ലോക്സഭക്ക് തിളക്കം പകർന്ന 18 നക്ഷത്ര പുത്രിമാർ
text_fieldsലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 18 മുസ്ലിം വനിതകൾ
സാമ്രാജ്യത്തിന്റെ ഉള്ളകത്തിലിരുന്ന്, ഒരു നെയ്ത്തുകാരി നക്ഷത്രവെളിച്ചത്താൽ നെയ്തുകൊണ്ടിരുന്നു. അവ ഓരോന്നും രാജകീയ ദർബാറിൽ സാന്നിധ്യമറിയിക്കേണ്ടവയായിരുന്നു. ക്രൂരമായ സ്ത്രീവിരുദ്ധ മുൻവിധി സൂക്ഷിച്ച കാവൽക്കാർ, പക്ഷേ, കൂട്ടത്തിൽ ഏറ്റവും മികച്ചവയെ മാത്രം രാജകീയ മന്ദിരത്തിലേക്ക് കടത്തിവിട്ടു. അക്കൂട്ടത്തിൽ ‘നക്ഷത്രപുത്രിമാർ’ (Starlit Daughters) എന്ന് വിളിക്കാവുന്ന 18 പേരുണ്ടായിരുന്നു. ധീരതയുടെയും സത്യസന്ധതയുടെയും ജ്ഞാനത്തിന്റെയും പ്രകാശത്താൽ പ്രശോഭിച്ചവർ.
മുക്കാൽ നൂറ്റാണ്ട് പിന്നിട്ട നമ്മുടെ പാർലമെന്റിന്റെ ചരിത്രത്തിൽ 1952 മുതൽ 2024 വരെ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും അഴിമതിയോ വർഗീയതയോ കുറ്റകൃത്യങ്ങളോ തൊട്ടുതീണ്ടാതെ, എല്ലാവിധ പുറന്തള്ളലുകളെയും അതിജയിക്കുകയും ചെയ്ത 18 മുസ്ലിം വനിതകളുടെ ജീവിതം രേഖപ്പെടുത്തിയിരിക്കുന്നു റഷീദ് കിദ്വായിയും അംബർ കുമാർ ഘോഷും ചേർന്ന് In Missing from the House: Muslim Women in the LokSabha എന്ന പുസ്തകത്തിൽ.
പഞ്ചതന്ത്രത്തിലെയും സൂഫി സാരോപദേശകഥകളിലെയും നായികമാരെപ്പോലെ, രാജ്യത്തിന്റെ ആത്മാവിനെ ചേർത്തിണക്കുന്ന ഏറ്റവും മികച്ച നൂലിഴകളായി നിലകൊണ്ട നക്ഷത്രപുത്രിമാർ. അധികാരകേന്ദ്രങ്ങളിൽ അരികുവത്കരിക്കപ്പെട്ടവരായല്ല, വിദ്വേഷം, വെറുപ്പ്, വിഭജനം, പുരുഷ നിയമനിർമാതാക്കളെ പലപ്പോഴും കളങ്കപ്പെടുത്തുന്ന അഴിമതി എന്നിവക്കെതിരായ ശുദ്ധീകരണ ശക്തിയായാണ് ഈ 18 വനിതകളെ പുസ്തകം ആഘോഷിക്കുന്നത്. അവരിൽ ചിലർ ഇപ്പോഴുമുണ്ട്, ചിലർ വിടപറഞ്ഞു, ചിലർ വിസ്മൃതിയിലാണ്ടു പോയി.
ഇഖ്റാ ഹസൻ ചൗധരി പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ
1952 മുതൽ തെരഞ്ഞെടുക്കപ്പെട്ട 7500 എം.പിമാരുടെ 0.6 ശതമാനം മാത്രമാണ് മുസ്ലിം വനിതകൾ. 2024 വരെയുള്ള 18 ലോക്സഭകളിൽ നാലെണ്ണത്തിൽ പേരിനൊരു മുസ്ലിംവനിത പോലുമുണ്ടായില്ല. ഈ കടുത്ത പ്രാതിനിധ്യക്കുറവ് ഏതെങ്കിലും രാഷ്ട്രീയകാലഘട്ടവുമായോ പാർട്ടിയുമായോ ബന്ധപ്പെട്ടതല്ല. എന്നിരിക്കിലും, ‘മുസ്ലിം പ്രീണനം’ എന്ന ഭാരതീയ ജനത പാർട്ടിയുടെ ആരോപണത്തെ ഈ പുസ്തകം പൊളിച്ചടുക്കുകയും പുരുഷാധിപത്യ-ഭൂരിപക്ഷവാദ മുൻവിധികളെ തുറന്നുകാട്ടുകയും ചെയ്യുന്നു.
സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ മികച്ച ചരിത്രാഖ്യാതാവായ റഷീദ് കിദ്വായ്, ആകർഷകമായ അനുഭവ കഥകളെ കോർത്തിണക്കിയിരിക്കുന്നു. പുസ്തകത്തിന്റെ സഹ രചയിതാവായ അംബർകുമാർ ഘോഷ്, ഒരു ഗവേഷകന്റെ സൂക്ഷ്മതയോടെ വിവരങ്ങളും അനുഭവപരമായ ഉൾക്കാഴ്ചയും ചേർത്ത് ഈ രചനയെ കൂടുതൽ സമ്പന്നമാക്കി.
മുഫീദ അഹ്മദ് മുതൽ ഇഖ്റാ ഹസൻ വരെ
1957ൽ അസമിലെ ജോർഹട്ടിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മുഫീദ അഹ്മദാണ് ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം വനിത എം.പി. 2024ൽ യു.പിയിലെ കൈരാനയിൽ നിന്ന് ജയിച്ച ഇഖ്റാ ഹസൻ ചൗധരി നിലവിലുള്ള പ്രതിനിധിയും. ഇവർക്കിടയിൽ സുഹ്റബെൻ അക്ബർഭായ് ചാവ്ഡ (ബനസ്കന്ത), മൈമൂന സുൽത്താൻ, ബീഗം അക്ബർ ജഹാൻ അബ്ദുല്ല (ശ്രീനഗർ, അനന്ത്നാഗ്), റാഷിദ ഹഖ് ചൗധരി (സിൽച്ചാർ), മുഹ്സിന കിദ്വായ് (മീറത്ത്), ആബിദ അഹ്മദ് (ബറേലി), നൂർബാനു (റാംപൂർ), റുബാബ് സയിദ (ബഹ്റൈച്ച്), മഹ്ബൂബ മുഫ്തി (അനന്ത്നാഗ്), തബസ്സും ഹസൻ (കൈരാന), മൗസം നൂർ (മാൾഡാ നോർത്ത്), കൈസർ ജഹാൻ (സിതാപൂർ), ഡോ. മംതാജ് സംഗ്മിത (ദുർഗാപൂർ), സജ്ദ അഹ്മദ് (ഉലുബെരിയ), റാണി നരഹ് (ലഖിംപൂർ), നുസ്രത് ജഹാൻ റൂഹി (ബാരിസാത്) എന്നിങ്ങനെ 16 പേർ കൂടിയുണ്ട്. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സമാജ്വാദി പാർട്ടി, ബി.എസ്.പി, പി.ഡി.പി എന്നീ പാർട്ടികളാണ് ഇവർക്ക് ടിക്കറ്റ് നൽകിയത്.
സംസ്ഥാന നിയമസഭകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുസ്ലിം വനിതകളെക്കുറിച്ച് ഈ പുസ്തകം പ്രതിപാദിക്കുന്നില്ല, രാജ്യസഭയിലെ അവരുടെ നാമമാത്ര പങ്കാളിത്തത്തെക്കുറിച്ച് സംക്ഷിപ്തമായി മാത്രം പറയുന്നു. ഇന്ത്യൻ നിയമനിർമാണ സഭകളിൽ മുസ്ലിംകളുൾപ്പെടെ, എല്ലാ സമൂഹങ്ങളിൽ നിന്നുമുള്ള സ്ത്രീകളുടെയും പ്രാതിനിധ്യം എത്ര ദയനീയമാംവിധം അപര്യാപ്തമാണെന്ന് ഈ പുസ്തകം കൃത്യമായി വരച്ചുകാട്ടുന്നു.
മുസ്ലിം വനിത എം.പിമാരിൽ അധികപേരും അസം, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. സാമൂഹികവും-സാമ്പത്തികവുമായി കുറെക്കൂടി മുന്നിട്ടുനിൽക്കുന്ന തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ സ്ത്രീകളുടെ അധികാര പ്രാതിനിധ്യം തുലോം കുറവാണ്. പരിമിതമായ സാന്നിധ്യമായിട്ടും, മുസ്ലിം വനിത എം.പിമാർ ഇന്ത്യൻ ജനാധിപത്യത്തെയും രാഷ്ട്രനിർമാണത്തെയും സമ്പന്നമാക്കാൻ അസാധാരണമായ സംഭാവനകളർപ്പിച്ചു. ലോക്സഭ നടപടികളിൽ മാന്യതയും മര്യാദയും ഊർജസ്വലതയും കൊണ്ടുവരുന്നതിൽ അവർ പങ്കുവഹിച്ചു. പുരുഷ എം.പിമാർ ആൺകോയ്മ പ്രകടിപ്പിക്കാനും പരസ്പരം അധിക്ഷേപിക്കാനുമുള്ള ഗോദയാക്കി സഭയെ മാറ്റുന്ന കാലത്ത് ഇതിന് ഏറെ പ്രസക്തിയുണ്ട്.
നൂറുവർഷത്തിലേറെ ഭോപാൽ നാട്ടുരാജ്യം ഭരിച്ച ബീഗങ്ങളുടെ പരമ്പരയിൽ നിന്നാണ് മൈമൂന സുൽത്താന്റെ വരവ്. ഇംഗ്ലീഷ് സാഹിത്യത്തിൽ അഗാധമായ അറിവുണ്ടായിരുന്ന മൈമൂന, വാക്ചാതുരിയും പാണ്ഡിത്യവും കൊണ്ട് അതിശക്തയായ വിജയരാജെ സിന്ധ്യയെപ്പോലും കുഴക്കി. മറ്റൊരു ആകർഷകവ്യക്തിത്വമായ മുഹ്സിന കിദ്വായി ജവഹർലാൽ നെഹ്റുവിന്റെ കാലത്ത് 1960കളിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിൽ ചേർന്നതാണ്. പല തവണ യു.പി നിയമസഭയിലും ലോക്സഭയിലും രാജ്യസഭയിലും കേന്ദ്രമന്ത്രിസഭയിലും അംഗമായ അവർക്ക് ഇന്ദിര ഗാന്ധിയിൽ നിന്ന് ലഭിച്ച അതേ ബഹുമാനം സോണിയ ഗാന്ധിയിൽ നിന്നും രാഹുൽ, പ്രിയങ്ക എന്നിവരിൽ നിന്നും ലഭിച്ചു.
‘‘മുഹ്സിനാജിക്ക് രാഷ്ട്രീയ രംഗത്തുള്ളവരുമായി മാത്രമല്ല, ജീവിതത്തിന്റെ നാനാ തുറകളിലുള്ള ആളുകളുമായും ഊഷ്മളബന്ധം സ്ഥാപിക്കാൻ അസാധാരണമായ കഴിവുണ്ട്’’ എന്നാണ് അവരുടെ ഓർമക്കുറിപ്പായ ‘മൈ ലൈഫ് ഇൻ ഇന്ത്യൻ പൊളിറ്റിക്സി'ൽ സോണിയ ഗാന്ധി കുറിച്ചിട്ടത്. ഇക്കൂട്ടത്തിലെ പുതുമുറക്കാരിയായ ഇഖ്റാ ഹസൻ ചൗധരി ലണ്ടനിൽ നിന്ന് ബിരുദമെടുത്ത ശേഷമാണ് നാട്ടിലെത്തി പൊതുപ്രവർത്തനം തുടങ്ങിയത്. ലോക്സഭ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത എം.പി എന്ന നിലയിൽ ചുരുങ്ങിയ കാലം കൊണ്ട് അവർ പേരെടുത്തു.
ബി.ജെ.പിയും സഖ്യകക്ഷികളും പല രാജവംശങ്ങളെയും കുടുംബപിന്തുടർച്ചയെയും ഉൾക്കൊള്ളുന്നുണ്ടെങ്കിലും, സംഘ് പരിവാർ നേതാക്കൾ കോൺഗ്രസിനെയും സഖ്യകക്ഷികളെയും ‘വംശാധിപത്യ’ പാർട്ടികൾ എന്നാണ് വിമർശിക്കാറ്. ലോക്സഭയിലെ മുസ്ലിം സ്ത്രീകളുടെ മുന്നേറ്റത്തിൽ പിന്തുടർച്ച നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് പറയാതിരിക്കാനാവില്ല. ഇല്ലായിരുന്നെങ്കിൽ, 75 വർഷത്തിനിടെ 18 മുസ്ലിം വനിത എം.പിമാരെപ്പോലും കാണാൻ കഴിയുമായിരുന്നില്ല. മുസ്ലിംകളെ ലക്ഷ്യമിട്ട് ബി.ജെ.പി ഐ.ടി സെൽ നിരന്തരം പടച്ചുവിടുന്ന ധ്രുവീകരണ -വിദ്വേഷ അജണ്ടയിൽ വിശ്വസിക്കാത്ത, ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ച് സത്യസന്ധമായ ഉൾക്കാഴ്ച തേടുന്നവർക്ക് ഈ പുസ്തകം ശിപാർശ ചെയ്യുന്നു.