ്വാനം ചെയ്യുന്ന സർക്കാർ നാടൊട്ടുക്ക് മദ്യമൊഴുക്കാൻ അമിതാവേശം കാണിക്കുമ്പോൾ ലഹരിവിരുദ്ധ നിലപാടിനെ എങ്ങനെ വിശ്വാസത്തിലെടുക്കാൻ കഴിയും? മദ്യനയത്തിൽ വരുത്തിയ ഇളവുകളും മദ്യക്കമ്പനി ആരംഭിക്കാനും കൂടുതൽ ബാറുകൾ തുറക്കാനും ഡ്രൈഡേ ദിനത്തിൽപോലും മുന്തിയ ഹോട്ടലുകളിൽ മദ്യം വിൽക്കാനുമുള്ള തീരുമാനങ്ങൾ ഈ വിശ്വാസക്കമ്മിക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു.

മാസങ്ങളായി തലസ്ഥാനത്ത് വെയിലും മഴയും കൊണ്ട് അവകാശങ്ങൾക്കുവേണ്ടി സമരം ചെയ്യുന്ന ആശാ പ്രവർത്തകരെ സംഘടിതമായി ആക്ഷേപിക്കുന്ന സർക്കാർ മെഷിനറി ഓർക്കുന്നുണ്ടോ ആശമാരുടെ ത്യാഗത്തിന്‍റെയും സേവനമനസ്സിന്‍റെയും ബലത്തിലാണ് ഒന്നാം പിണറായി സർക്കാർ കോവിഡ് പ്രതിസന്ധി തരണം ചെയ്തത് എന്ന്. രണ്ടാഴ്ചയിലധികം സമരം ചെയ്ത സി.പി.ഒ റാങ്ക് ഹോൾഡർമാർ അവസാനം ഹാൾടിക്കറ്റ് കത്തിച്ച് കണ്ണീരോടെ സ്ഥലം വിട്ടു. മുട്ടിലിഴഞ്ഞും മുടി മുറിച്ചും ശയനപ്രദക്ഷിണം നടത്തിയും ശ്രദ്ധ ആകർഷിക്കാൻ ആശമാരും ഉദ്യോഗാർഥികളും ചെയ്ത ഒന്നും സർക്കാറിന്‍റെ കണ്ണ് തുറപ്പിച്ചില്ല, തന്നെയുമല്ല, സമരം ചെയ്യുന്നത് കടുത്ത അപരാധമായാണ് പുതിയ കാലത്ത് സർക്കാറും ഇടതുപക്ഷ നേതാക്കളും കാണുന്നതും. പൂരം കലക്കലിന്‍റെ ഉൾപ്പെടെ കുപ്രസിദ്ധിയുള്ള എ.ഡി.ജി.പി എം.ആർ. അജിത് കുമാറിന് വിശിഷ്ട സേവാ മെഡലിന് ആറാം തവണയും ശിപാർശ​ ചെയ്ത സർക്കാർ സംസ്ഥാനത്തെ പൊലീസിങ്ങിനെ എത്ര ലാഘവ ബുദ്ധിയോടെയാണ് കാണുന്നത് എന്ന് വ്യക്തം. വിദ്വേഷപ്രസംഗവും ന്യൂനപക്ഷ വിരുദ്ധതയുംകൊണ്ട് കളം പിടിക്കാൻ ശ്രമിക്കുന്നവരെ പ്രതിരോധിക്കാനല്ല, അവർക്ക് വഴിവെട്ടിക്കൊടുക്കാനാണ് പല ഇടതു നേതാക്കൾക്കും സൈദ്ധാന്തികർക്കും താൽപര്യം എന്ന് പറയാതിരിക്കാനാവില്ല. മുഖ്യമ​ന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി വിവാദം ഇപ്പോഴും തലക്ക് മുകളിലുണ്ട്.

സ്തുതിപ്പാട്ടുകാരുടെ പുകഴ്ത്തലിൽ മതിമറക്കാതെ വിമർശനങ്ങളെയും പ്രതിഷേധങ്ങളെയും അതിന്റെ മെറിറ്റിൽ സമീപിക്കാനും തിരുത്തൽ നടപടികൾ കൈക്കൊള്ളാനും ഈ വൈകിയ വേളയിലെങ്കിലും സർക്കാർ സന്നദ്ധമാകണം. വർഗീയതയുടെയും ലഹരിയുടെയും വിഷങ്ങളെ വിപാടനം ചെയ്യുന്നതിന് പ്രഥമപരിഗണന നൽകണം. അതിനുള്ള ഉചിതമായ അവസരമാവട്ടെ ഈ വാർഷികാഘോഷ വേള. തുടർഭരണം കൈയിലേൽപ്പിച്ച കേരള ജനത അത്രയെങ്കിലും ആഗ്രഹിക്കുന്നുണ്ട്, അതിലേറെ അർഹിക്കുന്നുണ്ട്.

Show Full Article
TAGS:Pinarayi Vijayan ldf government Madhyamam Editorial 
News Summary - This is the right time to correct the mistakes of Pinarayi government
Next Story