സാമ്പത്തിക സർവേ പറയുന്നത്
text_fieldsബജറ്റിന് മുന്നോടിയായി കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച സാമ്പത്തിക സർവേ റിപ്പോർട്ട്, രാജ്യത്തിന്റെ പൊതുവായ സാമ്പത്തിക വളർച്ചയെക്കുറിച്ച ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നതോടൊപ്പംതന്നെ അതിന്റെ വിശദാംശങ്ങളിൽ ആശങ്കകളുടെ ചില സൂചനകളും പങ്കുവെക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി, പുതിയ സാമ്പത്തിക സർവേ റിപ്പോർട്ട് പല കാരണങ്ങളാൽ പ്രസക്തമാണ്. രാജ്യത്തിന്റെ സാമ്പത്തിക പരിസരത്തെക്കുറിച്ചുള്ള സർക്കാറിന്റെ ചിന്തയും അതിന്റെ രാഷ്ട്രീയത്തെ സംബന്ധിച്ച സമീപനവുമൊക്കെയാണല്ലോ പൊതുവിൽ സാമ്പത്തിക സർവേ റിപ്പോർട്ടിൽ കാണാറുള്ളത്. സ്വാഭാവികമായും ബജറ്റിലുൾപ്പെടെ അത് പ്രതിഫലിക്കുകയും ചെയ്യും. നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക വർത്തമാനത്തെ അതിന്റെ സ്ഥൂല തലങ്ങളിൽ സമീപിക്കുമ്പോൾ കാര്യങ്ങൾ തൃപ്തികരമാണെന്ന് സാമ്പത്തിക സർവേ റിപ്പോർട്ടിലെ വിവിധ കണക്കുകളുടെ അടിസ്ഥാനത്തിൽ പറയാനാകും. സാമ്പത്തിക വളർച്ച 7.2 ശതമാനം വരെയെത്തുമെന്നാണ് പറയുന്നത്. പണപ്പെരുപ്പമാകട്ടെ, നിയന്ത്രിതവുമാണ്.
കോർപറേറ്റുകളുടെയും വിവിധ ബാങ്കുകളുടെയും ബാലൻസ് ഷീറ്റ് പരിശോധിക്കുമ്പോഴും കാര്യങ്ങൾ മുന്നോട്ടുതന്നെയാണ്. ജി.എസ്.ടി നിരക്കുകൾ കൂടുതൽ യുക്തിഭദ്രമാക്കിയതും വിവിധ വ്യാപാര കരാറുകളിൽ ഒപ്പുവെച്ചതുമെല്ലാം സാമ്പത്തിക വളർച്ചക്ക് ആക്കംകൂട്ടുമെന്നും പ്രതീക്ഷിക്കാം. എന്നാൽ, വിഷയത്തെ അൽപംകൂടി സൂക്ഷ്മതലത്തിൽ പരിശോധിക്കുമ്പോൾ ആശങ്കയുടെ കാർമേഘങ്ങൾ പലയിടത്തും നിഴലിക്കുന്നുണ്ട്. ഭരണകൂടത്തിന്റെ ആത്മവിശ്വാസത്തെ കെടുത്തിക്കളയുന്ന പല പ്രവണതകളും തെളിഞ്ഞുനിൽക്കുന്നുണ്ട്. സ്വകാര്യ നിക്ഷേപചക്രം മെച്ചപ്പെട്ടുവെന്ന് പറയാൻ കഴിയാത്ത സാഹചര്യമാണുള്ളത്; ചരക്കു കയറ്റുമതിയും മന്ദഗതിയിലായിരിക്കുന്നു. കാർഷിക മേഖലയിൽ 1.5 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നു; വ്യവസായ, സേവന മേഖലകളുടെ വളർച്ചയും നാമമാത്രമാണ്. പൊതുവിൽ, ഗൃഹോപഭോഗത്തിലും ദൗർബല്യം പ്രകടം. വിദേശ നിക്ഷേപകർ വിപണിയിൽനിന്ന് പിന്മാറുന്നതും രൂപയുടെ മൂല്യം താഴുന്നതുമാണ് ആശങ്കയുടെ മറ്റൊരു തലം. ഈ പ്രവണതകളോടെല്ലാം എങ്ങനെയാകും കേന്ദ്ര സർക്കാർ സമീപിക്കുക എന്നതിനനുസരിച്ചിരിക്കും അടുത്ത ദിവസം അവതരിപ്പിക്കാൻ പോകുന്ന ബജറ്റ്.
ആഗോള ഭൗമ രാഷ്ട്രീയത്തിലടക്കം മാറ്റത്തിന്റെ സൂചനകൾ പ്രകടമായിത്തുടങ്ങുകയും അതിന്റെ സാമ്പത്തികവും നയതന്ത്രപരവുമായ പ്രതിധ്വനികൾ ഇന്ത്യയിലടക്കം അലയടിക്കുകയും ചെയ്തതിന്റെകൂടി അനുഭവങ്ങൾ പങ്കുവെക്കുന്നുണ്ട് സാമ്പത്തിക സർവേ റിപ്പോർട്ട് എന്നതും ശ്രദ്ധേയമാണ്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘വ്യാപാര യുദ്ധ’വും അധിനിവേശവും റഷ്യ-യുക്രെയ്ൻ സംഘർഷവുമെല്ലാം ആഗോള സമ്പദ്വ്യവസ്ഥയെ പലരീതിയിൽ ബാധിച്ചിട്ടുണ്ട്. ട്രംപിന്റെ രാഷ്ട്രീയ നയത്തിൽ മൂന്നുതരത്തിൽ ഇന്ത്യക്ക് വിലകൊടുക്കേണ്ടിവന്നിട്ടുണ്ട്: ഒന്ന്, ഇറക്കുമതിക്ക് യു.എസ് പിഴ ചുമത്തിയതോടെ നമ്മുടെ കയറ്റുമതി രംഗം സ്തംഭിച്ചു. രണ്ട്, യു.എസിലെ ഇന്ത്യക്കാർക്ക് അവിടെ നിൽക്കാൻ കഴിയാത്ത സാഹചര്യം സംജാതമായി. മൂന്ന്, റഷ്യയുടെ എണ്ണ ഇറക്കുമതി കുറക്കാനും പകരം അമേരിക്കയിൽനിന്നുള്ളത് വർധിപ്പിക്കാനും നിർബന്ധിതമായി.
ഇതെല്ലാം ഇന്ത്യൻ വിപണിയെ കാര്യമായി ബാധിച്ചുവെന്ന് പറയേണ്ടതില്ലല്ലോ. നടപ്പുവർഷത്തിൽ ഓഹരി വിപണിയിൽനിന്ന് വിദേശ നിക്ഷേപകർ കൂട്ടത്തോടെ പിൻവാങ്ങിയത് ഇതോട് ചേർത്തുവായിക്കാം. 35500 കോടി രൂപയുടെ നിക്ഷേപമാണ് ആ ഇനത്തിൽ മാത്രം നഷ്ടം. ഇതിനുപുറമെ, നിലവിലെ ആഗോള സാഹചര്യത്തിൽ ഇന്ത്യക്ക് ശക്തമായ ഒരു എ.ഐ നയവും അതിന്റെ അടിസ്ഥാനത്തിലുള്ള പദ്ധതികളും മുന്നോട്ടുവെക്കാനാകാത്തതും, സ്വർണം പോലുള്ള സുരക്ഷിത നിക്ഷേപങ്ങളിലേക്ക് മൂലധനം ഒഴുകുന്നതും ആശങ്കയുണർത്തുന്നുണ്ട്. ഈ സങ്കീർണതകൾക്ക് എന്തുണ്ട് പ്രതിവിധി എന്ന് സർവേ റിപ്പോർട്ടിൽ കൃത്യമായി പറയുന്നില്ല; വല്ല ഫോർമുലയും ബജറ്റ് വഴി ഉരുത്തിരിയുമെന്ന് പ്രതീക്ഷിക്കാനുമാകില്ല. യൂറോപ്യൻ യൂനിയനുമായും യൂനിയനിലെ ഏതാനും രാജ്യങ്ങളുമായും ഇന്ത്യ ഒപ്പുവെച്ച വ്യാപാര കരാറുകളെ സർവേ റിപ്പോർട്ട് പ്രതീക്ഷാപൂർവം കാണുന്നുണ്ട്. പക്ഷേ, അതിന്റെ ഫലശ്രുതിക്ക് ഇനിയും നാം കാത്തിരിക്കേണ്ടതുണ്ട്.
ഇതിനിടയിൽ കേരളത്തെ സംബന്ധിച്ച് ആശ്വാസകരമായ ചില കാര്യങ്ങൾ സാമ്പത്തിക സർവേ റിപ്പോർട്ടിലുണ്ട്. കേരളത്തിൽ പിണറായി സർക്കാർ കൈവരിച്ച ചില നേട്ടങ്ങൾ മാതൃകാ പദ്ധതികളായി റിപ്പോർട്ടിൽ അവതരിപ്പിച്ചിരിക്കുന്നു. തീർച്ചയായും, ഇതിൽ ഇടതുസർക്കാറിന് അഭിമാനിക്കാൻ വകയുണ്ട്. അതിദാരിദ്ര്യ നിർമാർജന പദ്ധതിയും കൊച്ചി ജല മെട്രോയുമാണ് ആ മാതൃകാ പദ്ധതികൾ. കുറഞ്ഞ ശിശുമരണ നിരക്ക് ഉൾപ്പെടെ കേരള മോഡലിലെ പല ഘടകങ്ങൾ മാതൃകയാക്കേണ്ടതുണ്ടെന്ന സ്വയം വിമർശനവും റിപ്പോർട്ടിൽ വായിക്കാം. അതോടൊപ്പം, കേന്ദ്രം സമീപഭാവിയിൽ നടപ്പാക്കാൻ സാധ്യതയുള്ള അപകടകരമായ ചില നീക്കങ്ങളുടെ സൂചനയും റിപ്പോർട്ടിലുണ്ട്. വിവരാവകാശ നിയമം ബാധ്യതയാകുന്നുവെന്നും യൂറോപ്യൻ മാതൃകയിൽ ബദൽ വേണമെന്നുമുള്ള നിർദേശമാണ് അതിലൊന്ന്. മോദി സർക്കാർ ഇതിനകം തന്നെ പ്രസ്തുത നിയമത്തെ നിർജീവമാക്കിയിട്ടുണ്ട് എന്നതാണ് വസ്തുത. അവശേഷിക്കുന്ന ജീവനും എടുത്തുകളയാൻ സർക്കാറിന് പദ്ധതിയുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
റിപ്പോർട്ടിലെ ‘ഫിസ്കൽ പോപ്പുലിസം’ എന്ന പരാമർശവും അത്ര നിഷ്കളങ്കമല്ല. സംസ്ഥാന സർക്കാറുകൾ നിബന്ധനകളില്ലാതെ പണ സഹായ പദ്ധതികൾ പ്രഖ്യാപിക്കുന്നതിനെ വിമർശിക്കുകയാണ് ഈ പ്രയോഗത്തിലൂടെ. കേരളത്തിലടക്കം നടപ്പാക്കിക്കൊണ്ടിരിക്കുന്ന സാമൂഹിക സുരക്ഷ പെൻഷൻ ഉൾപ്പെടെയുള്ള പദ്ധതികളെക്കുറിച്ചാണിത്. ഇത്തരം പദ്ധതികൾ ദീർഘകാലാടിസ്ഥാനത്തിൽ സാമ്പത്തിക ഭദ്രത തകർക്കുമെന്നാണ് വാദം. സംസ്ഥാനങ്ങളുടെ കടം വർധിക്കുന്നത് ഇത്തരം പദ്ധതികളിലൂടെയാണെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. കേരളം പോലുള്ള സംസ്ഥാനങ്ങൾ എന്തുകൊണ്ട് കടമെടുക്കേണ്ടിവരുന്നുവെന്ന തിക്ത യാഥാർഥ്യം നമുക്ക് മുന്നിലുണ്ട്; അത് കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം മാത്രമാണ്. അക്കാര്യം ബോധപൂർവം മറച്ചുവെച്ചാണ് ഇത്തരം ക്ഷേമപദ്ധതികൾ അനാവശ്യമെന്ന വിചിത്ര വാദവുമായി കേന്ദ്രം അവതരിച്ചിരിക്കുന്നത്. തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട റിപ്പോർട്ടിലെ ഭാഗങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ച പരാമർശമില്ല എന്നതും അത്ഭുതപ്പെടുത്തുന്നു. പേരെന്തായാലും, വരും കാലത്ത് തൊഴിലുറപ്പ് പദ്ധതിയും ഇല്ലാതാക്കാനാണോ മോദി സർക്കാർ നീക്കം?


