കോവിഡിന്റെ ഏറ്റവും വലിയ പ്രത്യാഘാതം
text_fieldsകോവിഡ് മഹാമാരി സമ്പദ് വ്യവസ്ഥക്കും ആരോഗ്യത്തിനും ഏൽപിച്ച ആഘാതങ്ങളെക്കുറിച്ച് നാം നിരന്തര ചർച്ചകൾ നടത്തുന്നുണ്ട്. ഒരളവോളം കോവിഡ് ഭീഷണിയെ അതിജയിച്ചുവെന്നും ലോകം വിശ്വസിക്കുന്നു. എന്നാൽ, മഹാമാരിയുടെ ബാക്കിപത്രമെന്നോണം കുമിഞ്ഞുകൂടിയ ബയോ മെഡിക്കൽ മാലിന്യങ്ങളെ ശരിയാംവിധം കൈകാര്യം ചെയ്യുന്നതിൽ രാജ്യം പരാജയപ്പെട്ടു, വിശിഷ്യാ ജാഗ്രതയോടെ കോവിഡിനെ നേരിട്ട് പെരുമ നേടിയ കേരളം. ഇതിന്റെ ഫലമായി ഉപയോഗിച്ച മാസ്കുകളും കൈയുറകളുമെല്ലാം പൊതു സ്ഥലങ്ങളിൽ പരന്നു. സിറിഞ്ചുകളും യൂറിൻ ബാഗുകളും കെട്ടിയെറിയുന്ന വേസ്റ്റുകളിലടക്കം കാണപ്പെട്ടു. വാക്സിനേഷൻ യജ്ഞത്തിനു ശേഷം ലക്ഷക്കണക്കിന് സിറിഞ്ചുകളാണ് ഒഴിവാക്കപ്പെട്ടത്.
സംസ്ഥാന സർക്കാറിന്റെ ‘ഹരിത കേരള മിഷൻ’ തയാറാക്കിയ മാർഗ നിർദേശങ്ങൾ പൊതുജനങ്ങളിലേക്ക് വേണ്ടവിധം എത്തിയില്ല. വലിയൊരളവ് മാലിന്യം നഗരമാലിന്യത്തിൽ കൂട്ടിക്കലർത്തി സംസ്കരണത്തിനെന്ന പേരിൽ കൊണ്ടുപോയി പലയിടങ്ങളിലായി തള്ളി. ഇപ്പോൾ ബഹിർഗമിക്കുന്ന വിഷപ്പുകയിൽ കോവിഡ് മാലിന്യവും ഉണ്ടാവില്ലെന്ന് കരുതാൻ ഒരു നിർവാഹവുമില്ല.
ആദ്യ ഏഴുമാസങ്ങളിൽ മാത്രം ഇന്ത്യയിലൊട്ടാകെ 33,000 ടൺ കോവിഡ് അനുബന്ധ മാലിന്യം സൃഷ്ടിക്കപ്പെട്ടെന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്ക്. അക്കാലത്ത് മഹാരാഷ്ട്രയിലായിരുന്നു കൂടുതലെങ്കിൽ 2021 മേയ് ആകുമ്പോഴേക്ക് പ്രതിദിനം 23.7 ടൺ മാലിന്യവുമായി കേരളമായി മുന്നിൽ; രണ്ടാം സ്ഥാനത്ത് ഗുജറാത്തും (പ്രതിദിനം 21.98 ടൺ). മാലിന്യ സംസ്കരണത്തിന് ഏറ്റവും കൂടുതൽ യൂനിറ്റുകളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര, ഗുജറാത്തിലുമുണ്ട് സംവിധാനങ്ങൾ, എന്നാൽ കേരളത്തിന്റെ കാര്യമോ? രാജ്യത്ത് 198 പൊതു ബയോമെഡിക്കൽ മാലിന്യ സംസ്കരണ കേന്ദ്രങ്ങളാണുള്ളത്. ഒരേയൊരു പൊതു സംസ്കരണകേന്ദ്രമാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. ഐ.എം.എയുടെ ‘ഇമേജ്’മാത്രം! പിന്നീട് കൊച്ചിയിലെ അമ്പലമേടിൽ കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (KEIL) 15 ടണ്ണോളം മാത്രം ശേഷിയുള്ള പ്ലാന്റ് തുറന്നു.
ആശുപത്രി മാലിന്യ സംസ്കരണത്തിൽ സ്വതേ കടുത്ത അലംഭാവം പുലർത്തുന്നതിനിടെ പുതിയ മാലിന്യങ്ങൾ കുന്നുകൂടിയതോടെ പ്രതിസന്ധി രൂക്ഷമായി. രാജ്യം നേരിടുന്ന ഈ പുതിയ സാഹചര്യത്തെ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ ശാസ്ത്രജ്ഞനായിരുന്ന മഹീന്ദ്ര പാണ്ഡെ വിലയിരുത്തിയത് ഇങ്ങനെ: വൈറസിനെ അകറ്റാൻ ജനം സാനിറ്റൈസറും മറ്റ് ശുചീകരണ ലായനികളും ഉപയോഗിക്കാൻ തുടങ്ങിയതോടെ തന്നെ മലിനജലത്തിലെ രാസവസ്തുക്കളുടെ അളവ് കൂടി. ആശുപത്രികളിലും ക്ലിനിക്കുകളിലും മാത്രം ഉപയോഗിച്ചിരുന്ന മാസ്കും പ്ലാസ്റ്റിക്, റബർ കൈയുറകളും എല്ലാവരും ഉപയോഗിക്കാൻ തുടങ്ങിയെങ്കിലും അവയെ എങ്ങനെ സംസ്കരിക്കണം എന്ന് ധാരണ ഇല്ലാത്ത പൊതുജനങ്ങൾ അവ മറ്റു മാലിന്യങ്ങൾക്കൊപ്പം വലിച്ചെറിയാൻ തുടങ്ങി. മാലിന്യ ശേഖരണത്തിലേർപ്പെടുന്നവർക്ക് പല പകര്‍ച്ചവ്യാധികളും പടരുന്നതിനുള്ള സാധ്യത ഇത് വർധിപ്പിച്ചു. മാസ്കുകളും കൈയുറകളും ധരിക്കുന്നതിനെ പ്രോത്സാഹിപ്പിച്ച സർക്കാറുകൾ അവ ഉപയോഗശേഷം എങ്ങനെ ഫലപ്രദമായി സംസ്കരിക്കാം എന്നതിനെക്കുറിച്ച് വേണ്ടവിധം നിർദേശങ്ങൾ നൽകിയില്ല.
ഈ കാലയളവില്‍ രക്തവും മറ്റ് സാമ്പ്ളുകളും വീടുകളിൽ എത്തി ശേഖരിക്കുന്നത് സര്‍വ സാധാരണമായി. പതിവ് വീട്ടുമാലിന്യങ്ങള്ക്കൊപ്പം പഞ്ഞിയും ബാന്‍ഡേജുകളും സിറിഞ്ചുകളും പോലുള്ളവയും ഇടംപിടിച്ചു’. മഹീന്ദ്ര പാണ്ഡെ സൂചിപ്പിച്ച സുപ്രധാന കാര്യം, കോവിഡ് ജാഗ്രതയിലെവിടെയും അതിന്റെ മാലിന്യ നിർമാർജനത്തെ കുറിച്ചുള്ള ജാഗ്രത ഉണ്ടായില്ല എന്നതാണ്.
ചട്ടങ്ങളുണ്ട്, പാലിക്കാറില്ല
അപകടകരമായതും അപകട സാധ്യതയില്ലാത്തതുമായ ബയോ മെഡിക്കൽ വേസ്റ്റുകൾ പരസ്പരം കലരാതെ വേർതിരിക്കുകയാണ് കേന്ദ്രീകൃത മാലിന്യ സംസ്കരണത്തിലെ ആദ്യപടി. എല്ലാത്തരം മാലിന്യങ്ങളും കൂട്ടിക്കലർത്തുേമ്പാൾ അപകടകരമല്ലാത്ത പൊതുമാലിന്യങ്ങൾ പോലും പ്രശ്നകാരികളാവും. പരിമിതമായെങ്കിലും ഉള്ള നിർമാർജന സംവിധാനങ്ങളുടെ പ്രവർത്തനം പാടെ താളംതെറ്റുന്നതിനും ഈ കൂട്ടിക്കലർത്തൽ വഴിവെക്കും. ഇതിന് തടയിടാൻ നാട്ടിൽ വ്യവസ്ഥകളില്ലാഞ്ഞിട്ടല്ല. ആശുപത്രി മാലിന്യവുമായി ബന്ധപ്പെട്ട് മൂന്നു പതിറ്റാണ്ട് മുമ്പു തന്നെ ഇന്ത്യയിൽ നിയമം പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
1998ലെ ബയോ മെഡിക്കൽ വേസ്റ്റ് മാനേജ്മെൻറ് ആൻഡ് ഹാൻഡ്ലിങ് റൂൾസ് വിപുലപ്പെടുത്തി 2016ൽ ബയോമെഡിക്കൽ വേസ്റ്റ് മാനേജ്മെൻറ് റൂൾസ് നിലവിൽ വന്നു. ഫലപ്രദമായ സംസ്കരണത്തിന് ബാർ കോഡ് /കളർ കോഡ് സംവിധാനം ഇതിൽ നിഷ്കർഷിക്കുന്നു. അതായത് മഞ്ഞ, ചുവപ്പ്, വെള്ള, നീല നിറങ്ങളിലുള്ള ബാഗുകളിലായി ഉറവിടത്തിൽ തന്നെ ആശുപത്രി മാലിന്യം തരംതിരിക്കണം. ആശുപത്രികൾ, നഴ്സിങ് ഹോമുകൾ, ക്ലിനിക്കുകൾ, ഡിസ്പെൻസറികൾ, വെറ്ററിനറി സ്ഥാപനങ്ങൾ, അനിമൽ ഹൗസുകൾ, പാത്തോളജിക്കൽ ലബോറട്ടറികൾ, ഏതെങ്കിലും രൂപത്തിൽ ബയോ മെഡിക്കൽ മാലിന്യങ്ങൾ ഉൽപാദിപ്പിക്കുന്ന, ശേഖരിക്കുന്ന, സ്വീകരിക്കുന്ന, സംഭരിക്കുന്ന, ഗതാഗതം-സംസ്കരണം- നീക്കംചെയ്യൽ നടത്തുന്ന സ്ഥാപനങ്ങളും വ്യക്തികളും ഈ നിയമങ്ങൾ പാലിക്കണം.
രക്തബാങ്കുകൾ, ആയുഷ് ആശുപത്രികൾ, ക്ലിനിക്കൽ സ്ഥാപനങ്ങൾ, ഗവേഷണ-വിദ്യാഭ്യാസ സ്ഥാപനങ്ങൾ, രക്തദാനം, പരിശോധന, പ്രതിരോധ കുത്തിവെപ്പ്, ശസ്ത്രക്രിയ എന്നിവക്കായി സംഘടിപ്പിക്കുന്ന ക്യാമ്പുകൾ, സ്കൂളുകളുടെ പ്രഥമശുശ്രൂഷ മുറികൾ, ഫോറൻസിക് ലബോറട്ടറികൾ, ഗവേഷണ ലാബുകൾ എന്നിവയിലെല്ലാം നിയമം ബാധകമാണ്. മനുഷ്യനും പരിസ്ഥിതിക്കും ഒരു പ്രതിസന്ധിയും സൃഷ്ടിക്കാതെ ഉത്തരവാദിത്തത്തോടെ മാലിന്യങ്ങൾ സംസ്കരിക്കണമെന്ന നിയമം നിലനിൽക്കെ രാജ്യത്തെ ആശുപത്രി മാലിന്യത്തിന്റെ 30 ശതമാനത്തോളവും സംസ്കരിക്കാതെ പുറന്തള്ളപ്പെടുന്നുവെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തുവിടുന്ന കണക്കുകൾ.
(തുടരും)


