ഔറംഗസീബ് ഹിന്ദു വിരുദ്ധനല്ല; ശിവജി മുസ്ലിം വിരുദ്ധനുമല്ല
text_fieldsശിവജി,ഔറംഗസീബ്
ഛാവ എന്ന സിനിമയുടെ പ്രദർശനത്തെ തുടർന്ന് ഔറംഗസീബിന്റെ കുടീരം നീക്കം ചെയ്യണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് വലിയ കലാപങ്ങളാണ് മഹാരാഷ്ട്രയിൽ അരങ്ങേറിയത്. മതഭ്രാന്തനും ക്ഷേത്ര ധ്വംസകനുമായി ഹിന്ദുത്വർ വിശേഷിപ്പിക്കുന്ന ഇതേ ഔറംഗസീബ് തന്നെയാണ് അഹ്മദാബാദിലെ ജഗന്നാഥ ക്ഷേത്രത്തിനായി 200 ഗ്രാമങ്ങൾ ദാനമായി നൽകിയത്. മഥുരയിലെയും ബനാറസിലെയും ക്ഷേത്രങ്ങൾക്കും എമ്പാടും പണം ദാനമായി നൽകിയത്.
ഔറംഗസീബിന്റെ മാൻസബ്ദാർമാരിൽ 21.6 ശതമാനം പേരും സവർണ ഹിന്ദുക്കളായിരുന്നു. ഡക്കാനിലെ സുബേദാർ ആയി രാജാ ജസ്വന്ത് സിങ്ങിനെയാണ് നിയമിച്ചത്. ഔറംഗസീബിന്റെ മന്ത്രിയായ രഘുനാഥ് ദാസ് ഒരു ഹിന്ദുവായിരുന്നു. ഹിന്ദുവിരോധിയായിരുന്നു ആ ചക്രവർത്തിയെങ്കിൽ രഘുനാഥ് ദാസിനെ മന്ത്രിയാക്കുമായിരുന്നില്ല, ക്ഷേത്രങ്ങൾക്ക് സ്വത്തും പണവും ദാനമായി നൽകുകയും ചെയ്യുമായിരുന്നില്ല. ഛാവ സിനിമയിലെ ശിവജിയുടെ പുത്രനായ സംഭാജിയുടെ ക്രൂര കൊലയുടെ പ്രചാരണത്തിലൂടെയാണ് മുസ്ലിം വിരുദ്ധ ആക്രമണങ്ങൾ അഴിച്ചുവിടപ്പെട്ടത്.
ശിവജിക്കെതിരായി സംഭാജി ഔറംഗസീബുമായി ചേർന്ന് പടനയിച്ച കാര്യം ഡോ. രാം പുനിയാനി എഴുതുന്നുണ്ട്. എന്നാൽ, ഇക്കാര്യം മറച്ചുവെക്കാനാണ് ഹിന്ദുത്വർ ശ്രമിക്കുന്നത്. ആക്രമണങ്ങളുടെ പിന്നിലുള്ളത് മതമല്ല; തീർത്തും രാഷ്ട്രീയമായ അധികാര രാജ്യാധിനിവേശ തന്ത്രങ്ങളായിരുന്നുവെന്ന് ഇതെല്ലാം സാക്ഷ്യപ്പെടുത്തുന്നു. ഹർഷവർധനൻ എന്ന രാജാവ് ക്ഷേത്രങ്ങൾക്കുമേൽ അഴിച്ചുവിട്ടത് കടുത്ത ആക്രമണങ്ങളായിരുന്നുവെന്ന് പ്രഫ. റൊമിലാ ഥാപ്പർ എഴുതുന്നുണ്ട്. കൽഹണന്റെ രാജതരംഗിണിയിൽ ക്ഷേത്രസ്വത്ത് പിടിച്ചെടുക്കുന്ന ഉദ്യോഗസ്ഥനെ സംബന്ധിച്ച് വിവരിക്കുന്നുണ്ട്.
ശിവജിയാവട്ടെ ഹിന്ദുരാഷ്ട്രത്തിനായി പ്രവർത്തിച്ച ഒരു രാജാവായിരുന്നില്ല. ശിവജിയെ ഒരു കീഴ്ജാതിക്കാരനായ ശൂദ്രനായാണ് പരിഗണിച്ചത് എന്നതിനാൽ അദ്ദേഹത്തിന്റെ സ്ഥാനാരോഹണത്തെ മഹാരാഷ്ടയിലെ ബഹുഭൂരിപക്ഷം ബ്രാഹ്മണരും എതിർത്തു. ചാതുർവർണ്യ വ്യവസ്ഥയനുസരിച്ച് ക്ഷത്രിയന് മാത്രമേ രാജാവാകാൻ കഴിയൂ എന്ന വാദമാണ് ബ്രാഹ്മണർ അന്നുയർത്തിയത്.
ശിവജിയാവട്ടെ ഹിന്ദുത്വർ ഇന്ന് വാദിക്കുന്നതുപോലെ മുസ്ലിം വിരുദ്ധനുമായിരുന്നില്ല. അസംഖ്യം മുസ്ലിംകളെ ശിവജി തന്റെ നാവികസേനയിലും മറ്റ് സേവനങ്ങളിലും നിയമിച്ചിരുന്നു. 1659ൽ കൊല്ലപ്പെട്ട അഫ്സൽ ഖാന്റെ ശവസംസ്കാരം സമ്പൂർണ സൈനിക ബഹുമതികളോടെ നടത്തുകയും, ഖാന്റെ ശവകുടീരത്തിന്റെ സംരക്ഷണത്തിനായി ഫണ്ട് അനുവദിക്കുകയും ചെയ്തു. ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്ത ഹിന്ദുക്കളുമായി ശിവജി സഹവസിച്ചിരുന്നു.
ശിവജിയുടെ സൈന്യത്തിൽ പതിമൂന്ന് പ്രമുഖ മുസ്ലിം കമാൻഡർമാരും സേനാനായകരും ഉണ്ടായിരുന്നു. ശിവജിയുടെ ഗുരുക്കന്മാരിൽ പ്രധാനിയായിരുന്നു യകൂത് ബാബ എന്ന മുസ്ലിം പുരോഹിതൻ. മോസ്കുകളെയോ ഖുർആനെയോ സ്ത്രീകളെയോ തന്റെ അനുയായികൾ ഉപദ്രവിക്കരുതെന്ന് ശിവജി നിയമമുണ്ടാക്കിയിരുന്നതായി മുഗൾ ചരിത്രകാരനായ ഖാഫി ഖാൻ രേഖപ്പെടുത്തുന്നുണ്ട്. ചുരുക്കത്തിൽ ഔറംഗസീബിന്റെയും ശിവജിയുടെയും ചരിത്രജീവിതത്തെ വക്രീകരിച്ച് ജാതി മേൽക്കോയ്മ-ഹിന്ദു രാഷ്ട്രവാദവും മുസ്ലിം അപരവത്കരണവും ഉറപ്പിക്കാനാണ് ഹിന്ദുത്വ വക്താക്കൾ ശ്രമിക്കുന്നത്.
തുടർച്ചയായ നിരവധി പദ്ധതിയിലൂടെ രാജ്യത്തിൽ മുസ്ലിം വിദ്വേഷം പടർത്തിയാണ് ഹിന്ദുത്വം പുതിയനിയമങ്ങൾ സൃഷ്ടിച്ച് ഭരണഘടനയുടെ അടിസ്ഥാനലക്ഷ്യങളെ തമസ്കരിക്കുന്നത്. ഇങ്ങനെ നോക്കിയാൽ വഖഫ് നിയമം ഇന്ത്യൻ മുസ്ലിംകളുടെ രാഷ്ട്രീയ ജീവിതത്തിലെ മാത്രം വഴിത്തിരിവ് എന്ന് ലളിതമായി പറയാൻ കഴിയുന്ന ഒന്നല്ല. മറിച്ച് ഇന്ത്യയെ ജാതിമേൽക്കോയ്മാ രാഷ്ട്രമായി മാറ്റിത്തീർക്കുന്നതിനുള്ള പ്രധാനോപാധിയാണ്.
ബ്രാഹ്മണ്യ ഹിന്ദുത്വം ഇനി തേടിവരാൻ പോകുന്നത് ഇന്ത്യയുടെ ആഭ്യന്തര ശത്രുവായി വിചാരധാര കണക്കാക്കിയ ക്രൈസ്തവരെയായിരിക്കും എന്നതിൽ സംശയമില്ല. ഭരണഘടന മുന്നോട്ടുവെക്കുന്ന ജനാധിപത്യ രാഷ്ട്രീയത്തെ ഉയർത്തിപ്പിടിച്ചുകൊണ്ട് ഹിന്ദുത്വ രാഷ്ട്രീയത്തെ ശക്തമായി പ്രതിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
(അവസാനിച്ചു)