Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightയു​ദ്ധംകൊണ്ട് ആര്,...

യു​ദ്ധംകൊണ്ട് ആര്, എന്ത് നേടി?

text_fields
bookmark_border
യു​ദ്ധംകൊണ്ട് ആര്, എന്ത് നേടി?
cancel
ഒരു നീതീകരണവുമില്ലാത്ത ഈ യുദ്ധംകൊണ്ട് ഇസ്രായേലും അമേരിക്കയും എന്തുനേടി എന്നാലോചിക്കുമ്പോൾ ശുദ്ധശൂന്യം എന്നേ നേരെചൊവ്വേ ചിന്തിക്കുന്ന ആർക്കും തോന്നൂ

അമേരിക്കയും ഇസ്രായേലും ചേർന്ന് ഇസ്‍ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ മേൽ അടിച്ചേൽപിച്ച യുദ്ധം 106 ദിവസങ്ങൾ പിന്നിട്ടിരിക്കെ നിർത്തിയതായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിങ്കളാഴ്ച പ്രഖ്യാപിക്കുകയും ഇറാൻ അത് സ്ഥിരീകരിക്കുകയും ചെയ്തതോടെ ലോകമാകെ ആശ്വാസത്തിന്റെ നെടുവീർപ്പുകളാണുയരുന്നത്. അറുപത് ദിവസത്തെ യുദ്ധവിരാമത്തിന് ആധാരമായ ഉപാധികൾ വ്യക്തമാക്കുന്ന കരാറിൽ വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിൽ ഇരുകക്ഷികളും ഒപ്പുവെക്കുമെന്നാണ് ഇപ്പോഴത്തെ ധാരണ. വാഗ്ദാനങ്ങൾക്കും ഉറപ്പുകൾക്കും ഒരു സ്ഥിരതയുമില്ലാത്ത ട്രംപ് അതിനിടയിൽ വാക്ക് മാറുകയോ വാഗ്ദാനം ലംഘിക്കുകയോ ചെയ്യുകയില്ലെന്നതിന് ഗാരന്റിയൊന്നുമില്ല. യുദ്ധം ആർക്കുവേണ്ടി​യാണോ അമേരിക്ക ഏറ്റെടുക്കേണ്ടിവന്നത്, ആ രാജ്യം കരാർ അംഗീകരിച്ചില്ലെന്ന് മാത്രമല്ല, പ്രധാന വ്യവസ്ഥയായ ലബനാനു നേരെയുള്ള ആക്രമണം അവസാനിപ്പിക്കുന്നതിന് തീർത്തും എതിർപ്പാണ് അറിയിച്ചിരിക്കുന്നതും. എങ്കിൽപോലും കിഴക്കും പടിഞ്ഞാറുമുള്ള എല്ലാ രാജ്യങ്ങളിലെയും ജനജീവിതത്തെ തീർത്തും ദുസ്സഹമാക്കുന്ന ഹുർമുസ് കടലിടുക്കിലൂടെയുള്ള നാവിക ഗതാഗതവിലക്ക് അവസാനിക്കാൻ പോവുന്നു എന്നതാണ് ഏറ്റവും ആശ്വാസകരമായ കാര്യം.

ഹുർമുസ് കടലിടുക്ക്, കരാർ ഒപ്പിടുന്നതോടെ തുറക്കുമെന്നും ഇറാനെതിരായ നാവിക ഉപരോധം അമേരിക്ക അവസാനിപ്പിക്കുമെന്നുമാണ് പ്രധാന വ്യവസ്ഥ. ഹുർമുസിലൂടെയുള്ള കപ്പൽ ഗതാഗതം തീർത്തും സൗജന്യമായിരിക്കുമെന്ന് ട്രംപ് പറയുമ്പോൾ ചുങ്കം ഏർപ്പെടുത്താനുള്ള തങ്ങളുടെ തീരുമാനം ഉപേക്ഷിക്കുന്നതായി ഇറാൻ വ്യക്തമാക്കുന്നില്ല. ഇറാന്റെ ആണവപദ്ധതി നിശ്ശേഷം ഉപേക്ഷിക്കണമെന്നതായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യമായി യു.എസും ഇസ്രായേലും പ്രഖ്യാപിച്ചിരുന്നതെങ്കിലും അക്കാര്യത്തിലെ തീരുമാനം യുദ്ധവിരാമത്തിന്റെ 60 ദിവസങ്ങൾക്കകം പൂർത്തീകരിക്കുമെന്നാണ് ഇപ്പോഴത്തെ നിശ്ചയം. സാധ്യമായില്ലെങ്കിൽ യുദ്ധം പുനരാരംഭിക്കുമെന്ന ഭീഷണിയില്ല; വെടിനിർത്തൽ കാലാവധി നീട്ടി ചർച്ചകൾ തുടരുമെന്നാണ് പറയുന്നത്. ഇറാന്റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം എന്തുചെയ്യണമെന്ന പ്രശ്നവും ചർച്ചക്ക് വിധേയമാണ്. ഇറാനെതിരായ ഉപരോധങ്ങൾ ഘട്ടംഘട്ടമായി പിൻവലിക്കും; വിദേശ ബാങ്കുകളിലെ ഇറാന്റെ മരവിപ്പിച്ച നിക്ഷേപങ്ങൾ വിട്ടുകൊടുക്കുമെന്നും കരാറിലുണ്ട്.

ആകപ്പാടെ ഒരു നീതീകരണവും ന്യായീകരണവുമില്ലാത്ത ഈ യുദ്ധംകൊണ്ട് ഇസ്രായേലും അമേരിക്കയും എന്തുനേടി എന്നാലോചിക്കുമ്പോൾ ശുദ്ധശൂന്യം എന്നേ നേരചൊവ്വേ ചിന്തിക്കുന്ന ആർക്കും തോന്നൂ. ദിവസങ്ങൾക്കകം ഇറാന്റെ സാമ്പത്തിക സ്രോതസ്സുകളും സൈനികശക്തിയും തകർത്ത്, ഭരണാധികാരികളെ വകവരുത്തി ജനങ്ങളിൽ ഒരുവിഭാഗ​ത്തിന്റെ പിന്തുണയോടെ പുതിയൊരു പാവസർക്കാറിനെ തെഹ്റാനിൽ കുടിയിരുത്തുമെന്നായിരുന്നല്ലോ സയണിസ്റ്റ് രാജ്യവും യാങ്കി തലവനും ലോകത്തോട് പറഞ്ഞുകൊണ്ടിരുന്നത്.ഉപരോധം മൂലം തകർന്ന്, സാമ്പത്തികപ്രതിസന്ധി സൃഷ്ടിച്ച രൂക്ഷമായ വിലക്കയറ്റവും റെക്കോഡ് ഭേദിച്ച നാണയപ്പെരുപ്പവും ലോകരാജ്യങ്ങളുടെ നിസ്സഹകരണവും മൂലം കടുത്ത പ്രതിസന്ധിക്കിടെ കാലഹരണപ്പെട്ട ആയുധശേഖരവുമായി ഇറാന് എങ്ങനെ പ്രതിരോധിക്കാനാവുമെന്ന കാര്യത്തിൽ ലോകം പൊതുവേ സംശയാലുക്കളായിരുന്നു.

അതൊക്കെ തന്നെയാണ് ഇരുന്നൂറോളം കുട്ടികൾ പഠിക്കുന്ന സ്കൂളിനുമേൽ ബോംബിട്ട് പിഞ്ചോമനകളെ മുഴുവൻ ചുട്ടുകരിച്ചുകൊണ്ടാരംഭിച്ച മൃഗീയാക്രമണം ദിവസങ്ങൾക്കകം ലക്ഷ്യംനേടാനാവുന്ന ആത്മവിശ്വാസം യാങ്കി-സയണിസ്റ്റ് കൂട്ടുകെട്ടിന് നൽകിയത്. പക്ഷേ, മൂന്നുമാസങ്ങൾക്കകം അമേരിക്കൻ ജനത ഉൾപ്പെടെ ലോകത്തിനാകെ ബോധ്യപ്പെട്ട സത്യം, പിടിച്ചുനിൽക്കാൻ മാത്രമല്ല ശത്രുക്കളെ അടിയറവ് പറയിക്കാനുമുള്ള ശേഷി ഇറാനുണ്ട് എന്നതാണ്. ഇതിനകം അമേരിക്കയുടെയും ഇസ്രായേലിന്റെയും ഉറ്റ ബന്ധുക്കളായ യൂറോപ്യൻ രാജ്യങ്ങളുടെ മാത്രമല്ല മഹാഭൂരിപക്ഷം രാജ്യങ്ങളുടെയും അനുഭാവം നേടിയെടുക്കുന്നതിലും ഇറാൻ വിജയിക്കുന്ന കാഴ്ചയാണ് കാണാനാവുന്നത്. റഷ്യയും ചൈനയുമടങ്ങുന്ന ലോകശക്തികളാകട്ടെ, പരസ്യമായിത്തന്നെ ഇറാനോടൊപ്പം നിന്നു. തങ്ങൾ ആണവായുധങ്ങൾ നിർമിക്കുകയില്ലെന്ന് ഇറാൻ നേരത്തേ ഉറപ്പുനൽകിയിരുന്നതാണ്. എന്നാൽ, ഊർജ​േസ്രാതസ്സായി യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള അവകാശം മറ്റെല്ലാ രാജ്യങ്ങൾക്കുമെന്നപോലെ തങ്ങൾക്കുമുണ്ടെന്ന നിലപാടിൽനിന്ന് ഇറാൻ ഇപ്പോഴും പിൻവാങ്ങിയിട്ടില്ല.

ഒരേസമയം ട്രംപുമായും ഇസ്രായേലുമായും ഇറാനുമായും ഉറ്റ സൗഹൃദം പുലർത്തുന്ന രാജ്യമാണ് ഇന്ത്യ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെടാറുണ്ട്. പക്ഷേ, ഇപ്പോഴത്തെ വെടിനിർത്തൽ കരാർ സ്വാഗതംചെയ്തതൊഴിച്ചാൽ അത് സാധ്യമാക്കിയ സമാധാന സംസ്ഥാപന യത്നങ്ങളിൽ ഒരു പങ്കും വഹിക്കാൻ നമുക്കായില്ല. എണ്ണ, പ്രകൃതിവാതക വസ്തുക്കളുടെ ലഭ്യത തടസ്സപ്പെട്ടത് ദേശീയ ജീവിതത്തെ ഗുരുതരമായി ബാധിക്കുകയും വിലക്കയറ്റം രൂക്ഷതരമാവുകയും ചെയ്തിട്ടും സംഭവഗതികളെ നോക്കിനിൽക്കാനേ ​നമ്മുടെ സർക്കാറിന് സാധിച്ചുള്ളൂ. അതേസമയം, സാഹചര്യങ്ങളിൽനിന്ന് മുതലെടുത്ത് മധ്യസ്ഥറോളിൽ രംഗത്തിറങ്ങാനും യുദ്ധവിരാമ കരാറിൽ കക്ഷികളെ ഒപ്പുവെപ്പിക്കുന്നിടത്തോളം മുന്നോട്ടുനയിക്കാനും കഴിഞ്ഞതിന്റെ ക്രെഡിറ്റ് നേടിയെടുത്തു പാകിസ്താൻ. മോദി സർക്കാറിന്റെ കടുത്ത നയതന്ത്ര പരാജയമായി പ്രധാന പ്രതിപക്ഷം ഇതിനെ കുറ്റപ്പെടുത്തുമ്പോൾ തൃപ്തികരമായൊരു വിശദീകരണം നൽകാൻ ഉത്തരവാദപ്പെട്ടവർക്ക് സാധിക്കുന്നില്ല. അടുത്ത തെരഞ്ഞെടുപ്പിൽ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുമെന്നുപോലും ഉറപ്പില്ലാത്ത ബിന്യമിൻ നെതന്യാഹുവിനെ ഇ​ത്രമേൽ കൂട്ടുപിടിക്കാൻ മാത്രം ഇന്ത്യയുടെ ദേശീയ നേതൃത്വത്തിനുള്ള കടപ്പാടിന്റെ അന്തർധാര ദുരൂഹമാണെന്ന് പറയാതെവയ്യ.

Show Full Article
TAGS:War US Iran Madhyamam Editorial 
News Summary - Who gained what from the war?
Next Story