Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightസ്വന്തം അജണ്ടകളുമായി...

സ്വന്തം അജണ്ടകളുമായി കേന്ദ്രം യു.ജി.സിയെ ഇറക്കുമ്പോൾ

text_fields
bookmark_border
University Grants Commission, Narendra Modi
cancel


കഴിഞ്ഞ ദിവസം സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു യു.ജി.സിയുടെ ചില നിർദേശങ്ങൾക്കു നൽകിയ മറുപടി ഗൗരവമുള്ള ഒരു വിഷയത്തിന്റെ മേൽപാളി മാത്രമായിരുന്നു. യൂനിവേഴ്സിറ്റി ഗ്രാൻറ്‌സ് കമീഷൻ (യു.ജി.സി) കഴിഞ്ഞ മാസം ഇറക്കിയ പഠനഫലാധിഷ്ഠിത പാഠ്യപദ്ധതിയുടെ (ലേണിങ് ഔട്ട്കംസ് ബേസ്ഡ് കരിക്കുലം ഫ്രെയിംവർക്ക്) കരട്, സംസ്ഥാന സർക്കാർ വിദഗ്ധ പഠനത്തിനുശേഷം തള്ളുകയാണ് എന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.

ഇതിനുമുമ്പ് 2020ലും കമീഷൻ മറ്റു വിഷയങ്ങളിലും തത്തുല്യമായ കരട് പ്രസിദ്ധീകരിച്ചിരുന്നു. മൊത്തം കരടിനെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ. പ്രഭാത് പട്നായിക്, അക്കാദമിക വൈദഗ്ധ്യം കൂടിയുള്ള ചരിത്രപണ്ഡിത റൊമീല ഥാപ്പർ എന്നിവരുൾപ്പെട്ട ഒരു സമിതിയെ നിയമിക്കുകയും അവർ ഈയിടെ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. തദടിസ്ഥാനത്തിലാണ് കേരളത്തിന്റെ നിലപാട് രൂപപ്പെടുത്തിയതും അത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ, യു.ജി.സി ആക്ടിങ് ചെയർപേഴ്‌സൻ വിനീത് ജോഷി എന്നിവരെ ഔദ്യോഗികമായി അറിയിച്ചതും.

രണ്ടാം മോദി സർക്കാർ നിലവിൽ വന്നതുമുതൽ യു.ജി.സിയെ കേന്ദ്ര സർക്കാർ പല അജണ്ടകളും നടപ്പിലാക്കാൻ ഉപയോഗിച്ചു വരുകയാണ്. ഗവർണർമാരെ ഉപയോഗിച്ച്, സർവകലാശാല നിയമങ്ങളിൽ സംസ്ഥാനങ്ങൾ വരുത്തുന്ന മാറ്റങ്ങൾ തടയാനുള്ള ശ്രമങ്ങളാണ് ഒന്ന്. വൈസ് ചാൻസലർ നിയമനത്തിൽ നിർണായകമായ വ്യവസ്ഥകൾ അട്ടിമറിക്കുന്നതിലൂടെ കേന്ദ്രത്തിന്റെ ഇഷ്ടക്കാരായ നോമിനികളെ വി.സി സ്ഥാനത്ത് അവരോധിക്കാനുള്ള ശ്രമങ്ങൾക്കും ആയുധമാക്കുന്നത് യു.ജി.സിയെ തന്നെ. ഫണ്ടിങ് ഏജൻസി എന്ന നിലയിൽ യു.ജി.സിക്കുള്ള നിർണായക പദവി ദുരുപയോഗം ചെയ്തുകൊണ്ടാണ് ഇതെല്ലാം ഒരതിരുവരെ സാധിക്കുന്നത്.

ഇപ്പോൾ പഠന വിഷയങ്ങളിലാണ് യു.ജി.സിയുടെ പങ്ക് സർക്കാർ ഉറപ്പുവരുത്തുന്നത്. സത്യത്തിൽ ഈ രീതിയിൽ കരിക്കുലം നിർദേശിക്കുക യു.ജി.സിയുടെ നിർണിത മേഖലയല്ല. എങ്കിലും ദേശീയ വിദ്യാഭ്യാസ നയം 2020 എന്ന രേഖക്കനുസൃതമാണെന്ന വാദത്തിൽ സംസ്ഥാനങ്ങൾക്ക് ഇത് ബാധകമാക്കാനാണ് ശ്രമം. അതാകട്ടെ, സർവകലാശാലകളുടെ സിലബസ്, കോഴ്സ് ഘടന, വായനാ പട്ടിക എന്നിവ തയാറാക്കുന്നതിൽ സംസ്ഥാനങ്ങൾക്കുള്ള സ്വതന്ത്രാധികാരം റദ്ദ് ചെയ്യുന്നു. ഇതംഗീകരിച്ചാൽ രാജ്യത്തെ എല്ലാ സർവകലാശാലകളിലും ഏതാണ്ട് ഒരേ പോലുള്ള വിഷയങ്ങളും കോഴ്സുകളുമാവും ഉണ്ടാവുക. ഇത് യു.ജി.സിയുടെ വരുതിയിൽ വരുന്നതല്ല എന്നും കേരളം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

യു.ജി.സി കരട് രാജ്യത്തിന്റെ ബൗദ്ധിക-സാമൂഹിക തേട്ടങ്ങൾക്കനുസൃതമായ ഒരു അക്കാദമിക-താത്വിക പശ്ചാത്തലമില്ലാത്തതും, പകരം ഇന്ത്യൻ വിജ്ഞാന വ്യവസ്ഥ എന്ന മൂടുപടത്തോടെ രാജ്യത്തിന്റെ പൈതൃക വിജ്ഞാനീയങ്ങളെന്ന പേരിൽ വിഭാഗീയ ചിന്താഗതികൾ പ്രോത്സാഹിപ്പിക്കുന്നതും ചില ജനവിഭാഗങ്ങളുടെ സാംസ്കാരിക പൈതൃകത്തെ അവഗണിക്കുന്നതുമാണ്. അതിനാൽ ഈ രേഖ പിൻവലിച്ച് മൗലികമായ ഒരു പുനർവായന നടത്തണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. ഉദാഹരണമായി, പൗരാണിക ജ്ഞാനത്തിൽ ഊന്നണം എന്ന മറയിൽ ഹൈന്ദവ സ്രോതസ്സുകളുള്ള ഗ്രന്ഥങ്ങളും അറിവും വ്യാപകമാക്കാനാണ് ശ്രമം.

അതിലൂടെ ആധുനിക വിജ്ഞാനങ്ങളുമായി പൊരുത്തമില്ലാത്ത ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞന്മാരെയും, വ്യാപാര വിഷയം പഠിപ്പിക്കുന്നിടത്ത് ‘ഭാരതീയ തത്ത്വചിന്ത കുത്തിത്തിരുകിയും രസതന്ത്രത്തിൽ ഇന്ത്യൻ പാനീയങ്ങൾ ഉൾപ്പെടുത്തിയും സാമ്പത്തിക ശാസ്ത്രത്തിൽ ‘ധാർമിക്’ ചിന്തകൾ ചേർത്തും പരിഷ്കരിക്കണമെന്നാണ് രേഖ സിദ്ധാന്തിക്കുന്നത്. അതുവഴി നൂറ്റാണ്ടുകളായി മനുഷ്യൻ ആർജിച്ച ശാസ്ത്രീയ ജ്ഞാനവ്യവസ്ഥകളെ മാറ്റി, ദേശീയ പാരമ്പര്യം എന്ന ലേബലിൽ ഭൂരിപക്ഷ സമുദായം പിൻപറ്റുന്ന വിശ്വാസങ്ങൾക്കിടയിലെ ഇത്തിരിവെട്ടങ്ങളെ പർവതീകരിച്ച് അവതരിപ്പിക്കുകയായിരിക്കും ഫലം.

സംഘ് പരിവാർ ശക്തികൾ ആഗ്രഹിക്കുന്ന ആശയ-സംസ്കാരാദികളെല്ലാം ഉന്നത വിദ്യാഭ്യാസ തലത്തിൽ കുത്തിവെക്കുകയാണ് യു.ജി.സി കരടിനുപിന്നിലെ കേന്ദ്ര സർക്കാർ ലക്ഷ്യം. എന്നാൽ, ഇത്രയൊക്കെ ചെയ്യാൻ യു.ജി.സിക്കു അധികാരമുണ്ടോ എന്നതാണ് പരിശോധിക്കേണ്ടത്. 1953ൽ സ്ഥാപിതമായ യു.ജി.സി എന്ന കേന്ദ്ര സർക്കാർ സ്ഥാപനം 1956ൽ പാർലമെന്റ് പാസാക്കിയ നിയമത്തിലൂടെ സ്റ്റാറ്റ്യൂട്ടറി പദവി നേടിയപ്പോൾ അതിനുകണ്ട ധർമങ്ങൾ ദേശവ്യാപകമായി സർവകലാശാല വിദ്യാഭ്യാസത്തിന്റെ വളർച്ച ഏകോപിപ്പിക്കുക, അധ്യാപനം, പരീക്ഷ, ഗവേഷണം എന്നിവയിൽ നിലവാര മാനദണ്ഡങ്ങൾ നിർണയിക്കുക, ഏറ്റവും ചുരുങ്ങിയ വിദ്യാഭ്യാസ നിലവാരങ്ങൾ നിർണയിക്കുകയും ഗ്രാന്റുകൾ നൽകുകയും ചെയ്യുക, സർവകലാശാല-കലാലയ തലത്തിലെ വികസനം മോണിറ്റർ ചെയ്യുക, സർവകലാശാല വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ നൽകുക തുടങ്ങിയവയാണ്.

എന്നാൽ, ഇപ്പോൾ യു.ജി.സി മുഖ്യ അജണ്ടയായി ഏറ്റെടുത്തിരിക്കുന്നത് കേന്ദ്ര സർക്കാറിന്റെ സാംസ്കാരിക-രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങൾക്കനുസരിച്ച് അക്കാദമിക മേഖലയിൽ ഇടപെടലുകൾ നടത്തുക, സംസ്ഥാനങ്ങൾ മുഖ്യ സാമ്പത്തിക ഭാരം വഹിക്കുന്ന സർവകലാശാലകളുടെ ഭരണരംഗത്ത് സാന്നിധ്യമുറപ്പിക്കുക എന്നിവയാണ്. അതിനിടയിലാണിപ്പോൾ പുതിയ ‘ചട്ടക്കൂടു’മായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

അതിനാൽ കേന്ദ്ര സർക്കാർ കഴിയുന്നതുംവേഗം യു.ജി.സിയെ എവിടെ ഇരുത്തണമെന്ന് കൃത്യമായി തിരിച്ചറിഞ്ഞ് ആ പരിധിയിൽ സേവനനിരതമാക്കുകയും ഇതര മേഖലകൾ അതത് സർവകലാശാലകൾക്ക് വിട്ടുകൊടുക്കുകയും വേണം. ഇപ്പോഴത്തെ പ്രവണതകളെ യഥാവിധി നിയമപരവും ഭരണഘടനാപരവുമായി തടഞ്ഞില്ലെങ്കിൽ ഇന്ത്യൻ യൗവനം ഉന്നത വിദ്യാഭ്യാസത്തിലൂടെ ഉദ്ബുദ്ധതയും വൈജ്ഞാനിക വെളിച്ചവും ഉൾക്കൊള്ളുന്നതിനു പകരം ജനങ്ങളുടെ ഐക്യത്തിനും ഉദാര വീക്ഷണത്തിനും സഹിഷ്ണുതക്കും തുരങ്കംവെക്കുന്ന തത്ത്വശാസ്ത്രങ്ങളെ ആയിരിക്കും പുൽകേണ്ടിവരുക.

Show Full Article
TAGS:University Grants Commission Narendra Modi editorial 
News Summary - When the Center brings down the UGC with its own agendas
Next Story