ഇടതുപക്ഷം ആർക്കൊപ്പമാണ്?
text_fieldsഏതാനും മാസങ്ങളായി കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തിൽ എന്താണ് നടന്നുകൊണ്ടിരിക്കുന്നത്? കേരളം ഭരിക്കുന്നത് മതനിരപേക്ഷതയുടെ അവകാശവാദം അധര/അക്ഷരവ്യായാമമാക്കിയ കമ്യൂണിസ്റ്റുകൾ നയിക്കുന്ന ഇടതുമുന്നണിയാണ്. കേരളത്തിലെ സാമൂഹിക നവോത്ഥാനത്തിന്റെ കുത്തകക്കാരായ അവരുടെ ഭരണത്തിൽ നവോത്ഥാനം ഊർജിതപ്പെടുത്താൻ പ്രത്യേകസമിതി സംഘടിപ്പിച്ചിട്ടുണ്ട്. മനുഷ്യച്ചങ്ങലയും മതിലുമൊക്കെ പണിതുവരുന്നുമുണ്ട്. എന്നാൽ, ഇടതുഭരണം രണ്ടാമൂഴം തികക്കാറാകുമ്പോൾ ആ ചങ്ങലയിലും മതിലിനകത്തും തളച്ചിടേണ്ട എല്ലാ വിഷ, വിധ്വംസക ശക്തികളും ഇഴഞ്ഞു പുറത്തുവരുന്നതാണ് കാണുന്നത്. അവരെ കൂട്ടിലടക്കേണ്ട ഭരണത്തിലുള്ളവരാകട്ടെ, കുഴലൂതി കുഴലൂതി അവരെ അഴിഞ്ഞാടാൻ അരങ്ങത്തേക്ക് തെളിച്ചുകൊണ്ടുവരുകയും ചെയ്യുന്നു. ഗ്രഹണത്തിന് വിഷജീവികൾ നിർബാധം പുറത്തിറങ്ങുമത്രേ. അതെന്തായാലും കേരള രാഷ്ട്രീയത്തിൽ ഇടതിനു ഗ്രഹണം സംഭവിച്ചുകൊണ്ടിരിക്കെ, വർഗീയവൈതാളികർ നിരന്തരം സമൂഹത്തിൽ തിടംവെച്ചു വളരുകയാണ്.
സംഘ്പരിവാർ ഫാഷിസത്തിന്റെ നിയന്ത്രണത്തിൽ അമർന്നുകഴിഞ്ഞ ഇന്ത്യയിൽ അധികാരരാഷ്ട്രീയക്കടകളിൽ ഡിമാൻഡുള്ള ചരക്ക് ഇസ്ലാമോഫോബിയ അഥവാ മുസ്ലിം വിരോധമാണ്. മുസ്ലിം വിരുദ്ധ വിഷവമനക്കാർക്കും വിദ്വേഷപ്രചാരകർക്കുമാണ് രാഷ്ട്രീയത്തിലും സമൂഹമണ്ഡലത്തിലും മാധ്യമങ്ങളിലുമൊക്കെ ഇപ്പോൾ സ്വീകാര്യത. എല്ലാവരും ചേർന്ന് കേരളത്തെ നൂറ്റാണ്ടു പിറകിലേക്ക് കെട്ടിവലിക്കുകയാണ്. 133 വർഷങ്ങൾക്കുമുമ്പാണ്, 1892ൽ മത, ജാതി വർഗീയതയുടെ മലിനീകരണത്തിൽ ചീഞ്ഞുനാറുന്ന കേരളത്തെ സ്വാമി വിവേകാനന്ദൻ ഭ്രാന്താലയമെന്നു വിശേഷിപ്പിച്ചത്. ജാതിയില്ലാ വിളംബരത്തിലൂടെ ശ്രീനാരായണഗുരു നടത്തിയ മനുഷ്യത്വ പ്രഖ്യാപനത്തിനും നൂറ്റാണ്ടൊന്നു പിന്നിട്ടു. അവരുടെ വിമർശനം കേൾക്കാനും തിരുത്താനും സാമൂഹിക പ്രതിബദ്ധരും നിസ്വാർഥരുമായ രാഷ്ട്രീയ, സമുദായ നേതൃത്വമുള്ളതുകൊണ്ട് കേരളം വിവേകാനന്ദൻ ആക്ഷേപിച്ച ഭ്രാന്താലയത്തിൽനിന്നു നവോത്ഥാനത്തിലേക്ക് യാത്രചെയ്തെത്തി. അപ്പോഴും പഴയ ജീർണതകൾ തൂത്താൽ പോകാത്തത്ര തലക്കുപിടിച്ചവരുണ്ടായിരുന്നു.
നവോത്ഥാനത്തിന്റെ നേരവകാശം പതിച്ചെടുക്കാൻ വന്ന ഇടതുപ്രസ്ഥാന നേതൃത്വത്തിനുപോലും അതിൽനിന്ന് രക്ഷപ്പെടാൻ കഴിഞ്ഞില്ലെന്ന് മുഖ്യമന്ത്രിപദത്തിൽനിന്ന് ജാതി, ലിംഗഭേദം മൂലം അകറ്റിനിർത്തപ്പെട്ടെന്ന കെ.ആർ. ഗൗരിയമ്മയുടെ ആക്ഷേപം തുറന്നുകാട്ടിയിട്ടുണ്ട്. എങ്കിലും മത ജാതി വർഗീയ ചിന്തകൾക്കുമേൽ പ്രബുദ്ധതയുടെ മേൽമുണ്ടു ചുറ്റി പെരുമ നടിക്കാൻ കേരളത്തിനായിട്ടുണ്ട്. സംഘ്പരിവാറിന് സംഘബലത്തിൽ രാജ്യത്ത് മുൻതൂക്കമുള്ള സംസ്ഥാനമായിട്ടുകൂടി നിയമനിർമാണാധികാരത്തിന്റെ നാലയലത്തേക്ക് അവരെ അടുപ്പിക്കാൻ കേരളം അറച്ചുനിൽക്കുന്നത് ഈ നാട്യത്തിന്റെ മറയിലാണ്. ചാരത്തിൽ പൊതിഞ്ഞ ഈ വംശവെറിയുടെ കനൽ ഊതിക്കത്തിക്കാൻ വിധ്വംസകശക്തികൾ ഇറങ്ങിത്തിരിച്ചിട്ടുണ്ട്. രാഷ്ട്രീയ, സമുദായ, മാധ്യമരംഗങ്ങളിലെ പഴയ കുലപതികളുടെ കനകസിംഹാസനങ്ങളിൽ കയറിയിരിക്കുന്ന ഈ അൽപന്മാരുടെ ശുംഭത്വം വിലകെടുത്തുന്നത് കേരളത്തെയാണ്, മലയാളിയുടെ മനുഷ്യത്വത്തെയാണ്.
വെള്ളാപ്പള്ളിയെപ്പോലെ ലജ്ജയില്ലാത്തവർക്ക് എന്തുമാവാം. എന്നാൽ, ഭരിക്കുന്നവരിൽ നിന്നും അവരുടെ നേതാക്കളിൽ നിന്നും പ്രതീക്ഷിക്കപ്പെടുന്നത് അതല്ലല്ലോ. ഉടുക്കാത്ത ഭ്രാന്തിനെ നിലക്കുനിർത്തേണ്ട അവരെന്താണ് ചെയ്യേണ്ടത്? അതിനെ പട്ടുപുതപ്പിച്ച് വണങ്ങുകയോ അതോ, അത്തരക്കാരെ നിയമത്തിന്റെ വഴിക്ക് നടത്തുകയോ? നേരിന്റെയും ന്യായത്തിന്റെയും പക്ഷത്തെന്ന് കരുതിപ്പോന്ന ഇടതുപക്ഷം നിർഭാഗ്യവശാൽ ഇപ്പോൾ ആദ്യവഴിക്കാണ്. കോഴിക്കോട്ടെ മാൻഹോളിൽ കുടുങ്ങിയ മനുഷ്യജീവനെ രക്ഷപ്പെടുത്തി രക്തസാക്ഷിയായ നൗഷാദിനെതിരെയടക്കം മതദ്വേഷത്തിൽ അപഹസിച്ച വെള്ളാപ്പള്ളി നടേശനെ മനുഷ്യത്വവും വെളിവുമില്ലാത്ത, കേരളത്തിലെ തൊഗാഡിയ എന്നു വിശേഷിപ്പിച്ചതാണ് പിണറായി വിജയൻ. എന്നാൽ, മുഖ്യമന്ത്രിയായ പിണറായി നവോത്ഥാന മൂല്യ സംരക്ഷണസമിതി ഉണ്ടാക്കിയപ്പോൾ ചെയർമാനായി കണ്ടത് അതേ ദേഹത്തെ. ഇടതുസർക്കാറിന്റെ പഥ്യം തിരിച്ചറിഞ്ഞാവണം നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് കാലത്ത് മുസ്ലിം സമുദായത്തെ അദ്ദേഹം തെറിയഭിഷേകം നടത്തി. അതുകഴിഞ്ഞ് മുഖ്യമന്ത്രി അദ്ദേഹത്തെ ആശിർവദിക്കാൻ പാഞ്ഞെത്തി. കുമാരനാശാനുംമേലെ പ്രതിഷ്ഠിച്ചു പട്ടുപുതപ്പിച്ചായിരുന്നു ആ ആദരം. സർക്കാർ പിന്തുണയായതോടെ വിഷനാവിനു മൂർച്ചകൂടി.
നിമിഷപ്രിയയുടെ ജീവൻ രക്ഷപ്പെടുത്താൻ ശ്രമിച്ച കാന്തപുരം അബൂബക്കർ മുസ്ലിയാർക്കുനേരെ കുതിരകയറ്റം. മുസ്ലിംകൾ പെറ്റുകൂട്ടുന്നുവെന്ന ഭീഷണി ചൂണ്ടി ഹിന്ദുക്കൾക്ക് പ്രൊഡക്ഷൻ ചലഞ്ച്. സാത്വിക മുസ്ലിം സംഘടനയായ സമസ്തക്കും ശകാരം. അതിനും കിട്ടി രണ്ടു സി.പി.എം മന്ത്രിമാരുടെ പട്ടുപുതപ്പിക്കൽ. ഒരുനാൾ വിദ്വേഷ വിസർജനം, പിറ്റേന്നാൾ സർക്കാർവക ആശിർവാദം എന്ന നിലയിലെത്തി ഇടതിന്റെ വലതുവിസ്മയങ്ങൾ. ഒടുവിൽ ബാലൻസിനെന്നോണം ഒരു വഴുവഴുപ്പൻ പ്രസ്താവനയിറക്കി പാർട്ടി, ആളുടെ പേരുപോലും പറയാതെ. രണ്ടുനാൾ മുമ്പ് സ്കൂൾ സമയമാറ്റത്തിൽ സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങളെ വിരട്ടിയ ആവേശമൊന്നും നിയമം കൈയിലെടുത്തയാൾക്കെതിരെ കണ്ടില്ല.
വെള്ളാപ്പള്ളിയുടെ കൂറ് കേരളത്തിനറിയാം. എന്നാൽ, അദ്ദേഹമടക്കമുള്ളവരുടെ വിദ്വേഷവമനത്തിന് കോളാമ്പി പിടിച്ചുകൊടുക്കുന്ന ഇടതുപക്ഷം വാസ്തവത്തിൽ ആർക്കൊപ്പമാണ്?