സുപ്രീംകോടതിക്ക് അങ്ങേയറ്റത്തെ നന്ദി
text_fieldsമീഡിയവണിന് സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ വർഷം മുമ്പുവന്ന നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കൂച്ചുവിലങ്ങായിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുന്ന അത്തരമൊരു നീക്കം ഒരുവിധേനയും സാധൂകരിക്കാനാവാത്തതാണെന്ന് അന്നുതന്നെ ഞാൻ തുറന്നുപറഞ്ഞിരുന്നു.
അഭിപ്രായസ്വാതന്ത്ര്യം പാവനമാണ്, മാധ്യമ സ്വാതന്ത്ര്യത്തിൽ ഒരുതരത്തിലും സർക്കാർ ഇടപെടാൻ പാടില്ല എന്ന ശക്തമായ നിലപാടാണ് എനിക്ക് എന്നുമുള്ളത്. ഇടക്കാലത്ത് വിലക്കിന് കോടതിയിൽനിന്ന് താൽക്കാലികമായ ഇളവ് ലഭിച്ചപ്പോൾ സന്തോഷിച്ച വ്യക്തിയാണ് ഞാൻ. ആ സന്തോഷം പരസ്യമായി പ്രകടിപ്പിക്കുമ്പോൾ തന്നെ ഇതുകൊണ്ടായില്ല, അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള വെല്ലുവിളികൾ പൂർണമായി നീക്കപ്പെടുകതന്നെ വേണമെന്നും ഞാൻ പറഞ്ഞിരുന്നു. അതാണിപ്പോൾ യാഥാർഥ്യമായിരിക്കുന്നത്. അതുകൊണ്ടുതന്നെ അത്യന്തം സന്തോഷിക്കുകയും ചെയ്യുന്നു.
ഇത് മീഡിയവൺ എന്ന ഒരു മാധ്യമ സ്ഥാപനത്തിന്റെ മാത്രം പ്രശ്നമല്ല, സ്വതന്ത്ര മാധ്യമ പ്രവർത്തനം സാധ്യമാവണം എന്നാഗ്രഹിക്കുന്ന ഓരോ മനുഷ്യരുടെയും പ്രശ്നമാണ്. ഈ വിധിന്യായം മറ്റൊരു സന്തോഷവും സമാശ്വാസവും നൽകുന്നുണ്ട്. ഇന്ത്യയിൽ നീതിനിഷേധിക്കപ്പെടുന്നവന് ഇന്നും ഒടുവിലത്തെ അഭയസ്ഥാനമായി സർവോന്നത നീതിന്യായ സ്ഥാപനമുണ്ട് എന്ന മഹത്തായ ഉറപ്പ്.
നാം പാകിസ്താനിലോ ഇറാനിലോ ചൈനയിലോ അല്ല ഇന്ത്യയിലാണ് ജീവിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യമുള്ള രാജ്യമാണ് നമ്മുടേത്. നിർഭയമായി അഭിപ്രായം പറയാനുള്ള അവകാശം ഇവിടെ നിലനിൽക്കുന്നുണ്ട് എന്ന കാര്യം ഈ വിധിയോടെ എല്ലാവർക്കും പൂർണബോധ്യം വന്നിട്ടുണ്ടാവും. സുപ്രീംകോടതിക്ക് അങ്ങേയറ്റത്തെ നന്ദി രേഖപ്പെടുത്താനും ഈ സന്ദർഭം ഞാൻ വിനിയോഗിക്കുന്നു.