തളരരുത് മുബീനാ…
text_fieldsമുബീന തമിഴ്നാട് അതിർത്തി ഗ്രാമമായ ചേരമ്പാടിയിലെ വീട്ടിൽ (ചിത്രം- പി. സന്ദീപ്)
2024ലെ വയനാട് ഉരുൾദുരന്തത്തിൽ മുബീനക്ക് നഷ്ടമായത് രണ്ട് മക്കളെയാണ്. മരണത്തെ മുഖാമുഖം കണ്ട് ജീവിതത്തിലേക്ക് തിരിച്ചുവന്ന ഈ 32കാരിക്ക് ദുരിതങ്ങൾ ഇപ്പോഴും ബാക്കി. ദുരന്തത്തിൽ ഗുരുതരമായി പരിക്കേറ്റ മുബീനക്ക് ഇപ്പോൾ സ്വന്തം നിലയിൽ ചികിത്സാധനം കണ്ടെത്തേണ്ട അവസ്ഥയാണ്. വാഗ്ദാനപ്പെരുമഴ തീർത്ത് അധികാരികൾ ചുരമിറങ്ങിയിട്ട് ഒരു വർഷമാകുന്നു. ഇപ്പോഴും ഉരുൾ തീർത്ത ദുരിതക്കയത്തിൽതന്നെയാണ് അതിജീവിതർ. ദുരന്തബാധിതർക്കായി സർക്കാർ പ്രഖ്യാപിച്ച ചികിത്സാ സഹായ വാഗ്ദാനങ്ങൾ എവിടെയെത്തിനിൽക്കുന്നുവെന്ന് തെളിയിക്കുന്നതാണ് മുബീനയുടെ അനുഭവങ്ങൾ.
നിലയില്ലാത്ത സങ്കടക്കടലിൽ മുങ്ങുമ്പോഴും ജീവിതത്തിലേക്ക് തിരിച്ചുകയറണമെന്ന നിശ്ചയദാർഢ്യമുള്ളതുപോലെ തോന്നും അവളുടെ വാക്കുകളിൽ. സംസാരത്തിനൊടുവിൽ, ബാക്കിയായ പ്രതീക്ഷകളെയും നൊമ്പരം വന്നുമൂടുമ്പോൾ പാണക്കാടൻ മുബീനയുടെ വാക്കുകളിടറും. കേട്ടുനിൽക്കാൻ കഴിയാത്ത വല്ലാത്തൊരു കദനകഥയിൽ നമ്മുടെയും കണ്ണുകലങ്ങും.
ജീവിതത്തോട് പൊരുതി ജയിക്കാനുറച്ച ഒരു പാവം യുവതിയുടെ സ്വപ്നങ്ങൾ മഹാദുരന്തത്തിൽ കശക്കിയെറിയപ്പെട്ടതിന്റെ നോവ് നെഞ്ചുലക്കും. എല്ലാം നഷ്ടമായതിനുശേഷവും അനുഭവിക്കുന്ന തീരാവേദനയിൽ അവൾ പൊരുതിനിൽക്കുന്നതെങ്ങനെയെന്ന് അതിശയിച്ചുപോവും. ദുരന്തമുണ്ടായിരുന്നില്ലെങ്കിൽ ഒരുപക്ഷേ, അപാരമായ ഇച്ഛാശക്തിയിലൂന്നിയ വിജയത്തിന് പുരസ്കാരം ലഭിക്കേണ്ടവളായിരുന്നു ഈ 32കാരി. പലർക്കും കണ്ടുപഠിക്കാമായിരുന്ന പാഠപുസ്തകം. ദുരന്തമെത്തുംമുമ്പ് തന്റെ ആശകൾക്കൊപ്പം പൊരുതി വിജയിച്ച മുബീനക്ക് പക്ഷേ, വിധി കാത്തുവെച്ചത് മറ്റൊരു അഗ്നിപരീക്ഷ.
നന്നായി പഠിക്കുമായിരുന്നു മുബീന. പ്ലസ് ടു പാസായതിനു പിന്നാലെയായിരുന്നു അവളുടെ വിവാഹം. തുടർന്ന് തമിഴ്നാട്ടിലെ അതിർത്തിഗ്രാമമായ ചേരമ്പാടിയിൽനിന്ന് ജീവിതം ചൂരൽമല സ്കൂൾ റോഡിലെ ഭർതൃവീട്ടിലേക്ക്. അയൽ ജില്ലയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരനായ ഭർത്താവ് ഇടക്കൊക്കെ നാട്ടിൽ വരും. പ്രിയപുത്രന്മാർ മുഹമ്മദ് സഹലിനും (14) മുഹമ്മദ് റസലിനും (ഒമ്പത്) ഒപ്പം ജീവിതം.
കൂടെ ഭർത്താവിന്റെ മാതാപിതാക്കളും. കുടുംബത്തിന് അത്താണിയാകാൻ മുബീന തൊഴിലുറപ്പു പണിക്കിറങ്ങി. പഠിക്കാൻ മിടുക്കിയായ അവളെ തുടർപഠനത്തിന് പ്രേരിപ്പിച്ചത് ഒപ്പമുള്ള ചേച്ചിമാർ. അവരുടെ പിന്തുണയും പ്രേരണയും കരുത്തായപ്പോൾ മുബീന കൽപറ്റയിലെ കമ്പ്യൂട്ടർ സ്ഥാപനത്തിൽ പഠിക്കാൻ ചേർന്നു. കോഴ്സ് വിജയകരമായി പാസായതിനൊടുവിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലിയിലും പ്രവേശിച്ചു.
ചൂരൽമലയെയും മുണ്ടക്കൈ, അട്ടമല പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന ബെയ്ലി പാലം
ആഗ്രഹിച്ച തൊഴിലിൽ രണ്ടു മാസമായതേയുള്ളൂ. അന്ന് 2024 ജൂലൈ 30. ജീവിതം സന്തോഷകരമായി മുന്നോട്ടുപോകുന്നതിനിടയിലെ ആ രാത്രിയിലാണ് നാടിനെ കശക്കിയെറിഞ്ഞ മഹാദുരന്തമുണ്ടായത്. മുബീനയുടെ ജീവിതം അതോടെ കീഴ്മേൽ മറിയുകയായിരുന്നു. സ്കൂൾ റോഡിലെ ആ വീട് തകർന്ന് അതിലെ താമസക്കാരെ മുഴുവൻ മലവെള്ളപ്പാച്ചിൽ പുറത്തേക്കെറിഞ്ഞു.
ഗുരുതര പരിക്കുകളുമായി ചളിയിൽ പുതഞ്ഞ് അവശയായ മുബീനയെ അടുത്ത വീട്ടിലുള്ള ഒരാൾ രക്ഷപ്പെടുത്തി ആശുപത്രിയിലാക്കുകയായിരുന്നു. പക്ഷേ, മക്കൾക്കുവേണ്ടി ജീവിച്ച അവൾക്ക് പൊന്നുമക്കളെ വിധി തിരിച്ചുനൽകിയില്ല. സഹലിനെയും റസലിനെയും ഉരുളെടുത്തു. ഒപ്പം ഭർതൃപിതാവിനെയും. റസലിന്റെ മൃതദേഹംപോലും ഇതുവരെ കിട്ടിയില്ല.
മേപ്പാടി വിംസ് ആശുപത്രിയിലായിരുന്നു മുബീനയെ പ്രവേശിപ്പിച്ചത്. ഇടതുകൈക്കേറ്റ പരിക്ക് അതിഗുരുതരമായിരുന്നു. ഞരമ്പുകൾ അറ്റുപോയതിനാൽ കൈ മുട്ടിനുതാഴെ മുറിച്ചുമാറ്റേണ്ടി വരുമെന്നായിരുന്നു തുടക്കത്തിൽ ഡോക്ടർമാർ പറഞ്ഞത്. പിന്നീട് തുടർ സർജറികളാൽ അതൊഴിവാക്കുകയായിരുന്നു. പക്ഷേ, ആ കൈ അനക്കാനാവാത്ത അവസ്ഥയാണിപ്പോൾ. രണ്ടു മാസം ഹോസ്പിറ്റൽ അധികൃതർ സൗജന്യമായി ചികിത്സ നൽകി. മുബീനയുടെ അവസ്ഥയറിഞ്ഞ് ആശുപത്രി പ്രത്യേക പരിഗണന നൽകിയപ്പോൾ ഒരു മാസം അവിടെ തുടർന്നു.
എന്നാൽ, നവംബറിനുശേഷം കഥ മാറി. എല്ലാം നഷ്ടപ്പെട്ട മുബീന ചികിത്സക്കുള്ള പണം കണ്ടെത്തേണ്ട അവസ്ഥയിലായി. ഡിസംബറിലെ ഒരു ശസ്ത്രക്രിയക്ക് വേണ്ടിവന്നത് 70,000 രൂപ. സാമൂഹിക പ്രവർത്തകരും സന്നദ്ധ സംഘടനകളും നൽകിയതിന് പുറമെ ഒരുപാട് പണം സ്വന്തമായി കണ്ടെത്തേണ്ട അവസ്ഥയാണ്. ചേരമ്പാടിയിലെ സ്വന്തം വീട്ടിലാണിപ്പോൾ താമസം. നടക്കാനും കൂടുതൽ സമയം നിൽക്കാനും പറ്റില്ല. ഒരു കൈ ചലിപ്പിക്കാൻ പോലുമാവില്ല. ഫിസിയോ തെറപ്പി തുടരാൻ പോലും പറ്റാത്ത രീതിയിലാണ്. ഇനിയുമൊരുപാട് വിദഗ്ധ ചികിത്സ വേണ്ടതുണ്ട്. ആരും തുണയില്ലാത്ത ദുരന്തബാധിതർക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്താൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
അതോടൊപ്പം ജീവിതത്തിലേക്ക് തിരിച്ചുവരാൻ മുബീനക്ക് ജോലി വേണം. ‘മക്കളായിരുന്നു എന്റെ എല്ലാം. അവരിൽ പ്രതീക്ഷയർപ്പിച്ചാണ് ഞാൻ മുന്നോട്ടുപോയത്. അവരെ നഷ്ടമായതോടെ ഞാൻ തകർന്നു. ഇനിയെനിക്ക് ആരുമില്ല’ -നിറകണ്ണുകളോടെ മുബീന പറയുന്നു. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട തന്നെ സർക്കാർ കൈവിടില്ലെന്ന വിശ്വാസമുണ്ട്. ശ്രുതിയെ ചേർത്തുനിർത്തിയതുപോലെ സർക്കാർ തനിക്കൊപ്പവുമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മുബീന.
വിദഗ്ധ ചികിത്സ തേടി ഇപ്പോഴും ഒരുപാടുപേർ
മുബീനയെപ്പോലെ ദുരന്തത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ തുടരുന്ന ഒരുപാടുപേരുണ്ട്. സർക്കാർ ആശുപത്രികളിൽ മാത്രമാണ് ഇവർക്ക് സർക്കാർ കൊട്ടിഗ്ഘോഷിക്കുന്ന സൗജന്യ ചികിത്സ. സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നവർക്ക് സാമ്പത്തിക ആനുകൂല്യങ്ങളൊന്നും നൽകാത്തതാണ് പ്രശ്നം. മേപ്പാടിയിലെ സ്വകാര്യ മെഡി. കോളജിലാണ് ഗുരുതര പരിക്കേറ്റ മിക്കവരെയും പ്രവേശിപ്പിച്ചത്. പിന്നീട് അവരുടെ തുടർചികിത്സ അവിടെത്തെന്നെയായി.
നിശ്ചിത കാലയളവു വരെ ആശുപത്രി അധികൃതർ ചികിത്സയും മറ്റു ചെലവുകളും സൗജന്യമായി നൽകി. എന്നാൽ, അതിനുശേഷം പണം നൽകേണ്ട അവസ്ഥയാണ്. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട മിക്കവർക്കും ചികിത്സക്കായി നൽകാൻ പണമൊന്നുമില്ല. കടം വാങ്ങിയൊക്കെയാണ് പലരും ചികിത്സ തുടരുന്നത്.
മുനീർ
മുബീനയെപ്പോലെ ചൂരൽമലയിലെ പൂക്കാട്ടിൽ മുനീറും വാരിയെല്ലുകൾ പൊട്ടിയതുൾപ്പെടെ ഗുരുതര പരിക്കുപറ്റി 40 ദിവസം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അസുഖം ഭേദമായിട്ടില്ല. ഈ സൗജന്യ കാലാവധിക്കുശേഷം തുടർചികിത്സക്ക് പലരും സ്വകാര്യ ആശുപത്രിയിലെത്തുന്നില്ല. പണമില്ലാത്തതാണ് കാരണം. അവരുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതാണിത്. ‘ഒരു മാസം മുമ്പ് ആശുപത്രിയിൽ ചെക്കപ്പിന് പോയിരുന്നു. അടിയന്തരമായി സി.ടി സ്കാൻ ചെയ്യണമെന്ന് ഡോക്ടർ എഴുതിത്തന്നിരുന്നു. കാശില്ലാത്തതിനാൽ ഇതുവരെ അത് ചെയ്തിട്ടില്ല’ -മുനീർ പറഞ്ഞു.
ഇവരുടെ മനസ്സിനും വേണം കരുതൽ
സ്നേഹവും സൗഹാർദവും ഇടകലർത്തി ഏറെ സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഒരു ജനതയിൽ ദുരന്തം സൃഷ്ടിച്ച വലിയ ആഘാതമാണ് മാനസികാരോഗ്യ പ്രശ്നങ്ങൾ. ദുരന്തത്തെ അതിജീവിച്ചവരുമായി സംസാരിക്കുമ്പോൾ ഭൂരിഭാഗം പേരും ഇക്കാര്യം പങ്കുവെക്കുന്നു. അതിജീവിച്ചവരിൽ 422 പേരുമായി സംസാരിച്ചപ്പോൾ 181 പേരിലും (42.9 ശതമാനം പേർ) ഉറക്കക്കുറവ് കാര്യമായ പ്രശ്നം സൃഷ്ടിക്കുന്നതായി പീപ്ൾസ് ഫൗണ്ടേഷൻ നടത്തിയ സർവേയിൽ വെളിപ്പെടുത്തുന്നു. ദുരന്തത്തിനുശേഷം ഉറക്കത്തിൽ ഇടക്കിടെ ഞെട്ടിയുണരുന്നതായി പലരും സാക്ഷ്യപ്പെടുത്തുന്നു.
ഒരു ദുരന്തമുണ്ടായാൽ മാനസിക നിലയെ ദോഷകരമായി ബാധിക്കുന്ന പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോഡർ (പി.ടി.എസ്.ഡി) 62 പേരിൽ (14.7 ശതമാനം) കണ്ടെത്തിയതായി സർവേ വ്യക്തമാക്കുന്നു. 141 പേരെ (33.4 ശതമാനം) ഉത്കണ്ഠ അലട്ടുമ്പോൾ 92 പേരെ വിഷാദം പിടികൂടിയിട്ടുണ്ട്. ഞെട്ടിക്കുന്നതാണ് ഈ കണക്ക്.
അധികൃതർ കൃത്യമായ തുടർ ചികിത്സകളും കൗൺസിലിങ്ങും നടത്തേണ്ട വിഷയത്തിൽ ഗൗരവമായ നടപടികളുടെ അഭാവമുണ്ട്. ദുരന്തബാധിതരിൽ പകുതിയിലേറെയും മാനസിക പ്രശ്നങ്ങൾക്ക് കീഴ്പ്പെട്ടപ്പോൾ 174 (41.2 ശതമാനം) പേർക്കാണ് കാര്യമായ മാനസിക പ്രശ്നങ്ങളൊന്നും ഇല്ലാത്തതെന്നും സർവേയിൽ തെളിയുന്നു.
(തുടരും)