ബാബരി മസ്ജിദ്: നെഹ്റുവും പട്ടേലും പറഞ്ഞതെന്ത്?
text_fieldsബാബരി മസ്ജിദിനായി സർക്കാർ ഫണ്ട് ഉപയോഗിക്കാൻ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ആഗ്രഹിച്ചിരുന്നെന്നും അതിനെ സർദാർ വല്ലഭ് ഭായി പട്ടേൽ ‘‘എതിർത്തു’’വെന്നും ഇക്കഴിഞ്ഞ ചൊവ്വാഴ്ച വഡോദരയിലെ സദ്‌ലി ഗ്രാമത്തിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യവെ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അവകാശപ്പെട്ടിരുന്നു.‘‘ബാബരി മസ്ജിദിനായി സർക്കാർ ഖജനാവിൽ നിന്ന് പണം ചെലവഴിക്കുന്ന കാര്യം പണ്ഡിറ്റ് നെഹ്‌റു ഉന്നയിച്ചപ്പോൾ, അതിനെ ആരെങ്കിലും എതിർത്തിട്ടുണ്ടെങ്കിൽ അത് ഗുജറാത്തി മാതാവിന് ജനിച്ച സർദാർ വല്ലഭ് ഭായി പട്ടേൽ ആയിരുന്നു. സർക്കാർ ഫണ്ട് ഉപയോഗിച്ച് ബാബരി മസ്ജിദ് പണിയാൻ അദ്ദേഹം അനുവദിച്ചില്ല’’ എന്നായിരുന്നു രാജ്‌നാഥിന്റെ പരാമർശം. ഇതിനെതിരെ ബുധനാഴ്ച കോൺഗ്രസ് രംഗത്തെത്തിയിരുന്നു. സിങ്ങിന്റെ പ്രസ്താവനയെ പെരുംകള്ളമെന്നാണ് പാർട്ടി എം.പി മാണിക്കം ടാഗോർ വിശേഷിപ്പിച്ചത്.
ഏത് സംഭവമാണ് രാജ്‌നാഥ് സിങ് പരാമർശിക്കുന്നതെന്ന് വ്യക്തമല്ല. നെഹ്‌റുവിന്റെ ലഭ്യമായ കത്തുകളിലോ പ്രസംഗങ്ങളിലോ ബാബരി മസ്ജിദിനായി സർക്കാർ പണം ഉപയോഗിക്കാൻ ആഗ്രഹിച്ചതായുള്ള പരാമർശങ്ങൾ കണ്ടെത്തുക പ്രയാസമാണ്. എന്നിരുന്നാലും, ബാബരി മസ്ജിദുമായി ബന്ധപ്പെട്ട വർഗീയ തർക്കങ്ങൾക്കെതിരെ നെഹ്‌റു ശക്തമായ നിലപാട് സ്വീകരിച്ചിരുന്നെന്നത് അദ്ദേഹമെഴുതിയ കത്തുകളിൽ നിന്ന് വ്യക്തമാണ്. ഇക്കാര്യത്തിൽ സർദാർ പട്ടേലും അദ്ദേഹത്തോടൊപ്പം നിന്നു; ‘‘ഇരു സമുദായങ്ങൾ തമ്മിൽ പരസ്പര സഹിഷ്ണുതയുടെയും സൗഹാർദത്തിന്റെയും അന്തരീക്ഷത്തിൽ വിഷയം രമ്യമായി പരിഹരിക്കപ്പെടണം’’ എന്ന് പട്ടേലും ആഗ്രഹിച്ചിരുന്നു.
1949ൽ അയോധ്യയിൽ സംഭവിച്ചത്
1949 ഡിസംബർ 22ന് രാത്രി, ചിലർ അയോധ്യയിലെ ബാബരി മസ്ജിദ് വളപ്പിൽ കടക്കുകയും പള്ളിയുടെ മധ്യഭാഗത്തെ താഴികക്കുടത്തിന് താഴെ ശ്രീരാമന്റെയും സീതാദേവിയുടെയും വിഗ്രഹങ്ങൾ സ്ഥാപിക്കുകയും ചെയ്തു. ഇക്കാലത്ത് അയോധ്യയിലും ഉത്തർപ്രദേശിലെ മറ്റു ചിലയിടങ്ങളിലും വർഗീയ സംഘർഷങ്ങളുമുണ്ടായി.
അങ്ങേയറ്റം അസ്വസ്ഥനായ നെഹ്‌റു, അന്നത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി ഗോവിന്ദ് വല്ലഭ് പന്ത് ഉൾപ്പെടെയുള്ള നേതാക്കൾക്ക് എഴുതിയ കത്തുകളിൽ ബാബരിയെക്കുറിച്ചും മറ്റ് സംഭവങ്ങളെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. ഈ കത്തുകളെല്ലാം ‘ദി നെഹ്‌റു ആർക്കൈവി’ൽ ലഭ്യമാണ്.
സ്വന്തം പാർട്ടിയിൽ വർധിച്ചുവരുന്ന വർഗീയ പ്രവണതകളെക്കുറിച്ച് നെഹ്‌റു ആശങ്കാകുലനായിരുന്നെന്നും വരാനിരിക്കുന്ന അപകടങ്ങളെ മുൻകൂട്ടി കണ്ടിരുന്നെന്നും ആ കത്തുകളിൽ നിന്ന് വ്യക്തമാണ്. അയോധ്യയിലെ സാഹചര്യം കശ്മീർ വിഷയത്തെയും അന്താരാഷ്ട്രതലത്തിൽ പാകിസ്താനുമായുള്ള ഇന്ത്യയുടെ ഇടപാടുകളെയും ബാധിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു. വിഗ്രഹങ്ങൾ നീക്കം ചെയ്യാൻ വിസമ്മതിച്ച അന്നത്തെ അയോധ്യ ജില്ല മജിസ്‌ട്രേറ്റ് കെ.കെ. നായരോടും നെഹ്റുവിന് അതൃപ്തിയുണ്ടായിരുന്നു.
നെഹ്‌റുവിന്റെ കത്തുകൾ
ബാബരി മസ്ജിദിനുള്ളിൽ വിഗ്രഹങ്ങൾ വെച്ചതിന് തൊട്ടുപിന്നാലെ, 1949 ഡിസംബർ 26ന് നെഹ്‌റു പന്തിന് ഒരു ടെലഗ്രാം അയച്ചു: ‘‘അയോധ്യയിലെ സംഭവവികാസങ്ങളിൽ ഞാൻ അസ്വസ്ഥനാണ്. നിങ്ങൾ വ്യക്തിപരമായി ഈ വിഷയത്തിൽ ശ്രദ്ധ ചെലുത്തുമെന്ന് ആത്മാർഥമായി പ്രതീക്ഷിക്കുന്നു. മോശം പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുന്ന അപകടകരമായ ഒരു മാതൃകയാണ് അവിടെ സൃഷ്ടിക്കപ്പെടുന്നത്’’.
1950 ഫെബ്രുവരിയിൽ അദ്ദേഹം പന്തിന് മറ്റൊരു കത്തെഴുതി: ‘‘അയോധ്യയിലെ സാഹചര്യത്തെക്കുറിച്ച് എന്നെ അറിയിക്കുന്നത് നന്നായിരിക്കും. അഖിലേന്ത്യ വിഷയങ്ങളിലും പ്രത്യേകിച്ച്, കശ്മീർ വിഷയത്തിലും ഇതിന് വലിയ പ്രത്യാഘാതങ്ങളുണ്ടാകുമെന്നതിനാൽ ഞാൻ ഇതിന് വലിയ പ്രാധാന്യം നൽകുന്നു’’. താൻ അയോധ്യയിലേക്ക് പോകണോ എന്ന് ചോദിച്ച നെഹ്റുവിനോട് ‘‘സമയം അനുകൂലമാണെങ്കിൽ ഞാൻ തന്നെ താങ്കളോട് അയോധ്യ സന്ദർശിക്കാൻ അഭ്യർഥിക്കുമായിരുന്നു’’ എന്നായിരുന്നു പന്തിന്റെ മറുപടി.
ഒരു മാസത്തിനുശേഷം, ഗാന്ധിയനായ കെ.ജി. മഷ്‌റുവാലക്ക് എഴുതിയ കത്തിൽ നെഹ്റു പറഞ്ഞു: ‘‘താങ്കൾ അയോധ്യ പള്ളിയെക്കുറിച്ച് പരാമർശിച്ചല്ലോ. ഈ സംഭവം നടന്നിട്ട് രണ്ടോ മൂന്നോ മാസമായി, ഞാൻ അതിൽ അങ്ങേയറ്റം അസ്വസ്ഥനാണ്. യു.പി സർക്കാർ ധീരമായ നിലപാട് പുറമെ കാണിച്ചെങ്കിലും, യഥാർഥത്തിൽ ഒന്നും ചെയ്തില്ല... പണ്ഡിറ്റ് ഗോവിന്ദ് വല്ലഭ് പന്ത് പലതവണ ഈ പ്രവൃത്തിയെ അപലപിച്ചു, പക്ഷേ ഒരു വലിയ കലാപം ഭയന്നായിരിക്കാം കൃത്യമായ നടപടികൾ സ്വീകരിക്കുന്നതിൽ നിന്ന് വിട്ടുനിന്നു... നമ്മുടെ ഭാഗത്തുനിന്നുള്ള ഇടപെടലുകൾ ശരിയാണെങ്കിൽ പാകിസ്താനെ കൈകാര്യം ചെയ്യൽ എളുപ്പമാകുമെന്ന് എനിക്കുറപ്പുണ്ട്.’’
അദ്ദേഹം തന്റെ നിസ്സഹായാവസ്ഥയും വ്യക്തമാക്കുന്നുണ്ട്: ‘‘രാജ്യത്ത് മെച്ചപ്പെട്ട അന്തരീക്ഷം സൃഷ്ടിക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. വികാരവിജ്രംഭിതരായി നിൽക്കുന്ന ആളുകളോട് സൗഹാർദത്തെക്കുറിച്ച് പ്രസംഗിക്കുന്നത് അവരെ പ്രകോപിപ്പിക്കുകയേയുള്ളൂ. ബാപ്പുവിന് (ഗാന്ധിജി) അത് സാധ്യമായിരുന്നു, പക്ഷേ നമ്മളൊക്കെ വളരെ നിസ്സാരരാണ്’’
1950 ജൂലൈയിൽ, ലാൽ ബഹദൂർ ശാസ്ത്രിക്ക് എഴുതിയ കത്തിൽ ‘‘നാം വീണ്ടും ഒരു ദുരന്തത്തിലേക്ക് നീങ്ങുകയാണ്’’ എന്ന ആശങ്ക നെഹ്റു പങ്കുവെച്ചു. ‘‘അയോധ്യയിലെ ബാബരി മസ്ജിദ് വിഷയം നമ്മുടെ നയത്തെയും അന്തസ്സിനെയും ആഴത്തിൽ ബാധിക്കുന്ന ഒരു പ്രധാന വിഷയമായാണ് നമ്മൾ കാണുന്നത്. എന്നാൽ, ഇതിനു പുറമെ, അയോധ്യയിലെ അവസ്ഥ കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. ഇത്തരം പ്രശ്നങ്ങൾ മഥുരയിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിക്കാൻ സാധ്യതയുണ്ട്’’- നെഹ്‌റു എഴുതി.
1950 ഏപ്രിലിൽ പന്തിന് എഴുതിയ മറ്റൊരു നീണ്ട കത്തിൽ അദ്ദേഹം പറഞ്ഞു: യു.പിയിലാകമാനം വർഗീയ അന്തരീക്ഷം വഷളായിക്കൊണ്ടിരിക്കുകയാണെന്ന് എനിക്ക് കുറെക്കാലമായി തോന്നുന്നു. ആ നാട് ഏതാണ്ട് ഒരു വിദേശ രാജ്യം പോലെയായി മാറിക്കൊണ്ടിരിക്കുകയാണ്. എനിക്ക് യോജിക്കാനാവുന്നില്ല... 35 വർഷമായി ഞാൻ ബന്ധപ്പെട്ടിരുന്ന യു.പി കോൺഗ്രസ് കമ്മിറ്റി ഇപ്പോൾ പ്രവർത്തിക്കുന്ന രീതി എന്നെ അത്ഭുതപ്പെടുത്തുന്നു... വിശ്വംഭർ ദയാൽ ത്രിപാഠിയെപ്പോലുള്ളവർ ഹിന്ദു മഹാസഭ അംഗങ്ങളെപ്പോലെ ആക്ഷേപകരമായ രീതിയിൽ എഴുതുകയും സംസാരിക്കുകയും ചെയ്യുന്നു. നമ്മൾ അച്ചടക്ക നടപടിയെക്കുറിച്ച് ഒരുപാട് സംസാരിക്കുന്നു. എന്നാൽ, കോൺഗ്രസിന്റെ നയങ്ങളെ വളച്ചൊടിക്കുന്ന ഇത്തരം വലിയ പ്രവണതകൾ തുടർച്ചയായി നടക്കുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്നു’’.
സർദാർ പട്ടേലിന്റെ നിലപാട്
നെഹ്‌റുവിനെപ്പോലെ തന്നെ, ബാബരി മസ്ജിദിൽ വിഗ്രഹങ്ങൾ സ്ഥാപിച്ചയുടനെ പട്ടേലും പന്തിന് കത്തെഴുതി (സർദാർ പട്ടേലിന്റെ കത്തിടപാടുകൾ, വാല്യം 9. ദുർഗ്ഗ ദാസ് എഡിറ്റ് ചെയ്തത്).
‘‘അയോധ്യയിലെ സംഭവവികാസങ്ങളിൽ ഉത്കണ്ഠ പ്രകടിപ്പിച്ച് പ്രധാനമന്ത്രി ഇതിനകം നിങ്ങൾക്ക് ടെലഗ്രാം അയച്ചിട്ടുണ്ട്. ലഖ്‌നോവിൽ വെച്ച് ഞാൻ നിങ്ങളോട് ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നു. തികച്ചും അനവസരത്തിലാണ് ഈ വിവാദം ഉയർന്നിരിക്കുന്നതെന്ന് എനിക്ക് തോന്നുന്നു... വലിയ വർഗീയ പ്രശ്നങ്ങൾ വിവിധ സമുദായങ്ങളുടെ പരസ്പര സഹകരണത്താൽ ഈയിടെ പരിഹരിക്കപ്പെട്ടതേയുള്ളൂ. മുസ്‍ലിംകളെ സംബന്ധിച്ചിടത്തോളം, അവർ പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടുവരുന്നതേയുള്ളൂ. വിഭജനത്തിന്റെ ആദ്യ ആഘാതവും അതിനെത്തുടർന്നുള്ള അനിശ്ചിതത്വങ്ങളും അവസാനിച്ചുതുടങ്ങിയിട്ടുണ്ടെന്നും, ഇനി കൂട്ടത്തോടെയുള്ള മാറ്റമുണ്ടാകാൻ സാധ്യതയില്ലെന്നും നമുക്ക് ന്യായമായും പറയാം," അദ്ദേഹം എഴുതി.
സമാധാനം നിലനിർത്തണമെന്ന് ശഠിച്ചുകൊണ്ട് അദ്ദേഹം തുടർന്നു: ‘‘...ഇരു സമുദായങ്ങളും തമ്മിലെ പരസ്പര സഹിഷ്ണുതയുടെയും സൗഹാർദത്തിന്റെയും അന്തരീക്ഷത്തിൽ വിഷയം രമ്യമായി പരിഹരിക്കപ്പെടണമെന്ന് ഞാൻ കരുതുന്നു. ഇപ്പോൾ നടന്ന നീക്കത്തിന് പിന്നിൽ വലിയൊരു വികാരമുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. അതേസമയം, മുസ്‍ലിം സമുദായത്തിന്റെ സമ്മതത്തോടെ മാത്രമേ ഇത്തരം കാര്യങ്ങൾ സമാധാനപരമായി പരിഹരിക്കാൻ കഴിയൂ. ബലപ്രയോഗത്തിലൂടെ ഇത്തരം തർക്കങ്ങൾ പരിഹരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലുമാവില്ല. അങ്ങനെ വന്നാൽ, എന്ത് വിലകൊടുത്തും ക്രമസമാധാനം സംരക്ഷിക്കാൻ സേന നിർബന്ധിതരാകും.’’
‘‘ആകയാൽ, സമാധാനപരവും അനുനയപൂർവവുമായ മാർഗങ്ങളാണ് പിന്തുടരേണ്ടതെങ്കിൽ, ആക്രമത്തിലും ബലാൽക്കാരത്തിലും അധിഷ്ഠിതമായ ഏകപക്ഷീയമായ നടപടികൾ അനുവദിക്കാനാവില്ല. ഈ വിഷയം സദാ നിലനിൽക്കുന്ന പ്രശ്നമാക്കി മാറ്റരുതെന്നും, നിലവിലെ അനാവശ്യ വിവാദങ്ങൾ സമാധാനപരമായ മാർഗങ്ങളിലൂടെ പരിഹരിക്കണമെന്നും, രമ്യമായ പരിഹാരത്തിന് തടസ്സമായി നിൽക്കാൻ പാടില്ലെന്നും എനിക്ക് വ്യക്തമാണ്’’.
(ഇന്ത്യൻ എക്സ് പ്രസ് സീനിയർ അസിസ്റ്റന്റ് എഡിറ്ററായ ലേഖിക indianexpress.com ൽ എഴുതിയ കുറിപ്പിന്റെ സംഗ്രഹ വിവർത്തനം)


