ഈ ‘സഹായ’ത്തേക്കാൾ വലിയ ദുരന്തം മറ്റെന്തുണ്ട്?
text_fields2024ൽ ലോകത്ത് റിപ്പോർട്ട് ചെയ്ത 32 അസാധാരണ കാലാവസ്ഥ സംഭവങ്ങളിലൊന്നായാണ് വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തത്തെ ശാസ്ത്രലോകം അടയാളപ്പെടുത്തിയിട്ടുള്ളത്.
നാനൂറിലധികം പേരുടെ ജീവനെടുത്തും അതിലിരട്ടി കുടുംബങ്ങളെ അനാഥമാക്കിയും രണ്ട് ഗ്രാമങ്ങളെ സമ്പൂർണമായി വിഴുങ്ങിയും ആർത്തലച്ച ജലപ്രവാഹം 2018ലെ മഹാപ്രളയത്തേക്കാൾ ഭീകരമായിരുന്നുവെന്ന് ആരും സമ്മതിക്കും. പ്രാഥമിക വിലയിരുത്തലിൽതന്നെ 1200 കോടി രൂപയുടെ നാശനഷ്ടം കണക്കാക്കിയ ദുരന്തത്തിന്റെ ഇരകളെ പുനരധിവസിപ്പിക്കാനും അപ്രത്യക്ഷമായ ആ ഗ്രാമങ്ങളെ വീണ്ടെടുക്കാനുമുള്ള ശ്രമങ്ങളിലാണ് കേരളം. പുനരധിവാസത്തിന് സർക്കാറും സന്നദ്ധ സംഘടനകളുമെല്ലാം ചേർന്ന് പുതിയൊരു മാതൃകതന്നെ സൃഷ്ടിച്ച് മുന്നേറുമ്പോൾ ഒരു ചോദ്യം പലകുറി ആവർത്തിക്കപ്പെടുന്നു: ഈ ഘട്ടത്തിൽ, പുനരധിവാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ആവശ്യമായ ധനസഹായം അനുവദിക്കുകയും ചെയ്യേണ്ട കേന്ദ്ര സർക്കാർ എവിടെ നിൽക്കുന്നുവെന്നതാണത്. ആ ചോദ്യത്തിന് ഇപ്പോൾ ഉത്തരമായിരിക്കുന്നു. ഉരുൾദുരന്തം ജീവനും ജീവിതവും കവർന്നെടുത്ത മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ദുരന്തബാധിതരോട് തങ്ങൾക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്ന് മോദി സർക്കാർ അസന്ദിഗ്ധമായി പ്രഖ്യാപിച്ചിരിക്കുന്നു. പ്രകൃതിദുരന്തം നാശം വിതച്ച ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനങ്ങൾക്ക് കൈയയച്ച സഹായം ലഭ്യമാക്കിയപ്പോൾ കേരളത്തിന് സമ്പൂർണ അവഗണന. ദുരന്തത്തിന്റെ വ്യാപ്തിയും ആഘാതവും കൃത്യമായും സമഗ്രമായും വിശദമാക്കി രണ്ടു തവണ പ്രപ്പോസൽ സമർപ്പിച്ചിട്ടും ആവശ്യപ്പെട്ട തുകയും എട്ടിലൊന്ന് മാത്രമാണ് ഒന്നേകാൽ വർഷത്തിനിപ്പുറം അനുവദിച്ചിരിക്കുന്നത്. ഇതിനെ കൊടുംചതിയെന്നല്ലാതെ മറ്റെന്താണ് വിശേഷിപ്പിക്കുക?
2024 ജൂലൈ 30നായിരുന്നു വയനാട് ദുരന്തം. അപകടമുണ്ടായതിന്റെ പത്താം നാൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തസ്ഥലം സന്ദർശിച്ചപ്പോൾ എല്ലാവരും പ്രതീക്ഷിച്ചത് ദുരന്തബാധിതർക്ക് ആശ്വാസമാകുംവിധം കാര്യമായൊരു പ്രഖ്യാപനം അദ്ദേഹം നടത്തുമെന്നാണ്. അങ്ങനെയൊന്നുണ്ടായില്ലെങ്കിലും, പണത്തിന്റെ അപര്യാപ്തതയാൽ പുനരധിവാസ പ്രവർത്തനങ്ങൾ മുടങ്ങില്ലെന്ന് ഉറപ്പുനൽകി, ദുരന്തബാധിത കുടുംബത്തിലെ കുഞ്ഞിനെ ഓമനിക്കുന്ന ഫോട്ടോകളുമെടുത്താണ് അദ്ദേഹം മടങ്ങിയത്. കേരളത്തിന്റെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർലോഭ പിന്തുണയുണ്ടാകുമെന്ന സന്ദേശമാണ് പ്രധാനമന്ത്രി നൽകിയതെന്ന് പലരും അതിനെ വ്യാഖ്യാനിക്കുകയും ചെയ്തു.
വയനാട് ഉരുൾദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്നും ദേശീയദുരന്തമായി വിജ്ഞാപനം ചെയ്യണമെന്നുംആവശ്യപ്പെട്ട് രണ്ട് കത്തുകൾ ഇതിനകം സംസ്ഥാന സർക്കാർ മോദിക്ക് അയച്ചിരുന്നു. സന്ദർശനം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടപ്പോഴേക്കും പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ 2262 കോടിയുടെ മെമ്മോറാണ്ടവും സർക്കാറിന് സമർപ്പിച്ചു. കൂടാതെ, പുനരധിവാസത്തിനായി 2221 കോടിയുടെ പോസ്റ്റ് ഡിസാസ്റ്റർ നീഡ് അസസ്മെന്റ് (പി.ഡി.എൻ.എ) നടത്തി കേന്ദ്രത്തിന് സമർപ്പിക്കുകയും ചെയ്തു. അതുകഴിഞ്ഞ്, ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതിനായി കേന്ദ്രത്തെ വേറെ സമീപിച്ചു. ഇതിലൊന്നിലും അനുകൂല പ്രതികരണമുണ്ടായില്ല. ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം കഴിഞ്ഞ നവംബറിലേ തള്ളി. 2005ലെ ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ടിൽ ഒരു പ്രകൃതിദുരന്തത്തെ ‘ദേശീയദുരന്ത’മായി പ്രഖ്യാപിക്കാൻ വകുപ്പില്ലത്രേ. മാത്രവുമല്ല, പ്രസ്തുത നിയമപ്രകാരം ദുരന്തനിവാരണത്തിനുള്ള പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാനങ്ങൾക്കാണെന്നുമാണ് കേന്ദ്രം പറഞ്ഞത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമുള്ള തുക ദുരന്തനിവാരണ ഫണ്ടിൽനിന്നാണ് (എസ്.ഡി.ആർ.എഫ്) ഉപയോഗിക്കേണ്ടതെന്നും അതിനായി 394.99 കോടി രൂപ ഉണ്ടെന്നുമായിരുന്നു കേന്ദ്രത്തിന്റെ ന്യായം. വായ്പ എഴുതിത്തള്ളണമെന്ന ആവശ്യവും സംസ്ഥാനത്തിന്റെ തലയിൽകെട്ടിവെച്ച് മോദിസർക്കാർ ഒഴിഞ്ഞുമാറി. ഇതിനിടയിൽ ആകെ ലഭിച്ചത് സ്പെഷൽ അസിസ്റ്റന്റ് ഫോർ കാപിറ്റൽ ഇൻവെസ്റ്റ്മെന്റ് (സാഫ്കീ) സ്കീമിൽ ഉൾപ്പെടുത്തി 529.50 കോടി രൂപ മാത്രം; അതും കടമായി. ചുരുക്കത്തിൽ പതിവ് സംസ്ഥാന ദുരന്തനിവാരണ ഫണ്ടിനപ്പുറം ഇത്രയുംവലിയൊരു പ്രകൃതിദുരന്തം സംഭവിച്ചിട്ടും കേന്ദ്രം ഒരു രൂപപോലും വയനാടിനായി നൽകിയില്ല. ഇപ്പോൾ, പി.ഡി.എൻ.എ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളത്തിന് അനുവദിച്ചിരിക്കുന്നത് 260.56 കോടിരൂപയാണ്. 2221 കോടി ആവശ്യപ്പെട്ടപ്പോഴാണ് ഇതെന്നോർക്കണം.
ദുരന്തത്തേക്കാൾ വലിയ ദുരന്തമായി കേന്ദ്രസഹായം മാറുന്നതെങ്ങനെയെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണിത്. പ്രതിപക്ഷ സംസ്ഥാനങ്ങളോടുള്ള പതിവ് വിവേചനത്തിന്റെ തുടർച്ചയാണിത്. അസം, കേരളം, മധ്യപ്രദേശ്, ഒഡിഷ, രാജസ്ഥാൻ, യു.പി, ബിഹാർ, ഛത്തിസ്ഗഢ്, ആന്ധ്ര എന്നീ സംസ്ഥാനങ്ങൾക്കായി 4645 കോടി അനുവദിച്ചപ്പോൾ കേരളത്തിനുള്ള വിഹിതമാണിത്. ബി.ജെ.പി ഭരിക്കുന്ന അസമിന് 2160 കോടി രൂപയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള ഉന്നത സമിതി അനുവദിച്ചിരിക്കുന്നത്. ഈ വർഷത്തെ എസ്.ഡി.ആർ.ഫ് വിഹിതത്തിലുമുണ്ട് ഈ വിവേചനം. അസമിന് 751 കോടി നൽകിയപ്പോൾ കേരളത്തിന് 306 കോടി മാത്രം.
കേന്ദ്രത്തിന്റെ ഈ പ്രതിലോമ സമീപനം വയനാട് പുനരധിവാസത്തെ മന്ദഗതിയിലാക്കുമെന്ന് ഉറപ്പാണ്. പുനരധിവാസത്തിന് കണക്കാക്കിയിരിക്കുന്ന ചെലവ് ഏതാണ്ട് 2262 കോടി രൂപയാണ്. ഇപ്പോൾ അനുവദിച്ചിരിക്കുന്ന പണവും എസ്.ഡി.ആർ.എഫുമെല്ലാം വിനിയോഗിച്ചാൽപോലും പിന്നെയും രണ്ടായിരം കോടിയോളം സംസ്ഥാന സർക്കാർ സ്വന്തം നിലയിൽ കണ്ടെത്തേണ്ടിവരും. അർഹമായ സഹായം തടഞ്ഞും നികുതിവിഹിതം വെട്ടിയും പലവഴികളിൽ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രത്തിന്റെ പുതിയ നിലപാടും യാദൃച്ഛികമാകാൻ വഴിയില്ല. അതിനാൽ, ഈ വിവേചനത്തിനെതിരെ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ മുഴുവൻ ജനാധിപത്യ വിശ്വാസികളും ഒന്നിച്ചണിനിരക്കണം.