നമ്മുടെ ഉറുമ്പച്ചനും അവരുടെ ചപ്ഡയും
text_fieldsവിഭിന്നവസ്തുക്കൾ തമ്മിലുള്ള ബന്ധമെന്തെന്ന് മനസ്സിലാക്കലാണ് ബുദ്ധിയുടെ പ്രവൃത്തിയെങ്കിൽ, ഉറുമ്പച്ചൻ കോട്ടവും ചപ്ഡയും ഇന്ത്യയെന്ന വൈവിധ്യവിസ്മയവും തമ്മിലെന്ത് എന്ന് നമ്മൾ തിരിച്ചറിയും
ഉറുമ്പിന് അർഹിക്കുന്ന പരിഗണന നൽകാൻ മനുഷ്യരിൽ പലരും മടിക്കുന്നതിന്റെ കാരണം എന്താണെന്ന് കണ്ടെത്താൻ മുമ്പും ആഗ്രഹിച്ചിരുന്നു. മൂട്ടയെപ്പറ്റിയും പുഴുവിനെപ്പറ്റിയും മൃഗങ്ങൾ, പക്ഷികൾ തുടങ്ങി സർവജനുസ്സിൽപെട്ട ജന്തുക്കളെപ്പറ്റിയും കവിതകൾവരെ വന്നിട്ടുണ്ട്. ഒരുമാതിരി എല്ലാപക്ഷികളും സാഹിത്യത്തിന്റെ ആകാശത്തിലൂടെ ഒരു തവണയെങ്കിലും പറന്നുപോയിട്ടുണ്ടാവും. അതിന്റെ ചില്ലകളിൽ കൂടുകൂട്ടിയിട്ടുമുണ്ടാവും. എന്നാൽ, ആദികവിക്ക് കാവലൊരുക്കിയ ഉറുമ്പിനെ അർഹിക്കുംവിധം സാഹിത്യം സഹർഷം സ്വാഗതം ചെയ്തില്ല.
ഏതെങ്കിലുമൊരു കഥാപാത്രത്തിന്റെ കാലിൽ ഒന്ന് കടിക്കുകയോ ജാഥകൾ ഉറുമ്പുകൾ നയിക്കട്ടെ എന്നൊക്കെയുള്ള അപ്രധാന പരാമർശങ്ങൾ എഴുത്തുകാർ നടത്തുകയോ ചെയ്തിട്ടില്ലെന്നല്ല പറയുന്നത്. സ്ഥാനത്തും അസ്ഥാനത്തും സ്വർഗത്തിലെ കട്ടുറുമ്പ് എന്നൊരു പ്രയോഗം പതിവായി കടന്നുവരുന്നതും കണ്ടിട്ടുണ്ട്. എന്നാൽ, പിൽക്കാലത്ത് ആദി മഹാകവിയും മഹർഷിയുമായി വളർന്ന അധഃസ്ഥിത പ്രതിഭ രത്നാകരനെ കാത്തുരക്ഷിച്ചത് ഉറുമ്പുകളായിരുന്നു എന്നുള്ള അടിസ്ഥാന സത്യമാണ് അവഗണിക്കപ്പെട്ടത്.
ഉറുമ്പുകൾ എല്ലായിടത്തുമുണ്ടാവണം. ഒരുതരി മധുരം മതി, അല്ലെങ്കിൽ ഒരരിമണിയെങ്കിലും മതി, അവരവിടെ ഓടിയെത്തും. അസാമാന്യ ഭംഗിയുള്ള പുറ്റുകൾ എന്ന വീട് അവർ നിർമിക്കും. അവിടെ പക്ഷേ സ്ഥിര
താമസമാക്കില്ല. പാമ്പിൻ പുറ്റുകൾ എന്ന് ചിലപ്പോൾ തെറ്റിവിളിക്കുന്നത് ഇതിഹാസ നിർമിതിക്ക് സാക്ഷിയായ പുറ്റുകൾ എന്ന ഈ വല്മീകങ്ങളെയാണ്. കൊള്ളക്കാരനെന്ന് മുദ്രചാർത്തപ്പെട്ട രത്നാകരൻ എന്ന മിത്തിലെ അധഃസ്ഥിത പ്രതിഭ, വാല്മീകി മഹർഷിയായി ഉയർത്തപ്പെട്ടപ്പോഴും, മനുഷ്യപക്ഷത്തുതന്നെ ഉറച്ചു നിൽക്കാനിടയാക്കിയതിൽ ഉറുമ്പുകൾ വഹിച്ച പങ്ക് പ്രത്യക്ഷതെളിവുകൾ ഇല്ലാത്തതിനാൽ ഔദ്യോഗിക ചരിത്രപ്രതിഭകൾ ഉപേക്ഷിച്ചതാവണം! അതാണല്ലോ സൗകര്യപ്രദം! എഴുതിവെക്കാൻ ഒരു ഭാഷയും പകർത്താൻ താളിയോലയും കൊത്തിവെക്കാൻ കരിങ്കല്ലുകളും പാട്ടുപാടി പുകഴ്ത്താൻ കൊട്ടാരം ഗായകരും ഇല്ലാത്തതിനാൽ മാത്രം ചരിത്രമല്ലാതായിപ്പോയ ഒരു മഹാചരിത്രമാണ് വാല്മീകി മിത്തിലെ ഉറുമ്പുകളിൽ ഒരു മഹാസമുദ്രം കണക്കെ ഇളകിമറിയുന്നത്!
ഉറുമ്പുകളെ ഇനിയും ആവിധം തുടർന്നും അവഗണിച്ച് വീഴ്ത്താമെന്ന് അധികാരികൾ കരുതരുത്. കാരണം, അവർ പരമാവധി വീണുകഴിഞ്ഞവരോ വീഴ്ത്തപ്പെട്ടവരോ ആണ്. അടിതെറ്റിയാൽ ഏത് ആനയും വീഴും. പക്ഷേ മുമ്പേതന്നെ, ഇനിയൊരിക്കൽകൂടി വീഴാനില്ലാത്തവിധം മണ്ണിലമർന്നുപോയ ഉറുമ്പുകൾക്ക് ഉത്ഥാനത്തെക്കുറിച്ചല്ലാതെ, പതനത്തെക്കുറിച്ച് പരിഭ്രമിക്കേണ്ട കാര്യമില്ല. ഇത്രയും ഉറുമ്പുകളെക്കുറിച്ച് ഇപ്പോളെഴുതാനിടയാക്കിയത് കുറച്ച് വർഷങ്ങൾക്കുമുമ്പ് കേരളകൗമുദി പത്രത്തിൽ കണ്ടൊരു വാർത്തയാണ്. ‘ഉറുമ്പച്ചാ ഭഗവാനേ’ എന്നായിരുന്നു ആ തലക്കെട്ട്!
എത്രയോ വാർത്തകൾ ഒഴുകിപ്പോയപ്പോഴും, കൗതുകംകൊണ്ടല്ല, നിറഞ്ഞ ആദരവുകൊണ്ട് അതങ്ങനെത്തന്നെ മനസ്സിൽ കിടന്നു. ഇന്ത്യ എന്ന വിസ്മയത്തെക്കുറിച്ച് ആഹ്ലാദം കൊള്ളുമ്പോൾ, തനിമ നമ്മുടെ ശക്തി പലമ നമ്മുടെ മഹത്ത്വം എന്നതിൽ മനസ്സ് പുളകിതമാവുമ്പോൾ ആ ഉറുമ്പ് ഉള്ളിൽ ഉന്മേഷവും ഊർജവുമായി അന്വേഷണങ്ങളിലേക്ക് കുതിച്ചു! ഒരുറുമ്പിന് മാത്രം ആകാവുന്നതുപോലെ! ചിരപരിചിതമായ സ്വർഗത്തിലെ കട്ടുറുമ്പായല്ല, കവികുലഗുരു, അന്വേഷണ സഹായി, മധുരോദാരപ്രസന്ന എന്നിങ്ങനെയാണ് ആ ഉറുമ്പ് ഉള്ളിൽ നിർവൃതപ്പെട്ടത്.
മലയാളത്തിന്റെ പ്രശസ്ത ഏറു പടക്കപ്രതിഭ പി.കെ. പാറക്കടവ് ‘ജ്ഞാനം’ എന്നൊരു കവിതയിൽ ചോദിക്കാനും പറയാനും ആരുമില്ലെന്ന് കരുതി പാവം ഉറുമ്പുകളെ പീഡിപ്പിക്കുന്ന അധികാരകേന്ദ്രങ്ങൾക്ക് താക്കീതല്ലാതൊരു താക്കീത്, നാലേനാലു വരിയിൽ കാച്ചിക്കുറുക്കി നൽകിയത്, മലയാളത്തിലെ ഏതുറുമ്പെഴുത്തിലും എന്നും പ്രസക്തം: ഒരുറുമ്പും ഒരുറുമ്പല്ല/സ്വയമറിഞ്ഞാൽ/ഒരാനയും ഒരാനയല്ല സ്വയമറിയാതിരുന്നാൽ. സവിശേഷബന്ധലോകങ്ങൾക്കകത്താണ് ഉറുമ്പും ആനയുമെല്ലാം എന്തെങ്കിലും ആവുന്നതും ഒന്നുമല്ലാതാവുന്നതും! മണ്ണിൽ ഇനിയും അമരാനില്ലാത്തവിധം അമർന്നിരിക്കുന്നതിനാൽ ഉറുമ്പിന് മറ്റൊരു പതനത്തെക്കുറിച്ചൊരു ഉത്കണ്ഠയുമുണ്ടാവുകയില്ല. ആനയുടെ സ്ഥിതിയതല്ല. അതിലേറെ സ്വയം ആനയായി നടിക്കുന്നവരുടെയും! ഞാൻ രാജാവാണെന്ന് കരുതുന്ന ഒരു ഭ്രാന്തനേക്കാൾ, ഞാൻ എല്ലായ്പോഴും രാജാവാണെന്ന് കരുതുന്ന നിലവിലെ രാജാക്കന്മാരാണ്, യഥാർഥ ഭ്രാന്തന്മാർ എന്നതെത്ര ശരിയാണ്. ആദ്യത്തെ ഭ്രാന്ത് മരുന്ന് കഴിച്ചാൽ മാറും. രണ്ടാമത്തേതോ?
വിഭിന്നവസ്തുക്കൾ തമ്മിലുള്ള ബന്ധമെന്തെന്ന് മനസ്സിലാക്കലാണ് ബുദ്ധിയുടെ പ്രവൃത്തിയെങ്കിൽ, കണ്ണൂർ ജില്ലയിലെ ഉറുമ്പച്ചൻ കോട്ടവും ഝാർഖണ്ഡിലെ ചപ്ഡയും ഇന്ത്യയെന്ന വൈവിധ്യവിസ്മയവും തമ്മിലെന്ത് എന്ന് നമ്മൾ തിരിച്ചറിയും! ഒരു ഭാഗത്തുനിന്ന് ഉറുമ്പച്ചാ ഭഗവാനേ എന്ന വിളി ഉള്ളിൽനിന്നും ഉറന്നൊഴുകുമ്പോൾ, മറുഭാഗത്ത്, അതിനെ കല്ലിലിട്ട് കുത്തിച്ചതച്ച് ചമ്മന്തിയാക്കി മദ്യത്തിന് തൊട്ടുകൂട്ടാനായി കഴിക്കുന്നതാണ് നാം കാണുന്നത്. കേരളസാഹിത്യ അക്കാദമി അവാർഡ് നേടിയ വേണുവിന്റെ ‘നഗ്നരും നരഭോജികളും’ എന്ന പുസ്തകത്തിലാണ്, വിചിത്ര രീതിയിലുള്ള ഉറുമ്പ് പകുതി കൊലയെക്കുറിച്ച് വായിച്ചത്. പത്തുരൂപക്ക് ഒരു ചെറിയ കുമ്പിളിൽ ഉറുമ്പും ഒരു സവാളയും രണ്ട് പച്ചമുളകും ഒരുനുള്ള് ഉപ്പുമാണ് കോംബോ ഓഫർ. ഇതെല്ലാം കൂടിച്ചേർന്ന് ഒരു കല്ലിൽവെച്ച് ചതച്ചരച്ചുകൂട്ടി എടുക്കണം. അതാണ് ബസ്തറിലെ പ്രിയപ്പെട്ട തൊട്ടുകൂട്ടാനായ ചപ്ഡാ അല്ലെങ്കിൽ ഉറുമ്പ്ചമ്മന്തി. ഒരിടത്ത് ഉറുമ്പച്ചഭഗവാൻ മറുഭാഗത്ത് ഉറുമ്പുച്ചമന്തി.
കണ്ണൂരിൽനിന്നാരും ഇതുവരെയും, ഞങ്ങളുടെ ഉറുമ്പച്ചനെ ചമ്മന്തിയാക്കുന്ന രാജ്യേദ്രാഹ പരട്ടകളേ, നിങ്ങളെ ഞങ്ങൾ ചമ്മന്തിയാക്കുമെന്ന് ഉറുമ്പച്ചൻ കീജെയ് എന്ന് അലറിവിളിച്ച് ഝാർഖണ്ഡിലെ ബസ്തറിലേക്ക് മുളവടിയുമേന്തി യാത്രപോയിട്ടില്ല. ഇതാണ് ഇന്ത്യ എന്ന വിസ്മയം. അതാവണം ഇന്ത്യ എന്ന വിസ്മയം. ഒരു പീഡയെറുമ്പിനും വരുത്തരുത് എന്ന് ഗുരു മുമ്പേ പറഞ്ഞതിന് അർഥങ്ങൾ ഏറെയുണ്ട്. ‘പ്രവാചകനും ഉറുമ്പും’ എന്ന കവിതയിൽ സച്ചിദാനന്ദൻ മാഷ് എഴുതിയതും ആ വിസ്മയ മധുരത്തെക്കുറിച്ചാണ്. അല്ലാതെ ഉറുമ്പ് കടിച്ചാൽ അത് ചുമ്മാ നിന്നുകൊള്ളണമെന്ന് ഗുരുവോ മാഷോ പറഞ്ഞിട്ടില്ല!
പ്രവാചകൻ ഹിറാഗുഹയിൽ/പതിവുപോലെ ധ്യാനത്തിലിരിക്കുകയായിരുന്നു/ ജബൽമല കയറിവന്ന അനാഥനായ ഒരു/ ഉറുമ്പ് അദ്ദേഹത്തിന്റെ/ കണ്ണിൽപ്പെടാനായി കാത്തുനിന്നു/ ധ്യാനം കഴിഞ്ഞ് കാരുണ്യം നിറഞ്ഞ കണ്ണ്/ തുറന്നയുടൻ, പ്രവാചകൻ ഉറുമ്പിനോട്/ ചോദിച്ചു:/ നീ മുബശ്ശീറോ നദീറോ/ ഉറുമ്പ് പറഞ്ഞു: വെറും ബഷീർ, എല്ലാ ജീവികളെയും/ പോലെ ഒരു ദൂതൻ ഞാൻ അങ്ങയെപ്പോലെ അനാഥനാണ്/ അലഞ്ഞുതിരിഞ്ഞ് കുറെ ദിവസമെടുത്ത്/ മലകയറി വന്നവൻ/ നീ ഒറ്റയ്ക്കു വന്നപ്പോൾ തന്നെ എനിക്കു/ തോന്നി, നിങ്ങളെപ്പോഴും കൂട്ടംകൂടി/ നടക്കുന്നവരാണല്ലോ ഇങ്ങനെ പറഞ്ഞ് പ്രവാചകൻ ഗുഹയിലെ/ ഒരു കൽതരിയെടുത്ത് ഉറുമ്പിനു/ മുന്നിലേക്ക് നീക്കിവെച്ചു./ അത് പഞ്ചസാരയായി മാറിയിരുന്നു./ ഇതിന് മധുരമുണ്ടല്ലോ/ ഉറുമ്പ് വിസ്മയിച്ചു./ ദയയോടെ നൽകുന്ന എന്തും മധുരിക്കും.
‘We are they, they are we’. കരുണ നഷ്ടമായാൽ എന്തും കയ്ക്കും.