ഒഴിവാക്കാമായിരുന്ന മറ്റൊരു ദുരന്തം
text_fieldsതമിഴ്നാട്ടിലെ കരൂരിൽ തമിഴക വെട്രികഴകം (ടി.വി.കെ) യുടെ റാലിയിൽ തിക്കിത്തിരക്കിൽപെട്ടുണ്ടായ ദുരന്തം അപൂർവമെങ്കിലും ആവർത്തിക്കുന്നത് കൂടിയാണ്. ഇതെഴുതുന്നതുവരെ 40 പേരാണ് മരിച്ചത്. നടനും ടി.വി.കെ നേതാവുമായ വിജയ് യുടെ സജീവ രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായിരുന്നു റാലി. സമാനമായ മുൻ ദുരന്തങ്ങളെയും പോലെ ആസൂത്രണപ്പിഴവുകൊണ്ടും സൂക്ഷ്മതയില്ലായ്മ കൊണ്ടും വിപത്ത് ക്ഷണിച്ചുവരുത്തുകയായിരുന്നു. കരൂരിലെ വേലുച്ചാമിപുരത്തെ തിരക്കും ശ്വാസംമുട്ടിക്കുന്ന ചൂടും മണിക്കൂറുകളോളം കാത്തുനിൽക്കുകയായിരുന്ന ജനത്തെ അവശരാക്കിയിരുന്ന ഘട്ടത്തിലാണ് വളരെ വൈകി തിക്കും തിരക്കും നിയന്ത്രണാതീതമാക്കിക്കൊണ്ട് വിജയ് യുടെ വാഹനം എത്തുന്നത്.
ഏറെയും കൗമാരപ്രായക്കാരടങ്ങുന്ന കൂട്ടം നേതാവിനെ കാണാൻ അടുത്തേക്ക് ചെന്നതും പ്രശ്നം രൂക്ഷമാക്കി. ജനങ്ങളുടെ നീക്കം നിയന്ത്രിക്കാൻ ഒരു സംവിധാനവുമുണ്ടായിരുന്നില്ല. വിജയ് പ്രസംഗം തുടങ്ങിയ മുറക്ക് ആളുകൾ ബോധംകെട്ട് വീഴാൻ തുടങ്ങി. വളരെ പെട്ടെന്നുതന്നെ ഒരു മഹാദുരന്തമായി അത് മാറി. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നിർദേശപ്രകാരം മുൻമന്ത്രി സെന്തിൽ ബാലാജിയുടെ നേതൃത്വത്തിൽ അടിയന്തര രക്ഷാപ്രവർത്തനം നടന്നു. മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും സംസ്ഥാന സർക്കാറും വിജയ് യും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. ജസ്റ്റിസ് അരുണ ജഗദീഷ് അധ്യക്ഷയായുള്ള ജുഡീഷ്യൽ കമീഷൻ ദുരന്തത്തെപ്പറ്റി അന്വേഷിക്കും. യൂനിയൻ ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടിയിട്ടുമുണ്ട്.
സമാനമായ മുൻ ദുരന്തങ്ങളിലെ പല വീഴ്ചകളും കരൂരിലും ആവർത്തിച്ചു എന്നതാണ്, ഒഴിവാക്കാമായിരുന്ന ദുരന്തത്തെ കുറ്റകൃത്യം തന്നെയാക്കുന്നത്. ബംഗളൂരുവിൽ റോയൽ ചലഞ്ചേഴ്സിന്റെ ഐ.പി.എൽ വിജയാഘോഷത്തിനിടെ 11 പേർ തിക്കിത്തിരക്കിൽ മരിച്ചത് ഇക്കഴിഞ്ഞ ജൂണിലാണ്. ഉത്തർപ്രദേശിൽ കുംഭമേളക്കിടെ 31 പേർ മരിച്ചത് ഇക്കൊല്ലം ജനുവരിയിൽ. കഴിഞ്ഞവർഷം യു.പിയിൽതന്നെ ഹാഥ്റസിൽ 120 പേരാണ് തിരക്കിൽപെട്ട് മരിച്ചത്. ഇക്കൊല്ലം ഫെബ്രുവരിയിൽ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ 18 പേർ കൊല്ലപ്പെട്ടു. തിരുപ്പതിയിലും ഗോവയിലും മറ്റും ഇക്കൊല്ലം ദുരന്തങ്ങളുണ്ടായി. കേരളത്തിലെ കുസാറ്റിൽ 2023ൽ ഗാനമേളക്കിടെ നാലു വിദ്യാർഥികൾ കൊല്ലപ്പെട്ടതും ആസൂത്രണപ്പിഴവ് സൃഷ്ടിച്ച തിക്കിത്തിരക്ക് ദുരന്തത്തിലാണ്. മുമ്പുണ്ടായിപ്പോയ ദുരന്തങ്ങളിലെ പിഴവുകൾ പരിഹരിക്കാൻ ശ്രദ്ധിച്ചിരുന്നെങ്കിൽ ആവർത്തിക്കാൻ സാധ്യതയില്ലാതിരുന്നതാണ് പിന്നീടുണ്ടായ പലതും. പലതവണ ഒരേതരത്തിലുള്ള അപകടം നടക്കുന്നുവെങ്കിൽ അത് ആകസ്മികതയല്ല; കുറ്റകരമായ അനാസ്ഥയാണ്.
കരൂർ ദുരന്തത്തെപ്പറ്റി നടക്കാൻ പോകുന്ന അന്വേഷണം ഉത്തരവാദികളാര് എന്ന് കണ്ടെത്തുമായിരിക്കും. എന്നാൽ, ഒഴിവാക്കാമായിരുന്ന വീഴ്ചകളെന്ത് എന്ന് കണ്ടെത്താൻ വിശദമായ അന്വേഷണത്തിന്റെ ആവശ്യമില്ല. അടിസ്ഥാന സൗകര്യങ്ങളെ കവച്ചുവെക്കുന്ന ജനക്കൂട്ടമാണ് ഒരു ഘടകം. കരൂരിൽ വിജയ് യുടെ റാലി നടക്കുന്നതിന് മുമ്പുതന്നെ ടി.വി.കെയുടെ സംസ്ഥാന പര്യടനത്തിനുണ്ടാകേണ്ട പരിധികളും നിയന്ത്രണങ്ങളും നിശ്ചയിച്ചിരുന്നു. ആൾക്കൂട്ടം ധാരാളമുണ്ടാകുമെന്ന് അറിയുന്നതിനാൽതന്നെ നിയന്ത്രണങ്ങൾ പതിവിലേറെ കർക്കശമായിരുന്നു. എന്നാൽ, കരൂരിലെ റാലിക്കുമുമ്പ് നടന്നവയിലും പരിധികൾ ലംഘിക്കപ്പെട്ടിരുന്നു. കരൂരിലാകട്ടെ 10,000 പേർക്കുമാത്രം അനുവാദം നൽകിയ മൈതാനത്ത് ലക്ഷത്തിനടുത്തോ അതിൽ കൂടുതലോ ആളുകളെത്തി. അത് തടയപ്പെട്ടില്ല. സമയക്രമം പിഴച്ചതാണ് മറ്റൊരു കാരണം. കരൂരിൽ ഉച്ചക്ക് രണ്ടുമണിക്ക് നടക്കേണ്ടിയിരുന്ന പരിപാടിക്ക് കാലത്ത് ആറുമുതലേ ആളുകൾ വന്നുതുടങ്ങിയിരുന്നു.
ഉച്ചയായപ്പോഴേക്ക് ആൾക്കൂട്ടവും ചൂടും ദുരന്തസൂചന നൽകേണ്ടതായിരുന്നു. വിജയ് എത്തിയതാകട്ടെ ഏഴുമണി കഴിഞ്ഞും. ജലപാനം പോലുമില്ലാതെ മണിക്കൂറുകൾ നിന്നനിലയിൽ കഴിഞ്ഞ പലരും തളർന്നുവീഴാൻ വേറെ കാരണം ആവശ്യമില്ലാത്ത സ്ഥിതിയിലായിരുന്നു. ‘ആരാധകരെ’ന്നറിയപ്പെടുന്ന ഉന്മത്ത ജനക്കൂട്ടങ്ങളുടെ വിവേകമില്ലായ്മയും ഈ ദുരന്തത്തിലെ ഒരുഘടകമാണ്. വിജയ് യുടെ റാലിയിൽ മുമ്പും തിക്കിത്തിരക്ക് പ്രശ്നം സൃഷ്ടിച്ചിരുന്നു. പക്ഷേ, അന്ധമായ താരഭക്തി ആൾക്കൂട്ടത്തെ ദുരന്ത മുഖത്തേക്ക് തള്ളിവിട്ടു. കാരണമറിയുന്നതിനല്ല അന്വേഷണങ്ങൾ നടക്കേണ്ടത്. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തുവേണം എന്നതിനെ പറ്റിയാണ്.