ട്രംപിന്റെ അഭ്യാസങ്ങൾ, ഫലസ്തീന്റെ ഭാവി
text_fields2023 ഒക്ടോബർ ഏഴിന് ആരംഭിച്ച ഗസ്സയിലെ ഹമാസ് ഇസ്രായേൽ യുദ്ധം 2025 ഒക്ടോബർ 10ന് ഒന്നാംഘട്ട വിരാമം നിലവിൽവന്നതോടെ പതിനായിരക്കണക്കിന് സ്ത്രീകളും കുട്ടികളുമടങ്ങുന്ന സിവിലിയൻ വംശഹത്യക്ക് താൽക്കാലികമായെങ്കിലും അറുതിവന്നു എന്ന് ലോകം ആശ്വസിച്ചിരുന്നതാണ്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുൻകൈയെടുത്ത് നടപ്പാക്കിയ ഹമാസ്-ഇസ്രായേൽ വെടിനിർത്തലിൽ ബന്ധികളെയും തടവുകാരെയും പരസ്പരം കൈമാറുകയും ഇസ്രായേൽപട ഗസ്സയുടെ പകുതി ഭാഗത്തേക്ക് പിന്മാറുകയുമായിരുന്നല്ലോ പ്രഥമഘട്ടം. എന്നാൽ, വ്യവസ്ഥ തീർത്തും ലംഘിച്ചുകൊണ്ട് ഇതിനകം ഇസ്രായേൽ 451 ഫലസ്തീനികളെ കൊല്ലുകയും 1251 പേർക്ക് ഗുരുതര പരിക്കേൽപിക്കുകയും ചെയ്തിട്ടുണ്ട്.
കരാറിലെ വ്യവസ്ഥ പ്രകാരം ജനുവരി 10 വരെ അവശ്യസാധനങ്ങളുമായി 54000 ട്രക്കുകൾ സമ്പൂർണമായി തകർക്കപ്പെട്ട ഗസ്സയിലേക്ക് കടത്തിവിടേണ്ടതായിരുന്നുവെങ്കിലും 23019 ട്രക്കുകൾ മാത്രമാണ് 21 ലക്ഷത്തോളം മനുഷ്യരുടെ വിശപ്പും ദാഹവുമടക്കാനും അവശ്യചികിത്സക്കുമായി കടത്തിവിട്ടത്. അതായത് അനുവദിക്കപ്പെട്ടതിന്റെ 43 ശതമാനം മാത്രം. പോഷകമൂല്യമുള്ള മാംസമോ പച്ചക്കറികളോ പാലുൽപന്നങ്ങളോ അനുവദിക്കാതെ ചോക്ലേറ്റും ലഘുഭക്ഷ്യവിഭവങ്ങളും പാനീയങ്ങളുമാണ് പട്ടിണിയാൽ എല്ലുംതോലുമായി മരണവക്ത്രത്തിലേക്ക് തള്ളപ്പെട്ടവരുടെ ജീവൻ നിലനിർത്താൻ ജൂതസേന കടത്തിവിട്ടത്. ജീവിതത്തിനും മരണത്തിനുമിടയിൽ അനന്തമായി നാളുകൾ തള്ളിനീക്കുന്ന ഗസ്സ നിവാസികൾക്ക് പ്രതീക്ഷ നൽകേണ്ടത് ഇതിനകം ആരംഭിച്ച വെടിനിർത്തലിന്റെ രണ്ടാംഘട്ടമാണ്.
ട്രംപിന്റെ പദ്ധതിപ്രകാരം ഐക്യരാഷ്ട്രസഭയെ പൂർണമായി മാറ്റിനിർത്തി ബോർഡ് ഓഫ് പീസ് എന്നപേരിൽ അദ്ദേഹം തട്ടിക്കൂട്ടുന്ന സമാധാന സമിതിയാണ് ഗസ്സയിലെ ഭരണത്തിന് മേൽനോട്ടം വഹിക്കേണ്ടത്. അതിന്റെ മേൽനോട്ടത്തിന് തന്റെ മരുമകൻ ജറാർദ് കുഷ്നർ, യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ, ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ഇറാഖിന്റെ സമ്പൂർണ നശീകരണത്തിന് അമേരിക്കയോടൊപ്പം നിന്ന മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയർ ഉൾപ്പെടെ ഏഴുപേരെയാണ് നിയോഗിച്ചിരിക്കുന്നത്. പുറമെ ബോർഡിൽ അംഗങ്ങളായി ചേരാൻ അറുപത് രാജ്യങ്ങളോടും ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നു. മിക്കവരും അമേരിക്കൻ-ഇസ്രായേൽ പക്ഷത്ത് നിൽക്കുന്നവരോ അവരെ മുഷിപ്പിക്കാൻ ധൈര്യപ്പെടാത്തവരോ ആണെന്നുള്ളതാണ് പ്രത്യേകത. അവർ മൂന്നുവർഷത്തിലധികം സമാധാന സമിതിയിൽ തുടരണമെങ്കിൽ 100 കോടി ഡോളർ ഫീസായും ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നു. തുർക്കിയും ഖത്തറും ഹമാസ് പക്ഷത്താണ് എന്ന തോന്നലിൽ ഈ രാജ്യങ്ങളെ സമാധാനസമിതിയിൽ ഉൾപ്പെടുത്തുന്നതിനോട് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവിന് യോജിപ്പുമില്ല.
ക്ഷണിക്കപ്പെട്ടവരിൽ ഇന്ത്യയും ഉൾപ്പെടുമെങ്കിലും നിർണായക തീരുമാനമെടുക്കാൻ ശങ്കിച്ചുനിൽക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നാണ് വിവരം. ഇത്തരം പ്രതിസന്ധികൾ നേരിടാനും പരിഹാരം തേടാനും ലോകരാജ്യങ്ങൾ ഒന്നടങ്കം ഏൽപിച്ചിരിക്കുന്നത് ഐക്യരാഷ്ട്രസഭയെ ആണെന്നിരിക്കെ യു.എന്നിനെ പാടെ മാറ്റിനിർത്തി ലോകസമ്രാട്ട് ചമയുന്ന ട്രംപിനെ എത്രത്തോളം പിന്താങ്ങാം എന്നതിലാണത്രെ ഇന്ത്യക്ക് ആശയക്കുഴപ്പം. ഫലസ്തീൻ എന്ന സ്വതന്ത്ര അസ്തിത്വത്തെതന്നെ നിരാകരിക്കുന്ന ട്രംപ് പദ്ധതി ദ്വിരാഷ്ട്ര പരിഹാരത്തെ ഇതഃപര്യന്തം പിന്താങ്ങിവന്ന ഇന്ത്യക്കെങ്ങനെ സ്വീകരിക്കാനാവും എന്നതും തലവേദനയുണ്ടാക്കുന്നു. ട്രംപ് ക്ഷണിച്ചവരിൽ പാകിസ്താനും ഉൾപ്പെടുന്നു. പാകിസ്താനാവട്ടെ ട്രംപിന്റെ ക്ഷണം സ്വീകരിക്കാതിരിക്കാനും സാധ്യതയില്ല.
പാകിസ്താനോടൊപ്പം ഒരു അന്താരാഷ്ട്ര സമിതിയിൽ പങ്കാളിയാവുമ്പോൾ അത് സൃഷ്ടിച്ചേക്കാവുന്ന അസ്വാരസ്യങ്ങളെ ഇന്ത്യക്ക് മുൻകൂട്ടി കാണാതിരിക്കാനാവില്ല. ഒടുവിൽ തീരുവയിലെ ഇളവ് വാഗ്ദാനം ട്രംപിന്റെ ക്ഷണം സ്വീകരിക്കുന്നതിലേക്ക് മോദി സർക്കാറിനെ നിർബന്ധിക്കാനാണ് സാധ്യത. ഗസ്സയുടെ പുനർനിർമാണത്തിന് നേതൃത്വം വഹിക്കാൻ ട്രംപ് കണ്ടെത്തിയ ഡോ. അലി ശഅസ് മാത്രമാണ് മൊത്തം ഭരണസമിതിയിലെ ഒരേയൊരു ഫലസ്തീൻകാരൻ. ഇപ്പണിയൊക്കെ അമേരിക്ക നടത്തിക്കൊണ്ടിരിക്കുമ്പോഴും കരാർ പ്രകാരം ഇസ്രായേൽ തുറന്നുകൊടുക്കേണ്ട ഈജിപ്ഷ്യൻ അതിർത്തിയിലെ റഫാ ചെക്പോസ്റ്റ് ഇപ്പോഴും അടഞ്ഞുതന്നെ കിടക്കുകയാണ്. രണ്ടുവർഷം മുമ്പ് ഹമാസ് ബന്ദികളാക്കിയവരിലൊരാളുടെ കൂടി മൃതദേഹം തിരികെ ലഭിക്കാനുണ്ടെന്ന ന്യായമാണ് നെതന്യാഹുവിന് പറയാനുള്ളത്. ഇസ്രായേൽ ബോംബറുകൾ തകർത്തുകളഞ്ഞ അനേകായിരം കെട്ടിടങ്ങളിലെവിടെയോ കിടക്കുന്ന മൃതദേഹം തെരഞ്ഞുപിടിക്കാൻ സാധിക്കുന്നില്ലെന്ന ഹമാസിന്റെ നിസ്സഹായത, ഇസ്രായേൽ മർമപ്രധാനമായ റഫാ അതിർത്തി തുറക്കാതിരിക്കാൻ ന്യായമാകുന്നു എന്നേ ഇതിനർഥമുള്ളൂ.
ചുരുക്കത്തിൽ തീർത്തും മാനുഷികമായൊരു പരിഹാരം ഉടനെയൊന്നും ഫലസ്തീൻ പ്രശ്നത്തിനുണ്ടാവാൻ പോവുന്നില്ലെന്നുതന്നെ വേണം കരുതാൻ. എങ്കിലും ഫലസ്തീൻ ജനതയുടെ ജന്മാവകാശമായ രാഷ്ട്രം നിലവിൽ വരാത്തിടത്തോളം കാലം പശ്ചിമേഷ്യയിൽ ശാന്തിപുലരാൻ ഒട്ടുമേ സാധ്യതയില്ലെന്ന് ട്രംപ്-നെതന്യാഹു ടീം മനസ്സിലാക്കാതിരുന്നിട്ട് കാര്യമില്ല, പല താൽപര്യങ്ങളുടെയും പേരിൽ സ്വന്തക്കാർപോലും കാലുമാറിയാലും ആത്മാഭിമാനമുള്ള ജനത പോരാട്ടം തുടരുകതന്നെ ചെയ്യുമെന്ന് വിശ്വസിക്കാനാണ് ഇതഃപര്യന്തമുള്ള ചരിത്രം പ്രേരിപ്പിക്കുന്നത്.

