നിലമ്പൂർ നൽകുന്ന പാഠം
text_fieldsതദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേവലമൊരു ഉപതെരഞ്ഞെടുപ്പായല്ല നിലമ്പൂരിലെ മത്സരത്തെ ജനം കണ്ടത്. കേരളത്തിൽ നാളിതുവരെ കാണാത്ത കോളിളക്കങ്ങൾ സൃഷ്ടിക്കുകയും വീറും വാശിയും പ്രകടമാവുകയും ചെയ്ത തെരഞ്ഞെടുപ്പ് പലതിന്റെയും ഉരകല്ലായിരുന്നു.
വടക്കേ ഇന്ത്യൻ സ്റ്റേറ്റുകളിൽ ബി.ജെ.പിയും കൂട്ടാളികളും നിരന്തരമായി പയറ്റിവരുന്ന വർഗീയ ധ്രുവീകരണ അടവുകൾ പുരോഗമനത്തിന്റെയും മതേതരത്വത്തിന്റെയും പതാകവാഹകരെന്ന് സമൂഹം ധരിച്ചവർതന്നെ ഏറ്റെടുക്കുന്നതുകൂടി കണ്ട തെരഞ്ഞെടുപ്പായിരുന്നു നിലമ്പൂരിലേത്. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ഈ തന്ത്രം പേർത്തും പേർത്തും പയറ്റിക്കൊണ്ടിരിക്കുന്നതിനാൽ കേവലം ഒരു അബദ്ധമായി ഇതിനെ തള്ളിക്കളയാനാവില്ല. രാഷ്ട്രീയത്തിൽ ഇന്നലത്തെ ശത്രു ഇന്നത്തെ ബന്ധുവും ഇന്നത്തെ ബന്ധു നാളത്തെ ശത്രുവുമായിത്തീരുന്നത് സ്വാഭാവികമാണ്. എന്നാൽ, തെരഞ്ഞെടുപ്പുകളിൽ നാല് വോട്ടുനേടാൻ കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തിനും സാമുദായിക സൗഹാർദത്തിനും മാരകമായ പോറലേൽപിക്കുന്ന പ്രവർത്തനങ്ങൾ ആരുടെ ഭാഗത്തുനിന്നുണ്ടായാലും മാപ്പർഹിക്കാത്തതാണ്. ഭരണനേട്ടങ്ങളും കേന്ദ്രസർക്കാറിന്റെ അവഗണനയും കൃത്യമായി പറയേണ്ട മുഖ്യമന്ത്രിപോലും പങ്കെടുത്ത തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലെല്ലാം എന്താണ് മുഖ്യമായും ഉന്നയിച്ചതെന്നത് ഞെട്ടലോടെ മാത്രമേ ഓർക്കാൻ കഴിയുകയുള്ളൂ!
കേരളീയ സമൂഹത്തിലെ ഗണ്യമായ ഒരുവിഭാഗം അതാത് കാലങ്ങളിലെ രാഷ്ട്രീയ സാഹചര്യം നോക്കി വിധിയെഴുതുന്നവരാണ്. ന്യൂനപക്ഷങ്ങളും അങ്ങനെതന്നെ, മുസ്ലിംകൾ പ്രത്യേകിച്ചും. അതുകൊണ്ടാണ് തെരഞ്ഞെടുപ്പുകൾ മാറിമാറി വരുമ്പോൾ വിജയിക്കുന്ന മുന്നണികളും മാറിക്കൊണ്ടിരിക്കുന്നത്. എന്നാൽ, വിജയം തങ്ങൾക്കല്ലാത്തപ്പോഴെല്ലാം വർഗീയശക്തികളുടെ വിജയമായി ചിത്രീകരിക്കുന്നത് വോട്ടർമാരെ മുഴുവൻ അവഹേളിക്കലാണ്. കേരളത്തിലെ ഇടതു വലതു മുന്നണികളോ അവർക്ക് പലപ്പോഴായി പിന്തുണ നൽകിയിട്ടുള്ളവരോ ആരുംതന്നെ വർഗീയവാദികളോ ഭീകരവാദികളോ അല്ലെന്ന് കേരളീയസമൂഹത്തിന് മുഴുവൻ പകൽവെളിച്ചംപോലെ വ്യക്തമായിരിക്കെ എന്തിനാണ് കുളം കലക്കാൻ ശ്രമിക്കുന്നത്. വയനാട്ടിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിജയിച്ചപ്പോഴും പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലും ഇപ്പോൾ നിലമ്പൂരിൽ ഷൗക്കത്തും വിജയിച്ചപ്പോഴും മുസ്ലിം വർഗീയതയുടെ വിജയമാണെന്ന് ആക്ഷേപിച്ചത് എന്തിന്റെയടിസ്ഥാനത്തിലാണെന്ന് ബന്ധപ്പെട്ടവർ നന്നായി വിശദീകരിക്കേണ്ടതുണ്ട്. ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയേയും ഒരുപോലെ തങ്ങൾ എതിർക്കുന്നുവെന്ന് പറയുന്നത് എങ്ങനെയാണ് ശരിയാവുന്നത്? ഓരോ സംഘടനയുടെയും പ്രഖ്യാപിത നിലപാടുകളും നാളിതുവരെയുള്ള പ്രവർത്തനങ്ങളും വിലയിരുത്തി വേണമല്ലോ വർഗീയതയുടെ അളവ് നിർണയിക്കേണ്ടത്. മലപ്പുറം ജില്ലയെയും ജനങ്ങളെയും സംബന്ധിച്ച് നിലമ്പൂരിൽ വെള്ളാപ്പള്ളി നടേശൻ നടത്തിയ അവഹേളനപരമായ പ്രസംഗം സംബന്ധിച്ച് എന്തെങ്കിലും എതിരായി മൊഴിഞ്ഞില്ലെന്ന് മാത്രമല്ല ദിവസങ്ങൾക്കകം മുഖ്യമന്ത്രിതന്നെ അദ്ദേഹത്തെ പൊന്നാടചാർത്തി ആദരിക്കുന്നതാണ് കേരള ജനത കണ്ടത്!' തെരഞ്ഞെടുപ്പിന് ഒരു ദിവസംമാത്രം ബാക്കിയുള്ളപ്പോൾ ആർ.എസ്.എസുമായി മുൻകാലത്ത് കൂട്ടുകൂടിയിട്ടുണ്ടെന്ന് പാർട്ടി സെക്രട്ടറിതന്നെ സമ്മതിച്ചതും വെറും നാക്ക്പിഴയാണെന്ന് കരുതാൻവയ്യ!
വിജയിച്ചെങ്കിലും യു.ഡി.എഫും ഏറെ പാഠങ്ങൾ നിലമ്പൂരിലെ ഫലത്തിൽനിന്ന് പഠിക്കാനുണ്ട്. ഒരു മുന്നണിയുടെയും പിന്തുണയില്ലാതെയും പ്രചണ്ഡമായ പ്രചാരണങ്ങൾ ഇല്ലാതെയും പി.വി. അൻവർ എങ്ങനെയാണ് ഇരുപതിനായിരത്തോളം വോട്ടുകൾ സമാഹരിച്ചതെന്ന് ചിന്തിക്കേണ്ടതുണ്ട്. രാജിവെക്കുന്നതിന് കാരണമായി അൻവർ ഉയർത്തിയ വിഷയങ്ങളാണ് ജനം അംഗീകരിച്ചതെന്നാണ് ഫലം വ്യക്തമാക്കുന്നത്. അൻവറിന്റെ വാക്കും ശൈലിയും ഒരു മുന്നണിക്കും എളുപ്പത്തിൽ ഉൾക്കൊള്ളാൻ കഴിയുന്നതല്ലെന്ന വസ്തുത ഏവർക്കുമറിയാം. നിലമ്പൂരിൽ എം. സ്വരാജിനെപ്പോലെ ഇന്ന് കേരളത്തിൽ ഇടതുപക്ഷത്തിന് ലഭിക്കാവുന്ന മറ്റൊരു സ്ഥാനാർഥിയില്ല. അതുപോലെ യു.ഡി.എഫും ഇത്രത്തോളം എണ്ണയിട്ട യന്ത്രംപോലെ പഴുതടച്ച് പ്രവർത്തിച്ച മറ്റൊരു തെരഞ്ഞെടുപ്പും അടുത്തകാലത്തെങ്ങും ഉണ്ടായിട്ടില്ല. എന്നിട്ടും ഇരുമുന്നണികളെയും ഞെട്ടിച്ച് അൻവർ നേടിയ വോട്ടുകൾ അൻവറിന് വ്യക്തിപരമായി ലഭിച്ചതല്ല. മറിച്ച് അൻവർ ഉന്നയിച്ച വിഷയങ്ങളോടുള്ള ജനങ്ങളുടെ ഐക്യദാർഢ്യമായിരുന്നു. ആഭ്യന്തരവകുപ്പിലെ സംഘ്പരിവാർ മേധാവിത്വവും മലപ്പുറം ജില്ലയെ പൈശാചിക വത്കരിക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങളും മറ്റ് ജനകീയ വിഷയങ്ങളും പ്രതിപക്ഷത്തേക്കാളുപരി ഉച്ചത്തിൽ വിളിച്ചുപറഞ്ഞത് അൻവറായിരുന്നു. വർഗീയത വളർത്താനുള്ള സംഘ്പരിവാർ ശക്തികളുടെയും ‘കാസ’പോലുള്ള പ്രതിലോമ ശക്തികളുടെയും വിദ്വേഷ പ്രചാരണങ്ങൾക്കും ഹിഡൻ അജണ്ടകൾക്കുമെതിരിൽ നാവുളുക്കാതെ സംസാരിക്കാൻ കഴിയേണ്ടതുണ്ട്. പാലക്കാട്, നിലമ്പൂർ തെരഞ്ഞെടുപ്പുകളിലാണ് ആർജവത്തോടെ ഫാഷിസ്റ്റ് വിരുദ്ധ നിലപാടുകൾ സ്വീകരിക്കാനും പറയാനും നേതാക്കൾ സന്നദ്ധമാകുന്നത്. അത് ജനം ആഗ്രഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുവെന്നതാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്ന സൂചനകൾ. അതിനാൽ അമിത ആത്മവിശ്വാസത്തെക്കാൾ ആത്മപരിശോധനയിൽ ഊന്നിനിന്നുവേണം തുടർപ്രവർത്തനങ്ങളും ചിട്ടപ്പെടുത്താൻ. കേരളത്തിൽ മാറിമാറി വരുന്ന ഇടത്-ഐക്യമുന്നണി ഭരണങ്ങളാണ് കേരളത്തിനെന്നും ഗുണകരമായിട്ടുള്ളത്. ഇവ രണ്ടിൽ ഏതൊന്ന് ക്ഷയിക്കുന്നതും കേരളത്തിന് ഗുണകരമല്ല. കാരണം അവിടെ നേട്ടമുണ്ടാക്കുന്നത് വർഗീയതയുടെ മൊത്തക്കച്ചവടക്കാരായ ബി.ജെ.പിയും കൂട്ടാളികളുമാണ്. അതിനാൽതന്നെ ഇരുമുന്നണികളോടും ജനകീയപക്ഷത്ത് നിന്നുകൊണ്ട് നിഷ്പക്ഷമായി സംവദിക്കേണ്ടത് പ്രബുദ്ധ ജനതയുടെ ബാധ്യതയാണ്.
മുസ്ലിം സംഘടനകളും ഇക്കാര്യത്തിൽ ഉണർന്ന് പ്രവർത്തിച്ചെങ്കിലേ മതിയാകൂ. ശാഖാപരമായും ആശയപരമായും വിയോജിക്കുമ്പോഴും നീതിബോധവും മാന്യതയും കൈവിട്ടുകൂടാ. ഓരോ രാഷ്ട്രീയ പാർട്ടിയും അതാതു കാലത്തെ വോട്ടുനേട്ടത്തിനും രാഷ്ട്രീയ ലാഭത്തിനുമായി ഓരോരോ സംഘടനകളെ ക്രൂശിക്കുമ്പോൾ ബന്ധപ്പെട്ടവരുടെ ഗുഡ് സർട്ടിഫിക്കറ്റ് കിട്ടാനായി അബദ്ധജടിലമായ പ്രസ്താവനകളും ആത്മഹത്യാപരമായ നിലപാടുകളുമായി രംഗത്തിറങ്ങുന്നത് ഒട്ടും ഭൂഷണമല്ല! നിങ്ങളെക്കാൾ പ്രബുദ്ധരായ അണികളാണ് എല്ലാ സംഘടനകളിലും ഇന്നുള്ളതെന്ന തിരിച്ചറിവ് നേതൃത്വങ്ങൾക്ക് ഉണ്ടായേതീരൂ! അതുപോലെ സാമുദായിക സൗഹാർദവും സമാധാനപരമായ അന്തരീക്ഷവും നിലനിർത്താനും വളർത്തിയെടുക്കാനും എന്ത് കഠിനത്യാഗത്തിനും സന്നദ്ധമായേ തീരൂ.
കേരളം മതേതരത്വത്തിന്റെയും ശാന്തിയുടെയും പച്ചത്തുരുത്തായി എന്നും നിലകൊള്ളുവാൻ നമുക്ക് കൂട്ടായി പരിശ്രമിക്കാം.
(കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ ഓർഗനൈസിങ് സെക്രട്ടറിയും മുസ്ലിം എംപ്ലോയീസ് കൾച്ചറൽ അസോസിയേഷൻ (മെക്ക) സെക്രട്ടറിയുമാണ് ലേഖകൻ)