യമുന: ഭരിക്കുന്നവരുടേതും ഭക്തരുടേതും
text_fieldsഭരണനേട്ടങ്ങളുടെ മികവിനേക്കാൾ പ്രചാരണപ്പൊലിമയിൽ തിളങ്ങിനിൽക്കുകയാണ് കാമ്യം എന്നു കരുതുന്നവരാണ് വിഡ്ഢിവേഷം കെട്ടുന്ന ഭരണാധികാരികൾ. ജനത്തിനു ക്ഷേമം പകർന്നും നാടിനെ പുരോഗതിയിലേക്ക് നയിച്ചും ഭരിച്ചു ജയിക്കുന്നതിലല്ല, ജനങ്ങൾക്കു മുന്നിൽ കെട്ടുകാഴ്ചകളൊരുക്കി ആളാവുന്നതിലാണ് വലിയ രാഷ്ട്രീയജയം എന്നു വന്നിരിക്കുന്നു സത്യാനന്തരകാലത്ത്. ദേശീയതലത്തിലും സംസ്ഥാനത്തുമൊക്കെ ഈ വേഷംകെട്ടുകാരുടെ തള്ളും തുള്ളുമാണെങ്ങും. തെരഞ്ഞെടുപ്പ് മുന്നിൽവന്നു പെടുക കൂടി ചെയ്താൽ അത് തിരുതകൃതിയിലാവും. അതിനു നാടും നാട്ടുകാരും ഒടുക്കേണ്ടിവരുന്ന പിഴയൊന്നും ഭരണാധികാരികൾക്ക് പ്രശ്നമേയല്ല. അത്തരത്തിലൊരു വിലക്ഷണവിവാദമാണ് ഇപ്പോൾ ഡൽഹിയിൽ ഉയർന്നിരിക്കുന്നത്.
ബിഹാർ, ഝാർഖണ്ഡ്, കിഴക്കൻ യു.പി തുടങ്ങിയ പൂർവാഞ്ചൽ ഭാഗങ്ങളിലും നേപ്പാളിലും ആഘോഷിച്ചുവരുന്ന ഛഠ് ഉത്സവത്തോടനുബന്ധിച്ച് യമുന നദിയിൽ നടന്നുവരുന്ന സ്നാനത്തെചൊല്ലിയാണ് വിവാദം. ഒക്ടോബർ 25 മുതൽ 28 വരെ നടക്കുന്ന ഛഠ് ഉത്സവാഘോഷത്തിന്‍റെ ഭാഗമായുള്ള യമുന സ്നാനത്തിൽ പങ്കുകൊള്ളുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വാസുദേവഘട്ടിലെ യമുനാ തീരത്ത് പുണ്യസ്നാനത്തിനായി കൃത്രിമമായി ‘ശുദ്ധ യമുന’ ഒരുക്കിയതാണ് വിവാദമായിരിക്കുന്നത്. യമുനയിലെ മലിനജലത്തിൽ മുങ്ങിനിവരുന്നത് ഒഴിവാക്കാനായി, ഡൽഹിക്കാർക്ക് കുടിവെള്ളമെടുക്കുന്ന വസീറാബാദ് ജലസംസ്കരണ പ്ലാന്‍റിൽനിന്ന് വൻതോതിൽ ശുദ്ധജലം പമ്പുചെയ്ത് സ്നാനഘട്ട് നിർമിച്ചതിനെതിരെ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ ഡൽഹിയിലെ പ്രതിപക്ഷമായ ആം ആദ്മി പാർട്ടി രംഗത്തുവന്നിരിക്കുന്നു.
മതചിഹ്നങ്ങൾ, ആചാരങ്ങൾ, ആഘോഷങ്ങൾ എന്നിവയൊക്കെ പ്രചാരണായുധമാക്കുന്നതാണ് ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയം. പൂർവാഞ്ചലുകാർക്ക് പുണ്യപ്രധാനമായ ഛഠിനുവേണ്ടി മോദിയും പാർട്ടിയും കച്ചകെട്ടിയിറങ്ങുന്നത് വെറുതെയല്ല. ബിഹാറിൽ അടുത്ത മാസം നടക്കുന്ന തെരഞ്ഞെടുപ്പിൽ ഹിന്ദുമത വിശ്വാസികളുടെ വോട്ടുകൾ ആകർഷിക്കുക എന്നൊരു തന്ത്രം കൂടിയുണ്ട്. എന്നാൽ, ഒരു രാഷ്ട്രീയക്കുളിക്കായി ഖജനാവിലെ കോടികൾ ചെലവിട്ട് പ്രധാനമന്ത്രിക്കായി പ്രത്യേക സ്നാനഘട്ടം നിർമിക്കുമ്പോൾ യമുനയുടെ ഇതരഭാഗങ്ങളിൽ മുങ്ങിക്കയറുന്ന ഭക്തജനങ്ങൾക്ക് സർക്കാർ നൽകുന്ന സന്ദേശമെന്താണ്? യമുനാ നദി ആകമാനം മലിനമാണെന്നും ആ മാലിന്യത്തിൽ മുങ്ങി അവർ പകർച്ചവ്യാധികൾ ഏറ്റുവാങ്ങട്ടെ എന്നുമാണോ? യു.പിയിലെ കൃഷിനിലങ്ങളിലേക്ക് ഒഴുകേണ്ട വെള്ളം ഈ കൃത്രിമ സ്നാനഘട്ട നിർമാണത്തിനായി വഴിതിരിച്ചുവിട്ടു എന്നും ആക്ഷേപമുയർന്നിട്ടുണ്ട്.
ജനക്ഷേമവും ജനസേവയും സംബന്ധിച്ച് ഇമ്പമുള്ള മുദ്രാവാക്യങ്ങളും വായ്ത്താരികളും ചമയ്ക്കുന്ന പ്രധാനമന്ത്രിക്കു വേണ്ടിയാണ് ഇത്തരം കെട്ടുകാഴ്ചകൾ ഒരുക്കുന്നത് എന്നത് അത്യന്തം അപഹാസ്യകരമാണ് എന്നുപറയാതെ വയ്യ. ഗംഗ, യമുന നദികൾ ഇന്ത്യയിലെ ഹിന്ദുമത വിശ്വാസികൾ ആദരപൂർവം കണ്ടുവരുന്നതും അവരുടെ ആചാരങ്ങൾക്ക് ഉപയോഗപ്പെടുത്തിവരുന്നതുമാണ്. അത്തരം മതവികാരങ്ങൾക്കും ഭക്ത്യാചാരങ്ങൾക്കും മുന്തിയ പരിഗണന നൽകുന്ന കേന്ദ്ര സർക്കാർ അതിനൊക്കെ ഔദ്യോഗികപദവിയും പരിവേഷവും നൽകുന്നുമുണ്ട്. ഈ രണ്ടു നദികളുടെയും ശുദ്ധീകരണത്തിനും വികസനത്തിനും ബജറ്റിൽ വൻ തുക വകയിരുത്തുന്നുമുണ്ട്. എന്നിട്ടും ഈ രണ്ടു പുണ്യനദികളെ മലിനീകരണത്തിൽനിന്ന് രക്ഷിക്കാൻ കേന്ദ്രഭരണത്തിൽ മൂന്നാമൂഴത്തിലുള്ള ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല.
യമുനയിൽ മുങ്ങിക്കുളിക്കുന്നത് മാരകരോഗങ്ങൾക്കിടയാക്കുമെന്ന് ഈയടുത്താണ് ഡൽഹി മലിനീകരണ നിയന്ത്രണ സമിതി റിപ്പോർട്ട് പുറത്തുവിട്ടത്. മൂവായിരത്തോളം കോടി രൂപയുടെ ബജറ്റ് വിഹിതമുണ്ട്, ജലവിഭവ മന്ത്രാലയത്തിലെ സെക്രട്ടറിയുടെ നേതൃത്വത്തിൽ മേൽനോട്ട സമിതിയുണ്ട്. എല്ലാമായിട്ടെന്ത്, യമുനയിലെ വെള്ളം മലിനവും പകർച്ചവ്യാധി സാധ്യതയുള്ളതുമായി തുടരുന്നു എന്നു കേന്ദ്ര ഭരണകൂടം തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഈ ദുഃസ്ഥിതി നിലനിൽക്കെയാണ് പ്രധാനമന്ത്രിക്ക് കൃത്രിമമായ ശുദ്ധ യമുന ഉണ്ടാക്കിയെടുക്കുന്നത്. ഭക്തജന വികാരം മുതലെടുക്കാൻ പ്രധാനമന്ത്രിക്ക് ഫോട്ടോഷൂട്ടിനുവേണ്ടി നടത്തുന്ന അഭ്യാസങ്ങളെ നിശിതമായ ഭാഷയിലാണ് ഡൽഹിയിലെ മുൻ ജല-ആരോഗ്യ വകുപ്പ് മന്ത്രിയും ആം ആദ്മി പാർട്ടി വക്താവുമായ സൗരഭ് ഭരദ്വാജ് വിമർശിച്ചത്.
പ്രധാനമന്ത്രി എപ്പോഴും സ്വന്തം ആരോഗ്യത്തിന്റെ കാര്യത്തിൽ ബദ്ധശ്രദ്ധയുള്ളയാളാണ്. അദ്ദേഹത്തിന് എന്നെങ്കിലും പനിയോ ടൈഫോയ്ഡോ വന്നതായി കേട്ടിട്ടുണ്ടോ? ആ കരുതലിലാണ് ഫിൽറ്റർചെയ്ത വെള്ളം മാത്രം ഉപയോഗിച്ച് മോദിക്ക് സവിശേഷമായ സ്നാനഘട്ടം നിർമിക്കുന്നത്. പാവം പൂർവാഞ്ചലുകാരെ വിസർജ്യവും മാലിന്യവും നിറഞ്ഞ യമുനയിൽ മുങ്ങി രോഗത്തിന് വിട്ടുകൊടുക്കുകയും ചെയ്യുന്നു എന്നാണ് സൗരഭിന്‍റെ ആരോപണം.
മതവിശ്വാസത്തിലും വംശ, ജാതി ചിന്തയിലും സ്വന്തമെന്നും അപരമെന്നും വകതിരിച്ച് ഹിന്ദു വിഭാഗത്തിന് മുന്തിയ പരിഗണന നൽകുന്നുവെന്നതാണ് സംഘ്പരിവാർ സ്വയം എടുത്തണിയുന്ന സവിശേഷത. എന്നാൽ, വിശ്വാസത്തെയും ഭക്തിയെയും സ്വന്തം രാഷ്ട്രീയതാൽപര്യങ്ങൾക്കുള്ള ഉപാധിയായി മാത്രം കാണുകയും അതിൽ കവിഞ്ഞ പരിഗണനയൊന്നും നൽകാതിരിക്കുകയും ചെയ്യുന്ന അടവുഹിന്ദുത്വ നയമാണ് അവർ പ്രയോഗത്തിൽ നടപ്പാക്കിവരുന്നത് എന്നതിന്‍റെ തെളിഞ്ഞ ഉദാഹരണങ്ങളിലൊന്നാണ് പുണ്യനദികളായി അറിയപ്പെടുന്ന നദികളുടെ കാര്യത്തിൽ കൈക്കൊള്ളുന്ന വഞ്ചനനയം.
കോടികളുടെ പദ്ധതികൾ പ്രഖ്യാപിച്ചിട്ടും ഗംഗയും യമുനയും ഇതര പുണ്യനദികളുമൊക്കെ ഇപ്പോഴും മാലിന്യത്തിൽനിന്ന് കരകയറിയിട്ടില്ല. എന്നിരിക്കെ, കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും അഴുക്കുനിറഞ്ഞ യമുനയിൽ ഭക്തജനങ്ങളെ തള്ളിവിട്ട് ഭരണാധികാരിക്ക് മുങ്ങിനിവരാൻ ശുദ്ധജലപ്പരപ്പൊരുക്കുന്ന കാപട്യത്തിന് വാഴ്ത്തുപാടാൻ മടിശ്ശീല മാധ്യമങ്ങൾ മത്സരിച്ചാലും ജനം എല്ലാം കണ്ടറിയുന്നുണ്ട് എന്ന കാര്യം അധികാരികളും ഒത്താശക്കാരും ഓർത്തുവെക്കുന്നത് നല്ലതാണ്.


