Begin typing your search above and press return to search.
exit_to_app
exit_to_app
കോൺഗ്രസ് കൊയ്യുന്നതും ബി.ജെ.പി കളയുന്നതും
cancel

തെലങ്കാന ഗവൺമെന്റിന്‍റെ മുൻകൈയിൽ എഴുപതോളം വിദേശരാഷ്ട്രങ്ങളിലെ രാഷ്ട്രീയ നേതാക്കൾ, നയകോവിദന്മാർ, അക്കാദമിഷ്യന്മാർ, ആക്ടിവിസ്റ്റുകൾ എന്നിവരെ പ​ങ്കെടുപ്പിച്ച് കോൺഗ്രസ് സംഘടിപ്പിച്ച ഭാരത് സമ്മിറ്റ് വലിയ രാഷ്ട്രീയ അനുരണനങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി നേതൃത്വത്തിന്റെ ഇടപെടലുകളും രൂക്ഷവിമർശനങ്ങളും തെളിയിക്കുന്നു. ഹൈദരാബാദിൽ തെലങ്കാന ഗവൺമെന്റ് ആതിഥ്യമരുളിയ പരിപാടി യൂറോപ്യൻ യൂനിയൻ, ലാറ്റിൻ അമേരിക്ക, ആഫ്രിക്ക, വിദൂ​ര പൂർവ ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ പ്രതിപക്ഷ നേതാക്കളുടെ സാന്നിധ്യം കൊണ്ട് ​ശ്ര​ദ്ധേയമായി.

ഇന്ത്യയിൽ ജനാധിപത്യ ധ്വംസനത്തിനുള്ള ഭരണകൂട ശ്രമങ്ങൾക്കെതിരായ ​പ്രതിഷേധം രാജ്യതലസ്ഥാനത്തുനിന്ന് ഇന്ത്യൻ തെരുവുകളിലേക്ക് നിരവധി ജന്തർമന്തറുകളായി കത്തിപ്പടരുന്നതിനിടയിലായിരുന്നു ജനാധിപത്യാവകാശങ്ങളുടെ ആഗോളവർത്തമാനം ചർച്ച ചെയ്ത രണ്ടു നാൾ സമ്മേളനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനാധിപത്യ സംരക്ഷണത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങൾ നടന്നുകൊണ്ടിരിക്കെ, വലതുപക്ഷ ഫാഷിസ്റ്റു ശക്തികൾക്കെതിരായ പോരാട്ടത്തിന്റെ വഴികളാരായുകയായിരുന്നു ഉച്ചകോടിയുടെ ലക്ഷ്യമെന്ന് സംഘാടകർ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.

വിവിധ രാജ്യങ്ങളിൽ ജനാധിപത്യം എങ്ങനെയാണ് ക്ഷയിക്കുന്നത്, ജനശബ്ദം എങ്ങനെ കേൾക്കപ്പെടാതെ പോകുന്നു, അധികാരം എങ്ങനെ കേന്ദ്രീകരണത്തിലേക്ക് നീങ്ങുന്നു, രാഷ്ട്രീയക്കാരും വൻകിട ബിസിനസുകാരും ചേർന്ന അവിഹിതസഖ്യങ്ങൾ എങ്ങനെ രൂപപ്പെടുന്നു എന്ന വിഷയങ്ങളിലൂന്നിയാണ് ഉച്ചകോടിയുടെ കാര്യപരിപാടി നിർണയിച്ചിരുന്നത്.

ഇടതുപക്ഷക്കാരും സോഷ്യലിസ്റ്റുകളും മിതവാദി നേതാക്കളുമൊക്കെയുണ്ടായിരുന്നു ക്ഷണിതാക്കളിൽ. ലോകത്തിന്റെ നാനാഭാഗങ്ങളിൽ ജനാധിപത്യ സംരക്ഷണത്തിന് പൊരുതുന്നവരുടെ ഐക്യദാർഢ്യ കൂട്ടായ്മക്കാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഹൈദരാബാദിൽ വേദിയൊരുക്കിയത്.

ആഗോളതലത്തിൽ ജനാധിപത്യ സംവിധാനങ്ങൾക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയത്തിന്റെ ഭാഗമാണ് ഇന്ത്യയിലെ പ്രശ്നങ്ങളെന്നും അതിനു സമാധാനപരവും ജനാധിപത്യപരവുമായ പ്രതിരോധത്തിന്റെ വഴികളാരായുകയാണ് ഭാരത ഉച്ചകോടി ലക്ഷ്യമിട്ടതെന്നും പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ഉച്ചകോടിയിൽ നയം വ്യക്തമാക്കി. 13 ​കോടി വോട്ടർമാരുടെ പേരു വെട്ടിയ എസ്.ഐ.ആർ പോലുള്ള ​കൃത്രിമങ്ങളൊരുക്കുന്ന മോദിക്കും ഷാക്കുമെതിരായ പോരാട്ടത്തിലൂടെ ജനാധിപത്യ സ്ഥാപനങ്ങളുടെ ബലക്ഷയം തടയാൻ രാഹുൽ ആഹ്വാനം ചെയ്തു.

വലതുപക്ഷ തരംഗം ദുർബലമാവുകയും അതിനെതിരായ ചെറുത്തുനിൽപു പക്ഷം ഈയിടെ നടന്ന തെരഞ്ഞെടുപ്പുകളിൽ ജയിച്ചുവരുന്ന പ്രവണത കൂടുതൽ ദൃശ്യമാകുകയും ചെയ്തുകൊണ്ടിരിക്കുന്ന സന്ദർഭത്തിലായിരുന്നു എന്നതും ഉച്ചകോടിയുടെ പ്രസക്തി എടുത്തുകാട്ടി.

അതുത​ന്നെയാണ് ബി.ജെ.പി നേതൃത്വത്തെ ചൊടിപ്പിച്ചതും. ലോകത്തിന്റെ നാനാഭാഗത്തുള്ളവരെ വിളിച്ചുകൂട്ടി ജനാധിപത്യാവകാശ സംരക്ഷണം ചർച്ച ചെയ്യുന്നതും അതിൽ ഇന്ത്യയി​ൽ വോട്ടുചോരി വരെയുള്ള ജനാധിപത്യാപഹരണ ശ്രമങ്ങൾ ചർച്ചക്കു വരുന്നതും ബി.ജെ.പിക്ക് ദഹിക്കുന്നതല്ലല്ലോ. ‘ലോകമെമ്പാടും നിന്ന് ഇടതുപക്ഷ പ്രചാരകരെ കൊണ്ടുവന്ന്, ഭാരത ഉച്ചകോടി എന്നു പേരുമിട്ട്, കോൺഗ്രസ് രാജകുമാരൻ ഇന്ത്യാവിരുദ്ധ പ്രസ്താവനകൾക്കും ഇന്ത്യയുടെ പ്രതിച്ഛായക്ക് താറടിക്കാനുമുള്ള ​​വേദിയൊരുക്കി’യതിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ രംഗത്തുവന്നു. തെരഞ്ഞെടുപ്പിൽ ജയിക്കാൻ കോൺഗ്രസ് നേതാവ് വിദേശയാത്രകൾ അവസാനിപ്പിച്ച് ഇന്ത്യയുടെ ഗ്രാമങ്ങളിലേക്ക് ഇറങ്ങിത്തിരിക്കണമെന്നൊരു ഉപദേശവും അദ്ദേഹം രാഹുലിനു നൽകി.

ഞങ്ങൾ മോദിയുഗം അവസാനിപ്പിക്കാൻ പോകുകയാണെന്നും അതിന്റെ ലക്ഷണങ്ങളാണ് ഡൽഹിയിൽ നിന്നു തുടങ്ങി രാജ്യത്തെ വിവിധ തെരുവുകളിലേക്ക് വ്യാപിപ്പിക്കുന്നതെന്നും അതിൽ ചകിതരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രത്തിലെ രണ്ടാമൻ അമിത് ഷാ​യുമെന്നും രാഹുൽ സമ്മേളനത്തിൽ വ്യക്തമാക്കിയത് അക്ഷരംപ്രതി ​ശരിവെക്കുകയായിരുന്നു അമിത് ഷാ.

അതിനിടെ ഉച്ചകോടിയിൽ ഇറ്റലിയിൽ നിന്നുള്ള സോഷ്യലിസ്റ്റ് നേതാവ്, ‘വോട്ടുകള്ളൻ സ്ഥാനമൊഴിയുക’ എന്ന രാഹുലിന്റെ മുദ്രാവാക്യം ഏറ്റുവിളിച്ചതും ബി.ജെ.പി വലിയ വിവാദമാക്കി. ഇന്ത്യയെ മാനം കെടുത്തുന്ന രാജ്യ​ദ്രോഹ പ്രവർത്തനമാണ് രാഹുൽ നടത്തുന്നതെന്ന ആരോപണവുമായി സംസ്ഥാന, ദേശീയ നേതൃത്വവും പാർട്ടിയുടെ സമൂഹമാധ്യമ ഹാൻഡിലുകളും രംഗത്തുവന്നതിൽ വലിയ പുതുമയൊന്നുമില്ല. മോദി ഭരണകൂടത്തിനെതിരെ രാഹുൽ വിദേശപര്യടനങ്ങളിൽ നടത്തുന്ന പരാമർശങ്ങളെയും ദേശദ്രോഹമായി ആഘോഷിക്കാറുണ്ട് ബി.​ജെ.പിയും സംഘ്പരിവാറും. ഇത്തവണ ഇന്ത്യയിലെത്തിയ വിദേശികൾക്കു മുന്നിൽ ജനാധിപത്യത്തെക്കുറിച്ച ചർച്ചയിൽ ഇന്ത്യനവസ്ഥ പറഞ്ഞതാണ് ദേശദ്രോഹ ചാപ്പയടിക്കുള്ള ഹേതു.

സത്യത്തിൽ ഉച്ചകോടിയുമായി ബന്ധപ്പെട്ട് ലോകത്തിനു മുന്നിൽ ഇന്ത്യയെ മാനം കെടുത്തിയത് കേന്ദ്ര സർക്കാറാണ്. സമ്മേളനത്തിനെത്തിച്ചേരേണ്ട വിവിധ രാഷ്ട്രങ്ങളിൽ നിന്നുള്ള 150 പ്രതിനിധികൾക്ക് കേന്ദ്രം വിസ നിഷേധിച്ചു. ഇന്ത്യൻ ഭരണകൂടം ജനാധിപത്യ​ത്തെ എങ്ങനെ കാണുന്നു എന്നതിനു ഏറെ തെളിവൊന്നും വേറെ വേണ്ട.

രാഹുൽ ഉച്ചകോടിയിൽ ചൂണ്ടിക്കാണിച്ച പോലെ, കഴിഞ്ഞ ഒരു ദശകമായി രാജ്യത്തെ നയിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടം രാജ്യത്തെയും പ്രതിപക്ഷത്തെയും എത്തിച്ച ദുരവസ്ഥയുടെ ഒന്നാന്തരം ഉദാഹരണമായി അത്. വാചാടോപത്തിലല്ല, നയനിലപാടുകളിലും കർമപരിപാടികളിലുമാണ് ജനാധിപത്യവും രാജ്യസ്നേഹവും ദേശാഭിമാനവുമൊക്കെ പുലരേണ്ടത്. അതിനുള്ള ഓരോ അവസരവും ഉപയോഗപ്പെടുത്തുകയാണ് രാഹുലിന്റെ നേതൃത്വത്തിൽ കോൺഗ്രസ്. മോദി ഭരണകൂടമാകട്ടെ, അതിനു കിട്ടുന്ന അവസരങ്ങളൊക്കെയും കളഞ്ഞുകുളിക്കുകയും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:BJP Politics Congress 
News Summary - What Congress Harvests and BJP Discards: Political Analysis
Next Story