രക്ഷാസമിതിയെ ആരുരക്ഷിക്കും?
text_fieldsഏകപക്ഷീയമായ ഗസ്സ സമാധാന പദ്ധതി ഐക്യരാഷ്ട്ര രക്ഷാസമിതി അംഗീകരിച്ചിട്ട് ഒരാഴ്ചയോടടുക്കുന്നു. ഇരകളായ ഫലസ്തീൻകാർക്ക് ഒരു സമാധാനവും നൽകാൻ അതിന് കഴിവില്ലെന്ന് ഇപ്പോഴേ വ്യക്തമായിക്കഴിഞ്ഞിട്ടുണ്ട്. അടിയന്തരമായി നടപ്പാകേണ്ടിയിരുന്ന വെടിനിർത്തൽവരെ ഒരുദിവസംപോലും നടപ്പായിട്ടില്ല. ഒക്ടോബർ 11ന് പ്രഖ്യാപിക്കപ്പെട്ട വെടിനിർത്തലിനുശേഷം നവംബർ 23 വരെ ഇസ്രായേൽ 338 ഫലസ്തീൻകാരെ കൊന്നു; അതിൽ 69 പേരെങ്കിലും കുട്ടികളാണ്. എന്നുവെച്ചാൽ, 44 ദിവസംകൊണ്ട് 395 തവണയെങ്കിലും ഇസ്രായേൽ വെടിനിർത്തൽ ലംഘിച്ചിട്ടുണ്ട്. നഗ്നമായ ഈ കരാർ ലംഘനങ്ങൾക്കിടയിൽ രക്ഷാസമിതി ചെയ്തത്, ആഗോള സമാധാനം ഉറപ്പുവരുത്താനുള്ള സ്വന്തം ചുമതല നിയമലംഘകർക്ക് വിട്ടുകൊടുക്കുംവിധം ഒരു റെഡിമെയ്ഡ് പദ്ധതിക്ക് കീഴൊപ്പും ചാർത്തി, വംശഹത്യയുടെ തുടർച്ച കണ്ടുനിൽക്കാനായി ഗാലറിയിൽ കയറി ഇരിക്കുകയാണ്. കുറ്റവാളിരാഷ്ട്രമായ ഇസ്രായേലുമായി കൂടിയാലോചിച്ച്, ഫലസ്തീൻ പക്ഷത്തെ പൂർണമായും ഒഴിച്ചുനിർത്തി, യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രൂപപ്പെടുത്തിയ കൊളോണിയൽ പദ്ധതിക്ക് അംഗീകാരം നൽകിക്കൊണ്ട് രക്ഷാസമിതി സ്വയം റദ്ദാക്കുകയാണ് ചെയ്തത്. ഇസ്രായേൽ നിരന്തരം വംശഹത്യയിൽ അഭിരമിച്ചുകൊണ്ടിരുന്ന രണ്ടുവർഷം മുഴുവൻ വെടിനിർത്തൽ പ്രമേയങ്ങളെ ഇതേ രക്ഷാസമിതിയിൽ വീറ്റോചെയ്തുകൊണ്ടിരുന്ന രാജ്യമാണ് യു.എസ്. അപ്പോൾ ഒന്നും ചെയ്യാനാകാതെ എല്ലാം കണ്ടുനിന്ന രക്ഷാസമിതി പുതിയ കൊളോണിയൽ പദ്ധതിക്ക് ഒപ്പുചാർത്തുക മാത്രമല്ല ചെയ്തത്- പച്ചയായ കരാർ ലംഘനങ്ങളെച്ചൊല്ലി ഒരു എതിർശബ്ദം പോലും ഉയർത്താൻ പറ്റാതെ മാളത്തിലൊളിക്കുക കൂടിയാണ്. വെടിനിർത്തൽ മാത്രമല്ല ഇസ്രായേൽ ലംഘിക്കുന്നത്. അവശ്യസഹായമെത്തിക്കാൻ ഇപ്പോഴും തടസ്സങ്ങളുണ്ട്. കരാറനുസരിച്ച് ഗസ്സയിലേക്ക് എത്തിക്കേണ്ടതിന്റെ അഞ്ചിലൊന്ന് മാത്രമാണ് എത്തിച്ചിട്ടുള്ളത്: പ്രതിദിനം 600 ലോഡ് എത്തേണ്ടിടത്ത് 117 മാത്രം.
വാസ്തവത്തിൽ, വംശഹത്യക്കെതിരെ ലോകമെങ്ങും ഉയർന്ന ജനരോഷം തണുപ്പിക്കാനല്ലാതെ മറ്റൊരുനിലക്കും വെടിനിർത്തലോ തുടർന്നുണ്ടായ ‘സമാധാന’ പദ്ധതിയോ പ്രയോജനപ്പെട്ടിട്ടില്ല. രക്ഷാസമിതിയുടെ പരിഗണനക്കായി അത് എത്തുന്നതിനു മുമ്പ് 36 ലോകോത്തര മനുഷ്യാവകാശ വിദഗ്ധർ ഏത് പദ്ധതിയുടെയും ആധാരമായിരിക്കേണ്ട മൗലികതത്ത്വങ്ങൾ വിശദീകരിച്ചിരുന്നതാണ്. ഏത് സമാധാന പദ്ധതിയും അന്താരാഷ്ട്ര നിയമത്തെ മാനിക്കുന്നതായിരിക്കണം, സ്വയം നിർണയാവകാശം ഉറപ്പുവരുത്തുന്നതും അധിനിവേശകരുടെ കുറ്റങ്ങൾ തിരിച്ചറിഞ്ഞ് നടപടി സ്വീകരിക്കുന്നതുമാകണം എന്നിവ ആ തത്ത്വങ്ങളിൽപ്പെടും. യു.എന്നിന്റെതന്നെ പ്രത്യേക പ്രതിനിധി ഫ്രാൻസസ്ക ആൽബനീസ്, അന്താരാഷ്ട്ര നിയമവും ലോകകോടതികളുടെ തീർപ്പുകളും അടിസ്ഥാനമാക്കിക്കൊണ്ട് സമാധാന പദ്ധതിക്കുവേണ്ട നിർബന്ധ ഘടകങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. നീതിയുടെയും അന്താരാഷ്ട്ര സുസ്ഥിതിയുടെയും ഈ മാനദണ്ഡങ്ങളൊന്നും ഉൾക്കൊള്ളാത്ത ഒരു പദ്ധതി അംഗീകരിക്കാൻ രക്ഷാസമിതിക്ക് കഴിഞ്ഞു എന്നതിനർഥം ആ സ്ഥാപനം അത്രത്തോളം അപ്രസക്തമായി എന്നാണ്. ഐക്യരാഷ്ട്ര പൊതുസഭയുടെയും രക്ഷാസമിതിയുടെയും ലോക നീതിന്യായകോടതിയുടെയും ഉറച്ച നിലപാടായിരുന്നു ഫലസ്തീനി സ്വയം നിർണയാധികാരം. ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കുകയും ഗസ്സയിൽനിന്നും വെസ്റ്റ്ബാങ്കിൽനിന്നും പിൻവാങ്ങുകയും വേണമെന്ന് ലോകകോടതി വിധിച്ചിട്ട് ഒരു വർഷത്തിലേറെയായി. ഇതിനെല്ലാം കടകവിരുദ്ധമാണ് രക്ഷാസമിതി ഇപ്പോൾ സാധുത നൽകിയ പദ്ധതി. അധിനിവേശം അവസാനിപ്പിക്കുന്നതിനെപ്പറ്റിയോ ഫലസ്തീന്റെ സ്വയംഭരണാവകാശം ഉറപ്പുവരുത്തുന്നതിനെപ്പറ്റിയോ ഒന്നും പറയാത്ത ഒരു പദ്ധതി അംഗീകരിക്കാൻ യു.എന്നിന് എന്തധികാരം? സ്വയം നിർണായാവകാശത്തെപ്പറ്റി മൗനം പാലിക്കുന്നതിന് പുറമെ ഈ പദ്ധതി ഇസ്രായേലി പക്ഷപാതികളടങ്ങുന്ന പുറം സേനകളെയും ഭരണസംവിധാനങ്ങളെയും അടിച്ചേൽപിച്ച് ഫലസ്തീനെ കൊളോണിയൽ കാലഘട്ടത്തിലേക്ക് തിരിച്ചെത്തിക്കുന്നു. യു.എൻ ചാർട്ടറിന്റെ 24(2) വകുപ്പിനെതിരാണിത്.
വെടിനിർത്തൽ നടപ്പിലായിട്ടില്ലെങ്കിലും കുരുതിയുടെ കാഠിന്യം കുറഞ്ഞു എന്നതുമാത്രമാണ് ഫലസ്തീനിൽ ‘സമാധാന’ പദ്ധതിയിലൂടെ സംഭവിച്ചത്. അതാകട്ടെ യു.എന്നിന്റെ ഇസ്രായേലിദാസ്യമൊഴികെയുള്ള മറ്റൊരു പങ്കാളിത്തവുമില്ലാതെ. ചെറുത്തുനിൽപിനും സ്വാതന്ത്ര്യപ്പോരാട്ടത്തിനും ഏത് അധിനിവിഷ്ട ജനതക്കുമുള്ള അവകാശം എടുത്തുപറയുന്ന ജനീവ കരാർ നിരാകരിക്കുക കൂടിയാണ് ‘സമാധാന’ പദ്ധതി അംഗീകരിച്ചതിലൂടെ യു.എൻ രക്ഷാസമിതി ചെയ്തത്. ഈ പദ്ധതി പീഡിത ജനതയുടെ പ്രതിരോധത്തെയാണ് നിരായുധീകരിക്കുന്നത്- വംശഹത്യയുടെ ദുശ്ശക്തികളെയല്ല. അത് അധിനിവേശം വ്യാപിപ്പിക്കാനും ശക്തിപ്പെടുത്താനുമുള്ള അനുമതിയാണ്- അധിനിവേശം അവസാനിപ്പിക്കാനുള്ള സാധ്യതകളെപ്പോലും തള്ളിപ്പറയലാണ്. ജനീവ കരാറിന്റെയും യു.എൻ ചാർട്ടറിന്റെയും അന്താരാഷ്ട്ര മര്യാദയുടെയും സാമാന്യ നീതിയുടെയുമെല്ലാം നിരാസമാണത്. എല്ലാ കുറ്റകൃത്യങ്ങൾക്കും നിയമലംഘനങ്ങൾക്കും രക്ഷാസമിതിയുടെ അംഗീകാരമുണ്ടെന്നു വരുത്താനേ അത് ഉപകരിക്കുന്നുള്ളൂ. രക്ഷാസമിതി സയണിസ്റ്റ് ഭരണകൂടത്തിന്റെ ഉപവകുപ്പായിരുന്നെങ്കിൽപോലും ഇതിലേറെ ഒന്നും നടക്കാനില്ല. സ്വയം രക്ഷിക്കാൻപോലും ഈ സമിതിക്ക് കഴിഞ്ഞില്ലല്ലോ.


