അഫ്‌ഗാൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തുമ്പോൾ
text_fieldsഅഫ്ഗാനിസ്താൻ ആക്ടിങ് വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയുടെ അഞ്ചു ദിവസത്തെ ഇന്ത്യ സന്ദർശനത്തിന് വിദേശരാഷ്ട്രത്തലവന്മാരുടെയും മന്ത്രിമാരുടെയും പതിവ് സന്ദർശനങ്ങളെക്കാൾ പ്രാധാന്യം കൽപിക്കപ്പെടുന്നുണ്ട്. അതിനു കാരണവുമുണ്ട്. ഒന്നാമതായി, അഫ്‌ഗാനുമായി അനൗദ്യോഗിക ആശയവിനിമയവും സഹകരണവും സജീവമാണെങ്കിലും അവിടെ നിലവിലുള്ള താലിബാൻ ഭരണകൂടത്തെ ഇന്ത്യ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. ഈ സന്ദർശനം വഴി ഇരുരാജ്യങ്ങളും തമ്മിൽ ഔപചാരിക നയതന്ത്ര ബന്ധം നിലവിൽ വന്നേക്കാം എന്ന് നിരീക്ഷകർ കരുതുന്നു.
രണ്ടാമതായി, ഇന്ത്യ സന്ദർശിക്കുന്ന മുത്തഖി ഭീകരപ്പട്ടികയിൽപ്പെട്ട താലിബാന്‍റെ സുപ്രധാന നേതാവെന്നനിലയിൽ ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയുടെ ഉപരോധം നേരിടുന്ന ആളാണ്. ഒരു രാജ്യവും അതു മാനിക്കുന്ന രീതിയിൽ പ്രത്യക്ഷ നടപടികൾ എടുക്കുന്നില്ല എന്നതു മറ്റൊരു കാര്യം. അതു മുന്നിൽ കണ്ടാവാം, ഈ സന്ദർശനത്തിനുവേണ്ടി യാത്രാ ഉപരോധത്തിൽ യു.എൻ ഈ മാസം ഒമ്പതു മുതൽ 16 വരെ താൽക്കാലിക ഇളവ് നൽകിയിട്ടുണ്ട്. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ഔദ്യോഗികമായി മുത്തഖിയുമായി ചർച്ചകൾ നടത്തും.
2021ൽ അമേരിക്കൻ അധിനിവേശം അവസാനിച്ചതിനെ തുടർന്ന്, അവരുടെ പിന്തുണയിൽ ഭരിച്ച കാബൂളിലെ സർക്കാർ സ്ഥാനഭ്രഷ്ടരാവുകയും ഭരണാധികാരികൾ ഒന്നടങ്കം നാട് വിടുകയും ചെയ്തതോടെ രാജ്യത്തിന്‍റെ ഭൂരിഭാഗവും നേരത്തേ കൈയടക്കിയ താലിബാൻ രാജ്യഭരണം ഏറ്റെടുക്കുകയായിരുന്നു. പല രാജ്യങ്ങളും താലിബാൻ ഭരണകൂടത്തോട് സഹകരിക്കുകയും പരിമിതതോതിൽ ഇടപാടുകൾ നടത്തുകയും ചെയ്തുവരുന്നുണ്ട്.
റഷ്യ മാത്രമാണ് ഇതുവരെ താലിബാന് ഔദ്യോഗിക അംഗീകാരം നൽകിയ രാജ്യം. ഈ വർഷം ജൂലൈയിൽ അഫ്ഗാനെ റഷ്യ അംഗീകരിക്കുമ്പോൾ അഫ്ഗാനു മേലുള്ള സ്വാധീനം, ഭൗമരാഷ്ട്രീയ ഘടകങ്ങളിൽ നിർണായകസ്ഥാനത്തുള്ള അയൽരാജ്യവുമായുള്ള സൗഹൃദം, അവിടത്തെ ധാതുവിഭവങ്ങളിലുള്ള സാധ്യതകൾ, അഫ്‌ഗാനും കടന്ന് അപ്പുറമുള്ള രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധങ്ങൾക്ക് ഇടത്താവളമാവാനുള്ള സാധ്യത എന്നീ ഘടകങ്ങൾ ആവണം റഷ്യയെ സ്വാധീനിച്ചിട്ടുണ്ടാവുക. ഒരുപക്ഷേ, ഇന്ത്യയും ഇത്തരം അനുകൂല സാധ്യതകൾ മുന്നിൽ കണ്ടുതന്നെയാവാം അഫ്ഗാനോടുള്ള നിലപാട് രൂപപ്പെടുത്തുന്നത്.
ഡൽഹിയിലെത്തുന്ന അഫ്‌ഗാൻ മന്ത്രിക്ക് ഔദ്യോഗിക സ്വീകരണംതന്നെയാണ് ഒരുക്കിയിട്ടുള്ളത്. ഇതിനുമുമ്പ്, കഴിഞ്ഞ ജനുവരിയിൽ ദുബൈയിൽ മുത്തഖിയുമായി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ചർച്ചകൾ നടത്തിയിരുന്നു. അന്നത്തെ വിഷയങ്ങൾതന്നെയാവും ഡൽഹിചർച്ചയിലും ഇന്ത്യ മുന്നോട്ടുവെക്കുന്നത്. സാംസ്കാരിക വിനിമയം, അഫ്‌ഗാന്‍റെ വികസനപ്രവർത്തനങ്ങളിലെ പങ്കാളിത്തം, ഭൂകമ്പം പോലുള്ള ദുരന്തഘട്ടങ്ങളിലെ ജീവകാരുണ്യസഹായം എന്നിവ സഹകരണത്തിന്‍റെ ഭാഗമായി ആഗ്രഹിക്കുന്നുണ്ട് കാബൂൾ.
2021ൽ പുതിയ താലിബാൻ സർക്കാർ നിലവിൽ വന്നപ്പോൾ കാബൂളിലെ ഇന്ത്യൻ എംബസി അടച്ചെങ്കിലും താമസിയാതെ ഒരു സാങ്കേതിക ദൗത്യത്തിനായുള്ള ഇന്ത്യൻ സാന്നിധ്യം അവിടെ ഉണ്ടായിരുന്നു. ഇപ്പോൾ ഔദ്യോഗികമായ നയതന്ത്ര ബന്ധങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു എന്നു വ്യക്തമാക്കുന്ന സൂചനകൾക്കു തൊട്ടുമുമ്പുതന്നെയാണ് റഷ്യയിൽ നടന്ന 10 രാഷ്ട്രങ്ങളുടെ മോസ്കോ ഫോർമാറ്റ് സമ്മേളനത്തിൽ അഫ്‌ഗാൻ, ചൈന, ഇറാൻ, പാകിസ്താൻ, മധ്യേഷ്യൻ രാജ്യങ്ങൾ എന്നിവരോടൊപ്പം ഇന്ത്യ പങ്കെടുത്തത്. പഴയ യു.എൻ. അംഗീകാരമുള്ള അഫ്‌ഗാൻ സർക്കാറിന്‍റെ ത്രിവർണ പതാകക്കുപകരം കറുപ്പും വെളുപ്പുമുള്ള പുതിയ താലിബാൻ സർക്കാർ പതാകയാണ് അവിടെ ഉപയോഗിച്ചതെന്നതും നിരീക്ഷകശ്രദ്ധ നേടിയിരുന്നു.
റഷ്യയിൽ നടന്ന മേൽപറഞ്ഞ ചർച്ചകൾക്കു ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ അഫ്‌ഗാനിസ്താനിലും അയൽരാജ്യങ്ങളിലും മറ്റു ചില രാജ്യങ്ങൾ സൈനിക സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനെ തള്ളിപ്പറഞ്ഞിരുന്നു. അഫ്‌ഗാനിൽനിന്ന് സൈന്യത്തെ പിൻവലിക്കുന്നതോടൊപ്പം ജോ ബൈഡൻ അടച്ചുപൂട്ടിയ ബഗ്രാം വ്യോമതാവളം അമേരിക്കൻ സൈന്യത്തിനു തിരിച്ചുനൽകണമെന്ന ആവശ്യം ട്രംപ് ഉന്നയിച്ചിരുന്നു. യു.എസ് ആവശ്യത്തോടുള്ള താലിബാൻ സർക്കാറിന്‍റെ വിസമ്മത പ്രഖ്യാപനം കൂടിയായിരുന്നു അത്. ഇന്ത്യയും താലിബാന്‍റെ പിന്തുണക്ക് എത്തുന്നതിൽ വാഷിങ്ടണോടുള്ള വാശിതീർക്കുക എന്ന ഉദ്ദേശ്യം കാണുന്നവരുണ്ട്. ചൈന, റഷ്യ എന്നീ ശക്തികളുമായുള്ള ബന്ധം വിളക്കിച്ചേർക്കുന്നതിനൊപ്പം അഫ്‌ഗാനുമായി ഔദ്യോഗികബന്ധത്തിന് ഇന്ത്യ മുതിരുന്നത് ഇത്തരത്തിൽ ചില രാഷ്ട്രാന്തരീയ സന്ദേശങ്ങൾകൂടി നൽകാനാണ്.
അമേരിക്കയും പാശ്ചാത്യരാജ്യങ്ങളിൽ പലതും താലിബാൻ ഭരിക്കുന്ന അഫ്‌ഗാനുമായി ബന്ധം സ്ഥാപിക്കുന്നതിനു തടസ്സമായി പറയാറുള്ളത് മനുഷ്യാവകാശ നിയന്ത്രണങ്ങളും സ്ത്രീകൾക്ക് വിദ്യാഭ്യാസവും സ്വാതന്ത്ര്യവും നിഷേധിക്കുന്നതും മറ്റുമാണ്. താലിബാന്റെ പുതിയ നേതൃത്വം താത്വികമായി അവയോടൊക്കെ അൽപംകൂടി ഉദാരമായ സമീപനങ്ങൾ സ്വീകരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു മിക്ക രാജ്യങ്ങളും. മാത്രമല്ല, ആ സർക്കാറുമായി ഇടപഴകി മാത്രമേ അത്തരം മാറ്റങ്ങൾ സാധിതമാകൂ എന്ന വീക്ഷണവും പല രാജ്യങ്ങൾക്കുമുണ്ട്. അഫ്‌ഗാനുമായി അടുക്കാനുള്ള ഇന്ത്യയുടെ മുൻകൈയിലും ഈ വിഷയങ്ങളിലുള്ള കൃത്യമായ സമീപനങ്ങൾ രൂപപ്പെടുത്തിയിട്ടുണ്ടാവും എന്നുതന്നെയാണ് കരുതേണ്ടത്.