എല്ലാവരും തോൽക്കുന്ന വ്യാപാര യുദ്ധം
text_fieldsകഴിഞ്ഞ ഏതാനും വർഷങ്ങളായി നമ്മുടെ സാമൂഹിക-സാമ്പത്തിക വ്യവഹാരങ്ങളിൽ ‘വ്യാപാര യുദ്ധം’ എന്ന പ്രയോഗം ഉയർന്നുവരാറുണ്ട്. രാഷ്ട്രാന്തരീയ വ്യാപാരങ്ങളെയും ആഗോള സമ്പദ്വ്യവസ്ഥയെയും തകിടംമറിച്ച് ലോകക്രമത്തെതന്നെ മാറ്റിമറിക്കാൻ പര്യാപ്തമായ, രാഷ്ട്രങ്ങൾ തമ്മിലുള്ള പ്രതിലോമകരമായ പോരിനെയാണ് പൊതുവിൽ വ്യാപാരയുദ്ധം എന്നതിലൂടെ വിവക്ഷിക്കപ്പെടാറുള്ളത്.
രാഷ്ട്രങ്ങൾ തമ്മിലെ വ്യാപാരങ്ങളും അതുവഴിയുള്ള സാമ്പത്തിക ഇടപാടുകളും പരമാവധി സ്വതന്ത്രവും സുതാര്യവുമാക്കുക എന്നതാണ് ആധുനിക ജനാധിപത്യ ക്രമത്തിന്റെ മൗലിക താൽപര്യങ്ങളിലൊന്ന്. ഈ സങ്കൽപത്തിന്റെ മൂർത്തമായ പ്രയോഗവത്കരണത്തിനും നിരീക്ഷണത്തിനുമാണ് ലോക വ്യാപാര സംഘടന (ഡബ്ല്യു.ടി.ഒ) അടക്കമുള്ള അന്താരാഷ്ട്ര സംവിധാനങ്ങൾ. എന്നാൽ, ഇത്തരം വ്യവസ്ഥാപിത സ്ഥാപനങ്ങളെയും അന്താരാഷ്ട്ര നിയമങ്ങളെയും കാറ്റിൽ പറത്തി വൻശക്തി രാഷ്ട്രങ്ങൾ പരസ്പരം പോരിനിറങ്ങിയപ്പോഴാണ് ആഗോള മാധ്യമങ്ങൾ അതിനെ ‘വ്യാപാരയുദ്ധം’ എന്ന് വിശേഷിപ്പിച്ചത്.
കഴിഞ്ഞ ഏഴു വർഷമായി തുടർന്നുകൊണ്ടിരിക്കുന്ന ഈ വ്യാപാരയുദ്ധമിപ്പോൾ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇടപെടലോടെ അതിന്റെ ഉത്തുംഗതയിൽ എത്തിനിൽക്കുന്നു. രണ്ടാം വരവിൽ, കൂടുതൽ ‘ആക്രമണോത്സുക’ മനോഭാവത്തിൽ ഭരണചക്രം തിരിക്കുന്ന ട്രംപിന്റെ ‘പകരച്ചുങ്ക’ നടപടി ലോകത്തെയാകെ പിടിച്ചുകുലുക്കി. ഇന്ത്യയുൾപ്പെടെ 60 രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ പ്രഖ്യാപിച്ച് ശക്തമായ പ്രഹരമേൽപ്പിച്ചിരിക്കുകയാണ്. ഇളവുതേടി, സാക്ഷാൽ പ്രധാനമന്ത്രിതന്നെ ട്രംപിനെ കണ്ടിട്ടും ഇന്ത്യക്ക് രക്ഷയില്ല; 26 ശതമാനമാണ് ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ഇറക്കുമതി തീരുവ ഏർപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയുടെ വിമോചന ദിനമെന്ന ആമുഖത്തോടെ നടത്തിയ ‘പകരച്ചുങ്ക’ പ്രഖ്യാപനം 24 മണിക്കൂർ പിന്നിട്ടപ്പോഴേക്കും അതിന്റെ അനുരണനങ്ങൾ ലോകമാകെ ദൃശ്യമായിരിക്കുന്നു; നമ്മുടെ രാജ്യത്തിന്റെ കയറ്റുമതി മേഖല വലിയ അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ട്രംപ് തന്റെ ആദ്യ ഊഴത്തിൽതന്നെ തുടങ്ങിവെച്ച പദ്ധതിയാണ് ഈ ചുങ്കക്കൊള്ള. 2018 മാർച്ചിൽ, അലൂമിനിയത്തിനും സ്റ്റീലിനും യഥാക്രമം 10ഉം 25ഉം ശതമാനം വീതം ഇറക്കുമതിത്തീരുവ വർധിപ്പിച്ചതോടെയാണ് യഥാർഥത്തിൽ വ്യാപാരയുദ്ധത്തിന്റെ തുടക്കം. അമേരിക്കയിലെ സ്വന്തക്കാരായ സ്റ്റീൽ, അലൂമിനിയം വ്യാപാരികൾക്ക് വൻലാഭം എത്തിച്ചുകൊടുക്കുന്നതിനൊപ്പം ഈ മേഖലയിൽ ഏറ്റവും കൂടുതൽ കയറ്റുമതിചെയ്യുന്ന ചൈനയെ തളർത്തുകയായിരുന്നു ട്രംപിന്റെ ലക്ഷ്യം. ചൈനക്കു മാത്രമല്ല അന്ന് പ്രഹരമേറ്റത്; ആസ്ട്രേലിയ, ബ്രസീൽ ഒഴികെയുള്ള ഏതാണ്ടെല്ലാ രാജ്യങ്ങൾക്കും ഇതു തിരിച്ചടിയായി. വിഷയത്തിൽ ഡബ്ല്യു.ടി.ഒ ഇടപെട്ടിട്ടും ഫലമുണ്ടായില്ല.
ഇതോടെ, മറ്റു രാജ്യങ്ങളും സമാന രീതിയിൽ വിവിധ ഉൽപന്നങ്ങളുടെയും തീരുവ വർധിപ്പിച്ചു. അമേരിക്കയിൽനിന്നുള്ള 659 ഉൽപന്നങ്ങളുടെ തീരുവ 25 ശതമാനം വർധിപ്പിച്ചാണ് ചൈന പകരംചോദിച്ചത്. അതാകട്ടെ, അമേരിക്കക്ക് 5000 കോടി ഡോളറിന്റെ അധിക ബാധ്യതയാണുണ്ടാക്കിയത്. കാനഡയും മെക്സികോയും യൂറോപ്യൻ യൂനിയനും തുർക്കിയും ചൈനയുടെ വഴിയിൽ അമേരിക്കക്കെതിരെ ഇറങ്ങിത്തിരിച്ചതോടെ, വൻയുദ്ധത്തിനാണ് കളമൊരുങ്ങിയത്. അമേരിക്കയിൽനിന്നുള്ള 29 ഉൽപന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം വർധിപ്പിച്ച് ഈ ‘യുദ്ധ’ത്തിൽ ഇന്ത്യയും പങ്കാളിയായി. ട്രംപിനുശേഷം ജോ ബൈഡന്റെ നേതൃത്വത്തിലെ ഡെമോക്രാറ്റുകൾ അധികാരത്തിൽ വന്നതോടെ കാര്യങ്ങൾ പൂർണമായും പഴയരീതിയിലേക്ക് എത്തിക്കാനായില്ലെങ്കിലൂം അൽപം മയപ്പെട്ടതായിരുന്നു. എന്നാൽ, സമ്പൂർണ വിനാശകാരിയായ പദ്ധതിയുമായിട്ടായിരുന്നു ട്രംപിന്റെ രണ്ടാം വരവ്.
അധികാരമേറ്റെടുത്ത് നൂറുനാൾ പിന്നിടും മുമ്പേ ആ കടുംപ്രയോഗത്തിന്റെ ആദ്യഘട്ടം അയാൾ നടപ്പാക്കിയിരിക്കുന്നു. ഏഷ്യയും യൂറോപ്പുമായിരിക്കും ഈ നീക്കത്തിന്റെ ദുരന്തമേറ്റുവാങ്ങുക എന്നുറപ്പാണ്. ഏഷ്യയിൽ ചൈനയാണ് ട്രംപിന്റെ മുഖ്യശത്രു. നേരത്തേ ചുമത്തിയ 20 ശതമാനം അടക്കം ഇപ്പോൾ 54 ശതമാനമാണ് ചൈനക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഇറക്കുമതി തീരുവ. യൂറോപ്യൻ യൂനിയന് 20 ശതമാനമാണ് ചുമത്തിയിരിക്കുന്നത്. ആഗോള സമ്പദ്ഘടനയിൽ ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ചെറുതായിരിക്കില്ല.
എന്നല്ല, ഇതിനെ മുമ്പ് ചെയ്തതുപോലെ മറുചുങ്കത്തിലുടെയാണ് ഈ രാജ്യങ്ങൾ പ്രതിരോധിക്കുന്നതെങ്കിൽ അതു ലോകവ്യാപാരത്തെയും അതുവഴി സമ്പദ്വ്യവസ്ഥയെയും നിശ്ചലമാക്കും. ഇപ്പോഴിതാ, അടിയന്തര പ്രതികാര നടപടിയെന്നോണം അമേരിക്കൻ ഉൽപന്നങ്ങൾക്ക് 34 ശതമാനം അധിക നികുതി ഏർപ്പെടുത്തിയതായി ചൈന പ്രഖ്യാപിച്ചിരിക്കുന്നു; ഒപ്പം, ചില കമ്പനികൾക്ക് ഇറക്കുമതി നിയന്ത്രണവും. സമാനനീക്കങ്ങൾ മറ്റു രാജ്യങ്ങളിൽനിന്നും പ്രതീക്ഷിക്കാം. ഒരു കാര്യം ഉറപ്പ്: ഈ യുദ്ധത്തിൽ ആരും ജയിക്കില്ല; എല്ലാവർക്കും തോൽവിയായിരിക്കും ഫലം.
അമേരിക്കയുമായുള്ള നയതന്ത്രബന്ധങ്ങളും ട്രംപുമായി മോദി സർക്കാറിനുണ്ടെന്ന് പറയപ്പെടുന്ന സൗഹൃദവുമൊന്നും വൈറ്റ്ഹൗസിനെ സ്വാധീനിക്കാനായില്ല എന്നത് ഇന്ത്യയുടെ നയതന്ത്രപരാജയമായി വിലയിരുത്തുന്നുവരുണ്ട്. ഒരർഥത്തിൽ ഇതു ശരിയാണ്. ചർച്ചകളും നയതന്ത്രനീക്കങ്ങളുമൊന്നും ഫലം കണ്ടില്ലെന്നുതന്നെയാണ് മനസ്സിലാകുന്നത്. 15 മുതൽ 20 ശതമാനം വരെ തീരുവയാണ് ഇന്ത്യ പ്രതീക്ഷിച്ചതെങ്കിലും അതിലും ഉയർന്ന നിരക്കാണ് നേരിടേണ്ടി വന്നത്. ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 26 ശതമാനം തീരുവ ചുമത്തിയത് രാജ്യത്തെ വിവിധ വ്യവസായങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക പ്രകടവുമാണ്.
അതേസമയം, അയൽ രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ ഇന്ത്യക്ക് ‘കുറഞ്ഞ’ നിരക്കാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ന്യായീകരിക്കുകയുമാകാം. അതെന്തായാലും, ഇന്ത്യയുടെ കയറ്റുമതി വ്യവസായത്തിന് ഇതു തിരിച്ചടിയാണെന്ന കാര്യത്തിൽ സംശയമില്ല. ആഭരണം, ഊർജം, ഐ.ടി എന്നീ മേഖലകളിൽ വൻതിരിച്ചടിയുണ്ടാകുമെന്നതിന്റെ സൂചനകൾ ആദ്യ ദിവസങ്ങളിൽതന്നെ വന്നുകഴിഞ്ഞു; അതോടൊപ്പം, കേരളത്തിലടക്കം മത്സ്യക്കയറ്റുമതിയിലും കനത്തമാന്ദ്യമുണ്ടാകും.
ടെക്സ്റ്റൈൽ മേഖലയിൽ മാത്രമാകും അൽപമെങ്കിലും ആശ്വാസത്തിന് വക. ഐ.ടി, ഇലക്ട്രോണിക്സ് മേഖലകളിൽ വൻ തൊഴിൽ നഷ്ടമുണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു. ചുരുക്കത്തിൽ, ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാനുള്ള ഇന്ത്യയുടെ നീക്കങ്ങൾക്ക് ട്രംപ് നൽകിയ കനത്തപ്രഹരംകൂടിയാണ് ഇപ്പോഴത്തെ ചുങ്കക്കൊള്ള. ഈ പ്രതിസന്ധിയെ മോദി സർക്കാർ എങ്ങനെയാകും പ്രതിരോധിക്കുക എന്ന് കണ്ടറിയുകതന്നെ വേണം.