Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightമംദാനി ന്യൂയോർക്...

മംദാനി ന്യൂയോർക് മേയറാവുമ്പോൾ

text_fields
bookmark_border
Zohran Mamdani, New York Mayor,
cancel


ചൊവ്വാഴ്ച നടന്ന ന്യൂയോർക് മേയർ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനായ സൊഹ്‌റാൻ മംദാനി നേടിയ തിളങ്ങുന്ന വിജയം പലതുകൊണ്ടും സവിശേഷമായിരുന്നു. ഇന്ത്യൻ വേരുകളുള്ള ആദ്യത്തെ ദക്ഷിണേഷ്യക്കാരൻ മേയർ, ആദ്യ മുസ്‍ലിം നഗരപിതാവ് എന്നതിലെല്ലാമുണ്ട് മംദാനിയുടെ വിജയത്തിന്റെ അതുല്യത. ഏറ്റവും പ്രായം കുറഞ്ഞ ന്യൂയോർക് മേയറുമാവും 34കാരനായ മംദാനി. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായാണ് മംദാനി വിജയിച്ചതെങ്കിലും മുഖ്യ എതിരാളി അതേ പാർട്ടിയുടെ ടിക്കറ്റിനായി മംദാനിക്കെതിരെ മത്സരിച്ച് പരാജയപ്പെട്ട മുൻ ന്യൂയോർക് ഗവർണർ ആൻഡ്രൂ കുമോ ആണെന്നതും കൗതുകകരമാണ്.

പ്രൈമറികളിലെ പരാജയത്തെത്തുടർന്ന് സ്വതന്ത്ര സ്ഥാനാർഥിയായായിരുന്നു കുമോയുടെ അരങ്ങേറ്റം. രണ്ടു ദശലക്ഷത്തിൽപരം പേർ വോട്ട് ചെയ്ത തെരഞ്ഞെടുപ്പിൽ മംദാനിക്ക് 51 ശതമാനത്തിലധികം വോട്ട് കിട്ടിയപ്പോൾ 41.7 ശതമാനം വോട്ടാണ് കുമോവിനു കിട്ടിയത്. റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ കർട്ടിസ് സ്ലിവാക്ക് വെറും ഏഴു ശതമാനവും. ന്യൂയോർക് നഗരത്തിൽ സാധാരണ കാണേണ്ടിയിരുന്ന റിപ്പബ്ലിക്കൻ സാന്നിധ്യം വോട്ടിൽ പ്രതിഫലിക്കാതിരുന്നത് മംദാനിയെ പരാജയപ്പെടുത്തുക എന്ന ഏക അജണ്ടയിൽ അവരുടെ ക്യാമ്പ് ശ്രദ്ധ കേന്ദ്രീകരിച്ചതുകൊണ്ടു തന്നെയാവണം. വിമർശകരുടെ തലപ്പത്ത് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെയായിരുന്നു പ്രചാരണം നടത്തിയതും.

മാസങ്ങളായി നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങളിൽ ഒന്ന് കുടിയേറ്റക്കാരനായ സൊഹ്‌റാൻ മംദാനിയുടെ കുടുംബ-ദേശീയ പശ്ചാത്തലമാണ്. ഇന്ത്യൻ സിനിമാ സംവിധായികയും നിർമാതാവുമായ, കേരളത്തിൽ കുടുംബ വേരുകളുള്ള മീര നായരുടെയും ഗുജറാത്തി മുസ്‍ലിം കുടുംബത്തിൽ ജനിച്ച സർവകലാശാല പ്രഫസർ മഹമൂദ് മംദാനിയുടെയും മകനായി യുഗാണ്ടൻ തലസ്ഥാനമായ കംപാലയിൽ ജനിച്ച സൊഹ്‌റാൻ മംദാനി അവിടുന്നാണ് അഞ്ച് വയസ്സിൽ ദക്ഷിണാഫ്രിക്കയിലേക്കും തുടർന്ന് ഏഴു വയസ്സിൽ അമേരിക്കയിലേക്കും മാതാപിതാക്കൾക്കൊപ്പം കുടിയേറിയത്. കുടിയേറ്റത്തിന്റെ ചരിത്രം ഏറെയുള്ള അമേരിക്കൻ സാമൂഹിക ജീവിതത്തിൽ പഠനം കൊണ്ടും വീക്ഷണങ്ങൾ കൊണ്ടും കഠിനാധ്വാനം കൊണ്ടും രാഷ്ട്രീയ നഭസ്സിൽ താരമായി മാറി. കുടിയേറ്റ വിരുദ്ധനായ റിപ്പബ്ലിക്കൻ പ്രസിഡന്റ് ട്രംപിന് മംദാനി ഒരു മുസ്‍ലിം കൂടി ആണെന്നതിനാൽ കൂടുതലായിരുന്നു കെറുവ്..

പ്രസിഡന്റിന്റെ അധികാരമുപയോഗിച്ച് ന്യൂയോർക്കിനുള്ള ഫണ്ടുകൾ തടയുമെന്നും നാഷനൽ ഗാർഡിനെ ഇറക്കി ക്രമസമാധാനം ഏറ്റെടുക്കുമെന്നും എന്തിനധികം മംദാനിയെ നാടുകടത്തുമെന്നുപോലും ഭീഷണി മുഴക്കി ട്രംപ്. എന്നാൽ, 85 ലക്ഷം ജനസംഖ്യയുള്ള ന്യൂയോർക് നഗരത്തിൽ ദരിദ്രരും കുടിയേറ്റക്കാരുമായ സാമാന്യ ജനങ്ങളുടെ ഹൃദയത്തിൽ സ്പർശിക്കുന്നതും അവരുടെ ദൈനംദിന ജീവിത പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതുമായിരുന്നു മംദാനിയുടെ പ്രചാരണം. അതോടൊപ്പം എതിരാളി ആൻഡ്രൂ കുമോ ആശ്രയിച്ച അതിധനികരുടെയും കോർപറേറ്റുകളുടെയും പിന്തുണക്കുപകരം ജനകീയ ധനസമാഹരണത്തിൽ ഊന്നി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി എതിരാളികളുൾപ്പെടെയുള്ളവരുടെ അയൽപക്കങ്ങളിൽ ചെന്ന് വോട്ടുചോദിക്കുന്ന രീതി മംദാനിയെ തുണച്ചു.

സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണമായിരുന്നു മാംദാനിയുടെ മുഖ്യ ആയുധം. എന്നാൽ, ഇസ്‌ലാം ഭീതിയും വംശവെറിയും പരത്തുന്ന എതിർ പ്രചാരണത്തെ നേരിടാൻ മംദാനിക്ക് ബോധ്യങ്ങളിൽ വെള്ളം ചേർക്കേണ്ടിവന്നില്ല. ഗസ്സയിലെ വംശഹത്യക്കെതിരെയും ഫലസ്തീനികളുടെ അവകാശങ്ങൾക്കുവേണ്ടിയും സംസാരിച്ചുതന്നെയായിരുന്നു അദ്ദേഹം നിലയുറപ്പിച്ചത്. ഇംഗ്ലീഷിനുപുറമെ ഉർദുവിലും ഹിന്ദിയിലും സ്പാനിഷിലും വിവിധ ദേശീയ വിഭാഗങ്ങളെ അഭിമുഖീകരിക്കുകയും അവരുടെ രാത്രി ഷിഫ്റ്റിനിടയിലും കയറിച്ചെല്ലുകയും ചെയ്തുകൊണ്ടുള്ള മംദാനി ശൈലിയും ഒരു പക്ഷേ, നഗരത്തിനു പുതുമ നിറഞ്ഞതാവാം. ജൂതലോബിക്ക് ഏറെ സ്വാധീനമുണ്ടെന്നു കരുതപ്പെടുന്ന ന്യൂയോർക്കിൽ തന്നെ ഇത്തരം ഒരു നിലപാടെടുത്ത് തന്റെ സ്ഥാനം ഉറപ്പിക്കാൻ കഴിഞ്ഞുവെന്നതും മംദാനിയുടെ ചരിത്ര വിജയത്തിന്റെ തിളക്കം വർധിപ്പിക്കുന്നു.

ന്യൂയോർക്കിന്റെ ജനജീവിതത്തിലെ നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരമായി അദ്ദേഹം മുന്നോട്ടുവെച്ച നൂതനാശയങ്ങളും ജനശ്രദ്ധ പിടിച്ചുപറ്റി. ജീവിതാവശ്യങ്ങൾ താങ്ങാവുന്ന വിലയിൽ പിടിച്ചുനിർത്തുക എന്നത് ഒരു മുദ്രാവാക്യമായി അദ്ദേഹം പ്രചാരണ വേളയിൽ ഉയർത്തിപ്പിടിച്ചു. ഗതാഗതം, വീട്ടുവാടക എന്നിവയിലെ ഭീമമായ ഭാരവും അവയിലെ വർധനവും എടുത്തുകാട്ടിക്കൊണ്ടായിരുന്നു ഇത്. താൻ മേയറായാൽ നഗരത്തിലെ ബസ് യാത്ര സൗജന്യമാക്കുമെന്നും വാടക വർധന മരവിപ്പിക്കുമെന്നും നഗരഭരണം വക ഭക്ഷ്യസാധനക്കടകൾ തുറക്കുമെന്നും 30 ഡോളർ ചുരുങ്ങിയ വേതനം നടപ്പാക്കുമെന്നും അതിധനികരുടെ നികുതി വർധിപ്പിക്കുമെന്നും തുടങ്ങിയ സാമ്പത്തിക പരിഷ്കരണങ്ങളാണ് അദ്ദേഹം എടുത്തുപറഞ്ഞത്. തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് വിമർശകർ അദ്ദേഹത്തെ വിലകുറച്ച് കാണിക്കാൻ ശ്രമിച്ചത് ഹമാസിനെ പിന്തുണക്കുന്നു, ഫലസ്തീനെ അനുകൂലിക്കുന്നു എന്ന് പറഞ്ഞായിരുന്നു. എതിർ പ്രചാരണങ്ങളിൽ മുൻപന്തിയിൽ ട്രംപ് തന്നെ. മംദാനി തനി കിറുക്കനായ ഒരു നൂറുശതമാനം കമ്യൂണിസ്റ്റാണെന്നും അയാൾ സർക്കാർ ഉടമയിലുള്ള ഭക്ഷ്യക്കടകളാണ് ലക്ഷ്യമിടുന്നതെന്നും മംദാനി ജയിച്ചാൽ ന്യൂയോർക്കിന് ഒരു കമ്യൂണിസ്റ്റ് മേയറാണുണ്ടാവുകയെന്നും ആയിരുന്നു ട്രംപിന്റെ ഭയപ്പെടുത്തലുകൾ.

മറുപക്ഷത്ത് ട്രംപിന്റെ എതിർപ്പുകളെ നേരിട്ടുകൊണ്ട് തന്നെയാണ് സൊഹ്‌റാൻ മംദാനി ജനുവരി ഒന്നിന് ന്യൂയോർക് മേയറായി സ്ഥാനമേൽക്കുക. ഒരു മുസ്‌ലിം ഏഷ്യൻ വംശജൻ ആ സ്ഥാനത്ത് വരുന്നു എന്നതിനേക്കാൾ മംദാനി ഉയർത്തിയ പ്രചാരണ മുഖവും മുദ്രാവാക്യങ്ങളും അമേരിക്കൻ വലതുപക്ഷത്തിന്റെ പ്രചണ്ഡമായ എതിർപ്പുകളെ തൂത്തെറിഞ്ഞു എന്നതാണ് പ്രധാനം. അമേരിക്കൻ ജനതയുടെ പൊതുവായ പിന്തുണ ഇസ്രായേൽ, മുതലാളിത്തം, മൂലധനശക്തികൾ എന്നിവക്കനുകൂലമാണെന്ന അവസ്ഥയിൽനിന്നുള്ള ഒരു വ്യതിയാനമാണ് ഇപ്പോൾ ന്യൂയോർക്കിന്റെ ജനാഭിലാഷമായി തെളിഞ്ഞുവന്നിരിക്കുന്നത്. അതിൽ മംദാനിയുടെ സൂക്ഷ്മവും ആസൂത്രിതവുമായ പ്രചാരണ തന്ത്രങ്ങൾക്കുള്ള അത്രതന്നെ പങ്ക് ന്യൂയോർക് പൗരസഞ്ചയത്തിന്റെ അഭിമതങ്ങൾക്കും ഉണ്ടെന്നതാണ് ആശ്വാസകരമായ ഒരു നിഗമനം.

Show Full Article
TAGS:Zohran Mamdani New York Mayor Latest News editorial 
News Summary - When Zohran Mamdani becomes mayor of New York
Next Story