ബിഹാർ: മണ്ഡലിനും മന്ദിറിനുമപ്പുറം
text_fieldsതേജസ്വി യാദവിന്റെ പൊതുയോഗം
ബിഹാർ രാഷ്ട്രീയം അതിനിർണായകമായൊരു ഘട്ടത്തിലാണ്. മൂന്നര പതിറ്റാണ്ട് മുമ്പ് സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭൂമികയെത്തന്നെ മാറ്റിമറിച്ച മണ്ഡൽ രാഷ്ട്രീയം സാമൂഹികനീതി എന്ന അതിന്റെ വിശാലമായ വാഗ്ദാനം നിറവേറ്റുന്നതിൽ പരാജയപ്പെടുകയും കാലക്രമേണ ദുർബലമാവുകയും ചെയ്തു.
അതുപോലെ, മണ്ഡൽ രാഷ്ട്രീയത്തിന് ബദലായി വന്ന രാമക്ഷേത്ര പ്രസ്ഥാനം, ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്ന തീവ്ര ഹിന്ദുത്വ ഉപകരണമായി മാറിയിരിക്കുന്നു. മണ്ഡൽ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവ് ലാലു പ്രസാദ് യാദവും ഭാര്യ റാബ്രി ദേവിയും ഒന്നര പതിറ്റാണ്ട് ഭരിച്ച സംസ്ഥാനമാണിത്. ശേഷം രണ്ട് പതിറ്റാണ്ട് നിതീഷ് കുമാറിന്റെ ജനതാദളും (യു) ബി.ജെ.പിയും പ്രതിനിധാനം ചെയ്ത മണ്ഡൽ-മന്ദിർ രാഷ്ട്രീയ മിശ്രിതമായിരുന്നു ഭരണത്തിൽ.
ദേശീയ ജനാധിപത്യ സഖ്യത്തിലും (എൻ.ഡി.എ) ഇൻഡ്യ സഖ്യത്തിലും തുടരുന്ന സീറ്റ് വിഭജന തർക്കങ്ങൾ, നിതീഷ് നയിക്കുന്ന എൻ.ഡി.എയും തേജസ്വി യാദവിന്റെ മഹാസഖ്യവും നേരിടുന്ന ആഴത്തിലുള്ള പ്രശ്നങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം അവസാനിച്ചിട്ടും, ഇരു സഖ്യങ്ങളിലെയും പ്രധാന സഖ്യകക്ഷികൾക്ക് 243 അംഗ ബിഹാർ നിയമസഭയിലെ സീറ്റുകളിൽ ധാരണയിലെത്താനായിട്ടില്ല.
തെരഞ്ഞെടുപ്പ് തന്ത്ര വിദഗ്ധൻ പ്രശാന്ത് കിഷോർ നയിക്കുന്ന ജൻ സുരാജ് പാർട്ടിയും ഇക്കുറി തെരഞ്ഞെടുപ്പ് ഗോദയിലുണ്ട്. മൂന്ന് വർഷമായി ബിഹാറിന്റെ ഉൾപ്രദേശങ്ങളിൽ വിശ്രമമില്ലാതെ പ്രചാരണം നടത്തുന്ന പ്രശാന്ത് കിഷോർ ഏവർക്കും സുപരിചിതനായിത്തീർന്നിരിക്കുന്നു. എന്നിരുന്നാലും, നവംബർ 14ന് വോട്ടെണ്ണുമ്പോൾ ജെ.എസ്.പി എത്ര സീറ്റ് നേടുമെന്നോ എത്ര ശതമാനം വോട്ട് പിടിക്കുമെന്നോ ഇപ്പോൾ പ്രവചിക്കൽ അസാധ്യം.
ഒട്ടുമിക്ക അഭിപ്രായ സർവേകളും തേജസ്വി യാദവിനാണ് മുഖ്യമന്ത്രി പദത്തിലേക്ക് ഒന്നാം സ്ഥാനം കൽപിക്കുന്നത്, പിന്നാലെ പ്രശാന്ത് കിഷോറും നിതീഷ് കുമാറും ഉണ്ട്. പ്രശാന്ത് കിഷോറിന്റെ റേറ്റിങ് അടുത്തിടെ കുതിച്ചുയർന്നെങ്കിലും, ശാസ്ത്രീയമല്ലാത്ത ഇത്തരം സർവേകൾക്ക് ബിഹാർ രാഷ്ട്രീയത്തിന്റെ സങ്കീർണത പൂർണമായി ഒപ്പിയെടുക്കാൻ സാധിക്കുമെന്ന് ഞാൻ കരുതുന്നില്ല.
ഈ പോരാട്ടത്തിലെ പ്രധാന കക്ഷികളുടെ ശക്തിദൗർബല്യങ്ങൾ ഒന്ന് പരിശോധിക്കാം.
നിലനിർത്തുമോ നിതീഷ്?
നിതീഷ് കുമാറും നരേന്ദ്ര മോദി-അമിത് ഷാ കൂട്ടുകെട്ടും തമ്മിലെ ബന്ധം പൂച്ചയും എലിയും കളിയെ ഓർമപ്പെടുത്തുന്നു. മോദി-ഷാ യുഗത്തിന് മുമ്പ് വാജ്പേയിയും അദ്വാനിയും നേതൃത്വം നൽകിയ ബി.ജെ.പിയും നിതീഷിന്റെ ജെ.ഡി.യുവും തമ്മിലെ സഖ്യത്തിന് വിശ്വാസ്യതയുണ്ടായിരുന്നു. അതിപ്പോൾ ഇല്ലാതായി. നിതീഷിനെ മാറ്റി തങ്ങൾക്ക് താൽപര്യമുള്ള ഒരു മുഖ്യമന്ത്രിയെ കൊണ്ടുവരാൻ മോദിയും ഷായും തന്ത്രങ്ങൾ മെനയുമ്പോൾ, സ്വന്തം സ്ഥാനം സംരക്ഷിക്കാനുള്ള കരുനീക്കത്തിലാണ് നിതീഷ്.
സഖ്യത്തിനുള്ളിൽ ജെ.ഡി.യുവിനെ ദുർബലപ്പെടുത്താൻ ബി.ജെ.പി ചിരാഗ് പാസ്വാനെ പിന്തുണച്ചു, ചില ജെ.ഡി.യു എം.പിമാരെയും ആ പാർട്ടിയുടെ വർക്കിങ് പ്രസിഡന്റ് സഞ്ജയ് ഝാ, മന്ത്രി വിജയ് കുമാർ ചൗധരി തുടങ്ങിയ രഹസ്യ സുഹൃത്തുക്കളെയും കൂടെക്കൂട്ടി ഒരു ഏക്നാഥ് ഷിൻഡെ മോഡൽ അട്ടിമറി സാധ്യതയും ഒരുക്കി. ഇതിന് മറുപടിയായി നിതീഷ് 2022ൽ ലാലു യാദവിന്റെ പക്ഷത്തേക്ക് ചേക്കേറിയെങ്കിലും, തേജസ്വിയുടെ പദവിയും മുഖ്യമന്ത്രിയാകാനുള്ള അഭിലാഷവും ഉയരുന്നത് കണ്ട് 2024ൽ ബി.ജെ.പിയിലേക്കുതന്നെ തിരിച്ചുകയറി.
ബിഹാറിൽ നരേന്ദ്ര മോദിയുടെ സ്വാധീനം നിതീഷ് കുമാറിനെ ആശ്രയിച്ചിരിക്കുന്നു; തുടക്കത്തിൽ മോദിയും അമിത് ഷായും നിതീഷിനെ എൻ.ഡി.എയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചെങ്കിലും, അദ്ദേഹത്തെ മാറ്റുകയായിരുന്നു അവരുടെ യഥാർഥ ലക്ഷ്യം. ജെ.ഡി.യുവിന്റെ ശക്തികേന്ദ്രങ്ങളായ ഒരു ഡസനോളം സീറ്റുകൾ പിടിച്ചെടുത്ത് അത് തങ്ങൾക്കും പാസ്വാന്റെ ലോക് ജനശക്തി പാർട്ടിക്കുമായി വീതംവെച്ചു.
നിതീഷ് കുമാർ മുസഫർപുരിൽ വനിതാ സംരംഭകക്കൊപ്പം
പഴയപോലെ ആരോഗ്യമില്ലെങ്കിലും ഈ ‘ഗൂഢാലോചന’ തിരിച്ചറിഞ്ഞ നിതീഷ് സഖ്യത്തിനുള്ളിൽ തടസ്സങ്ങൾ സൃഷ്ടിച്ചു. തിരശ്ശീലക്ക് പിന്നിലെ ഇത്തരം നീക്കങ്ങൾ തെരഞ്ഞെടുപ്പിന് ശേഷമുള്ള കൂട്ടുകെട്ടുകളെയും മാറ്റിമറിക്കും. വാചാടോപങ്ങളും വികാരപ്രകടനങ്ങളുമൊക്കെ ഉണ്ടായിട്ടും ഉണ്ടായിരുന്നിട്ടും, മോദിബ്രാൻഡ് ഹിന്ദുത്വക്ക് ഉത്തർപ്രദേശിലും മധ്യപ്രദേശിലുമുള്ള ആധിപത്യം ബിഹാറിൽ സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.
കേന്ദ്ര സർക്കാറിന്റെ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളായ മറ്റു പിന്നാക്ക വിഭാഗങ്ങൾ, അതി പിന്നാക്ക വിഭാഗങ്ങൾ എന്നിവർക്കിടയിൽ മോദിയുടെ വിദ്വേഷ ഹിന്ദുത്വം സ്വാധീനം നേടിയിട്ടുണ്ടെങ്കിലും, സംസ്ഥാന രാഷ്ട്രീയത്തിൽ ആധിപത്യം സ്ഥാപിക്കാനുള്ള ശേഷി അതിനില്ല.
മറുവശത്ത്, അടിസ്ഥാനപരമായി ഒരു സോഷ്യലിസ്റ്റായ നിതീഷ് കുമാർ സി.എ.എ, എൻ.ആർ.സി, വഖഫ് ബിൽ തുടങ്ങിയ വിഷയങ്ങളിൽ മോദിയെ പിന്തുണച്ച് മതേതരത്വത്തിൽ വിട്ടുവീഴ്ച ചെയ്തു. എന്നാൽ, ക്ഷേമരാഷ്ട്രീയത്തിൽ അദ്ദേഹം മോദിയെ മറികടന്നു. ആശാ-അംഗൻവാടി പ്രവർത്തകരുടെ ശൃംഖലയിലൂടെ ഒരു വലിയ വനിത വോട്ടർ അടിത്തറ അദ്ദേഹം കെട്ടിപ്പടുത്തു. സർക്കാർ ജോലികളിൽ 35 ശതമാനവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്ഥാനങ്ങളിൽ 50 ശതമാനവും സ്ത്രീ സംവരണം ഏർപ്പെടുത്തിയും, വീട്ടമ്മമാർക്ക് 10,000 രൂപ പണമായി നൽകിയും വനിത വോട്ട്ബാങ്ക് ഉറപ്പിച്ചുനിർത്താനുള്ളത് അദ്ദേഹം ചെയ്തുവെച്ചിരിക്കുന്നു.
2005 മുതൽ നടത്തുന്ന സമർഥമായ സോഷ്യൽ എൻജിനീയറിങ്ങിലൂടെ ലാലു യാദവിന്റെ വിശാലമായ മണ്ഡൽ സഖ്യത്തിൽനിന്ന് അതി പിന്നാക്ക വിഭാഗങ്ങളെയും (ഇ.ബി.സി) ദലിതുകളെയും വേർതിരിച്ചെടുത്തത് തെരഞ്ഞെടുപ്പുകൾ തോറും നിതീഷിനെ പ്രസക്തനാക്കി നിർത്തുന്നു. എന്നിരുന്നാലും, അതുകൊണ്ടൊന്നും അദ്ദേഹത്തിന്റെ സ്വാധീനം ചോദ്യം ചെയ്യപ്പെടാത്ത വിധം നിലനിൽക്കുമെന്ന് ഉറപ്പിക്കാനാവില്ല.
തേജസ്വിയുടെ സാധ്യതകൾ
മഹാമായ പ്രസാദ് സിൻഹ, കർപ്പൂരി ഠാക്കൂർ തുടങ്ങിയ സോഷ്യലിസ്റ്റുകൾ ചെറിയ ഇടവേളകളിൽ അധികാരം പിടിച്ചതൊഴിച്ചാൽ ദലിതർ, മുസ്ലിംകൾ, ബ്രാഹ്മണർ എന്നിവരിൽ നിന്നുള്ള ഉറച്ച പിന്തുണയോടെ 1952 മുതൽ 1990 വരെ കോൺഗ്രസിന് ബിഹാറിൽ സർവാധിപത്യമായിരുന്നു.
1990ൽ മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കലിനെ ലാലു പ്രസാദ് യാദവ് സമർഥമായി ഉപയോഗിച്ചതോടെ, ബിഹാർ രാഷ്ട്രീയ ഭൂമിക അടിമുറി മാറിമറിഞ്ഞു. അതുല്യമായ ആശയവിനിമയ വൈദഗ്ധ്യം, സാമൂഹിക നീതിയിലും മതേതരത്വത്തിലുമുള്ള അചഞ്ചലമായ പ്രതിബദ്ധത, ന്യൂനപക്ഷങ്ങൾ, പാർശ്വവത്കൃത വിഭാഗങ്ങൾ, പുരോഗമന പ്രസ്ഥാനങ്ങൾ തുടങ്ങിയവർക്കിടയിലെ വലിയ സ്വാധീനം എന്നിവയാൽ ലാലു നേതൃത്വം നൽകിയ ജനതാദൾ (പിന്നീട് ആർ.ജെ.ഡി) 1991ലെയും 96ലെയും ലോക്സഭ തെരഞ്ഞെടുപ്പിലും 1995ലെ നിയമസഭ തെരഞ്ഞെടുപ്പിലും വൻ വിജയം നേടി. ഹിന്ദി ഹൃദയഭൂമിയിലെ ശക്തനായ സോഷ്യലിസ്റ്റ് നേതാവായി ലാലു ഉയരുകയും ചെയ്തു.
ബ്രാഹ്മണ വരേണ്യവർഗത്തിന് കോൺഗ്രസ് വഴങ്ങിയതുപോലെ, ലാലുവിന്റെ ആർ.ജെ.ഡി ക്രമേണ യാദവ ആധിപത്യത്തിന്റെ പര്യായമായി മാറി. ബിഹാറിലെ ഏറ്റവും വലിയ ജാതി വിഭാഗമായ, ജനസംഖ്യയുടെ 14 ശതമാനത്തിലധികം വരുന്ന യാദവർ, എണ്ണമറ്റ ജാതികളും ഉപജാതികളും ഉൾക്കൊള്ളുന്ന 36 ശതമാനം വരുന്ന അതി പിന്നാക്ക വിഭാഗത്തെ അകറ്റിക്കളഞ്ഞു. കുർമി ജാതിയിൽനിന്ന് വന്ന നിതീഷ് കുമാർ അവരെ അടർത്തിയെടുത്ത് തന്റെ രാഷ്ട്രീയബലം ശക്തിപ്പെടുത്തി.
ലാലുവിന്റെ മകൻ തേജസ്വി യാദവ് ഈ മാറ്റങ്ങൾ തിരിച്ചറിയുകയും യാദവ ഇതര പിന്നാക്ക ജാതികളുമായി വീണ്ടും ബന്ധം സ്ഥാപിക്കാൻ നടപടികളാരംഭിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, 1990കളിലെ ലാലുമാജിക് ആവർത്തിക്കാൻ തേജസ്വിക്ക് സാധിക്കുമോ എന്നത് സംശയമാണ്.
പ്രശാന്ത് കിഷോറിന്റെ സാന്നിധ്യം
ബിഹാർ രാഷ്ട്രീയത്തിലെ പുതിയ പ്രതിഭാസമായി ഉയർന്നുവന്നിരിക്കുന്ന പ്രശാന്ത് കിഷോറിനെ അരവിന്ദ് കെജ്രിവാളുമായി താരതമ്യം ചെയ്യുന്നവരുണ്ട്, അദ്ദേഹത്തിന് രാഷ്ട്രീയ പ്രത്യയശാസ്ത്രമില്ലെന്ന് പറയുന്നവരുമുണ്ട്. അത് തെറ്റിദ്ധാരണയാണ്. കോൺഗ്രസിന്റെയോ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെയോ പാരമ്പര്യഭാരമില്ലാത്ത പ്രശാന്ത്, സംഘ്പരിവാറിന്റെ ഹിന്ദുത്വത്തിൽനിന്നും രാഹുൽ ഗാന്ധിക്ക് മുമ്പുള്ള ജാതി ഹിന്ദു ആധിപത്യമുള്ള കോൺഗ്രസിൽനിന്നും വ്യത്യസ്തമായ രാഷ്ട്രീയമാണ് മുന്നോട്ടുവെക്കുന്നത്.
യു.എൻ ഫണ്ടിങ് ഉള്ള ആരോഗ്യ സംരംഭങ്ങളിൽ പ്രവർത്തിച്ച ശേഷമാണ് നരേന്ദ്ര മോദി, നിതീഷ് കുമാർ, മമത ബാനർജി, ജഗൻ മോഹൻ റെഡ്ഡി, അമരീന്ദർ സിങ് തുടങ്ങിയ മുൻനിര നേതാക്കളുടെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായി അദ്ദേഹം എത്തിയത്.
ഇന്ത്യൻ ഭരണഘടനയുടെ പ്രധാന മൂല്യങ്ങളായ സോഷ്യലിസം, മതേതരത്വം, നീതി എന്നിവയോടുള്ള കിഷോറിൻ പ്രതിബദ്ധത പാർട്ടിയുടെ ടിക്കറ്റ് വിതരണത്തിൽ വ്യക്തമാണ്. പരിചയസമ്പന്നനായ രാഷ്ട്രീയ കൺസൽട്ടന്റ് എന്ന നിലയിൽ, ജൻ സുരാജ് പാർട്ടിയെ മുന്നോട്ടുകൊണ്ടുപോകാൻ ആവശ്യമായ വിഭവങ്ങളെല്ലാം അദ്ദേഹം സമാഹരിച്ചുവെച്ചിട്ടുണ്ട്.
ഇതര സംസ്ഥാനങ്ങളിലേക്ക് കുടിയേറേണ്ടിവരുന്ന ബിഹാറി തൊഴിലാളികളുടെ ദുരിതവും സംസ്ഥാത്തെ തൊഴിലില്ലായ്മയും ബിഹാറിന്റെ തകർന്ന വിദ്യാഭ്യാസ സമ്പ്രദായവുമൊക്കെയാണ് അദ്ദേഹം തെരഞ്ഞെടുപ്പ് വിഷയങ്ങളായി ഉയർത്തുന്നത്. എന്നാൽ, വോട്ടർമാരെ ഈ പുതുപരീക്ഷണത്തെ പിന്തുണക്കാൻ പ്രേരിപ്പിക്കുക എന്നത് വലിയ വെല്ലുവിളിയാണ്.
‘‘യാ തോ അർഷ് പർ, നാ തോ ഫർഷ് പർ’’ (ഒന്നുകിൽ 0 മുതൽ 10 വരെ എം.എൽ.എമാർ അല്ലെങ്കിൽ 150ൽ അധികം) എന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ. പ്രശാന്ത് കിഷോറിന്റെ വിജയം പാർട്ടി നേടുന്ന സീറ്റുകളുടെ എണ്ണം മാത്രം വെച്ച് അളക്കാനാവില്ല. ജെ.എസ്.പി 10 ശതമാനം വോട്ടെങ്കിലും നേടിയാൽ അത് പുതിയൊരു രാഷ്ട്രീയ യുഗത്തിന്റെ അടയാളപ്പെടുത്തലായിരിക്കും.


