പരീക്ഷാ തട്ടിപ്പ് തടയാൻ ഒരു ചൈനീസ് ഫോർമുല
text_fieldsനമ്മുടെ നാട്ടിലെ ഒരു ശരാശരി വിദ്യാർഥി പ്ലസ് ടു കഴിയുമ്പോഴേക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ മാനസിക സമ്മർദം ആരംഭിക്കുകയായി. നീറ്റ്, ജെ.ഇ.ഇ, അല്ലെങ്കിൽ സി.യു.ഇ.ടി പോലുള്ള കടമ്പ കടക്കുക എന്നത് ഒരു വിദ്യാർഥിയുടെയും കുടുംബത്തിന്റെയും ഭാവി തീരുമാനിക്കുന്ന വിഷയമായി മാറിയിരിക്കുന്നു. വായ്പയെടുത്തും മറ്റും ലക്ഷക്കണക്കിന് രൂപ കോച്ചിങ് സെന്ററുകളിൽ ഫീസടച്ച്, രാവും പകലും ഉറക്കമൊഴിച്ച് പഠിച്ച് തയാറെടുക്കുന്ന ആയിരക്കണക്കിന് കുട്ടികളെയാണ് നാം നിത്യവും കാണുന്നത്.
പക്ഷേ, ഇത്രയൊക്കെ കഷ്ടപ്പെട്ട് പരീക്ഷയെഴുതി പുറത്തിറങ്ങുമ്പോൾ അവർ കേൾക്കുന്നത് ചോദ്യപേപ്പർ ചോർച്ചയുടെയും ആൾമാറാട്ട=ത്തിന്റെയും അഴിമതിയുടെയും കഥകളാണ്; അല്ലെങ്കിൽ പരീക്ഷ റദ്ദാക്കിയ വാർത്തകൾ. കഷ്ടപ്പെട്ട് പഠിക്കുന്നതിനേക്കാൾ വലിയ ആശങ്കയും മാനസിക സംഘർഷവുമാണ് ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും ഉണ്ടാകുന്നത്.
ഇതിനൊക്കെ ഒരു പരിഹാരമുണ്ടോ, ഈ അഴിമതികൾ എന്നന്നേക്കുമായി അവസാനിപ്പിക്കാൻ കഴിയുമോ എന്ന് ചോദിച്ചാൽ, കൊതുകിനെ പിടിക്കുന്ന ബാറ്റ് മുതൽ നമ്മുടെ ദൈനംദിന ആവശ്യങ്ങൾക്കുള്ള സകല വസ്തുക്കളും എത്തിച്ചുതരുന്ന അയൽരാജ്യമായ ചൈനയിൽ അതിനൊരു ഉത്തരമുണ്ട്. അവിടെ എല്ലാ വർഷവും നടക്കുന്ന ഗാവോകാവോ എന്ന ലോകത്തിലെ ഏറ്റവും വലിയ പ്രവേശന പരീക്ഷയുടെ നടത്തിപ്പ് വിലയിരുത്തിയാൽ നമ്മുടെ പരീക്ഷാ സംബന്ധമായ 98 ശതമാനം പരാതികളും പരിഹരിക്കാനാകും.
എന്താണ് ഗാവോകാവോ?
ഇന്ത്യയിൽ ഇരുപതോ ഇരുപത്തിയഞ്ചോ ലക്ഷം പേരാണ് മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് എഴുതുന്നതെങ്കിൽ, ചൈനയിലെ ഗാവോകാവോ പരീക്ഷ എഴുതുന്നത് ഏകദേശം 1.3 കോടി മുതൽ 1.4 കോടി വരെ വിദ്യാർഥികളാണ്. എന്നിട്ടും അവിടെ ഒരിക്കൽപ്പോലും ചോദ്യപേപ്പർ ചോരുന്നില്ല, ആരും കൂട്ടക്കോപ്പിയടിക്കുന്നില്ല, പരീക്ഷ റദ്ദാക്കേണ്ടി വരുന്നുമില്ല.
ഉന്നത വിദ്യാഭ്യാസത്തിനായുള്ള ദേശീയ പ്രവേശന പരീക്ഷ എന്നർഥം വരുന്ന ഗാവോകാവോയിലെ ഉയർന്ന മാർക്ക്, അവിടെ മികച്ച സർവകലാശാലകളിലേക്കുള്ള പ്രവേശന കവാടമാണ്. ഒരു സാധാരണ ചൈനീസ് വിദ്യാർഥിയെ സംബന്ധിച്ചിടത്തോളം മികച്ചൊരു ജീവിതം കെട്ടിപ്പടുക്കാനുള്ള ഏക മാർഗം. ഈ പ്രാധാന്യം കണക്കിലെടുത്ത്, പരീക്ഷാ നടത്തിപ്പിൽ അതീവ സുരക്ഷാ ക്രമീകരണങ്ങളാണ് ചൈന ഒരുക്കിയിരിക്കുന്നത്.
ഉറവിടത്തിൽ തടയുന്ന ചോദ്യചോർച്ച
ഇന്ത്യയിൽ അധ്യാപകർ സ്വന്തം വീടുകളിലോ കാമ്പസുകളിലോ ഇരുന്നാണ് പലപ്പോഴും ചോദ്യപേപ്പറുകൾ തയാറാക്കാറ്. എന്നാൽ, ചൈനയിൽ ഇതിനായി നിയോഗിക്കപ്പെട്ട പ്രഫസർമാരെ പരീക്ഷക്ക് മാസങ്ങൾക്കുമുമ്പേ തന്നെ ഒരു പ്രത്യേക രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റും. അവിടെ മൊബൈൽ ഫോണോ ഇന്റർനെറ്റോ ഉപയോഗിക്കാൻ പാടില്ല; എന്തിന് സ്വന്തം കുടുംബാംഗങ്ങളോട് സംസാരിക്കാൻ പോലുമുള്ള അനുവാദമില്ല. പരീക്ഷ പൂർണമായി കഴിഞ്ഞ് അവസാനത്തെ കുട്ടിയും ഹാളിൽനിന്ന് പുറത്തിറങ്ങിയ ശേഷം മാത്രമേ ഈ അധ്യാപകർക്ക് രഹസ്യ കേന്ദ്രത്തിൽനിന്ന് പുറത്തുപോകാൻ അനുവാദമുള്ളൂ. ഇതിലൂടെ ചോദ്യങ്ങൾ തയാറാക്കുന്നവരിൽനിന്നുള്ള ചോർച്ച പൂർണമായും ഇല്ലാതാകുന്നു.
പ്രിന്റിങ്ങിന് വി.ഐ.പി സുരക്ഷ
ചോദ്യപേപ്പർ പ്രിന്റ് ചെയ്യുന്നതും വിതരണം ചെയ്യുന്നതും ഒരു രാജ്യസുരക്ഷാ വിഷയമായാണ് ചൈന പരിഗണിക്കുന്നത്. പ്രസുകൾക്ക് ചുറ്റും സൈന്യത്തിന്റെ കനത്ത കാവലുണ്ടാകും. അവിടെ ജോലി ചെയ്യുന്ന തൊഴിലാളികൾക്കും പരീക്ഷ കഴിയും വരെ പുറത്തിറങ്ങാൻ അനുവാദമുണ്ടാകില്ല. പ്രിന്റ് ചെയ്ത പേപ്പറുകൾ ജി.പി.എസ് ട്രാക്കിങ് സംവിധാനം ഘടിപ്പിച്ച പ്രത്യേക കവചിത വാഹനങ്ങളിലാണ് കൊണ്ടുപോകുന്നത്. ഈ വാഹനങ്ങളുടെ റൂട്ട് പോലും അതീവ രഹസ്യമായിരിക്കും. ഈയൊരു സിസ്റ്റം മറികടന്ന് ഒരു ചോദ്യപേപ്പർ ചോർത്തൽ അസാധ്യമാണ്.
സമൂഹത്തിന്റെ പൂർണ പിന്തുണ
കുട്ടികൾക്ക് ഒരുവിധ ശല്യവും ഉണ്ടാകാതിരിക്കാൻ പരീക്ഷാ കേന്ദ്രങ്ങൾക്ക് സമീപമുള്ള റോഡുകളിൽ വാഹനങ്ങൾ ഹോൺ മുഴക്കുന്നത് നിരോധിക്കും. ശബ്ദമുണ്ടാക്കുന്ന ഫാക്ടറികളുടെയും നിർമാണ പ്രവർത്തനങ്ങളുടെയും പ്രവർത്തനം നിർത്തിവെക്കും. കുട്ടികൾക്ക് കൃത്യസമയത്ത് പരീക്ഷാ ഹാളിലെത്താൻ റോഡുകളിൽ പ്രത്യേക ട്രാഫിക് ലൈനുകൾ ഒരുക്കും. ട്രാഫിക് ബ്ലോക്കിൽ പെട്ടുപോകുന്ന കുട്ടികളെ പരീക്ഷാ ഹാളിലെത്തിക്കാൻ പൊലീസും, മഞ്ഞ റിബൺ കെട്ടിയ ടാക്സി ഡ്രൈവർമാരും സൗജന്യമായി സേവനം ചെയ്യാൻ സന്നദ്ധരായി നിൽക്കും. ഒരു രാജ്യം മുഴുവൻ തങ്ങളുടെ യുവതലമുറയുടെ ഭാവിക്കായി ഒത്തുചേരുന്ന മനോഹരമായ കാഴ്ചയാണിത്.
കോപ്പിയടിക്ക് ഹൈടെക് പ്രതിരോധം
നമ്മുടെ നാട്ടിൽ ഷർട്ടിന്റെ ബട്ടൺസിലും, ചെവിക്കുള്ളിൽ ആർക്കും കാണാൻ കഴിയാത്ത മൈക്രോ ഇയർപീസുകൾ വെച്ചും, സ്മാർട്ട് വാച്ചുകൾ വഴിയുമൊക്കെ ബ്ലൂടൂത്ത് ഉപയോഗിച്ച് കോപ്പിയടിക്കുന്നത് സ്ഥിരം വാർത്തയാണല്ലോ. ഈ ഉപകരണങ്ങളിൽ ഭൂരിഭാഗവും ചൈനീസ് നിർമിതവുമാണ്. എന്നാൽ, അവയുടെ ഈറ്റില്ലമായ ചൈനയിൽ ഇത്തരം ഹൈടെക് തട്ടിപ്പുകൾ തടയാൻ അത്യാധുനിക സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. പരീക്ഷാ കേന്ദ്രങ്ങൾക്ക് മുകളിൽ വട്ടമിട്ട് പറക്കുന്ന പ്രത്യേക ഡ്രോണുകൾ പരീക്ഷാ ഹാളിന് ചുറ്റുമുള്ള ഏതൊരു റേഡിയോ സിഗ്നലും, വയർലെസ് ഫ്രീക്വൻസിയും പിടിച്ചെടുക്കും. ആരെങ്കിലും രഹസ്യമായി ഇയർപീസ് വഴി പുറത്തുനിന്ന് ഉത്തരം കേൾക്കാൻ ശ്രമിച്ചാൽ, ഈ ഡ്രോണുകൾ അത് നിമിഷങ്ങൾക്കകം കൃത്യമായി കണ്ടെത്തുകയും ഉടൻതന്നെ ആ സിഗ്നൽ ജാം ആക്കുകയും ചെയ്യും.
ഹാളിലിരിക്കുന്ന ഓരോ കുട്ടിയുടെയും ചലനങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകൾ നിരീക്ഷിക്കും. ആരെങ്കിലും സംശയാസ്പദമായി തിരിയുകയോ, ഇൻവിജിലേറ്ററുടെ കണ്ണുവെട്ടിച്ച് മറ്റുള്ളവരുമായി ആശയവിനിമയം നടത്താൻ ശ്രമിക്കുകയോ ചെയ്താൽ സിസ്റ്റം ഉടൻ തന്നെ മുന്നറിയിപ്പ് നൽകും. വേറൊരാൾക്കുപകരം വ്യാജ തിരിച്ചറിയൽ കാർഡുകൾ വെച്ച് പരീക്ഷ എഴുതുന്ന ആൾമാറാട്ട പരിപാടി അവിടെ നടപ്പില്ല. വിരലടയാളം, ഐറിസ് സ്കാനിങ്, ഫേസ് റെക്കഗ്നിഷൻ എന്നിവ മൂന്നും പൂർത്തിയാക്കിയ ശേഷമേ ഏതൊരു കുട്ടിക്കും ഹാളിലേക്ക് പ്രവേശനമുള്ളൂ.
നിയമ നടത്തിപ്പിലെ കാർക്കശ്യം
ഇന്ത്യയിൽ പരീക്ഷക്ക് കോപ്പിയടിച്ചാൽ അല്ലെങ്കിൽ തട്ടിപ്പ് നടത്തിയാൽ എന്താണ് സംഭവിക്കുക? കുറച്ചുനാൾ പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കും, അല്ലെങ്കിൽ ചെറിയൊരു കേസാകും. പണം കൊടുത്താൽ എളുപ്പത്തിൽ ജാമ്യം കിട്ടുന്ന വകുപ്പുകളായിരിക്കും പലപ്പോഴും ചുമത്തുക.
എന്നാൽ, 2015ൽ ചൈനീസ് സർക്കാർ ക്രിമിനൽ നിയമത്തിൽ വരുത്തിയ ഭേദഗതിയനുസരിച്ച് ഗാവോകാവോ പോലെയുള്ള ദേശീയ പരീക്ഷകളിൽ തട്ടിപ്പ് കാണിക്കുന്നതോ, കോപ്പിയടിക്കുന്നതോ, അതിന് സഹായിക്കുന്നതോ ആയ ഏതൊരു പ്രവൃത്തിയും ഏഴുവർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന കടുത്ത ക്രിമിനൽ കുറ്റമാണ്. ഇതിനുപുറമെ രാജ്യത്തെ സോഷ്യൽ ക്രെഡിറ്റ് സിസ്റ്റത്തിൽ ഇവരുടെ പോയന്റുകൾ വെട്ടിക്കുറക്കും. അതായത്, ജീവിതത്തിൽ പിന്നെ ഒരു സർക്കാർ പരീക്ഷയും അവർക്ക് എഴുതാൻ കഴിയില്ല, നല്ലൊരു ജോലി കിട്ടില്ല, ബാങ്കിൽ നിന്ന് ലോൺ ലഭിക്കില്ല, വിമാനത്തിലോ ഹൈസ്പീഡ് ട്രെയിനിലോ യാത്ര ചെയ്യാനുള്ള അവകാശം പോലും നഷ്ടപ്പെടും. പരീക്ഷാ തട്ടിപ്പ് നടത്തുന്ന ഏജൻസികളാണെങ്കിൽ ജീവപര്യന്തം വരെ ജയിലിൽ കിടക്കേണ്ടി വരും. ഈയൊരു കർശന നിയമമുള്ളതുകൊണ്ട് തന്നെ ഒരു പരീക്ഷാ മാഫിയയും അങ്ങോട്ട് തിരിഞ്ഞുനോക്കാൻ ധൈര്യപ്പെടില്ല.
ചൈനയെ കോപ്പിയടിക്കുകയല്ല വേണ്ടത്
ഈ ചൈനീസ് സിസ്റ്റത്തിന് ഗുരുതരമായ ചില മോശം വശങ്ങളുമുണ്ട്. ഗാവോകാവോ പരീക്ഷ ചൈനീസ് വിദ്യാർഥികൾക്ക് നൽകുന്ന അതികഠിനമായ മാനസിക സമ്മർദമാണ് അതിൽ പ്രധാനം. പരീക്ഷയുടെ കടുപ്പം കാരണം കുട്ടികളിലെ ആത്മഹത്യാ നിരക്കും വിഷാദരോഗവും അവിടെ വളരെ കൂടുതലാണ്. ഒരു വിദ്യാർഥിയുടെ കഴിവുകൾ അളക്കാൻ അവരുടെ ജീവിതത്തിൽ ഒരൊറ്റ അവസരം മാത്രം നൽകുകയും, അതിൽ പരാജയപ്പെട്ടാൽ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തുകയും ചെയ്യുന്ന ആ ഒരു ക്രൂരമായ രീതി ഇന്ത്യ ഒരിക്കലും അനുകരിക്കരുത്. നമ്മൾ മാതൃകയാക്കേണ്ടത് ഗാവോകാവോയുടെ കഠിനമായ ഘടനയെയല്ല, മറിച്ച് അത് സുതാര്യമായി നടത്താൻ അവർ കാണിക്കുന്ന ഇച്ഛാശക്തിയെയും സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗത്തെയുമാണ്.
നമ്മുടെ രാജ്യത്ത് മികച്ച എൻജിനീയർമാർക്കും ഡോക്ടർമാർക്കും ഐ.ടി വിദഗ്ധർക്കും ഒരു കുറവുമില്ല. ലോകത്തെ വമ്പൻ കമ്പനികളുടെ തലപ്പത്ത് ഇരിക്കുന്നവരിൽ പലരും ഇന്ത്യക്കാരാണ്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ആദ്യം പേടകം ഇറക്കിയ ഐ.എസ്.ആർ.ഒ പോലെയുള്ള അത്ഭുത സ്ഥാപനങ്ങളുള്ള നമ്മുടെ രാജ്യത്ത്, ഒരു പ്രവേശന പരീക്ഷ ഒ രു ചോർച്ചയുമില്ലാതെ കൃത്യമായി നടത്താൻ കഴിയില്ല എന്ന് പറയുന്നത് വിരോധാഭാസമാണ്. ഇതിനൊക്കെ പരിഹാരം കാണാൻ ഇവിടെ സാധിക്കാത്തത് സാങ്കേതിക വിദ്യയുടെയോ വിദഗ്ധരുടെയോ കുറവുകൊണ്ടല്ല, മറിച്ച് അധികാരികളുടെ ഇച്ഛാശക്തിയില്ലായ്മ മൂലമാണ്. നമ്മുടെ യുവതലമുറക്ക് ഈ രാജ്യത്തെ വ്യവസ്ഥിതിയിലുള്ള വിശ്വാസം നഷ്ടപ്പെടാതിരിക്കാൻ അധികാരികൾ ഇനിയെങ്കിലും ഉണർന്നു പ്രവർത്തിച്ചേ മതിയാകൂ. പഴുതടച്ച നിയമങ്ങളോടെ സുതാര്യമായൊരു പരീക്ഷാ സംവിധാനം ഇന്ത്യയിലും വരുമെന്ന് നമുക്ക് പ്രത്യാശിക്കാം.


